Web Desk

October 23, 2020, 5:00 am

സഹകരണാത്മക ഫെഡറലിസത്തെ കുഴിച്ചുമൂടാന്‍ അനുവദിച്ചുകൂട

Janayugom Online

‘സഹകരണാത്മക ഫെഡറലിസം’ എന്ന ആശയമോ മുദ്രാവാക്യമോ ബിജെപിയുടെയോ സംഘപരിവാറിന്റെയോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയോ നൂതന കണ്ടെത്തലല്ല. ആധുനിക ദേശീയ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടെ രാഷ്ട്രമീമാംസാ വ്യവഹാരത്തില്‍ അതിന് അതിപ്രധാന സ്ഥാനമുണ്ട്. അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ കോര്‍ത്തിണക്കി ഇന്ത്യന്‍ യൂണിയന് രൂപംനല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അടക്കം ആധുനിക ഇന്ത്യന്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായ നേതാക്കള്‍ ഓരോരുത്തരും അതാതുകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സഹകരണാത്മക ഫെഡറലിസത്തെ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. അപവാദങ്ങള്‍ ഇല്ലെന്നല്ല, മറിച്ച് കേവലം ഒരാശയം എന്നതിലുപരി അത് നിരന്തരം വളര്‍ത്തിയെടുക്കേണ്ട, വികസിപ്പിക്കേണ്ട ഒരു രാഷ്ട്രീയ പ്രക്രിയയാണ്.

രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെ ആത്മനിഷ്ഠമായ ആശയസാക്ഷാത്കാരത്തിന്റെ ഭാഗമായി അതിനെ പ്രയോഗിക്കാന്‍ തുനിയുന്നത് രാഷ്ട്രത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും തകര്‍ക്കാനും ഇന്ത്യയെന്ന ആശയത്തിന്റെ ശിഥിലീകരണത്തിലേക്ക് നയിക്കാനും കാരണമാകും. സമീപകാലത്തായി കേന്ദ്രസര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന ബിജെപി, സംഘപരിവാര്‍ ശക്തികളും അത്തരമൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ വെെവിധ്യത്തേയും സംസ്ഥാനങ്ങളുടെ അധികാര, അവകാശങ്ങളെയും ജനവിഭാഗങ്ങളുടെ താല്പര്യങ്ങളെയും അവഗണിച്ചുകൊണ്ട് ജനാധിപത്യ വിരുദ്ധമായി പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കു ബദലായി പഞ്ചാബ് നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമങ്ങളും സമാനമായ നിയമനിര്‍മ്മാണ പ്രഖ്യാപനം നടത്തിയിരിക്കുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഢ് ഗവണ്മെന്റുകളുടെ തീരുമാനങ്ങളും ഈ പശ്ചാ­ത്തലത്തില്‍ വേണം വിലയിരുത്തപ്പെടാന്‍.

സഹകരണാത്മക ഫെഡറലിസത്തിനു പകരം ഏറ്റുമുട്ടലിന്റേതായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. ടെലിവിഷന്‍ റേറ്റിങ് പോയിന്റിന്റെ പേരില്‍ മുംബെെ പൊലീസ് തീവ്രഹിന്ദുത്വ വ്യാജ പ്രചാരവേലയുടെ മൊത്തവ്യാപാരം ഏറ്റെടുത്തിരിക്കുന്ന റിപ്പബ്ലിക് ടിവിക്കും മറ്റു ചില ചാനലുകള്‍ക്കും നേരെ ആരംഭിച്ച നിയമനടപടികള്‍ അട്ടിമറിക്കാന്‍ കേന്ദ്രഭരണകൂട ഒത്താശയോടെ നടക്കുന്ന കുത്സിതശ്രമങ്ങളാണ് മറ്റൊരു ഏറ്റുമുട്ടല്‍ വേദി. മുംബെെ പൊലീസ് അന്വേഷണവും അതുതടയാന്‍ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലടക്കം നടത്തിയ പ്രതിരോധശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്രഭരണകൂടം ഏറ്റുമുട്ടലിന് കളമൊരുക്കുന്നത്. ഏറെക്കുറെ അജ്ഞാതനായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടിആര്‍പി സംബന്ധമായ അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രഗവണ്മെന്റിന്റെയും തിടുക്കത്തിലുള്ള നടപടിയാണ് വിവാദമാകുന്നത്. ദളിത്, ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുനേരെ ദിനംപ്രതിയെന്നോണം നടക്കുന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും നിയമാനുസൃതം നടപടികള്‍ സ്വീകരിക്കാന്‍പോലും വിസമ്മതിക്കുന്ന ആദിത്യനാഥ് സര്‍ക്കാരാണ് പൊടുന്നനെ ടിആര്‍പി വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. രാജ്യത്തെവിടെയും തങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ എല്ലാ ഫെഡറല്‍ മര്യാദകളെയും കാറ്റില്‍പറത്തി അതിന് അംഗീകാരം നല്‍കിയിരിക്കുന്നു. അത്തരം അട്ടിമറിനീക്കങ്ങളെ പ്രതിരോധിക്കാന്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഗാഡി ഗവണ്മെന്റ് നിര്‍ബന്ധിതമായിരിക്കുന്നു.

മഹാരാഷ്ട്രയില്‍ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ 1989ല്‍ നല്‍കിയ പൊതു അനുമതി പിന്‍വലിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ തിരിച്ചടിച്ചത്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും സംസ്ഥാനങ്ങളുടെ അവകാശ, അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുമുള്ള ആയുധമായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് സഹകരണാത്മക ഫെഡറല്‍ സംവിധാനത്തോടും ആശയങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇന്ത്യയെപ്പോലെ അതിബൃഹത്തായ ഒരു രാഷ്ട്രത്തിന്റെ നിലനില്പിന് സുശക്തമായ കേന്ദ്രസര്‍ക്കാരും സ്വയം ഭരണാധികാരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെട്ട ഫെഡറല്‍ സംവിധാനം കൂടിയേതീരൂ. ആ തത്വങ്ങള്‍ ഒന്നൊന്നായി ലംഘിക്കുന്ന നയസമീപനങ്ങളാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നത്. അത് ഭരണഘടനാ തത്വങ്ങളുടെയും നിയമവാഴ്ചയുടെയും നഗ്നമായ ലംഘനമാണ്. അത്തരം നടപടികള്‍ വെെവിധ്യമാര്‍ന്ന സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് ഒരു ഏകീകൃത സ്വേച്ഛാധിപത്യ ഭരണത്തെ അവരോധിക്കാനുള്ള നീക്കമായേ കാണാനാവൂ.