കോവിഡ് 19ന്റെ വരവോടെ ആഗോള സമ്പദ്വ്യവസ്ഥ, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടേതിന് സമാനമായി അതിവേഗം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഘട്ടത്തില്‍ ഏറ്റവുമധികം ആശങ്കയ്ക്കിടയാക്കുന്നത് ദേശീയ കറന്‍സിയായ രൂപയുടെ വിദേശവിനിമയ മൂല്യത്തകര്‍ച്ചതന്നെയാണ്. കോവിഡ് 19നെതിരായ പോരാട്ടത്തിനിടെ ഏറെ ശ്രദ്ധിക്കപ്പെടാതെപോയ ഒരു വിഷയമാണിതെന്ന് ആമുഖമായി സൂചിപ്പിക്കട്ടെ. എന്തുകൊണ്ടാണ് ഇന്ത്യന്‍ രൂപയ്ക്ക് അമേരിക്കന്‍ കറന്‍സിയായ ഡോളറുമായുള്ള വിനിമയത്തില്‍ ഇത്രയേറെ ഇടിവുണ്ടായിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ എന്തായിരിക്കും രൂപയുടെ ഭാവി. ധനകാര്യ മേഖലാ നിരീക്ഷകരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഇടയാക്കിയിരിക്കുന്ന പ്രശ്നങ്ങളില്‍ ചിലതു മാത്രമാണിത്.
ഇന്ത്യന്‍ രൂപയും യു എസ് ഡോളറും തമ്മിലുള്ള വിനിമയം ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് 75.20 രൂപാ നിരക്കിലായിരുന്നു നടന്നത്. ഈ മാറ്റത്തിലേക്ക് നയിച്ചത് കോവിഡ് 19 എന്ന ദുരന്തത്തെക്കുറിച്ചുള്ള ആഴമേറിയ ആശങ്കകള്‍ ആഗോള സമ്പദ്വ്യവസ്ഥയെ കീഴടക്കിയതിന്റെ ഫലമായിട്ടാണ്.
ആഗോള നിക്ഷേപകര്‍ അവരുടെ ആസ്തികള്‍ പൂഴ്ത്തിവയ്ക്കുകയും വിപണി ഇടപാടുകള്‍ ഏറെക്കുറെ മരവിപ്പിക്കുകയും അവരുടെ ഇടപാടുകളില്‍ ഏറിയകൂറും പണത്തിന്റെ കൈമാറ്റങ്ങള്‍ വഴി നടത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ സ്ഥിതി നിലവില്‍ വന്നത്. 2020 ല്‍ മാത്രം ഇതുവരെയായി രൂപയ്ക്കുണ്ടായിരിക്കുന്ന വിനിമയ മൂല്യനഷ്ടം 5.3 ശതമാനത്തിലേറെയാണ്. ഇതില്‍തന്നെ മാര്‍ച്ച് മാസത്തില്‍ ഉണ്ടായത് 4.1 ശതമാനം മൂല്യനഷ്ടമാണ്. 2020 ഏപ്രില്‍ ആയതോടെ വിനിമയ മൂല്യം വീണ്ടും ഇടിയുന്നതായി കാണുന്നു. ഏപ്രില്‍ 24ലെ വിനിമയ നിരക്ക് ഡോളറിന് 76.31 രൂപയെന്നതാണ്. ഇന്ത്യന്‍ കറന്‍സിയായ രൂപക്ക് മെയ് ഒന്നിന് ഇത് 74.93 രൂപ എന്നായി നാമമാത്രമായെങ്കിലും ഉയര്‍ന്നിരിക്കുന്നു.
എന്തുകൊണ്ടാണ് ഇത്ര വലിയൊരു വിനിമയമൂല്യ ശോഷണമുണ്ടായത്? 2008 ല്‍ ആഗോള ധനകാര്യ വ്യവസ്ഥ ഗുരുതരമായൊരു പ്രതിസന്ധിയില്‍ അമര്ന്നപ്പോള് പോലും രൂപയ്ക്ക് ഇത്രയേറെ വിനിമയ മൂല്യത്തകര്‍ച്ച തുടര്‍ച്ചയായി നേരിടേണ്ടിവന്നിരുന്നില്ല. ഇതിനുള്ള ഒരു കാരണം അക്കാലത്ത് ഇന്ത്യന്‍ ധനകാര്യ‑ബാങ്കിംഗ് വ്യവസ്ഥ ശക്തമായിരുന്നു എന്നതുതന്നെ. യൂറോയുമായുള്ള ബന്ധത്തില്‍ യു എസ് ഡോളറിന് 2008ല്‍ 22 ശതമാനം മൂല്യവര്ധനവാണുണ്ടായതെങ്കിലും അന്നൊക്കെ ഇന്ത്യന്‍ രൂപക്ക് ഒരുവിധം പിടിച്ചുനില്ക്കാന് കഴിഞ്ഞിരുന്നു. ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. ഒന്നാമത്, കോവിഡ് 19 രാജ്യാതിര്‍ത്തികള്‍ക്കപ്പുറം അനിയന്ത്രിതമായി സഞ്ചരിക്കുകയും ദുരന്തം പകര്‍ന്നുനല്‍കുകയുമാണ് ചെയ്തുവരുന്നത്. യു എസ് ഭരണകൂടം എന്തെല്ലാം ചെപ്പടിവിദ്യകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുരന്തത്തിന്റെ വ്യാപനം തടയുന്നതില്‍ ഒരു പരാജയമാണ്. സമാനമായ അനുഭവമാണ് ജര്‍മ്മനി, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുമുള്ളത്.
ദുരന്തത്തിന് തുടക്കം കുറിച്ച ചൈനക്ക് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവിടെയും സ്ഥിതിഗതികള്‍ സാധാരണ നിലയിലായിട്ടില്ല. ഇറ്റലി ചൈനയുടേതിനെക്കാള്‍ ഗുരുതരമായൊരു അവസ്ഥയിലേക്ക് ഓടിയടുക്കുകയാണ്. ഇവിടങ്ങളിലെല്ലാം നിക്ഷേപകര്‍ നിഷ്ക്രിയരായി തുടരുകയാണ്. ഓഹരിവിപണികളും നിക്ഷേപവിപണികളോടൊപ്പം അറച്ചുനില്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇന്ത്യയേക്കാള്‍ ശക്തമായ സമ്പദ്വ്യവസ്ഥകളുള്ള മുകളില്‍ സൂചിപ്പിച്ച വികസിത രാജ്യങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് എങ്ങനെ പിടിച്ചുനില്‍ക്കാനാകും? ഇന്ത്യന്‍ രൂപക്ക് എങ്ങനെ വിനിമയമൂല്യം നിലനിര്‍ത്താന്‍ കഴിയും?
2020 മാര്‍ച്ച് തുടക്കം മുതല്‍ വിദേശനിക്ഷേപകര്‍ അതിവേഗം നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന പ്രക്രിയയില്‍ തുടര്‍ച്ചയായി ഏര്‍പ്പെട്ടിരുന്നു. 2013 ല്‍ ഉണ്ടായിരുന്നതിലും ഗതിവേഗം ഈ പ്രക്രിയക്കുണ്ടായിരുന്നു. പുതുതായി നിക്ഷേപ വാതായനങ്ങള്‍ തുറന്നുകിട്ടിയ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ ബോണ്ടുകളാണ് അതിവേഗം പിന്‍വലിക്കപ്പെട്ടത്. 2020 മാര്‍ച്ച് 20 ആയതോടെ വിദേശമൂലധന നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത് 95,485 കോടി രൂപ (12 ബില്യണ്‍ ഡോളര്‍)ക്കുള്ള ഓഹരികളും ബോണ്ടുകളുമായിരുന്നു എന്നോര്‍ക്കുക. വെളിയിലേക്കുള്ള ഈ മൂലധന പ്രവാഹത്തോടൊപ്പം ഇന്ത്യന്‍ ഓഹരി വിപണികളിലെ തകര്‍ച്ചയും കൂടിയായതോടെ മാര്‍ച്ച് മാസത്തില്‍ തകര്‍ച്ച 22 ശതമാനം വരെയായിരുന്നു. ഈ പ്രവണതയും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കൂട്ടിയെന്നത് സ്വാഭാവിക പരിണാമമാണല്ലോ.
ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ വിനിമയമൂല്യത്തകര്‍ച്ച ഇവിടെക്കൊണ്ടൊന്നും അവസാനിക്കുമെന്ന് കരുതേണ്ടതില്ല.
2020 മാര്‍ച്ചിലെ മൂല്യത്തകര്‍ച്ച ആഗോളതലത്തിലുണ്ടായ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഇതേതുടര്‍ന്ന് ശക്തമായി തുടര്‍ന്ന യുഎസ് ഡോളറിന്റെ വിലപേശല്‍ ശക്തിയുടെ ഫലമായിട്ടുമായിരുന്നു. ജി-6 രാജ്യങ്ങളുടെ കറന്‍സികളും ഒരുപോലെ ശക്തമായ നില തുടര്‍ന്നിരുന്നു. അവയുടെ കറന്‍സികളുടെ മൂല്യവര്‍ധനവ് 4 ശതമാനം വരെയുമായിരുന്നു. എന്നാല്‍ കോവിഡ് 19ന്റെ വരവോടെ യു എസ് ഖജനാവിനെയും ബോണ്ടുകളുടെ വില ഇടിവ് ബാധിക്കാന്‍ തുടങ്ങി. ഒരിക്കലും മൂല്യത്തകര്‍ച്ച നേരിടില്ലെന്ന് കരുതപ്പെട്ടിരുന്ന സ്വര്‍ണം എന്ന ആസ്തിയുടെയും വില്പനക്ക് തുടക്കമിടുകയുണ്ടായി. സ്വര്‍ണം കൈവശമുണ്ടായിരുന്ന നിക്ഷേപകര്‍ക്ക് കൂടുതല്‍ താല്പര്യം ഏറ്റവുമധികം ല്വിക്വിഡിറ്റിയും സ്വീകാര്യതയുമുള്ള യു എസ് ഡോളര്‍ രൂപത്തില്‍ അവരുടെ ആസ്തികള്‍ സൂക്ഷിക്കുന്നതിലായിരുന്നു. ഡോളറിന് എക്കാലത്തും ഉണ്ടായിരുന്ന ഈ ആകര്‍ഷണീയത ഇന്ത്യന്‍ കറന്‍സിയായ രൂപക്ക് ഉണ്ടായതായി അറിയില്ല. അതിനുള്ള സാധ്യതകള്‍ സമീപഭാവിയിലും വിരളമാണ്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും കോവിഡ് 19ന്റെ സമൂഹ വ്യാപന സാധ്യതകളും മോഡി സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റിലെ കെടുകാര്യസ്ഥതയും തകര്‍ച്ചയുടെ നെല്ലിപ്പടിവരെ സമ്പദ്വ്യവസ്ഥയെ എത്തിച്ച നിലയില്‍ ഇന്ത്യന്‍ കറന്‍സിയുടെ വിനിമയ മൂല്യത്തകര്‍ച്ച ഒരു തുടര്ക്കഥയാവാനാണ് സാധ്യതകള്‍ തെളിയുന്നത്. ആഗോളമാന്ദ്യം ഗുരുതരമായതിനുശേഷവും ഡോളറിന്റെ മൂല്യം ട്രംപ് ഭരണകൂടത്തിന് നിലനിര്‍ത്താനായി.
അപ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് മാന്ദ്യം ഒരുതരത്തിലും ഒരു പ്രശ്നമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതോ, തിരിച്ചറിഞ്ഞതിനുശേഷവും സത്യം മറച്ചുവയ്ക്കാന്‍ വ്യഗ്രത കാട്ടുകയുമാണ്. ഈ സാഹചര്യം നിലവിലിരിക്കെ, ഇന്ത്യന്‍ കറന്‍സിയുടെ ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലാണെന്ന് സമ്മതിക്കുന്നതായിരിക്കും മോഡി സര്‍ക്കാരിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം. ഇന്ത്യയില്‍ പൊതുനിക്ഷേപവും സ്വകാര്യ നിക്ഷേപവും മാത്രമല്ല, ഉപഭോഗ നിലവാരവും അനുദിനം താഴോട്ടാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. ഡിമാന്‍ഡിലും സപ്ലൈയിലും ഒരുപോലെ ഇടിവുണ്ടായാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ പറയും, സമ്പദ്വ്യവസ്ഥ നിശ്ചലമാണെന്നും മാന്ദ്യത്തിലാണെന്നും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവല്ലാതെ മറ്റെന്താണുണ്ടാവുക. ഹ്രസ്വകാലത്തേക്ക് മൂല്യത്തകര്‍ച്ച തുടരുകതന്നെയായിരിക്കും ചെയ്യുക.
അതേയവസരത്തില്‍ തന്നെ, നേരിയ ആശ്വാസത്തിന് വകനല്കുന്ന ഏതാനും ചില ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇതിലൊന്ന് വിദേശ വിനിമയ ശേഖരത്തില്‍ കാണപ്പെടുന്ന ആരോഗ്യകരമായ വര്‍ധനവാണ്. 2020 മാര്‍ച്ച് 13ലെ കണക്കനുസരിച്ച് വിദേശ നാണയ ശേഖരം 482 ബില്യണ്‍ ഡോളറോളമാണെന്നാണ് കാണുന്നത്. ഈ അനുകൂല സാഹചര്യം മുതലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടക്കിടെ ചില ഇടപെടലുകള്‍ ഈ വിഷയത്തില്‍ നടത്തിവരുന്നുണ്ട്. വിദേശ വിനിമയ മേഖലയിലെ ചാഞ്ചാട്ടങ്ങള്‍ ഡോളര്‍ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവണത തടയാനും ഇതേതുടര്‍ന്ന് ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ വിദേശ വിനിമയ മൂല്യശോഷണം അതിരുവിടാതിരിക്കാനും ആര്‍ബിഐ പരിശ്രമിക്കുന്നുണ്ട്.
കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധി മൂലവും അമേരിക്കന്‍ ഡോളറിന്റെ മൂല്യം കോട്ടം കൂടാതെ തുടരുന്നതു മൂലവും ആഘാതം വന്നു പതിക്കുക രൂപയുടെ മൂല്യത്തിനുമേല്‍ ആയിരിക്കും. വിദേശ വിനിമയ മേഖലയിലെ ലിക്വിഡിറ്റി — കറന്‍സിയുടെ ലഭ്യത — ഉറപ്പാക്കുന്നത് ലക്ഷ്യമാക്കി ആര്‍ബിഐ 2020 മാര്‍ച്ച് രണ്ടാം വാരത്തില്‍ ഈ മേഖലയിലേക്ക് ഒഴുക്കിയത് രണ്ടു ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഡോളറിനു പകരം രൂപ നല്കിയ പ്രക്രിയ (കറന്‍സി സ്വാപ്പ്)യിലൂടെയാണ് ആര്‍ബിഐയുടെ ഈ ഇടപെടല്‍ പ്രയോഗത്തിലാക്കിയത്. ഇത്തരം നടപടികള്‍ ഇടക്കിടെ സ്വീകരിക്കാനാണ് ആര്‍ബിഐയുടെ തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ തുടര്‍ച്ചയായ ഇടിവ് ഒഴിവാക്കുന്നതോടൊപ്പം കോവിഡ് 19ന്റെ ഭീഷണി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഉണ്ടാക്കുന്ന മാന്ദ്യം കൂടുതല്‍ വഷളാവാതിരിക്കാനും കേന്ദ്ര ബാങ്കിന്റെ സമയോചിതമായ ഇത്തരം ഇടപെടലുകള്‍ സഹായകമാകും.
രണ്ടാമത്തെ അനുകൂല സാഹചര്യം പെട്രോളിയം ഉല്പന്നങ്ങളുടെ തുടര്‍ച്ചയായ വില ഇടിവാണ്. ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള എണ്ണയുടെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നൊരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഈ പ്രതിഭാസം വലിയൊരു അനുഗ്രഹമാണ്. 2020 മാര്‍ച്ച് 20 ആയപ്പോള്‍ അസംസ്കൃത പെട്രോളിയത്തിന്റെ വില ബാരല്‍ ഒന്നിന് 46 ശതമാനം ഇടിഞ്ഞ് 50 ഡോളറില്‍ നിന്ന് 26.98 ഡോളര്‍ വരെയായി. സൗദി അറേബ്യയും റഷ്യയും തങ്ങളുടെ വില വെട്ടിച്ചുരുക്കല്‍ യുദ്ധത്തില്‍ അയവുവരുത്താന്‍ ഇനിയും തയ്യാറായിട്ടില്ല. അതേസമയം സമീപ ഭാവിയിലൊന്നും എണ്ണയുടെ ഡിമാന്‍ഡില്‍ വര്‍ധനവ് അസാധ്യമാണെന്ന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയില് തുടരുകയും ചെയ്യും. അതിനാല്‍ ഇന്ത്യയെ പോലുള്ളൊരു രാജ്യത്തിന് ഇന്നത്തെ സ്ഥിതി വലിയൊരു അനുഗ്രഹം തന്നെയാണ്. ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ വിദേശ വിനിമയമൂല്യം പിടിച്ചുനിര്‍ത്താന്‍ ഇതിലേറെ അനുയോജ്യമായൊരു സാഹചര്യം വിരളമാണെന്നതില് രണ്ടഭിപ്രായമില്ല. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന മോഡി സര്‍ക്കാര്‍ ചിന്തിക്കുന്നത് ഇത്തരമൊരു സാഹചര്യം സ്വന്തം ഖജനാവിലേക്ക് മുതല്‍ കൂട്ടാന്‍ ഏതു വിധേന കഴിയുമെന്നതിനെപ്പറ്റിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇറക്കുമതി തീരുവയില്‍ പൊടുന്നനെ വര്‍ധനവു വരുത്തിയിരിക്കുന്നത്. 2014 ല്‍ ആദ്യഘട്ടത്തില്‍ അധികാരത്തിലേറിയ മോഡി ഭരണകൂടം അഞ്ചു വര്‍ഷ ഭരണകാലയളവില്‍ മാത്രം 13 വട്ടമാണ് എക്സൈസ് തീരുവ വര്‍ധനവു വരുത്തിയതെന്നോര്ക്കുക.
അക്കാലത്ത് ഇന്ത്യന്‍ ജനതക്ക് അവശ്യവസ്തുക്കളുടെ വിലക്കുറവിന് സഹായകമായ യാതൊരുവിധ ആശ്വാസവും നല്കാന് നരേന്ദ്രമോഡി സര്‍ക്കാര്‍ സന്മസു കാണിച്ചില്ല. കേന്ദ്ര ഖജനാവിലേക്കു മുതല്ക്കൂട്ടുണ്ടായത് 10,15,000 കോടി രൂപയോളം അധിക എക്സൈസ് നികുതി വരുമാനമാണ്. ഇന്നിപ്പോള്‍ മാന്ദ്യത്തിന്റെ പിടിയില്‍ ലോകവും ഇന്ത്യയും അമര്ന്നിരിക്കുന്നതോടൊപ്പം കോവിഡ് 19 ദുരന്തം കൂടി യാഥാര്ത്ഥ്യമായിട്ടുണ്ടെങ്കിലും മോഡി ഭരണകൂടത്തിന്റെ ജനവിരുദ്ധ മാനസികാവസ്ഥയില്‍ നേരിയ മാറ്റംപോലും ഉണ്ടായിട്ടുമില്ല. ഇറക്കുമതി ചെലവ്, രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് കനത്ത ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇതില്‍ നിന്ന് കേന്ദ്ര ഖജനാവിന് ലഭ്യമായിരിക്കുന്ന അധിക വരുമാനത്തിന്റെ നേരിയ ഒരു അംശം പോലും സാധാരണക്കാരായ ഇന്ത്യന്‍ ജനതക്കു നല്കാന് തയ്യാറാവാത്ത കേന്ദ്ര മോഡി ഭരണകൂടം ജനവിരുദ്ധമാണെന്നതിന് മറ്റു തെളിവുകളൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിലും യു എസ് സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരതയിലും അതിരില്ലാത്ത വിശ്വാസവും മതിപ്പും ഇന്ത്യയിലെ മോഡി ഭരണത്തിനുണ്ടെന്നതില് തര്‍ക്കമില്ല. എന്നാല്‍ അമേരിക്കയില്‍ നിന്നും കോവിഡ് 19ന്റെ ആക്രമണത്തെ തുടര്‍ന്ന് യു എസ് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യ പ്രതിസന്ധിയെ പറ്റിയും വാര്‍ത്തകള്‍ വരുന്നുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായ കാലിഫോര്‍ണിയയില്‍ തൊഴിലിടങ്ങളിലെത്താന്‍ കോവിഡ് 19 പ്രതിബദ്ധമായതിന്റെ ഫലമായി നിരവധി പേര് സ്വന്തം ഭവനങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഈ പ്രവണത മറ്റ് അമേരിക്കന്‍ സ്റ്റേറ്റുകളിലേക്കും വ്യാപിക്കാനുള്ള സാധ്യത നിലവിലുണ്ടെന്നതിനാല്‍ ഡോളറിന്റെ മൂല്യ സ്ഥിരതയിലും സംശയം പ്രകടിപ്പിക്കുന്ന നിരവധി അമേരിക്കന്‍ സാമ്പത്തികകാര്യ വിദഗ്ധരുമുണ്ട്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആര്‍ബിഐ പണനയത്തെ സംബന്ധിച്ച ഒരുതരം ഞാണിന്മേല് കളിയാണ് നടപ്പാക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ പലിശനിരക്കുകള്‍ കുറയ്ക്കേണ്ടിവരും. ഉല്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്നിടത്തോളം ഇതുമൂലമുണ്ടാകുന്ന അധിക ലിക്വിഡിറ്റി പണപ്പെരുപ്പത്തിലേക്കും രൂപയുടെ അധിക മൂല്യശോഷണത്തിലേക്കുമായിരിക്കും നയിക്കുക.