കാനം രാജേന്ദ്രന്‍

December 05, 2020, 3:30 am

ജനപക്ഷമുന്നണിക്ക് പിന്തുണയേകുക

Janayugom Online

കാനം രാജേന്ദ്രന്‍

കേരളം മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ ഒരുമയോടെ നേരിടാൻ കഴിവുള്ള ഏക മുന്നണിയാണ് എൽഡിഎഫ്. എൽഡിഎഫ് സർക്കാർ നടത്തിയ ജനക്ഷേമപ്രവർത്തനങ്ങളും എൽഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമസഭകൾ നടത്തിയ എണ്ണമറ്റ വികസന പ്രവർത്തനങ്ങളുമാണ് ഇടതു ജനാധിപത്യമുന്നണിയുടെ കരുത്ത്. നാലുവർഷംകൊണ്ട് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. പ്രളയവും ഓഖിയും നിപയുമെല്ലാം ദുരന്തങ്ങളായി നമ്മുടെ മുന്നിലെത്തിയപ്പോഴും ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സാധ്യമാകുന്ന തരത്തിൽ തന്നെയാണ് മുന്നോട്ടു പോയത്. കോവിഡിന്റെ വരവും അതിന്റെ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണും ഇത് പ്രായോഗികമാക്കുന്നതിന് ചെറിയതോതിലുള്ള വിഘാതം സൃഷ്ടിച്ചു. സർക്കാർ സംവിധാനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും കേന്ദ്രീകരിപ്പിക്കേണ്ട സാഹചര്യമുണ്ടായി. എങ്കിലും പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ അപൂർവം ചിലതൊഴിച്ച് പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നെല്ല് പച്ചക്കറി ഉല്പാദനം ഗണ്യമായി വർധിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പച്ചക്കറി ഉല്പാദനം വർധിപ്പിക്കാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ മൂലം 2015–16 വർഷത്തെ ഉല്പാദനമായ 6.28 ലക്ഷം മെട്രിക് ടണിൽ നിന്ന് 2018–19 ൽ 12.12 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കാൻ കഴിഞ്ഞു. എല്ലാ കാർഷികോല്പന്നങ്ങൾക്കും ആദായകരമായ വില ഉറപ്പാക്കാനും സാധിച്ചു. തരിശു നിലങ്ങൾ കൃഷിയിടങ്ങളാക്കുന്ന ബൃഹത് പദ്ധതി നടപ്പിലാക്കി. ഇന്ത്യയിൽ തന്നെ ആദ്യമായി നിലം ഉടമസ്ഥരായ കർഷകർക്ക് ഒരു ഹെക്ടറിന് 2000 രൂപ റോയൽറ്റി ഏർപ്പെടുത്തി. കർഷക ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു. 60 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് കർഷകർക്ക് പെൻഷൻ ലഭ്യമാക്കാനും നടപടി എടുത്തു. നിലനില്പിനുവേണ്ടി കർഷകർ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭത്തിലേർപ്പെടുന്ന ഘട്ടത്തിലാണ് കേരളത്തിൽ കർഷകരെ സമൂഹത്തിന്റെ അവിഭാജ്യഘടകമായി കണ്ടുള്ള ഇത്തരം പദ്ധതികൾ രാജ്യത്തുതന്നെ ആദ്യമായി നടപ്പിലാക്കുന്നത്.

ഒരു ലക്ഷത്തി അമ്പത്തയ്യായിരം പേർക്ക് പട്ടയം നൽകി. 35,000 പട്ടയം കൂടി വിതരണം ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. പൊതുവിതരണ മേഖലയിൽ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. കോവിഡ് ലോക്ഡൗൺ കാലംമുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി പലവ്യഞ്ജന കിറ്റ് നൽകി. കോവിഡ് കാലത്ത് കേരളത്തിലെ ഒരാളും പട്ടിണി കിടക്കില്ലെന്ന പ്രഖ്യാപനം നടപ്പിലാക്കിയത് ചെറുതായ കാര്യമല്ല. വികസനത്തിന് ഏറ്റവും പ്രധാനമായ ഘടകമാണ് സമാധാനപൂർവവും ഐക്യത്തോടെയുമുള്ള ജനങ്ങളുടെ ജീവിതം. അത് രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഭദ്രമായ ക്രമസമാധാന നിലയിൽ മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള ജീവിതക്രമവും ശക്തമായി തുടരുന്നത് അതിന്റെ ഫലം കൂടിയാണ്. ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉല്പാദനം വർധിപ്പിച്ച് അവ നീതി യുക്തമായി വിതരണം ചെയ്യുന്നതിനുള്ള ഇടപെടലുകളും സർക്കാർ നടത്തിയിട്ടുണ്ട്.

ക്ഷേമപെൻഷനുകൾ വർധിപ്പിച്ചും കൃത്യമായി ജനങ്ങളിലെത്തിച്ചും അവശജനവിഭാഗങ്ങളോടുള്ള കരുതൽ പ്രകടിപ്പിക്കുന്നതിന് എൽഡിഎഫ് സർക്കാർ കാട്ടിയ ജാഗ്രത എടുത്തുപറയേണ്ടതാണ്. ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശിക വരുത്തിയാണ് മുൻ യുഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. 600 രൂപയായിരുന്നു പെൻഷൻ തുകയായി നല്കി വന്നിരുന്നത്. ഈ സർക്കാർ അധികാരത്തിലെത്തി കുടിശിക മുഴുവനായും കൊടുത്തുതീർത്തുവെന്ന് മാത്രമല്ല ഘട്ടം ഘട്ടമായി ഉയർത്തി ഇപ്പോൾ പ്രതിമാസം 1400രൂപയാണ് ക്ഷേമപെൻഷൻ. ഇത് 1500 രൂപയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയുമാണ്. മാത്രവുമല്ല യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 35 ലക്ഷമായിരുന്നുവെങ്കിൽ ഇപ്പോഴത് 55 ലക്ഷത്തിലധികമാണ്. 60 വയസ് കഴിഞ്ഞ എല്ലാവർക്കും ഏതെങ്കിലും പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

നമ്മുടെ വികസനത്തിന്റെ ദൗർബല്യങ്ങളായി പൊതുവിൽ വിലയിരുത്തിയ കാർഷിക, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഇടപെട്ടു. അടിസ്ഥാന മേഖലാ വികസനം ദുർബലമായി കിടക്കുന്നത് മൂലധന നിക്ഷേപത്തെ തളർത്തുന്നു എന്ന സ്ഥിതി വിശേഷത്തെ മറികടക്കുന്നതിന് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന് ഊന്നൽ നൽകി എന്നതും സർക്കാരിന്റെ വികസന നയത്തിന്റെ സവിശേഷതയാണ്. വനഭൂമി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകാൻ നമുക്ക് ആയി. പാൽ ഉല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനാണ് ഗവൺമെന്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. തീര മേഖലയിൽ ഒരു പുത്തൻ ഉണർവ് സൃഷ്ടിക്കാനായി പരിസ്ഥിതി സൗഹാർദ്ദപരമായ വികസന കാഴ്ചപ്പാട് പ്രായോഗികമാക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. സർക്കാരിന്റെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ ഭരണയന്ത്രത്തെ ജനസൗഹൃദപരവും കാര്യക്ഷമവും ആക്കാനും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറെ കഴിഞ്ഞിട്ടുണ്ട്.

ഈ വികസന പ്രവർത്തനങ്ങളെയും സർക്കാരിന്റെ വികസന കാഴ്ചപ്പാടിനെയും വില കുറച്ച് കാണിച്ച് ദുഷ്‌പ്രചരണം നടത്താനാണ് കോൺഗ്രസും ബിജെപിയും സംയുക്തമായി പരിശ്രമിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യത്തിൽ നിന്ന് യുഡിഎഫിന് പിൻവാങ്ങേണ്ടിവന്നു. രണ്ട് ലീഗ് എംഎൽഎ മാർ അറസ്റ്റിലായി. ഒരു ലീഗ് എംഎൽഎ അറസ്റ്റിന്റെ മുനമ്പിൽ നിൽക്കുന്നു. പ്രതിപക്ഷ നേതാവിനും മുൻ മന്ത്രിമാർക്കും എതിരെ ആരോപണങ്ങൾ ഉയർന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാലും വേണ്ടില്ല എൽഡിഎഫ് തോൽക്കണം എന്ന നയമാണ് കോൺഗ്രസിന് ഉള്ളത്. ബിജെപി ക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തി ബിജെപി വിജയത്തിന് കോൺഗ്രസ് വഴിയൊരുക്കുന്നു. വർഗീയതക്കെതിരാണെന്ന് പുറമെ പറയുകയും വർഗീയ കക്ഷികളുമായി സന്ധി ചെയ്യുകയുമാണ് കോൺഗ്രസ് ചെയ്യുന്നത്.

കേരളത്തിന്റെ വികസനാവശ്യങ്ങൾക്കു നേരെ കേന്ദ്ര സർക്കാർ പുറം തിരിഞ്ഞ് നിന്നിട്ടും സ്വന്തമായി വിഭവ സമാഹരണം നടത്തി സംസ്ഥാനത്തിന്റെ പൊതു വികസനത്തിന് എൽഡിഎഫ് സർക്കാർ നൽകിയ സംഭാവന വളരെ വലുതാണ്. സാമൂഹ്യമായി പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗക്കാർക്കും രാഷ്ട്രീയമായി മാറ്റി നിർത്തപ്പെട്ടിരുന്ന സ്ത്രീകൾക്കും മുമ്പൊരിക്കലും കാണാൻ സാധിക്കാത്തവിധം പൊതു സമൂഹത്തിലേക്ക് കടന്നു ചെല്ലാനായി വാതായനം തുറന്നു കൊടുക്കുന്നതും പ്രാദേശികാസൂത്രണത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. കേരളം ചർച്ച ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കഴിഞ്ഞ നാലര വർഷക്കാലത്തെ വികസന നേട്ടങ്ങളാണ്. കേരളത്തിന്റെ പുരോഗതിക്കായി നടത്തിയ എണ്ണമറ്റ പ്രവർത്തനങ്ങളാണ്. അല്ലാതെ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും ചേർന്ന് കെട്ടി പൊക്കിയ ദുഷ്‌പ്രചരണങ്ങളെയല്ല.

വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പമായിരിക്കും. അതിലാർക്കും തർക്കമുണ്ടാവില്ല. കേരളത്തിന്റെ വികസനത്തിനായി മുന്നോട്ടു പോകുമ്പോൾ അതിനു തടസം സൃഷ്ടിക്കുന്നവരെ കേരളം തള്ളി പറയും. നാടിന്റെ നന്മയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ജനപക്ഷത്തു നിന്നു പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കും, ആശീർവദിക്കും. ബിജെപിക്കും ഐക്യജനാധിപത്യ മുന്നണിക്കും ഡിസംബർ 16 വരെ സ്വപ്നങ്ങൾ പലതും കാണാം. പക്ഷെ അവയെല്ലാം ദുഃസ്വപ്നങ്ങളായി മാറുമെന്ന് ഉറപ്പാണ്. കോൺഗ്രസ്സും ബിജെപിയും മറ്റു വർഗീയ പാർട്ടികളും ചേർന്ന് ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനും ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർക്ക് തുണയായി നിന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കാനും കേരളത്തിന്റെ പൊതുസമൂഹത്തോട് അഭ്യർത്ഥിക്കട്ടെ.