മുത്തലാഖ്: പരിഹാരം നിയമമല്ല, നടപടികളാണ്

Web Desk
Posted on January 11, 2019, 10:50 pm

അഡ്വ. എം എസ് താര

മുത്തലാഖ് ബില്‍ നിയമമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം അവധാനതയില്ലാത്ത നീക്കമായിട്ടാണ് നിയമ, രാഷ്ട്രീയ വൃത്തങ്ങളില്‍ വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ഓര്‍ഡിനന്‍സ് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ നിയമമാക്കി മാറ്റാനുള്ള ശ്രമം മുസ്‌ലിം സ്ത്രീകള്‍ക്ക് നിയമസുരക്ഷിതത്വം പ്രദാനം ചെയ്യാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ അതൊരു ദുഷ്ടലാക്ക് മാത്രമാണെന്ന് എതിര്‍പക്ഷത്തുനിന്ന് പ്രതികരണം ഉയരുന്നു. ലോക്‌സഭയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെയും പാര്‍ലമെന്റ് സമിതിയുടെ പരിശോധന അനുവദിക്കാതെയും ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പാര്‍ലമെന്റ് സമിതിയുടെ പരിശോധന പ്രധാനമാണെങ്കിലും അതിനേക്കാള്‍ പ്രധാനം മുസ്‌ലിം സ്ത്രീകളുടെ ദുരവസ്ഥയും അവര്‍ക്ക് ആശ്വാസം നല്‍കലുമാണെന്നാണ് സര്‍ക്കാരിനെ അനുകൂലിച്ച് ലോക്‌സഭയില്‍ വ്യക്തമാക്കപ്പെട്ടത്. നിയമനിര്‍മാണങ്ങള്‍ വൈകാരികമായ ആവേശത്തിന്റെയും രാഷ്ട്രീയ താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഉണ്ടായിത്തീരേണ്ടതല്ല. ഓരോ നിയമനിര്‍മാണത്തിലും അതിന്റെ ആവശ്യകതയും ആധികാരികതയും അനന്തരഫലങ്ങളും നിഷ്പക്ഷമായും നിയമപരമായും വിവേചനാതീതമായും വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാകേണ്ടതാണ്. എന്നാല്‍, മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ അത്തരമൊരു സൂക്ഷ്മത ഉണ്ടായിട്ടില്ലെന്നത് വിമര്‍ശനം അര്‍ഹിക്കുന്നുണ്ട്.

സാമൂഹികവും രാഷ്ട്രീയവുമായ വിലയിരുത്തലുകള്‍ പോലെ തന്നെ ഒരു ബില്‍ നിയമമായി മാറുന്നതിന് അടിസ്ഥാനമായി വര്‍ത്തിക്കേണ്ടത് നിയമപരമായുള്ള അതിന്റെ പ്രാബല്യം കൂടിയാണ്. മുത്തലാഖ് ബില്ലിനെക്കുറിച്ച് അത്തരമൊരു ചര്‍ച്ച ആവശ്യമായ തോതില്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. വൈകാരികവും മതപരവും രാഷ്ട്രീയവുമായ മുന്‍ഗണനകളും പരിഗണനകളും സൃഷ്ടിക്കുന്ന വലയത്തിനുള്ളിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്. ചര്‍ച്ചയുടെ മണ്ഡലത്തെ നിയമത്തിന്റെയും ഭരണഘടനയുടെയും തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലായിരുന്നു നമ്മുടെ സംവിധാനങ്ങള്‍ക്ക് പരാജയം സംഭവിച്ചത്. ഭരണരംഗത്ത് സാധാരണ സംഭവിക്കുന്ന ഒരു തീരുമാനമെന്ന ലാഘവത്തിലാണ് മുത്തലാഖ് ബില്‍ മനസ്സിലാക്കപ്പെട്ടത്.

സ്ത്രീ സുരക്ഷയും സ്ത്രീകളുടെ അവകാശങ്ങളും രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളും പൊതുചര്‍ച്ചയ്ക്ക് വിധേയമാകുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. അതേസമയം, പരിഹാര നീക്കങ്ങളുടെ ആധികാരികതയും ഫലപ്രാപ്തിയും പരിശോധിക്കുമ്പോള്‍ മറ്റ് ചില പരിഗണനകള്‍ക്കാണ് മുന്‍തൂക്കം കാണുന്നത്. അതുകൊണ്ടാണ് കേന്ദ്രനീക്കത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടത്.

ഡിസംബര്‍ 27 ന് ലോക്‌സഭയില്‍ മുസ്‌ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ്) ബില്‍ പാസാകുമ്പോള്‍ 245 അംഗങ്ങള്‍ അനുകൂലിച്ചും 11 പേര്‍ പ്രതികൂലിച്ചും വോട്ടു ചെയ്യുകയുണ്ടായി. ചില രാഷ്ടീയ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. ബില്‍ ലോക്‌സഭയില്‍ പാസായിട്ടുണ്ടെങ്കിലും നിയമത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഇനിയും ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ട്. അത്തരം ചര്‍ച്ചകള്‍ ഭാവിയിലെങ്കിലും മാറ്റത്തിരുത്തലുകള്‍ക്ക് കാരണമായേക്കാം.

മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ശേഷമാണ് മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. വിവാഹവുമായി ബന്ധപ്പെട്ട സിവില്‍ നടപടികളെ ക്രിമിനല്‍ നടപടികളായി വീക്ഷിക്കുന്നതാണ് പുതിയ നിയമത്തിന്റെ പോരായ്മയായി ഒന്നാമതായി വിമര്‍ശിക്കപ്പെട്ടത്. ലോകത്ത് മുസ്‌ലിങ്ങള്‍ ഏറ്റവുമേറെ അധിവസിക്കുന്ന നാടുകളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ അറിയപ്പെടുന്ന മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് ഭിന്നമായി മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വളരെ സാവധാനമാണ് ഇന്ത്യ എത്തുന്നത്.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധി വന്ന സാഹചര്യത്തില്‍ ഒരാള്‍ ഭാര്യയെ മുത്തലാഖ് ചെയ്താല്‍ അതു വിവാഹമോചനമായി ഗണിക്കപ്പെടുകയില്ല. അത് കൊണ്ടുതന്നെ വിവാഹമോചനമായി പരിഗണിക്കപ്പെടാത്ത ഒരു കാര്യം നിര്‍വഹിക്കുക വഴി ഭാര്യക്ക് മാനസികമായ ഒരു പീഡനം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തെ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിഗണനയില്‍ വരുന്ന ഒരു കുറ്റമായി കാണാനാകുമായിരുന്നു. പുതിയ നിയമം നല്‍കുന്ന പരിരക്ഷയെക്കാള്‍ ഗുണകരമായി അത് മാറുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഭര്‍തൃഗൃഹത്തില്‍ തന്നെ താമസിക്കാനും ചെലവിനുള്ള അവകാശം സ്ഥാപിക്കാനും പീഡനങ്ങള്‍ക്കെതിരെ നിയമപരിഹാരം തേടാനും അതുവഴി കഴിയുകയും ചെയ്യും. മുസ്‌ലിം പുരുഷന്‍മാര്‍ക്ക് മറ്റ് മതങ്ങളിലെ പുരുഷന്‍മാരില്‍നിന്ന് ഭിന്നമായ വിവേചനം ഉണ്ടാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഭാര്യക്ക് പുറമെ മറ്റൊരാള്‍ക്ക് പരാതിയുമായി പൊലിസിനെ സമീപിക്കാനും മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിയമനടപടികളിലേക്ക് കടക്കാനും പുതിയ നിയമം കാരണമാകും.

മുത്തലാഖ് വിവാഹമോചനമായി മാറുന്നില്ലെന്ന് വ്യക്തമായിരിക്കെ തന്നെ ഒരു വിവാഹമോചിതയ്ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ സ്ത്രീക്ക് ലഭ്യമാക്കാനുള്ള വ്യവസ്ഥകളും ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് വ്യവസ്ഥകളെ പരസ്പരവിരുദ്ധമാക്കുന്നു. ജയിലിലേക്ക് പോകുന്ന ഒരാള്‍ക്ക് ഭാര്യയുടെയും മക്കളുടെയും സംരക്ഷണചുമതല ഏല്‍പിക്കുന്നതും വൈരുധ്യമായി തുടരുന്നു. ഒരു ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന സംഭവത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ അസാധ്യമാണ്. അതുകൊണ്ടു തന്നെ സ്ത്രീസംരക്ഷണത്തിനുള്ള കുടുംബാംഗങ്ങളുടെ പരസ്പരമുള്ള ചര്‍ച്ചകള്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപ്രസക്തമായി തീരുന്നു. സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ഓര്‍ഡിനന്‍സായി പുറത്തിറങ്ങിയ നിയമം നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നീക്കം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നിട്ടുള്ള ചില വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധേയമാണ്. സുപ്രിംകോടതി തന്നെ മുത്തലാഖ് നിയമവിരുദ്ധമാക്കിയതിനാല്‍ അതിനു വേണ്ടി മാത്രം പുതിയൊരു നിയമത്തിന് പ്രസക്തിയില്ല എന്നതാണ് ഒന്നാമത്തെ കാര്യം. സുപ്രിംകോടതി വിധിപ്രകാരമാണെങ്കില്‍ ഒരാള്‍ മുത്തലാഖ് നടത്തിയാല്‍ വിവാഹബന്ധത്തിന് വിള്ളല്‍ വീഴുന്നില്ല. ഒരു പ്രവൃത്തികൊണ്ട് നിയമപരമായ ഒരു ഫലവും ഉണ്ടാകുന്നില്ല എന്നര്‍ഥം. അതിനാല്‍ ഈ പ്രവൃത്തിയെ ക്രിമിനല്‍ കുറ്റമായി കാണാനാകില്ല. അതുകൊണ്ടുതന്നെ അതിന് ശിക്ഷ വിധിക്കുന്നത് ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. പുതിയ നിയമം വഴി ശിക്ഷിക്കാന്‍ പോകുന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒരു ഭര്‍ത്താവിനെയാണ്. വിവാഹം സിവില്‍ കരാറായിട്ടാണ് നിയമത്തിന് മുന്നിലുള്ളത്. അത്തരമൊരു കരാറിന്റെ തകര്‍ച്ചയെ ക്രിമിനല്‍ സ്വഭാവത്തില്‍ കാണാനാകില്ലെന്ന വാദമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ക്രിമിനല്‍ കുറ്റമായി പരിഗണിക്കപ്പെടുന്ന നിയമമുണ്ടെന്നത് മുത്തലാഖ് ചൊല്ലുന്നതില്‍നിന്ന് പുരുഷനെ തടയുമെന്ന് കരുതാമെങ്കിലും സ്ത്രീകള്‍ വിവാഹജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കോ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കോ ഒരു പരിഹാരവും ഉണ്ടാകുന്നില്ല.

വിവാഹമോചനം ചെയ്യുന്ന മറ്റ് മതവിഭാഗങ്ങളിലുള്ള പുരുഷന്‍മാര്‍ക്കില്ലാത്ത ശിക്ഷ മുസ്‌ലിം പുരുഷന്‍മാര്‍ക്ക് മാത്രം ഏര്‍പ്പെടുത്തുന്നതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു. തലാഖ് പറയുകയോ പറയാതിരിക്കുകയോ ചെയ്താലും വീടിനുള്ളില്‍ സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍ക്ക് നിയമപരമായ പരിഹാരം തേടുന്നതിന് ഗാര്‍ഹികപീഡനത്തിനെതിരായ 2005 ലെ നിയമം നിലവിലുണ്ട്. ഇതിന്റെ സെക്ഷന്‍ 21 പ്രകാരം കുട്ടികളെ ഒപ്പം കിട്ടാനുള്ള അവകാശവും 25 പ്രകാരം സംരക്ഷണത്തിനുള്ള അവകാശവും ലഭ്യമാണ്. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരവും സംരക്ഷണത്തിനുള്ള നിയമപരമായ സംവിധാനമുണ്ട്. മുത്തലാഖിനെതിരായ പുതിയ നിയമത്തില്‍ ഭാര്യയ്‌ക്കോ രക്തബന്ധുക്കള്‍ക്കോ പുരുഷനെതിരെ പരാതി നല്‍കാനാകും. സ്ത്രീയുടെ അനുമതിയോടെ മാത്രമേ പരാതി നല്‍കാനാകൂ എന്ന വ്യവസ്ഥയോ അത്തരമൊരു അനുമതി രേഖാമൂലം സമ്പാദിക്കാനുള്ള വ്യവസ്ഥയോ ബില്ലില്‍ കാണുന്നില്ല. മുസ്‌ലിം പുരുഷന്‍ മറ്റ് മതവിഭാഗങ്ങളില്‍നിന്നാണ് വിവാഹം ചെയ്തിട്ടുള്ളതെങ്കില്‍ ഈ വിഷയം ചില സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഐപിസി വകുപ്പ് 304 എ പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കോ, 147 പ്രകാരം കലാപവുമായി ബന്ധപ്പെട്ടോ 295 പ്രകാരം ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കോ രണ്ടു വര്‍ഷം വരെയാണ് ശിക്ഷ വിധിക്കുന്നത്. എന്നാല്‍ മുത്തലാഖിന് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ നഷ്‌കര്‍ഷിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുത്തലാഖിന് മൂന്നു വര്‍ഷം ശിക്ഷ നല്‍കുന്ന നിയമം ഉണ്ടാക്കുന്നതുകൊണ്ടു മാത്രം മുസ്‌ലിം സ്ത്രീയുടെ അവകാശമോ അന്തസോ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന് കാണാം. ഈ സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീയുടെ വിവാഹ ജീവിതത്തില്‍ സ്വസ്ഥതയും സ്ഥിരതയും സംതൃപ്തിയും പ്രദാനം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ശരിയായി പ്രയോഗിക്കുന്നതിനും ആവശ്യമായ ഘട്ടത്തില്‍ നിയമോപദേശവും നിയമപിന്തുണയും നല്‍കുന്നതിനുമുള്ള പ്രായോഗിക സമീപനവും നടപടികളുമാണ് ഭരണസംവിധാനം ചെയ്തു കൊടുക്കേണ്ടത്. അതിനുള്ള കര്‍മപദ്ധതികളൊന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാത്ത സാഹചര്യത്തില്‍ മുത്തലാഖ് ബില്ലിനെ രാഷ്ട്രീയ താല്‍പര്യങ്ങളോടെയുള്ള നീക്കമായി മാത്രമേ വിലയിരുത്താനാകൂ.