അഭിപ്ഷ ചൗഹാന്‍

എഐഎസ്എഫ് ഡൽഹി സംസ്ഥാന സെക്രട്ടറി

February 06, 2021, 5:46 am

ഇത് കർഷകരുടെ മാത്രം സമരമല്ല, ഇന്ത്യയുടേതാണ്

Janayugom Online

എന്തിനാണ് നിങ്ങൾ വിദ്യാർത്ഥികൾ ഇവിടെ വന്നിരിക്കുന്നതെന്ന് ചിലർ സംശയം ഉന്നയിക്കുന്നുണ്ട്. ഇത് കർഷകരുടെ സമരമല്ലേയെന്ന് ഇപ്പോഴും ചോദിക്കുന്നുണ്ട്. ഡൽഹിയിൽ ജീവിക്കുന്ന എന്റെ കുടുംബത്തിന് ഒരു തുണ്ട് ഭൂമിയില്ല. ആ നിലയിൽ ഞാൻ കർഷകരുടെ ഗണത്തിൽ പെടുന്നില്ല. പക്ഷേ ഈ കർഷകരില്ലാതെ ഞങ്ങൾക്കും നിലനില്പില്ല. കാരണം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും പണിയെടുത്ത് അവരുണ്ടാക്കുന്ന ഉല്പന്നങ്ങളില്ലെങ്കിൽനമ്മുടെ അടുക്കളകൾ പുകയില്ല. (ഇപ്പോ­ൾ അടിക്കടി പാചകവാതകം ഉൾപ്പെടെ ഇന്ധനങ്ങൾക്കു വിലകൂട്ടി കാർഷികോല്പന്നങ്ങളുണ്ടെങ്കിലും അടുക്കളകൾ പുകയില്ലെന്ന സ്ഥിതി മോഡിസർക്കാർ ഉണ്ടാക്കിയിട്ടുണ്ട്). അവർ കൊള്ളുന്ന വെയിലും നനയുന്ന മഴയും ഒഴുക്കുന്ന വിയർപ്പുതുള്ളികളുമാണ് നമ്മുടെ തീന്‍മേശകളിൽ വിഭവങ്ങളായി നിറയുന്നത്. അതുകൊണ്ട് ഈ സമരം അവരുടേതു മാത്രമല്ലാതായി തീരുന്നു. ഇത് കേവലം കർഷകരുടെ മാത്രം പ്രശ്നമല്ലെന്ന് തിരിച്ചറിയാത്തത് ഇന്ത്യയിലെ ഭരണാധികാരികൾക്കു മാത്രമാണ്.

പല തവണയാണ് ഇവരെ ഒഴിപ്പിക്കുന്നതിനുളള ശ്രമങ്ങൾനടന്നത്. പ്രദേശവാസികളെന്ന പേരിൽ ചിലരെ സംഘടിപ്പിച്ച് ആർഎസ്എസുകാരാണ് ആദ്യമെത്തിയത്. 27 ന് രാത്രി എത്തിയ യുപി പൊലീസ് ടെന്റുകളിൽ കിടന്നുറങ്ങുകയായിരുന്ന കർഷകരെ അടിച്ചോടിക്കാൻ ശ്രമിച്ചു. 28 ന് പകൽ പ്രദേശവാസികളെന്ന പേരിൽ വീണ്ടും ആർഎസ്എസുകാരെത്തി. ചില പന്തലുകൾ അടിച്ചുതകർത്തു. അവർക്കൊപ്പം പൊലീസുമുണ്ടായിരുന്നു. അവരുടെ ആവശ്യം അനുസരിച്ച് ഒഴിപ്പിക്കുന്നതിന് യുപിസർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും രാത്രി വൻസന്നാഹത്തോടെ എത്തി നടപടി ആരംഭിക്കുകയും ചെയ്തു. ഗാസിപ്പൂരിലെ ആ കർഷകരുടെ നിശ്ചദാർഢ്യം കണ്ണിമ ചിമ്മാതെയിരുന്നു രാത്രി ലോകം മുഴുവൻ കണ്ടു. ചിലർ വാഹനങ്ങളിൽ തങ്ങളുടെ സാധനങ്ങൾ കയറ്റുന്നത് ചാനലുകളിൽ കാട്ടി പ്രക്ഷോഭകർ പിരിഞ്ഞുപോകുന്നുവെന്ന വാർത്തകളും ചമയ്ക്കപ്പെട്ടു. കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പക്ഷേ അർധരാത്രി പിന്തിരിഞ്ഞുപോകേണ്ടി വരികയായിരുന്നു പൊലീസിന്. പിന്നീട് വഴികളും അവശ്യസേവനങ്ങളും തടഞ്ഞ് അവരെ പൂർണമായും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളായി.

നോക്കൂ, കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തെ ബിജെപിയുടെ കർഷകസംഘടന പോലും ഇതുവരെ പരസ്യമായി ന്യായീകരിച്ചതായി കാണുന്നില്ല. ചില ബുദ്ധി ജീവികളും ഇപ്പോൾ ചില കായിക — സിനിമാ താരങ്ങളും അതിന് തുനിഞ്ഞിട്ടുണ്ടെങ്കിലും. അതിനർത്ഥം ഇന്ത്യയിലെ കർഷകർക്കും അവരുടെ സംഘടനകൾക്കും ഈ നിയമം ആവശ്യമില്ല എന്ന നിലപാടാണ് ഉള്ളതെന്നാണ്. ഇപ്പോൾ സമരം നടക്കുന്ന ഗാസിപ്പൂരിലും ടിക്രിയിലും സിംഘുവിലും പ്രദേശവാസികളെന്ന പേരിലെത്തിയ സംഘപരിവാറുകാർ പോലും കാർഷിക നിയമം ആവശ്യമാണെന്നല്ല തങ്ങൾക്ക് വെള്ളവും വെളിച്ചവും കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന കാരണമാണ് നിരത്തിയത്. സമരത്തിന് പിന്നിൽ ഖലിസ്ഥാൻ അനുകൂലികളാണെന്ന പ്രചരണമാണ് നടത്തിയത്. തങ്ങളുടെ കർഷക സംഘടനയ്ക്കുപോലും തള്ളിക്കളയാനാകാത്ത ഒരുസമരമാണ് നടക്കുന്നതെന്ന് അർത്ഥം. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഈ നിയമങ്ങൾ ആർക്കുവേണ്ടിയുള്ളതാണ് എന്നതാണ്. അതിനുള്ള ഉത്തരങ്ങൾ ഇതിനകം തന്നെ നല്കപ്പെട്ടിട്ടുണ്ട്. കാർഷികമേഖലയെയും അനുബന്ധ വ്യാപാരരംഗത്തെയും കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുകയെന്നതു മാത്രമാണ് ഈ നിയമങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. അതുസംബന്ധിച്ച വിശദീകരണങ്ങൾ കടന്ന് സമരം ഇപ്പോൾ മറ്റുതലങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നു.

അതുകൊണ്ട് അതിന്റെ കൂടുതൽവിശദീകരണത്തിന്റെ ആവശ്യമില്ല. ഇവിടെ വിവിധ കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് പ്രക്ഷോഭമിരിക്കുന്നത്. പഞ്ചാബിൽ നിന്ന്, ഹരിയാനയിൽ നിന്ന്, രാജസ്ഥാനിൽ, മധ്യപ്രദേശിൽ, ബിഹാറിൽ, ഉത്തരാഖണ്ഡിൽ, ഝാർഖണ്ഡിൽ, തെലങ്കാനയിൽ, ആന്ധ്രയിൽ നിന്ന് എത്തിയ പതിനായിരങ്ങൾ. എന്തിന് ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നിന്നുമെത്തിയ പതിനായിരങ്ങളും ഇവിടെയുണ്ട്. അവരെല്ലാം ഖലിസ്ഥാൻ അനുകൂലികളാണെങ്കിൽ അത് മോഡി സർക്കാരിന്റെ പരാജയമാണ്. ഖലിസ്ഥാൻവാദത്തെ പഞ്ചാബ് ജനത തോല്പിച്ച് കുഴിച്ചു മൂടിയതാണ്. അതേ ഖലിസ്ഥാൻ വാദം വീണ്ടും ഉയർന്നുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നതെങ്കിൽ ഭീകരത ഉന്മൂലനം ചെയ്തുവെന്ന അവരുടെ അവകാശവാദമാണ് തകരുന്നത്. ഇതിൽ ഒരു ഖലിസ്ഥാനുമില്ല. ഇത് കർഷകരുടെ നിലനില്പു മാത്രമാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഗാസിപ്പൂരിൽ ഞങ്ങൾക്ക് കാണാവുന്നത് ഓരോ ദിവസവും ആയിരങ്ങൾ നടന്നെത്തുന്നതാണ്. മറ്റിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നാണ് അവിടെയുള്ളവരെ ബന്ധപ്പെടുമ്പോൾ മനസിലാക്കുന്നത്. ഇതിപ്പോൾ ഒരുസമരകേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ പരിച്ഛേദം കൂടിയാണ്. ഹിന്ദിയിലും പഞ്ചാബിയിലും മാത്രമല്ല പല ഭാഷകളിൽ ഇവിടെ ആശയ വിനിമയം നടക്കുന്നു. പല ഭാഷകളിലുള്ള നാടകങ്ങൾ, പാട്ടുകൾ തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറുന്നു.

ഞങ്ങൾ ഇവിടെയൊരു ആർട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. പഞ്ചാബിയും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന കുഷ്ബു എന്ന എഐഎസ്എഫ് പ്രവർത്തക ആ ഭാഷകളിൽ മുദ്രാവാക്യങ്ങളും ഗാനങ്ങളും കർഷകരില്ലെങ്കിൽ ഭക്ഷണമില്ല, ഭാവിയുമില്ല എന്നർത്ഥം വരുന്ന സന്ദേശങ്ങളും തയ്യാറാ­ക്കി. തെലങ്കാനയിൽ നിന്നെത്തിയവരും തമിഴ്‌നാട്ടിൽ നിന്നെത്തിയവരും അവരുടെ ഭാഷകളിൽ അതേസന്ദേശം ഭാഷാന്തരം വരുത്തി എഴുതി വച്ചിട്ടുണ്ട്. അങ്ങനെ ഭാഷകളിൽ പലസന്ദേശങ്ങളും മുദ്രാവാക്യങ്ങളും. പല കൈകൾകൊണ്ടു വരച്ചചിത്രങ്ങൾ. അവയ്ക്ക് മനോഹാരിത ഉണ്ടായിരിക്കില്ലെങ്കിലും ആ എഴുത്തുകളും ചിത്രങ്ങളും എല്ലാവരെയും ആകർഷിക്കുന്നുണ്ട്. കിസാൻവായനശാലയിൽ പല ഭാഷകളിലുള്ള വർത്തമാന പത്രങ്ങളും ആഴ്ച്ചപ്പതിപ്പുകളുമുണ്ട്. അങ്ങനെ വ്യത്യസ്തമായൊരു സമരാനുഭവമാണ് ഈകർഷകപ്രക്ഷോഭ കേന്ദ്രങ്ങൾ നല്കുന്നത്. ഇവിടെ ഞങ്ങൾക്കൊപ്പം ഉത്തർപ്രദേശിലെ എഐവൈഎഫ് നേതാവ് സഞ്ജയ്സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരുണ്ട്. ശിവം എന്ന വിദ്യാർത്ഥിയെക്കൂടി ഇവിടെ പരിചയപ്പെടുത്തണം. ഇവിടെ നടക്കുന്ന സമരത്തെകുറിച്ച് കേട്ടറിഞ്ഞ് എത്തി 28ന് ഞങ്ങൾക്കൊപ്പം കൂടിയതാണ് അവൻ. അന്ന് ഞങ്ങൾക്കൊപ്പം മുദ്രാവാക്യങ്ങൾ എഴുതുന്നതിന് സഹായിയായി. പിന്നീട് അവൻ സ്വയമേ ബോർഡുകളും പ്ലക്കാർഡുകളും എഴുതിത്തുടങ്ങി. വീട്ടുകാരുടെ അനുവാദത്തോടെ ഇപ്പോഴും ശിവം എന്ന വിദ്യാർത്ഥി ഇവിടെയുണ്ട്. ഇതുപോലെ സ്വയംസന്നദ്ധരായി എത്തിയ എത്രയോ പേരുമുണ്ട്, ഇവിടെ. രാത്രികളിൽ സർഗാത്മകമാവുന്നു ഇവിടം. ഉറങ്ങാതെയിരുന്നു പാട്ടുപാടുന്നു, പാട്ടു കേൾക്കുന്നു. രാത്രി വൈകി കൊടും തണുപ്പത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. ഓരോ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിലും ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആത്യന്തികമായി വിജയിച്ച സമരങ്ങളേയുള്ളൂ. തോറ്റ ജനതയാകില്ലെന്ന പ്രഖ്യാപനമാണ് ഇവിടെ ഗാസിപ്പൂരിൽ ചുറ്റും കേൾക്കാനാവുന്നത്.