അനന്തകൃഷ്ണൻ എം ജി

(ജനറൽ സെക്രട്ടറി, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ)

October 29, 2020, 6:00 am

യുപി സർക്കാരിനെ മുട്ടുകുത്തിച്ച വൈദ്യുതി തൊഴിലാളികളുടെ സമരവിജയം

Janayugom Online

അനന്തകൃഷ്ണൻ എം ജി

(ജനറൽ സെക്രട്ടറി, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ)

ലോക ജനത ആകെ കോവിഡ് മഹാമാരിയുടെ അതിപ്രസരണത്തിൽ പകച്ചു നിൽക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ, ഇന്ത്യയിലും രോഗവ്യാപനം ആശങ്ക ഉയർത്തുകയാണ്. രാജ്യം ഒന്നാകെ ആ മഹാമാരിയുടെ നീരാളിപിടിത്തത്തിൽ നിന്നും കരകയറുവാൻ പൊരുതുന്ന ഈ അവസരത്തിലും കേന്ദ്രഗവൺമെന്റ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുകയാണ്. കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ മേയ് 12 ന് ആത്മനിർഭർ ഭാരത് പാക്കേജിൽ പ്രധാനമന്ത്രി 20 ലക്ഷം കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത് ഇന്ത്യയിലെ സാധാരണക്കാർ വളരെ പ്രതീക്ഷയോടെയാണ് ശ്രവിച്ചത്. എന്നാൽ 54 ദിവസത്തെ ലോക്ഡൗൺ നിമിത്തം ഭാവിജീവിതത്തിലേക്ക് ആശങ്കയോടെ നോക്കുന്ന ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ പ്രതീക്ഷകൾ തച്ചുടച്ചുകൊണ്ടുള്ളതായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികൾ. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുവാനുള്ള നടപടികൾ കൂടുതൽ ഊർജ്ജപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രഗവൺമെന്റ് ആത്മനിർഭർ ഭാരതിനുള്ള ഫണ്ട് സ്വരൂപിക്കുന്നത് എന്നാണ് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തുടർന്ന് അഞ്ച് ഘട്ടങ്ങളിലായി വിശദീകരിച്ച പാക്കേജിന്റെ വിശദാംശങ്ങളിലേക്ക് കടന്നാൽ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളേയും കാർഷിക മേഖലയേയും Ease of doing businessന്റെ പേരിൽ കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കും വിധം ഘടനപരമായി മാറ്റി മറിക്കുവാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് കാണുവാൻ കഴിയും. മെയ് 17 ന് പ്രഖ്യാപിച്ച അഞ്ചാംഘട്ട പാക്കേജിൽ തന്ത്രപരമായ പൊതുമേഖലാസ്ഥാപനങ്ങളെ നോട്ടിഫിക്കേഷനിലൂടെ പ്രഖ്യാപിക്കുമെന്നും ഒരു മേഖലയിൽ ഒന്നോ മാക്സിമം നാലോ സ്ഥാപനമെ പൊതുമേഖലയിൽ നിലനിർത്തുകയുള്ളൂവെന്നും വ്യക്തമാക്കുന്നു. പൊതു ഉടമസ്ഥതയിലുള്ള ബാക്കി സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ 23 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനുള്ള അംഗീകാരം കേന്ദ്ര ഗവൺമെന്റ് നൽകുകയുണ്ടായി. ഓഗസ്റ്റ് ഏഴിന് തന്ത്രപ്രധാന മേഖലകൾ

പ്രഖ്യാപിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവ് പ്രഖ്യാപിച്ചു. 2020–21 സാമ്പത്തിക വർഷം ഓഹരി വില്പനയിലൂടെ 2.1 ലക്ഷം കോടിരൂപ സമാഹരിക്കുവാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നു. ഇതിൽ 1.2 ലക്ഷം കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെയും 90, 000 കോടിരൂപ ധനകാര്യസ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ സമാഹരിക്കും.

1991 ൽ നവ ഉദാരവൽക്കരണ നയങ്ങൾ രാജ്യത്ത് നടപ്പിലാക്കി എന്നാൽ അന്നത്തെ രാഷ്ട്രീയ സാഹചര്യം പൊതുമേഖലയെ സ്വകാര്യവല്ക്കരിക്കുന്നതിന് പര്യാപ്തമല്ലായിരുന്നു. അതിനാൽ വളഞ്ഞ വഴിയിലൂടെ സ്വകാര്യവല്ക്കരണം നടപ്പിലാക്കുവാനായി കേന്ദ്ര ഗവൺമെന്റ് പൊതുമേഖലയുടെ ഓഹരികൾ വിറ്റഴിക്കുന്ന നയം സ്വീകരിച്ചു. ഡിസ്ഇൻവെസ്റ്റ്മെന്റ് എന്ന ഓമനപ്പേരിൽ അങ്ങനെ സ്വകാര്യല്ക്കരണ നടപടികൾ ഗവൺമെന്റ് നടപ്പിലാക്കിത്തുടങ്ങി. ഒന്നാം എൻഡിഎ ഗവൺമെന്റ് ഭാരത് അലുമിനം കോ-ലിമിറ്റഡ് സ്വകാര്യവല്ക്കരിച്ചുവെങ്കിലും വളരെ നീണ്ട നിയമയുദ്ധങ്ങൾക്ക് അത് വഴിതെളിച്ചു. ഒന്നും രണ്ടും യുപിഎ ഗവൺമെന്റുകളും സ്വകാര്യവല്ക്കരണ നടപടികളുമായി മുന്നോട്ട് പോയി. മോഡി ഗവൺമെന്റിന്റെ ഒന്നാം മന്ത്രിസഭയിൽ പൊതുമേഖലയുടെ ഓഹരികൾ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുന്ന രീതി നടപ്പിലാക്കിയിരുന്നു. അതിൻ പ്രകാരം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഓഹരികൾ ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിനും ന്യൂ ഇന്ത്യയുടെയും ജനറൽ ഇൻഷുറൻസിന്റെയും ഓഹരികൾ എൽഐസിക്കും കൈമാറിയിരുന്നു. എങ്കിൽ ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യമേഖലയ്ക്ക് കൈമാറുവാനാണ് ഗവൺമെന്റിന് താല്പര്യം 2012 ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. “The Gov­ern­ment has no busi­ness to be in Busi­ness” — തന്ത്രപ്രധാനമായ മേഖലകളിലല്ലാതെയുള്ള പൊതുമേഖലാസ്ഥാപനങ്ങൾ നടത്തുവാൻ ഗവൺമെന്റിന് താല്പര്യമില്ലയെന്ന നയം തന്റെ രണ്ടാംഘട്ട മന്ത്രിസഭയിൽ പ്രധാനമന്ത്രി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു. സ്വകാര്യവല്ക്കരണ നയങ്ങൾ നടപ്പിലാക്കിയ 1991–92 മുതൽ 2017–18 സാമ്പത്തിക വർഷം വരെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 3.5 ലക്ഷം കോടി രൂപ സർക്കാർ സമാഹരിച്ചു കഴിഞ്ഞു.

Electricity crisis deepens in UP, employees on strike, districts plunged into darkness | NewsTrack English 1

ഈ രീതിയിൽ വിറ്റഴിക്കപ്പെടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യ മുതലാളിമാരുടെ ലാഭം വർധിപ്പിക്കുന്നതിനുതകുന്ന വിധത്തിൽ നടത്തികൊണ്ടുപോകുന്നതിന് ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ വിഘാതം സൃഷ്ടിക്കുന്നു. ഇത്തരം തൊഴിൽ നിയമങ്ങൾ മാറ്റിയെഴുതണം എന്നുള്ള കോർപ്പറേറ്റ് മൂലധന നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുവാൻ രാജ്യത്തെ തൊഴിൽ നിയമങ്ങൾ മാറ്റി എഴുതപ്പെടുന്നു. കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കുന്ന രീതിയിൽ ലേബർ കോഡുകൾ പാസാക്കി എടുക്കുന്നു. പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത പല അവകാശങ്ങളും, ആനുകൂല്യങ്ങളും റദ്ദാക്കപ്പടുന്നു.

ഫിക്സഡ് ടൈം എംപ്ലോയ്മെന്റ് എന്ന പുതിയ തൊഴിൽവിഭാഗത്തെ സൃഷ്ടിക്കുന്നതിലൂടെ തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യുവാൻ കോർപ്പറേറ്റുകൾക്ക് അവസരം ലഭിക്കുന്നു. തൊഴിൽ മേഖലയിൽ കാലങ്ങളായി നിലനിന്നിരുന്ന എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ട് മണിക്കൂർ വിനോദം എന്ന ക്രമം ഇല്ലാതാക്കപ്പെടുന്നു. പത്തും പന്ത്രണ്ടും മണിക്കൂർ തൊഴിലാളികളെ പണിക്ക് നിയോഗിക്കാൻ മുതലാളിമാർക്ക് അവസരം സൃഷ്ടിക്കുന്നു. കാർഷിക മേഖലയുടെയും കൃഷിക്കാരുടെയും അവകാശങ്ങൾ ബലി കൊടുത്തുകൊണ്ട് പുതിയ ബില്ല് നടപ്പിലാക്കുന്നു. കാർഷിക മേഖലയെ സ്വകാര്യ മൂലധന നിക്ഷേപകർക്ക് അടിയറ വെച്ചതിനെതിരെ എൻഡിഎയിലെ ഘടകകക്ഷികൾ പോലും നിലപാടെടുക്കുന്നു. ബിപിസിഎൽ, എൽഐസി, റയിൽവേ, കൽക്കരി ഖനികൾ, എയർപോർട്ട്, പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, ഭൗമഗവേഷണം തുടങ്ങി ലാഭത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനങ്ങൾ എല്ലാം തന്നെ സ്വകാര്യമൂലധന നിക്ഷേപകർക്ക് തുശ്ചമായ വിലയ്ക്ക് തീറെഴുതികൊടുക്കുന്നു. രാജ്യതാല്പര്യവും തൊഴിലാളിതാല്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള കേന്ദ്രഗവൺമെന്റിന്റെ ഇത്തരം കോർപ്പറേറ്റ് താല്പര്യ നിലപാടുകൾക്കെതിരെ, രാജ്യത്താകമാനം കൃഷിക്കാരുടെയും തൊഴിലാളികളുടെയും വൻതോതിലുള്ള പ്രതിഷേധം ഉയർന്ന് വരുന്നു. ഇത്തരം നയങ്ങളുടെ തുടർച്ച എന്ന നിലയിൽ വൈദ്യുതിമേഖലയേയും സ്വകാര്യമൂലധന നിക്ഷേപകരുടെ താല്പര്യങ്ങൾക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

Uttar Pradesh: Power Discom Employees Stage Protest Against Privatisation - ZEE5 News

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽപ്പെട്ട വൈദ്യുതിമേഖല കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. സംസ്ഥാനഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റുകൾക്കും തുല്യ അധികാരമാണ് വൈദ്യുതിമേഖലയിലുള്ളത്. എന്നാൽ ഇത്തരം ഭരണഘടനാ വ്യവസ്ഥകളെ തകിടം മറിക്കുവാനുതകുന്ന പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രഗവൺമെന്റ് മുന്നോട്ട് പോകുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി സ്വകാര്യവല്ക്കരണത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാനുള്ള പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്. കോവിഡ് കാലഘട്ടത്തിൽ വൈദ്യുതി(ഭേദഗതി) ബിൽ 2020 തിന്റെ കരട് പ്രസിദ്ധീകരിച്ചത് ഈ രീതിയിലുള്ള നീക്കമാണ്. റഗുലേറ്ററി കമ്മിഷനുകളുടെ നിയമനാധികാരത്തിലും, ക്രോസ് സബ്സിഡി അടക്കമുള്ള വിഷയത്തിലും സംസ്ഥാന ഗവൺമെന്റുകളുടെ താല്പര്യങ്ങളെ ബാധിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾക്കെതിരെ 12-ഓളം സംസ്ഥാന സർക്കാരുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇപ്പോൾ 2020 തിലെ ഭേദഗതി നിയമത്തിൽ ഏകദേശം മുപ്പത്തിയാറോളം ഭേദഗതികളാണ് കേന്ദ്രഗവൺമെന്റ് നിർദ്ദേശിക്കുന്നത്. ഡയറക്ട് ട്രാൻസ്ഫർ സ്കീം വഴി സബ്സിഡി വിതരണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഉപഭോക്താവ് ഉയർന്ന നിരക്കിലുള്ള വൈദ്യുതി ബിൽ അടയ്ക്കുവാൻ നിർബന്ധിതനാകും, ഇന്ന് സാധാരണകാർക്കും, കൃഷിക്കാർക്കും സംസ്ഥാന ഗവൺമെന്റ് നൽകുന്ന പല ആനുകൂല്യങ്ങളും സ്വകാര്യവല്ക്കരണം നടപ്പിലാകുമ്പോൾ ഇല്ലാതെയാകും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പോലും ഭീഷണിയാകുന്ന നിർദ്ദേശങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കർഷകരേയും സാധാരണക്കാരേയും ഉപഭോക്താക്കളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾക്ക് എതിരെ വൈദ്യുത ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.

എന്നാൽ ഇത്തരം പ്രക്ഷോഭങ്ങൾക്ക് മുഖം കൊടുക്കാതെ കൂടുതൽ വിനാശകരമായ നടപടികളുമായി കേന്ദ്രഗവൺമെന്റ് മുന്നോട്ട് പോകുകയാണ്. ഭേദഗതി നിർദ്ദേശത്തിൽ ക്ലോസ് 17(എ പ്രകാരം വൈദ്യുതിമേഖലയിൽ സിസ്ട്രിബ്യൂഷൻ സബ് ലൈസൻസികൾ നിലവിൽ വരും. അത്തരം കമ്പിനികൾക്ക് അവർ നിശ്ചയിക്കുന്ന പ്രദേശത്ത് വൈദ്യുതി വിതരണത്തിന് ഏത് വ്യക്തിയേയോ, സ്ഥാപനത്തേയോ സബ് ലൈസൻസികളായി നിയമിക്കുവാൻ അധികാരം ഉണ്ട്. ഇങ്ങനെ സബ്ലൈസൻസികളെ നിയമിക്കുമ്പോൾ അവയ്ക്ക് ഗവൺമെന്റിൽ നിന്നോ, റഗുലേറ്ററി കമ്മിഷനിൽ നിന്നോ യാതൊരു ലൈസൻസും വാങ്ങേണ്ടതില്ല. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ നാട്ടുപ്രദേശങ്ങളിൽ കേബിൾ ടിവി നടത്തുന്നതിന് തുല്യമായി വൈദ്യുതിവിതരണവും മാറ്റപ്പെടും. ഗുണനിലവാരമുള്ളതും ഇടതടവില്ലാതെയുള്ളതുമായ വൈദ്യുതിയുടെ ലഭ്യതയെയും ഇത് സാരമായി ബാധിക്കും.

UP: 15 lakh electricity workers go on strike against privatization, darkness in many districts - Pledge Times

ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി മൗനം പാലിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾ കോർപ്പറേറ്റുകളുടെ താല്പര്യസംരക്ഷണത്തിനായി അർധജുഡിഷ്യൽ അധികാരങ്ങളുള്ള ഇലക്ട്രിസിറ്റി കോൺട്രാക്റ്റ് എൻഫോസ്മെന്റ് അതോറിറ്റിയ്ക്ക് രൂപം നൽകുവാൻ നിർദ്ദേശിക്കുന്നു. ക്ലോസ് 11 ൽ സെക്ഷൻ 2 പ്രകാരം രൂപീകരിക്കുന്ന പ്രസ്തുത അതോറിറ്റിക്ക് ഉല്പാദനക്കമ്പിനികളും ഡിസ്കോമുകളും തമ്മിലുള്ള കരാറുകൾ പരിശോധിക്കുവാനും തീർപ്പുകൽപ്പിക്കുവാനും അധികാരമുണ്ടായിരിക്കും. പവർപർച്ചയിസ് എഗ്രിമെന്റുകളിൽ സ്വകാര്യ ഉല്പാദകരുടെ താല്പര്യം സംരക്ഷിക്കുക എന്നതാണ് പ്രസ്തുത അതോറിറ്റി രൂപീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വൈദ്യുതിമേഖലയിലെ ലാഭകരമായ പ്രവർത്തികളെ സ്വകാര്യവല്ക്കരിക്കുവാനും നഷ്ടം പൊതുമേഖലയിൽ നിലനിർത്തുവാനും ഉതകുന്ന നിർദ്ദേശങ്ങളാണ് അമന്റ്മെന്റ് ബില്ലിൽ ഉള്ളത്. ബിൽ 2020 നിയമമായില്ലെങ്കിൽ പോലും സർക്കാർ ഉത്തരവിലൂടെ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതിമേഖല സ്വകാര്യവല്ക്കരിക്കുവാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നു. കൽക്കട്ട ഇലക്ട്രിസിറ്റി സപ്ലൈ ടാറ്റയ്ക്ക് കൈമാറി. ഗുജറാത്ത് ഉൾപ്പെടെയുള്ള മൂന്ന് ഡിസ്കോമുകൾ (ചണ്ഡീഗഡ്, ഡിഎൻഎച്ച്, ജമ്മു ആൻഡ് കശ്മീർ) സ്വകാര്യവല്ക്കരിക്കുവാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സ്വകാര്യവല്ക്കരണ നടപടികളുടെ ആക്കം വർധിപ്പിക്കുവാൻ 22.09.2020 ൽ സ്റ്റാൻേർഡ് ബിഡ്ഡിംഗ് ഡോക്യുമെന്റ് (എസ്ബിഡി) സർക്കാർ പുറത്തിറക്കി. എടിസി (അഗ്രിഗേറ്റ് ടെക്നിക്കൽ ആൻഡ് കൊമേഴ്സ്യൽ) നഷ്ടങ്ങൾ 15 ശതമാനത്തിൽ അധികമുള്ള എല്ലാ ഡിസ്കോമുകളും സ്വകാര്യവല്ക്കരിക്കാൻ എസ്ബിഡി നിർദ്ദേശിക്കുന്നു. കൂടാതെ ഗ്രാമീണ മേഖലയിൽ മാക്സിമം 26 ശതമാനം ഡിസ്ട്രിബ്യൂഷൻ ഏരിയ സർക്കാർ ഉടമസ്ഥതയിൽ നിലനിർത്താം ബാക്കി 74ശതമാനവും സ്വകാര്യവല്ക്കരിച്ചേ മതിയാകൂ. കൂടാതെ എസ്ബിഡി പ്രകാരം സ്വകാര്യവല്ക്കരിക്കുന്ന ഡിസ്കോമുകളിലെ ജീവനക്കാരെ ഫ്രാഞ്ചൈസികളിലേക്ക് മാറ്റപ്പെടും. ഫ്രാഞ്ചൈസികൾക്ക് ജീവനക്കാരെ അവരുടെ യോഗ്യതക്ക് അനുസരിച്ച് ഏറ്റെടുക്കാവുന്നതാണ്. സ്വകാര്യവൽക്കരണ ദിവസം മുതൽ ജീവനക്കാരുടെ കാര്യത്തിൽ ഗവൺമെന്റിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ജീവനക്കാരുടെ പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ തുടങ്ങിയവയുടെ യാതൊരുത്തരവാദിത്വവും സർക്കാരിനുണ്ടായിരിക്കുകയില്ല, മറിച്ച് ഇത്തരം ഉത്തരവാദിത്വങ്ങൾ പുതിയതായി നിലവിൽ വരുന്ന ഫ്രാഞ്ചൈസികൾക്കും വിതരണകമ്പിനികൾക്കുമായിരിക്കും.

Varanasi Locals Protest After UP Power Employees Go On Indefinite Strike | People came out on the streets to protest the work boycott of the electricity department employees, villagers said - stop

എസ്ബിഡി പ്രകാരം ഡിസ്ട്രിബ്യൂഷൻ ഏരിയയും ജീവനക്കാരെയും സ്വകാര്യവൽക്കരിച്ച് ഫ്രാഞ്ചൈസികളെ ഏൽപ്പിക്കുവാനാണ് നിർദ്ദേശിക്കുന്നത്. ജീവനക്കാരുടെ ഭാവി കോർപ്പറേറ്റുകളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുന്ന നടപടികൾക്കെതിരെ വൻതോതിലുള്ള പ്രക്ഷോഭം ഉയർന്നുവരേണ്ടിയിരിക്കുന്നു.

സ്വകാര്യവൽക്കരണ നടപടികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് അതാത് സംസ്ഥാന ഗവൺമെന്റുകൾക്ക് തീരുമാനം എടുക്കുവാൻ അധികാരമുണ്ടെങ്കിലും, സ്വകാര്യവല്ക്കരണ നടപടികളുമായി മുന്നോട്ട് പോയില്ലെങ്കിൽ കേന്ദ്രഗവൺമെന്റ് നൽകുന്ന ഫണ്ടുകളും കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതിയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നു. കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് പൂർണ്ണമായും വഴങ്ങിയാണ് ഈ രീതിയിലുള്ള ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളുമായി കേന്ദ്രഗവൺമെന്റ് മുന്നോട്ട് പോകുന്നത്.

കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ പരീക്ഷണശാലയായ ഉത്തർപ്രദേശിൽ വളരെ ധൃതിപെട്ട് സ്വകാര്യവല്ക്കരണ നടപടികളുമായി ഗവൺമെന്റ് മുന്നോട്ട് പോയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ പൂർവ്വാഞ്ചൽ വൈദ്യുതി വിതരണ നിഗം ലിമിറ്റഡ് (പിവിവിഎൻഐഎൽ) സ്വകാര്യവല്ക്കരിക്കുവാനുള്ള നീക്കം ജീവനക്കാരുടെ വൻപ്രതിഷേധത്തിനിടയാക്കി. കോൺട്രാക്ട് ജീവനക്കാരും തൊഴിലാളികളും ഓഫീസർമാരും, എൻജിനീയർമാരും ഒറ്റക്കെട്ടായി സമരമുഖത്ത് അണിനിരന്നു. യുപിയിലെ വൈദ്യുതി ജീവനക്കാരുടെ 18 സംഘടനകൾ ചേർത്ത് രൂപീകരിച്ച വൈദ്യുതി കർമ്മചാരി സംയുക്ത സംഘർഷ സമിതി (വികെഎസ്എസ്എസ്) ന്റെ ആഹ്വാന പ്രകാരം ഭഗത്സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ സമ്പൂർണ്ണ പണിമുടക്ക് അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കും എന്ന് ജീവനക്കാർ പ്രഖ്യാപിച്ചു. എന്നാൽ സമരത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുവാനാണ് യുപി ഗവൺമെന്റ് തീരുമാനിച്ചത്.

ജീവനക്കാർ പണിമുടക്കിയാലും വൈദ്യുതിവിതരണം തടസപ്പെടാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ ഗവൺമെന്റ് വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി. ജീവനക്കാർ ജോലി ബഹിഷ്കരിച്ചാൽ പട്ടാളത്തെ ഉപയോഗിച്ച് വൈദ്യുതിബന്ധം തടസപ്പെടാതെ നടത്തുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. വൈദ്യുതിവിതരണം തടസപ്പെടാതിരിക്കാൻ പുതിയ ജീവനക്കാരെ നിയമിക്കുവാനും ക്രിറ്റിക്കൽ സബ്സ്റ്റേഷനുകളുടെ സംരക്ഷണം പട്ടാളത്തെ ഏൽപ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോയി. ഒക്ടോബർ 5 മുതൽ സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ചു. അതിന്മുമ്പ് ജീവനക്കാരേയോ നേതാക്കളെയോ അറസ്റ്റ് ചെയ്താൽ അന്ന് മുതൽ പണിമുടക്കും എന്നും ജീവനക്കാർ പ്രഖ്യാപിച്ചു. എന്നാൽ ജീവനക്കാരെ സമ്മർദ്ദത്തിലാക്കികൊണ്ട് സമരം പൊളിക്കുവാനാണ് സർക്കാർ ശ്രമിച്ചത്. യു പി പവർകോർപ്പറേഷൻ നടത്തിയ അനുരഞ്ചനശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഒക്ടോബർ അഞ്ചിന് പണിമുടക്ക് സമരവുമായി ജീവനക്കാർ മുന്നോട്ട് പോയി. കിഴക്കൻ യു പി യിലെ വൈദ്യുതി വിതരണത്തെ സമരം സാരമായി ബാധിച്ചു. എൻസിസിഒഇഇഇയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ മുഴുവൻ വൈദ്യുതി തൊഴിലാളികളും യുപി യിലെ സമരത്തിന് അഭിവാദ്യങ്ങളുമായി രംഗത്ത് എത്തി. ഏകദേശം 15 ലക്ഷം വൈദ്യുതി ജീവനക്കാർ രാജ്യവ്യാപകമായി പ്രതിഷേധത്തിൽ അണിനിരന്നു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ സർക്കാർ ജീവനക്കാരുമായി അനുരഞ്ചനത്തിന് തയ്യാറായി. യുപി വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ്മയും ധനകാര്യമന്ത്രി സുരേഷ് ഖന്നയും ജീവനക്കാരുടെ പ്രതിനിധികളുമായി ഒക്ടോബർ ആറിന് നടത്തിയ ചർച്ചയിൽ സ്വകാര്യവല്ക്കരണ നടപടികളിൽ നിന്നും പിന്നോട്ട് പോകുവാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ചു.

Privatisation: UP power employees to go on strike today - The Financial Express

കേന്ദ്രഗവൺമെന്റിന്റെ കോർപ്പറേറ്റ്വല്ക്കരണ നയങ്ങൾക്ക് ഏറ്റ കടുത്ത പ്രഹരമായി യുപിയിലെ സമരവിജയത്തെ വിലയിരുത്തുന്നു. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും എടുത്തുകളയുവാനും രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യവല്ക്കരിക്കുവാനും ഉള്ള ഗവൺമെന്റ് നയങ്ങൾക്ക് എതിരേ പ്രതിഷേധിക്കുവാൻ ഒക്ടോബർ രണ്ടിന് ചേർന്ന തൊഴിലാളികളുടെ ദേശീയ കൺവൻഷൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നവംബർ 26 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്തെ സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളും, കർഷകരും, പൊതുമേഖലാ സ്ഥാപനങ്ങളിലേയും ധനകാര്യസ്ഥാപനങ്ങളിലേയും ജീവനക്കാരും ഓഫീസർമാരും പ്രസ്തുത പണിമുടക്കിൽ പങ്കെടുക്കും. യുപിയിലെ വൈദ്യുതി ജീവനക്കാരുടെ സമര വിജയം, നവംബർ 26 ലെ ദേശീയ പണിമുടക്കിന് പങ്കെടുക്കുന്ന ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് വർധിതോർജ്ജം നൽകും എന്നതിൽ സംശയമില്ല.