രണ്ട് തെരഞ്ഞെടുപ്പുകളും അവ നൽകുന്ന പാഠങ്ങളും

ഡി രാജ
Posted on November 20, 2020, 5:00 am

ഡി രാജ

ണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങളാണ് നാം കണ്ടത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ, കോർപ്പറേറ്റ് അനുകൂല, വംശീയ, വലതുപക്ഷ സ്വേച്ഛാധിപതി ഡൊണാൾഡ് ട്രംപിനെ ഡെമോക്രാറ്റ് ജോ ബൈഡൻ പരാജയപ്പെടുത്തിയതായിരുന്നു അതിലൊന്ന്. ഈ പരാജയം വംശത്തിന്റെയും മതത്തിന്റെയും സമുദായത്തിന്റെയും വർണത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ലോകത്തെ എല്ലാ വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമുള്ള വ്യക്തമായ സന്ദേശമാണ്. അമേരിക്കൻ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളായി അറിയപ്പെടുന്ന സ്വാതന്ത്ര്യം, നിയമവാഴ്ച, സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് എന്നിവയെ തകർത്തുവെന്ന് കുറ്റാരോപിതനായ ഭരണാധികാരിയാണ് ട്രംപ്. ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടിന്റെയും അവരുടെ പങ്കാളികളായ ജനതാദളി (യുണൈറ്റഡ്) ന്റെയും വർഗീയ വിഷം വമിപ്പിക്കുന്ന ഹിന്ദുത്വ സംവിധാനങ്ങളെ ഒരു പരിധിവരെ മതേതര, ജനാധിപത്യശക്തികളുടെ കൂട്ടായ്മ പരാജയപ്പെടുത്തിയ നമ്മുടെ രാജ്യത്തെ ബിഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു രണ്ടാമത്തേത്.

എന്നിരുന്നാലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് സർക്കാരുണ്ടാക്കുന്നതിനുള്ള സാഹചര്യം എൻഡിഎയ്ക്ക് ഉണ്ടാവുകയും 2020ലെ തെരഞ്ഞെടുപ്പോടെ രംഗത്തുനിന്ന് പിൻമാറുമെന്ന് പ്രഖ്യാപിച്ച നിതീഷ്‌കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. ഈ രണ്ട് തെരഞ്ഞെടുപ്പുകളും ഇടതു- പുരോഗമന — മതേതര ശക്തികൾക്ക് — പ്രത്യേകിച്ച് ഇന്ത്യയിൽ — നിരവധി പാഠങ്ങൾ നല്കുകയും പുതിയ അവസരങ്ങളും വെല്ലുവിളികളും തുറന്നിടുകയും ചെയ്യുന്നുണ്ട്. ആശയങ്ങളുടെയും ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും അവസാനമെന്ന, പല ബുദ്ധിജീവികളും മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ ഈ രണ്ട് തെരഞ്ഞെടുപ്പു ഫലങ്ങളും വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്. യുഎസ് തെരഞ്ഞെടുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ വസ്തുത പ്രസിഡന്റ് സ്ഥാനത്ത് പ്രതീക്ഷയുണ്ടായിരുന്ന ഇടതു ചായ്‌വുള്ള ബേണി സാൻഡേഴ്സ് നടത്തിയ പ്രചരണങ്ങളുടെ ഫലമായി ഇടതു വോട്ടർമാരെ കൂടുതലായി അണിനിരത്താനായി എന്നതാണ്. ഇത് മിഷിഗൺ, ജോർജിയ പോലുള്ള സംസ്ഥാനങ്ങളിൽ വിജയം നേടുന്നതിനും പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുന്നതിനും ജോ ബൈഡന് സഹായകമായി.

ഇന്ത്യയിൽ ബിഹാറിലെ തെരഞ്ഞെടുപ്പിൽ, മഹാസഖ്യത്തിൽ ലഭ്യമായ 29 ൽ 16 സീറ്റുകളിൽ വിജയിക്കുന്നതിന് ഇടതുപാർട്ടികൾക്ക് സാധിച്ചു. ജനകീയാടിത്തറയും ജനങ്ങളുമായുള്ള ബന്ധവും പരിഗണിക്കുമ്പോൾ കുറ‍ഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്ന് നിരവധി നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാവുകയും ചെയ്തിട്ടുണ്ട്. ആർഎസ്എസ് — ബിജെപി സഖ്യം അധികാരത്തിലേറുകയെന്ന വലിയ അപകടം മുന്നിലുണ്ടായിരുന്നുവെന്നതിനാലാണ് സിപിഐ, സിപിഐ (എം), സിപിഐ(എംഎൽ‑ലിബറേഷൻ) എന്നിവ മഹാസഖ്യത്തിന്റെ ഭാഗമായി ചേർന്നത്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചു നിലകൊള്ളുകയും ചെയ്തു. ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഓഫീസിലെ ഉന്നതരും യുഎസിനകത്തും സാർവദേശീയതലത്തിലും വലിയ നാശങ്ങളാണ് സൃഷ്ടിച്ചത്. യുഎസിനെ വംശീയവും വർഗപരവുമായി ഭിന്നിപ്പിക്കുകയും ചെയ്തു. ജോ ബൈഡന്റെ വിജയവും അദ്ദേഹത്തിന്റെ പദ്ധതികളും ബേണി സാൻഡേഴ്സ്, ഒക്കാഷ്യോ കോർട്ടെസ് എന്നിവരെ പോലുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷക്കാർ കൃത്യമായി നിരീക്ഷിക്കും. ബൈഡൻ ഭരണകൂടത്തെയും അവർ സൂക്ഷ്മമായി നിരീക്ഷിക്കും.

എല്ലാ രാജ്യങ്ങൾക്കും സമാധാനവും വികസനവും ഉറപ്പുവരുത്തുന്ന പൊതുവായൊരു ലോകക്രമത്തിനായി അവർ പ്രവർത്തിക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പരിപാടികളാകട്ടെ അടിച്ചമർത്തപ്പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമാവുകയും ചെയ്യും. ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് ഇന്ത്യയിലെ അധികാരസ്ഥാനത്തിന്റെ ഉന്നതങ്ങൾ കയ്യടക്കിയതു മുതൽ അവരുടെ വിഭാഗീയവും ജനവിരുദ്ധവുമായ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർത്തുപോരുന്നതും ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നല്കുന്നതും ഇടതുപക്ഷമാണെന്ന് ഉറപ്പായും അവകാശപ്പെടാൻ കഴിയും. ദളിതരോടും വനിതകളോടുമുള്ള അവഗണനയാകട്ടെ, ഒരു പ്രത്യേക സമുദായത്തെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നതാകട്ടെ, സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ — തൊഴിലാളി വിരുദ്ധ — കർഷക വിരുദ്ധ നയങ്ങളാകട്ടെ അവയ്ക്കെതിരെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ്മ സൃഷ്ടിക്കാനും പോരാട്ടങ്ങൾ സംഘടിപ്പിക്കാനും ഇടതുപക്ഷം ശ്രമിച്ചിട്ടുണ്ട്.

ബിഹാറിലെ ഇടതുപക്ഷത്തിന്റെ ഉജ്ജ്വല വിജയം അതിന്റെകൂടി പ്രതിഫലനമാണ്. ഈ വിജയങ്ങൾ ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ജനങ്ങളുടെ അവകാശങ്ങളുടെയും അടിസ്ഥാന പ്രശ്നങ്ങളിൽ പുരോഗമന ശക്തികളുടെ കൂട്ടായ്മ സൃഷ്ടിച്ചുകൊണ്ട് 2008 മുതലുണ്ടായ സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ആഗോളതലത്തിലുണ്ടായ വലതുപക്ഷ മുന്നേറ്റത്തെ തടയാനാകുമെന്നാണ് ജോ ബൈഡന്റെ വിജയവും മഹാസഖ്യത്തിന്റെ ശ്രദ്ധേയമായ പ്രകടനവും വ്യക്തമാക്കുന്നത്. എന്നിരുന്നാലും ട്രംപ് ബൈഡനോട് ശക്തമായ മത്സരം കാഴ്ച വച്ചതും ബിഹാറിൽ ബിജെപി പ്രധാന ശക്തിയായി ഉയർന്നുവന്നതും കാരണം മത — സാമുദായിക — വംശീയ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള ശ്രമങ്ങൾ ഇല്ലാതാക്കുന്നതിന് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഇന്ത്യയിലേയ്ക്ക് വന്നാൽ കോർപ്പറേറ്റ് ആഭിമുഖ്യമുള്ള ബിജെപിക്ക്, സഖ്യകക്ഷികളെക്കാൾ കൂടുതൽ സീറ്റ് നേടുകയും കൂടുതൽസംസ്ഥാനങ്ങളിലും മേഖലകളിലും സാന്നിധ്യമുണ്ടാക്കുകയും ചെയ്ത ഇന്ത്യൻ പാർട്ടിയെന്ന് അവകാശപ്പെടാനാകും.

ഇന്ത്യൻ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ പദ്ധതിയെന്ന് വ്യക്തമാണ്. രാജ്യത്തെ മതങ്ങൾ, ജാതികൾ, സംസ്ഥാനങ്ങൾ, മേഖലകൾ എന്നിവയിൽ അവർ നേരത്തേതന്നെ വിഭാഗീയത സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. ബിഹാർ പോലെ ഉത്തരേന്ത്യയിലെ പ്രമുഖമായൊരു സംസ്ഥാനത്ത് ശ്രദ്ധേയമായ സീറ്റുകളും നിർണായകമായ വോട്ടുപങ്കാളിത്തവും നേടാൻ സാധിച്ച ഇടതുപക്ഷം മതേതര ‑ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബിഹാറിൽ മാത്രമല്ല, രാജ്യത്തുടനീളം പ്രാദേശിക, ദേശീയ തലത്തിലുള്ള മതേതര, ജനാധിപത്യ പാർട്ടികൾ അവരുടെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ഗൗരവപൂർവ്വമായ ആത്മപരിശോധന നടത്തണം. അവർക്ക് വലതുപക്ഷമോ മധ്യ വലതുപക്ഷമോ ആയി തുടരുവാനാകില്ല. ഇടതുപക്ഷ — മധ്യ ഇടതുപക്ഷ നിലപാടിലേക്ക് അവർക്ക് വരാനാകുന്നില്ലെങ്കിൽ മധ്യമാർഗത്തിൽ ഉറച്ചുനില്ക്കാൻ അവർ സന്നദ്ധമാകണം.

ഇപ്പോഴത്തെ വിനാശകരമായ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയും സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത നവ ഉദാരവല്കൃത സാമ്പത്തിക നയങ്ങളോടുള്ള തങ്ങളുടെ സമീപനങ്ങളെ കുറിച്ചും അവർ പുനരാലോചന നടത്തേണ്ടതുണ്ട്. ഭരിക്കുന്നവരുടെ വിനാശകരമായ അജണ്ടയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായുള്ള പോരാട്ടങ്ങൾ ഇടതുപ്രസ്ഥാനങ്ങൾ തനിച്ചും മറ്റ് മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളുമായിചേർന്നും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. രാജ്യത്തുടനീളമുള്ള ജനവിരുദ്ധ, ധ്രുവീകരണ നയങ്ങൾക്കെതിരായ ജനകീയ മുന്നേറ്റങ്ങളെ ഒരുമിച്ച് കൊണ്ടുവരികയെന്നത് ഇടതുപക്ഷത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്. വർഗ, ജാതി, ലിംഗപരമായ വിവേചനങ്ങൾ ഊർജ്ജസ്വലതയോടും സംവേദനക്ഷമതയോടും കൂടി ഉയർത്തിക്കൊണ്ടു വന്ന് ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലയിലെ ജനാധിപത്യപരവും മതേതരവും ജനങ്ങൾക്ക് അനുകൂലവുമായ വിഷയങ്ങളുടെ നിർണായക ഘടകമായി മാറുന്നത് ഇടതുപക്ഷമായിരിക്കണമെന്നും പാഠങ്ങളായി ഉൾക്കൊള്ളേണ്ടതുണ്ട്.