നീരജ് മിശ്ര

April 18, 2021, 4:52 am

മോഡിസർക്കാർ എല്ലാ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്നു

Janayugom Online

കാർഷിക കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ ഇരമ്പിനില്ക്കേ ബിജെപി സർക്കാർ (അതിനെ ഘടകകക്ഷികളിൽ നിന്ന് ഒരു മന്ത്രിപോലും ഇല്ലാത്തതിനാൽ എൻഡിഎ സർക്കാരെന്ന് വിളിക്കാനാവില്ല) 2021 ലെ ഖനികളും ധാതുവസ്തുക്കളും (വികസിപ്പിക്കലും നിയന്ത്രിക്കലും) ഭേദഗതി നിയമം സമർത്ഥമായി പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുകയുണ്ടായി. കുറഞ്ഞ സമയത്തെ അറിയിപ്പ് നല്കി കൂടുതൽ പരിശോധനയോ ചർച്ചകളോ അനുവദിക്കാതെ ചുളുവിൽ നിയമങ്ങൾ പാസാക്കിയെടുക്കുകയെന്നത് ബിജെപിയുടെ മുഖമുദ്രയാണ്. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെക്കാൾ സംരക്ഷിക്കപ്പെടുകയും സുസ്ഥിരത കൈവരിക്കുകയും ചെയ്യുന്നതിനായിരിക്കണം ശ്രദ്ധ വേണ്ടതെന്ന് കാലം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
മുൻസർക്കാരുകൾ ചെയ്യാതിരുന്ന കാര്യങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനും അതിനായി ചില കണക്കുകൾ കണ്ടെത്തുന്നതിനും എളുപ്പമാണ്.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ മൊത്തവരുമാനത്തിൽ ഖനനത്തിൽ നിന്നുള്ള വിഹിതം ഏഴ് ശതമാനമാണെങ്കിൽ ഇന്ത്യയുടേത് കേവലം 1.75 ശതമാനം മാത്രമാണ്. അതുകൊണ്ട് കൂടുതൽ ഖനനം നടത്തേണ്ടതുണ്ടെന്നാണ് ബിജെപി സർക്കാർ വാദിക്കുന്നത്. ഇരുമ്പ്, കൽക്കരി എന്നീ ധാതുക്കൾ ഖനനം ചെയ്യുന്നതിനായി 2,904 ഖനികൾ പാട്ടത്തിന് നല്കപ്പെട്ടതിൽ 1900 എണ്ണവും വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. സംസ്ഥാനങ്ങൾക്ക് ഇതുവരെയായി ഏഴ് ഖനികൾ പാട്ടത്തിന് നല്കുന്നതിന് മാത്രമേ സാധിച്ചിട്ടുള്ളൂ. അതുകൊണ്ട് സാധ്യതകൾ പൂർണ്ണമായും വിനിയോഗിക്കുന്നതിന് കേന്ദ്രം രംഗത്തിറങ്ങേണ്ട സാഹചര്യമാണെന്നാണ് ബിജെപി സർക്കാരിന്റെ മറ്റൊരു വാദം. പര്യവേക്ഷണത്തിന്റെയും ഖനന ലൈസന്‍സുകളുടെയും ലഭ്യതയാണ് പ്രശ്നം. നിലവിൽ ഒരു വ്യക്തിയോ സ്ഥാപനമോ ലൈസൻസിനായി അപേക്ഷിക്കുമ്പോൾതന്നെ നിരവധി കടമ്പകൾ പിന്നിടേണ്ടതുണ്ട്.

പാരിസ്ഥിതിക അനുമതി ലഭിച്ച ശേഷം മറ്റ് പല അനുമതികളും നേടേണ്ടതുണ്ട്. അതുകഴിഞ്ഞു മാത്രമേ ഖനനം ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ ഖനന ലൈസൻസ് നല്കുന്ന രീതി ഏകീകരിക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വാതകമായാലും ധാതുക്കളായാലും എണ്ണ ആയാലും കണ്ടെത്തുന്ന ആർക്കും പെട്ടെന്നുതന്നെ ഖനനം ആരംഭിക്കാവുന്ന വിധത്തിലാണ് ലൈസൻസ് സംവിധാനം ലഘൂകരിച്ചിരിക്കുന്നത്. തങ്ങളുടെ വാദത്തെ പിന്തുണയ്ക്കുന്ന കണക്കുകൾ കണ്ടെത്തി പാതി പാകമെത്തിയ വസ്തുതകൾ അവതരിപ്പിക്കുന്നതും കല്ക്കരി ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ കയ്യടക്കുന്നതും എളുപ്പമാണ്. പക്ഷേ നമുക്ക് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോട് മത്സരിക്കുവാൻ സാധിക്കില്ലെന്ന് മനസിലാക്കണം. നമുക്ക് വൻ യന്ത്രസംവിധാനങ്ങളില്ലെന്നു മാത്രമല്ല പരിസ്ഥിതി ആശങ്കകളും സുസ്ഥിരതയും മനസിലുണ്ടാവുകയും വേണം.

ഖനികൾ ആരംഭിച്ച് കൃത്യമായി പ്രവർത്തിപ്പിക്കുകയെന്നത് നമുക്ക് 100 കൊല്ലത്തെ ആവശ്യത്തിനുള്ള ഖനന സാധ്യതകൾ ഉണ്ടെന്ന് പറയുന്നതുപോലെ എളുപ്പമല്ല. നമ്മുടെ സ്വന്തം സംഭരണികളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന കല്ക്കരിയെക്കാൾ കുറഞ്ഞ നിരക്കിലാണ് നല്ല ഗുണനിലവാരമുള്ള കല്ക്കരി ഇറക്കുമതി ചെയ്യുന്നത്. വികസനത്തിന് ആനുപാതികമായിട്ടാണ് ഖനനം പൊതുമേഖലയിൽ തന്നെ നിലനിർത്തിയിരിക്കുന്നത്. സർക്കാരിലെ വിദഗ്ധർക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ഖനന മേഖല സ്വകാര്യസംരംഭകർക്ക് കൈമാറ്റം ചെയ്യപ്പെടാതിരുന്നത് നമ്മുടെ ഭരണഘടന ഭൂമിയും അതിന് മുകളിലും താഴെയുമുള്ള എല്ലാത്തിനെയും സർക്കാരിന്റെ ഉടമസ്ഥതയിൽ ഉറപ്പുവരുത്തുന്നുണ്ട് എന്നതുകൊണ്ടായിരുന്നു. മാത്രവുമല്ല ഖനനത്തിനായി കമ്പനികളെ തെരഞ്ഞെടുക്കുന്നതിനുള്ള രീതിയിൽ ഫെഡറൽ സംവിധാനമാണ് നിലനിന്നിരുന്നത്. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ ഘട്ടത്തിൽ പ്രസ്തുത ലൈസൻസ് കൂടുതലായും നല്കപ്പെട്ടതാകട്ടെ നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്. ഇതിലൂടെ ഖനനം ചെയ്തെടുക്കുന്ന ഉല്പന്നത്തിന് തൂക്കത്തിന്റെ അടിസ്ഥാനത്തിൽ ലാഭത്തിന്റെ വിഹിതവും റോയൽട്ടിയുമായി സംസ്ഥാനങ്ങൾക്ക് തുക ലഭിക്കുകയും ചെയ്യുന്നു.

ഖനി സമ്പത്ത് കൂടുതലുള്ള ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡിഷ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് ഖനികൾ വഴി വൻ വരുമാനമാണ് ലഭിക്കുന്നത്.
സംസ്ഥാന അധികാരത്തിൽ ഇടപെടുന്നു എന്നതാണ് പുതിയ നിയമഭേദഗതിയുടെ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മാറ്റം. മിക്കവാറും പ്രധാനപ്പെട്ട എല്ലാ ഖനി സമ്പന്നമായ സംസ്ഥാനങ്ങളും ബിജെപി ഇതര സർക്കാരുകളാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഖനനമേഖല തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനാണ് കേന്ദ്രസർക്കാറിന്റെ ഇടപെടൽ. നിയമത്തിലെ 14(മൂന്ന്) വകുപ്പ് അനുസരിച്ച് ഖനനത്തിനായി പാട്ടം നല്കുന്നതിന് ഒരു സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ അക്കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാവുന്നതാണ്. ഇത് സങ്കീർണ്ണമായ സാഹചര്യത്തെയാണ് സൃഷ്ടിക്കുന്നത്. ഒന്നുകിൽ സ്വന്തം അധികാരം ഉറപ്പിക്കുന്നതിന് സംസ്ഥാനങ്ങൾ കുറ‍ഞ്ഞ നിരക്കിൽ പാട്ടത്തിന് നല്കണം.

അല്ലെങ്കിൽ കേന്ദ്രത്തിന് വഴിമാറിക്കൊടുക്കേണ്ടിവരും. സംസ്ഥാന സർക്കാർ കൂടുതൽ നിരക്ക് ആവശ്യപ്പെടുമ്പോൾ ഖനന കമ്പനികൾ ഒരു സഖ്യമായി ലേലത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ അവർക്ക് അനുകൂലമായി പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിലെത്തിച്ചേരുന്നു. ഖനന കമ്പനികൾ സൃഷ്ടിക്കുന്ന എല്ലാ പ്രതിബന്ധങ്ങളും മറികടക്കുന്നതിന് സംസ്ഥാനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം ഒഴിയേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ വന്യജീവി നിയമത്തിലും പാരിസ്ഥിതിക നയങ്ങളിലും കേന്ദ്ര തലത്തിൽ പ്രകടമായ മറ്റ് മാറ്റങ്ങൾ നടത്തേണ്ട സ്ഥിതിയും സംജാതമാകുന്നു.

തങ്ങളുടെ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഗ്രാമസഭകളുടെ അധികാരത്തിൽ വെള്ളം ചേർക്കപ്പെടുകയും ചെയ്യുന്നു. ലൈസൻസ് നല്കുന്നതിനുള്ള ഫയലുകൾ തടഞ്ഞുവച്ചതിനും തടസങ്ങൾ സൃഷ്ടിച്ചതിനും എല്ലാം മുൻമന്ത്രിമാരായ ജയന്തി നടരാജൻ, ജയറാം രമേശ് എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ട് ഇപ്പോൾ ബിജെപി അതെല്ലാം ലഘൂകരിച്ചുകൊടുത്തിരിക്കുന്നു.
നിരുപദ്രവകരമെന്നു തോന്നുമെങ്കിലും സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലുള്ള രണ്ടാമത്തെ കടന്നുകയറ്റം കൂടുതൽ പ്രാധാന്യമുള്ളതാണ്. ജില്ലാ ഖനന ഫണ്ട് (ഡിഎംഎഫ്) പൂർണ്ണമായും ജില്ലാ കളക്ടറുടെ, അതുവഴി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ്. ഖനന പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ഈ തുക വികസനത്തിന് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും സാധാരണ നിലയിൽ അത്യാവശ്യഘട്ടത്തിൽ അതാത് ജില്ലകൾ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യം, ശുചീകരണം, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ പോലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഈ തുക സംസ്ഥാന സർക്കാരുകൾ ഉപയോഗിച്ചുവരുന്നു.

ഉദാഹരണത്തിന് ഒഡിഷയിൽ ജില്ലാ ഖനന ഫണ്ട് ഉപയോഗിച്ച് നിരവധി ജില്ലകളിൽ എല്ലാ സജ്ജീകരണങ്ങളുമുള്ള കോവിഡ് ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ട്. ഭേദഗതി നിയമത്തിലെ 10(1) വകുപ്പ് അനുസരിച്ച് ഡിഎംഎഫിന്റെ നിയന്ത്രണം നേരിട്ട് കേന്ദ്രസർക്കാരിന്റേതായി മാറുന്നു. കളക്ടർമാർക്ക് ഈ ഫണ്ടിന്റെ ഉപയോഗത്തെക്കുറിച്ചും അതിനുള്ള മാർഗനിർദ്ദേശങ്ങളെ ക്കുറിച്ചും അറിവില്ലെന്നും അതുകൊണ്ട് 45 ശതമാനം തുകയും ഉപയോഗിക്കാതെ കിടക്കുകയാണെന്നുമാണ് ഇതിന് കാരണമായി കേന്ദ്രം പറയുന്നത്. ഈ ഭേദഗതി നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ മാത്രമേ സംസ്ഥാനങ്ങൾ ഈ സംഭവവികാസങ്ങളോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമാകുകയുള്ളൂ.

നിലവിലുണ്ടായിരുന്ന നിയമം പൂർണ്ണമായും ഭേദഗതി ചെയ്യുകയാണ് കേന്ദ്രസർക്കാർ. ഏതെങ്കിലും ഖനി (പ്രത്യേകിച്ച് ഇരുമ്പ്, സ്റ്റീൽ പ്ലാന്റ് പോലുള്ളവ) പൂർണ്ണമായ ഉപയോഗത്തിനായി സംസ്ഥാന സർക്കാരുകൾ പാട്ടത്തിന് നല്കുകയാണെങ്കിൽ അത് മാറ്റുന്നതിന് നേരത്തെയുള്ള നിയമം കേന്ദ്രത്തിന് അധികാരം നല്കുന്നുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുകളയുകയാണ് സർക്കാർ. ഇത് നിലവിൽ പാട്ടത്തിനെടുത്തിരിക്കുന്നവർക്ക് വലിയ നേട്ടമാണ് ഉണ്ടാക്കുവാൻ പോകുന്നത്. സ്വകാര്യ സംരംഭകരെ സഹായിക്കുന്നതിനുള്ള രണ്ടാമത്തെ നടപടി തങ്ങളുടെ കയ്യിലുള്ള ഖനന ഉല്പന്നങ്ങൾ പൊതുവിപണിയിൽ വില്ക്കുന്നതിന് അനുവദിക്കുക എന്നതാണ്. തങ്ങളുടെ ആവശ്യം കഴിച്ചുള്ള ഖനി ഉല്പന്നങ്ങൾ (ആണവ ധാതുക്കൾ ഒഴികെയുള്ളവ) അമ്പതു ശതമാനം പൊതുവിപണിയിൽ വില്ക്കുന്നതിന് പുതിയ നിയമം അനുവദിക്കുന്നു. ഈ തോത് ഒരു വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാരിന് ഉയർത്താവുന്നതുമാണ്. പാട്ടത്തിനെടുത്തവർ അതിനായി കൂടുതൽ റോയൽറ്റി നല്കിയാൽ മതിയാകും. എല്ലാ വൻകിട വ്യവസായ സംരംഭങ്ങളും ഖനന സംരംഭങ്ങളായി മാറുമെന്നാണ് ഇതിനർത്ഥം.

യഥാർത്ഥ നിയമപ്രകാരം കല്ക്കരി, ലിഗ്നൈറ്റ്, ആണവ ധാതുക്കൾ ഒഴികെയുള്ളവയുടെ ലേലം നടത്തേണ്ടത് സംസ്ഥാനങ്ങളാണ്. ഇതിൽ ഖനന പാട്ടം, ലൈസൻസ് കം ഖനന പാട്ടം എന്നിവ ഉൾപ്പെടുന്നു. എന്നാൽ പുതിയ ഭേദഗതിയനുസരിച്ച് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് കേന്ദ്രസർക്കാരിന് ലേല നടപടികൾക്ക് സമയക്രമം നിശ്ചയിക്കാവുന്നതാണ്. നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ആകുന്നില്ലെങ്കിൽ ഈ നടപടികൾ കേന്ദ്രസർക്കാരിന് നേരിട്ട് ചെയ്യാവുന്നതുമാണ്. ഇതിലൂടെ സംസ്ഥാനത്തിന്റെ അവകാശം കേന്ദ്രം കവർന്നെടുക്കുന്നു. നിലവിലുള്ള പാട്ടക്കാരൻ അത് പുതിയ ഉടമയ്ക്ക് കൈമാറ്റം ചെയ്യുകയാണെങ്കിൽ ഖനനം തുടങ്ങുന്നതിന് രണ്ടുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആവശ്യമില്ലാതായി. നിലവിലെ സംരംഭകർക്ക് എളുപ്പത്തിൽ പുറത്തു പോകുന്നതിനും പഴയ ലൈസൻസും അംഗീകാരങ്ങളും ഉപയോഗിച്ച് പുതിയ സംരംഭകന് ഖനനം തുടരുന്നതിനും സാധിക്കുകയെന്നതാണ് ഇതിലൂടെ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത്.

പൊതുമേഖലാ ഖനന സംരംഭങ്ങൾ ഏറ്റെടുക്കുവാനെത്തുന്ന അഡാനിയെ പോലുള്ള സ്വകാര്യ സംരംഭകർക്കാണ് ഇത് വളരെയധികം ഉപകാരപ്രദമാവുക. പുതിയ ഭേദഗതി പ്രകാരം പൊതുമേഖലാ കമ്പനികൾക്ക് നല്കിയിട്ടുള്ള ഖനന ലൈസൻസിന്റെ കാലാവധി കേന്ദ്രസർക്കാരാണ് നിശ്ചയിക്കുക. നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന അധിക തുക നല്കുന്ന പക്ഷം ഈ കാലാവധി ദീർഘിപ്പിച്ചു നല്കും. ഇതും കേന്ദ്ര സംസ്ഥാന താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷം ശക്തമാക്കുന്നതിന് ഇടയാക്കും. ഒരു സംരംഭം രണ്ടു വർഷമെങ്കിലും ഖനനം നടത്താതിരുന്നാൽ അവരുടെ അവകാശം ഇല്ലാതാകുന്നതും ഒരിക്കൽ മാത്രം സംസ്ഥാന സർക്കാരിന് ഇളവ് നല്കാവുന്നതുമാണ്. അതിന് ശേഷം ഖനനത്തിന്റെ അവകാശം കേന്ദ്രത്തിൽ നിക്ഷിപ്തമാകും. ഭേദഗതി നിയമത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന ദീർഘകാല പ്രത്യാഘാതങ്ങളാണ് ഇവ. ഖനന സമ്പത്ത് വെല്ലുവിളി നേരിടുന്നതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്.

(ഇന്ത്യ പ്രസ് ഏജൻസി)