16 April 2024, Tuesday

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അറിവും പ്രയോഗവും അടിസ്ഥാനാവശ്യം

(ജനറൽ സെക്രട്ടറി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ)
എസ് ഹനീഫാ റാവുത്തര്‍
October 1, 2021 4:54 am

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ ഭക്ഷണം, വെള്ളം, വീട് എന്നിവയായിരുന്നു. അതിന്റെകൂടെ പിന്നീട് ഊർജവും സ്ഥാനംപിടിച്ചു. വൈദ്യുതിയുടെ വരവോടെ സാങ്കേതികരംഗത്തുണ്ടായ അത്ഭുതകരമായ പ്രതിഭാസങ്ങളെത്തുടർന്ന് വൈദ്യുതിയും മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അറിവും പ്രയോഗവും ലോകത്തെയാകെ വിപ്ലവകരമായി പരിവർത്തനപ്പെടുത്തിയിരിക്കുന്ന ഇന്നത്തെക്കാലത്ത് അതും മനുഷ്യന്റെ അടിസ്ഥാനാവശ്യമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് 2021‑ലെ ലോക വയോജനദിനത്തിന്റെ പ്രമേയമായി ഐക്യരാഷ്ട്രസഭ ഡിജിറ്റല്‍ ഇക്വിറ്റി ഫോര്‍ ഓള്‍ ഏജസ്’ മുന്നോട്ടുവയ്ക്കുന്നത്. പ്രായഭേദമെന്യേ എല്ലാവർക്കും ഡിജിറ്റൽ നീതിയെന്നത് വയോജനങ്ങളെ ഉദ്ദേശിച്ചാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്നത്.
ഒക്ടോബർ 1 സാർവദേശീയ വയോജനദിനമായി ആചരിക്കാനാഹ്വാനം ചെയ്തത് 1990 ഡിസംബർ 14‑നു ചേർന്ന യുഎന്‍ ജനറൽ അസംബ്ലിയാണ്. അന്തർദ്ദേശീയ ദിനാചരണങ്ങൾ ഐക്യരാഷ്ട്രസഭയുടെ തുടക്കം മുതൽതന്നെ പ്രഖ്യാപിച്ചു പോന്നിരുന്നു. പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ശ്രദ്ധതിരിക്കുക, അവരെ ബോധവൽക്കരിക്കുക, പ്രശ്നങ്ങൾക്കു പരിഹാരം തേടുക, മനുഷ്യരാശിയുടെ നേട്ടങ്ങൾ ആഘോഷമാക്കുക എന്നതു മാത്രമല്ല, ദിനാചരണംകൊണ്ടുദ്ദേശിക്കുന്നത്. അവകാശങ്ങളും കടമകളും ഓർമ്മിപ്പിക്കാനുള്ള ശക്തമായ ഒരായുധമായിട്ടാണ് ദിനാചരണത്തെ ഐക്യരാഷ്ട്രസഭ കാണുന്നത്. 

മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ലോകത്ത് അഭൂതപൂർവമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ അന്തർദ്ദേശീയ വയോജന ദിനാചരണം പ്രഖ്യാപിച്ചത്. ഓരോ സെക്കന്റിലും ലോകത്ത് രണ്ടുപേർവീതം അറുപതാം ജന്മദിനം ആഘോഷിക്കുന്നുണ്ട്. അഞ്ചുവയസിനു താഴെയുള്ള കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരാണ്.
ഏകാന്തത, വിരസത, നിസഹായത, പരാശ്രയം, അരക്ഷിതത്വം തുടങ്ങിയവ വാർധക്യത്തെ ദുഃസഹമാക്കുന്നു. വാർധക്യത്തിലെത്തിയാൽ പിന്നെയൊന്നും ചെയ്യാനില്ലെന്നും അവർ നിഷ്ക്രിയ ആസ്തികളാണെന്നും വയോജനങ്ങൾക്കും കുടുംബത്തിനും സമൂഹത്തിനും തോന്നുമ്പോൾ മനുഷ്യാവകാശങ്ങൾ പലതും ലംഘിക്കപ്പെടുന്നു. തലമുറകൾ തമ്മിലുള്ള സംഘർഷം വർധിക്കുന്നു. മുതിർന്നവർക്കു പ്രിയപ്പെട്ട പല മൂല്യങ്ങളും തുടച്ചുമാറ്റപ്പെടും. 

വയോജനങ്ങൾ ആധുനിക ജീവിതക്രമങ്ങൾക്കനുസരിച്ച് ഇടപഴകാനുള്ള അറിവും പരിചയവും നേടുകയാണെങ്കിൽ വാർധക്യകാല ജീവിതത്തിലെ ക്ലേശങ്ങൾ വളരെയധികം കുറയ്ക്കാനാകും. ഇവിടെയാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവരെ പ്രാപ്തരാക്കുന്നതിന്റെ പ്രസക്തി. സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും ചാറ്റിങ്ങും മറ്റും ഉപയോഗിക്കാനാകാത്തവിധം ‘പഴഞ്ചന്മാ‘രായി അവരെ നിലനിർത്താതെ ഡിജിറ്റൽ ലോകത്തിലേയ്ക്കവരെ കൈപിടിച്ചു നടത്തണം. വാർധക്യത്തിലെ ഏകാന്തതയും വിരസതയും അകറ്റി അവരെ ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതം നയിക്കാൻ അതു പ്രാപ്തമാക്കും. തലമുറകൾ തമ്മിലുള്ള സംഘർഷങ്ങൾ കുറെയൊക്കെ ലഘൂകരിക്കാനും കഴിയും. അതിനുവേണ്ടി ഡിജിറ്റൽ സാക്ഷരതയും പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കണം. കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, വൈഫൈ എന്നിവ അവർക്കു ലഭ്യമാക്കണം. അതവരുടെ അവകാശമായി അംഗീകരിക്കപ്പെടണം. നമ്മുടെ സ്കൂളുകളിലെ കമ്പ്യൂട്ടർ സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിൽ വയോജനപഠനകേന്ദ്രങ്ങളാക്കാവുന്നതാണ്. അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേകം സൗകര്യമൊരുക്കണം. സ്മാർട്ട്ഫോണും, കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്റർനെറ്റും സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാക്കണം. 

ഡിജിറ്റൽ സാക്ഷരതയും പരിശീലനവും നൽകി വയോജനങ്ങളെ ശാക്തീകരിച്ച് അവര്‍ക്ക് സമൂഹത്തിൽ സജീവവും സാർത്ഥകവുമായ പങ്കുവഹിക്കാൻ അവസരം നൽകണം. കേന്ദ്ര‑സംസ്ഥാന വയോജന നയങ്ങളിൽ ഇതു വാഗ്ദാനം ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാർ ഇതിനായി ഡിജിറ്റൽ എംപ്ലോയ്‌മെന്റ് പോർട്ടലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും പ്രഖ്യാപിച്ചതായി അടുത്തിടെ റിപ്പോർട്ടു ചെയ്തിരുന്നു. സംസ്ഥാന വയോജന നയത്തിൽ പറയുന്നതിങ്ങനെയാണ്: “60 വയസ് കഴിയുന്ന വിദഗ്‌ധരുടെ സന്നദ്ധസേവനം വിവിധ വികസനപ്രവർത്തനങ്ങൾക്കു വിനിയോഗിക്കും, മുതിർന്നവർക്ക് പുനർനിയമനം ലഭിക്കുന്നതിനായി എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് രൂപീകരിക്കും.”
2006‑ലാണ് അന്നത്തെ എൽഡിഎഫ് സർക്കാർ വയോജനനയം പ്രഖ്യാപിച്ചത്. 17 വർഷം കഴിഞ്ഞിട്ടും ഇതു പ്രാവർത്തികമാക്കാൻ നടപടിയൊന്നുമെടുത്തിട്ടില്ല. തുടർഭരണത്തിൽ രാഷ്ട്രീയനേതൃത്വം ഇച്ഛാശക്തിയോടെ ഇതു നടപ്പാക്കാൻ തയാറാകണം. വയോജനങ്ങള്‍ക്ക് ആരോഗ്യത്തോടെയും അന്തസോടെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതം സാധ്യമാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. കേരളത്തിലെ വയോജനങ്ങൾ അതു പ്രതീക്ഷിക്കുന്നു. 

ഭൂതകാലത്തിലേക്കുള്ള വാതിലും ഭാവിയിലേയ്ക്കുള്ള വാതായനങ്ങളുമാണ് മുതിർന്നവർ. ഇന്നത്തെ തലമുറ നിർവഹിക്കുന്ന ഉത്തരവാദിത്തമാണ് ഭാവിതലമുറയെ രൂപപ്പെടുത്തുന്നത്. തലമുറകളായി കൈമാറിവരുന്ന ഒരു പ്രക്രിയയാണിത്. പ്രായമാവുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്.
എല്ലാ ജീവികളും ജനനം മുതൽ മരണംവരെ കടന്നുപോകേണ്ട ആ പ്രക്രിയയിൽ താങ്ങും തണലും സാന്ത്വനവുമാകേണ്ടത് തീർച്ചയായും സമൂഹവും സർക്കാരുമാണ്. അന്തർദ്ദേശീയ വയോജനദിനം ഇതാണു നമ്മെ ഓർമ്മിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.