പ്രസിഡന്റ് ട്രംപിനെതിരെയുള്ള വാറണ്ടും ഒരു താക്കീത്

പ്രത്യേക ലേഖകൻ
Posted on July 02, 2020, 5:25 am

പ്രത്യേക ലേഖകൻ

റാനിയൻ ജനറൽ ഖാസിം സൊലൈമാനിയുടെ വധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 36 പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇറാന്റെ നടപടിയിൽ ഒരുപക്ഷെ ലോകജനത ആശ്ചര്യപ്പെട്ടേക്കാം. പല തുറകളിൽ നിന്നും ഇതെന്ത് എന്ന ചോദ്യങ്ങളും ഉയർന്നു തുടങ്ങി. ഇറാനെ അപഹാസ്യമാക്കും വിധം വർത്തമാനങ്ങളും ഉയർന്നു വരുന്നു. എന്നാൽ ഇറാന്റെ നടപടിയും അമേരിക്കയുടെ കൊലപാതക രാഷ്ട്രീയവും ആഴത്തിലുള്ള ഒരു ഗുണപാഠമാണ് സമൂഹത്തിന് നൽകുന്നത്.

സൊലൈമാനിയുടെ വധം ഇറാന് മാത്രം ബാധകമുള്ളതല്ല എന്നും യുഎസ് നിലപാടുകളെ എതിർക്കുന്നവര്‍ക്കെല്ലാം ശക്തമായൊരു താക്കീതാണ് ട്രംപ് ഇതിലൂടെ നൽകിയതെന്നും നമുക്കറിയാം. എതിരാളികളെയെല്ലാം ഈവിധം ഇല്ലാതാക്കുമെന്ന താക്കീത്, ഒരുഭാഗത്ത് അറസ്റ്റു വാറണ്ടിനെപ്പറ്റി അമ്പരപ്പ് തുടരുമ്പോൾ മറുകോണിൽ വലിയൊരുവിഭാഗം അതിന്റെ സന്ദേശത്തിലേക്കും ചർച്ചകൾ എത്തിക്കുകയാണ്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാൽ കോടതിയിൽ തുടർനടപടികൾ സ്വീകരിക്കണം.

കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കണം. ഈ കുറ്റപത്രത്തിൽ വധവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പ്രതിപാദിക്കേണ്ടിവരും. ഇത് ലോകം അറിയുകയും ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യും. അതിലൂടെ അമേരിക്ക പിന്തുടരുന്ന സംഹാര നിലപാടുകൾക്കെതിരെ ലോകജനത സംഘടിക്കും. ഇതുതന്നെയാണ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതും. കേസിൽ പ്രതികളായി ചേർത്തിരിക്കുന്ന ട്രംപുൾപ്പെടെ 36 പേരെയും അറസ്റ്റ് ചെയ്യുന്നതിന് വിദേശരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഇറാൻ.

 

പ്രസിഡന്റ് പദം അവസാനിച്ചാലും ട്രംപിനെതിരെയുള്ള നിയമ നടപടികൾ തുടരാനാണ് ഇറാന്റെ തീരുമാനം. ഇക്കാര്യം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഏറെ പ്രസക്തമാണ്. ട്രംപിനു പുറമെയുള്ള കുറ്റവാളികളുടെ പേര് ഔദ്യോഗികമായി ഇറാൻ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇന്റർപോൾ വഴി 36 പേർക്കും റെഡ് കോർണർ നോട്ടീസ് അയയ്ക്കാനാണ് ഇറാൻ കോടതിയുടെ വിധി. ഇന്റർപോളിൽ ഇറാനും യുഎസും അംഗങ്ങളാണ്. കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ തീരുമാനത്തോടെ ഇറാൻ‑യുഎസ് ബന്ധം കൂടുതൽ രൂക്ഷമായേക്കാം. അമേരിക്കയുടെ ഏകാധിപത്യ അധിനിവേശ നിലപാടുകൾ അംഗീകരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്. ഇറാനുമായുള്ള ആ­ണവ കരാറിൽനിന്നും പിന്തിരിയാനുള്ള ട്രംപിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് തുടക്കം കുറിച്ചത്. 1998 മുതൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡിലെ ഖ്വാഡ്സ് വിഭാഗത്തിന്റെ തലവനായിരുന്നു സൊലൈമാനി. ഖ്വാഡ്സ് വിഭാഗത്തെ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ യുഎസ് വിദേശ ഭീകരവാദ സംഘടനയായി മുദ്രകുത്തിയിരുന്നു.

 

 

മറ്റ് രാജ്യങ്ങളിലെ ഇറാനിയൻ സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നത് ഖ്വാഡ്സ് വിഭാഗമാണ്. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖൊമൈനിയുമായി സൊലൈമാനി അടുത്ത ബന്ധവും പുലർത്തിയിരുന്നു. സൊലൈമാനി ഇറാന്റെ ഭാവി നേതാവായി ഉയരുന്ന ഭീതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലോകത്താകെ ഉയർന്നുവന്ന ആക്ഷേപം. 2020 ഫെബ്രുവരിയിൽ ബാഗ്ദാദിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് സൊലൈമാനി കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കുകയും ചെയ്തു. ബാഗ്ദാദ് എയർപോർട്ടിൽ ഇറങ്ങി കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു വ്യോമാക്രമണം ഉണ്ടായത്. സൊലൈമാനി ഉൾപ്പെടെ നിരവധി പേരാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒട്ടേറെ അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദിയാണ് സൊലൈമാനി നേതൃത്വം നൽകിയ ഖ്വാഡ്സ് ഫോഴ്സെന്നാണ് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്ക ആദ്യം പ്രതികരിച്ചത്.

ഇറാഖിലെ അമേരിക്കൻ സഖ്യസേനയുടെ താവളങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചതും സൊലൈമാനിയാണെന്നാണ് അമേരിക്കയുടെ വാദം. സൊലൈമാനിയുടെ വധം അമേരിക്കയോടുള്ള തങ്ങളുടെ നിലപാട് കൂടുതൽ തീവ്രമാക്കുമെന്നാണ് വധത്തിന്റെ തൊട്ടടുത്ത ദിവസം ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പ്രതികരിച്ചത്. യുഎസിന്റേത് അന്താരാഷ്ട്ര തീവ്രവാദമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രിയും പറഞ്ഞു. സൊലൈമാനിയുടെ വധത്തിൽ അന്താരാഷ്ട്ര തലത്തിലും യുഎസി­നെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. സാഹചര്യങ്ങൾ ഇത്തരത്തിൽ തുടരുന്നതിനിടെയാണ് ട്രംപിനെതിരെ ഇറാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് അയച്ച നടപടി പ്രതീകാത്മകമായ നടപടിയെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.

സൊലൈമാനിയുടെ വധത്തെ മറ്റ് ലോകരാജ്യങ്ങളോടുള്ള യുഎസിന്റെ അനീതിയായി ചിത്രീകരിക്കുന്നതെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാതം ഹൗസ് ഇറാൻ ഗവേഷണ കേന്ദ്രം ഡയറക്ടർ സനം വാകിൽ പറയുന്നത്. കഴിഞ്ഞ രണ്ട് മാസമായി യുഎസ്- ഇറാൻ പ്രശ്നങ്ങൾ സംബന്ധിച്ച വാർത്തകൾ അധികമായി ഉണ്ടായിരുന്നില്ല. കോവിഡ് മഹാമാരി തുടരുന്നതിനിടെയും ഇറാന്റെ മേൽ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും യുഎസ് രഹസ്യമായി സ്വീകരിക്കുകയായിരുന്നു. ഇറാനുമായുള്ള ആയുധ ഇടപാടുകൾ അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തുന്ന നടപടികൾ യുഎൻ സുരക്ഷാസമിതിയിലും അമേരിക്ക സ്വീകരിച്ചു.

ഇറാനുമേൽ കൂടുതൽ ശക്തമായ ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ആഴ്ച്‌യും പറഞ്ഞു. കോവിഡ് മഹാമാരിയിൽ ഇപ്പോഴും ആയിരങ്ങൾ മരിച്ചുവീഴുമ്പോഴും തങ്ങളുടെ അധിനിവേശ ആക്രമണ നിലപാടുകളിൽ നിന്നും പിൻമാറാൻ തയ്യാറല്ലെന്നാണ് യുഎസ് ആവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗം ലോകരാജ്യങ്ങൾക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ ഇറാൻ ട്രംപിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത് ഏറെ ചർച്ചചെയ്യപ്പെടും. തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഇറാൻ ചെയ്തു എന്നു വിളിച്ചുപറയും. അമേരിക്കൻ അധിനിവേശത്തിനെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ ഇത് പുതിയ തുടക്കമാകും.