23 April 2024, Tuesday

നിറം മങ്ങുന്ന പാക്സ് അമേരിക്കാന

രാജാജി മാത്യു തോമസ്
September 1, 2021 5:18 am

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റം പൂര്‍ണം. ‘അമേരിക്കന്‍ നൂറ്റാണ്ടി’ന്റെ അവസാനത്തിന്റെ ആരംഭമാണോ യുഎസിന്റെ നാണംകെട്ട സൈനിക പിന്മാറ്റം അടയാളപ്പെടുത്തുന്നത്? ആഗോള നയതന്ത്ര, രാഷ്ട്രീയ, സാമ്പത്തിക വൃത്തങ്ങളില്‍ നിന്നും ഈ ദിവസങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുള്ള ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ആഗോള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളെയാകെ തങ്ങളുടെ വരുതിയിലാക്കാനുള്ള ദാര്‍ഷ്ട്യപൂര്‍ണമായ യത്നത്തിലായിരുന്നു (അമേരിക്കന്‍) ഐക്യനാടുകള്‍. കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയവും സോവിയറ്റ് യൂണിയന്റെ ശൈഥില്യവും യുഎസ് ആധിപത്യത്തിലുള്ള ഒരു ഏകധ്രുവ ലോകത്തിന്റെ പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ ‘പാക്സ് അമേരിക്കാന’ (അമേരിക്കന്‍ സമാധാനം) എന്ന സങ്കല്പത്തില്‍ അധിഷ്ഠിതമായ അമേരിക്കന്‍ നൂറ്റാണ്ടിന്റെ മരണമണിയാണ് കാബൂളില്‍ നിന്ന് മുഴങ്ങുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.ചരിത്രത്തെ വെട്ടിപ്പിടുത്തക്കാരുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രം മാത്രമായി കാണുന്നവരുണ്ട്.

അവരുടെ ചരിത്രത്തില്‍ ‘പാക്സ് റൊമാന’ (റോമന്‍ സമാധാനം). അലക്സാണ്ടറുടെ സൈനിക ജൈത്രയാത്ര, 1815 മുതല്‍ 1950 കളോളം നീണ്ട ബ്രിട്ടന്റെ ‘സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ’കാലഘട്ടം എന്നിങ്ങനെ വേര്‍തിരിക്കുന്നതായി കാണാം. ആ ചരിത്ര വ്യാഖ്യാനത്തിന്റെ ചുവടുപിടിച്ചാണ് ‘അമേരിക്കയുടെ നൂറ്റാണ്ട്’ ആരംഭിക്കുന്നത്. പാക്സ് അമേരിക്കാനക്ക് 19-ാം നൂറ്റാണ്ടില്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നു. 1898 ല്‍ ക്യൂബയ്ക്കും കരീബിയയ്ക്കും ഫിലിപ്പൈന്‍സിനും മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ വഴിതെളിച്ച യുഎസിന്റെ സ്പെയ്‌നുമായുള്ള യുദ്ധത്തോടെ അത് ആരംഭിച്ചു. 1904 ല്‍ മണ്‍ട്രോ സിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ തിയഡോര്‍ റൂസ്‌വെല്‍റ്റ് തെക്കേ അമേരിക്കയില്‍ എവിടെയും ഇടപെടാനുള്ള തങ്ങളുടെ അവകാശം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ യുഎസ് ലോക പൊലീസുകാരന്റെ വേഷം സ്വയം എടുത്തണിയുകയായിരുന്നു. ഒരിക്കലും സാക്ഷാത്ക്കരിക്കാന്‍ കഴിയാതിരുന്ന പാക്സ് അമേരിക്കാന എന്ന ആ സാമ്രാജ്യത്വ സ്വപ്നത്തിന് അമേരിക്കന്‍ നൂറ്റാണ്ടെന്ന് നാമകരണം ചെയ്തത് ‘ടൈംസ്’ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകന്‍ ഹെന്‍റി റോബിണ്‍സണ്‍ ലൂസാണ്.

Also Read : അഫ്ഗാന്റെ അയല്‍ബന്ധ സൂചനകള്‍ അവഗണിക്കപ്പെട്ടുകൂട

 

തന്റെ കാലത്ത് അമേരിക്കയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള സ്വകാര്യ വ്യക്തി എന്നാണ് ഹെന്‍റി ലൂസ് അറിയപ്പെട്ടിരുന്നത്. 1941 ഫെബ്രുവരി 17ന് ലൂസ് ‘ലൈഫ്’ മാസികയുടെ മുഖപ്രസംഗത്തില്‍ യുഎസ് അതിന്റെ ഏകാന്തതയില്‍ നിന്നു പുറത്തുകടന്ന് ലോകത്താകെ ജനാധിപത്യം വ്യാപിപ്പിക്കുന്ന ‘നല്ല ശമരിയക്കാരനാ’യി മാറണമെന്നും ആവശ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തില്‍ യുഎസ് നേരിട്ട് പങ്കാളിയാവണമെന്നും ലൂസ് ആഹ്വാനം ചെയ്തു. ഒരു അമേരിക്കന്‍ സാമ്രാജ്യമെന്നതിനു പകരം ‘അമേരിക്കന്‍ നൂറ്റാണ്ട്’ എന്ന സമഗ്ര കാഴ്ചപ്പാടാണ് ലൂസ് മുന്നോട്ടുവച്ചത്. തുടര്‍ന്നിങ്ങോട്ട് ലോകരംഗത്ത് യുഎസ് നടത്തിയ ഇടപെടലുകളുടെ രക്തപങ്കിലമായ ചരിത്രം നമുക്ക് മുന്നിലുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തോടെ യുഎസ് രാഷ്ട്രീയത്തില്‍ നവയാഥാസ്ഥിതിക ശക്തികള്‍ മേല്‍ക്കൈ നേടുകയും വിദേശ നയം കൂടുതല്‍ കയ്യൂക്കിന്റേതായി മാറുകയുമായിരുന്നു. റൊണാള്‍ഡ് റെയ്ഗന്റെ കാലഘട്ടത്തില്‍ തന്നെ യുഎസ് ‘ഉദാരമതിയായ ലോക നായക’ പരിവേഷം സ്വയം സ്ഥിരീകരിക്കുകയും അമേരിക്കന്‍ സമാധാനം ലോകത്തെമ്പാടും അടിച്ചേല്പിക്കാനുള്ള യത്നം ആരംഭിക്കുകയും ചെയ്തിരുന്നു. ലോകത്തെ മുഴുവന്‍ എക്കാലത്തും തങ്ങളുടെ വ്യാജ ആഖ്യാനത്തില്‍ കുടുക്കിയിടാമെന്ന് നവയാഥാസ്ഥിതികര്‍ വിശ്വസിച്ചു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സദ്ദാം ഹുസൈന്റെ കൈവശമുണ്ടെന്ന് അവര്‍ പ്രചരിപ്പിച്ച ആയുധശേഖരം സംബന്ധിച്ച നുണക്കഥകള്‍. അതിന്റെ മറവില്‍ ഇറാഖിനെതിരെ അവര്‍ നടപ്പാക്കിയ ഉപരോധം പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ മരണത്തിനും തുടര്‍ന്ന് ആ രാജ്യത്തിനെതിരായ കടന്നാക്രമണത്തിനും അധിനിവേശത്തിനും വഴിവച്ചു. യുഎസിലെ യുദ്ധ സമ്പദ്ഘടനയ്ക്ക് ശതകോടികള്‍ ലാഭമുണ്ടാക്കിയ ഇറാഖ് അധിനിവേശത്തിനു അവര്‍ പ്രചരിപ്പിച്ച വ്യാപക ‘നാശം വിതയ്ക്കുന്ന ആയുധശേഖര’മെന്ന ആഖ്യാനം പച്ചനുണയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. നൂറുകോടിയില്പരം ഡോളര്‍ ചെലവില്‍ 1,625 വിദഗ്ധര്‍ 1,700 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അവര്‍ പ്രചരിപ്പിച്ച തരത്തില്‍ വ്യാപക നാശം വിതയ്ക്കുന്ന ആയുധശേഖരങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ല. യുഎസിന്റെ യുദ്ധ സമ്പദ്ഘടനയ്ക്കുവേണ്ടി ഭരണകൂടം നടത്തിയ വ്യാപക നുണപ്രചാരണമായിരുന്നു ഇറാഖിനെ പറ്റി അവര്‍ നടത്തിയതെന്ന് പകല്‍പോലെ വ്യക്തമായി. അപ്പോഴേക്കും ഇറാഖും ലോകവും അതിന് വലിയ വില നല്‍കേണ്ടിവന്നു. യുഎസ് അവിടെ വിതച്ച അസ്ഥിരതയുടെ വിത്തുകള്‍ പശ്ചിമേഷ്യയില്‍ തലമുറകളോളം അശാന്തിപരത്തി നിലനില്‍ക്കും.ലോകത്തിനുമേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ യുഎസ് നടത്തിയ എല്ലാ ശ്രമങ്ങളും വന്‍ ദുരന്തത്തിലാണ് കലാശിച്ചിട്ടുള്ളതെന്ന് രണ്ടാം ലോകയുദ്ധത്തിനു ശേഷം അവര്‍ നടത്തിയ ഓരോ യുദ്ധത്തിന്റെയും ചരിത്രം പഠിപ്പിക്കുന്നു. 1950 മുതല്‍, മൂന്നു വര്‍ഷം നീണ്ട, കൊറിയന്‍ യുദ്ധം ഒഴിവാക്കാമായിരുന്ന ഒന്നാണ്. ചൈനാ ജനകീയ റിപ്പബ്ലിക്കിന്റെ മധ്യസ്ഥതയില്‍ കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷത്തിനു വിരാമമിടാന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നല്കിയ ഉപദേശം പ്രസിഡന്റ് ഹാരി എസ് ടൂമാന്‍ അവഗണിക്കുകയായിരുന്നു. 54,000 യുഎസ് സൈനികരുടെയും ദശലക്ഷക്കണക്കിന് കൊറിയക്കാരുടെയും ജീവനപഹരിച്ച യുദ്ധത്തിന് ഇനിയും സാങ്കേതികമായി അറുതിയായിട്ടില്ല. ജനാധിപത്യ ജനകീയ കൊറിയന്‍ റിപ്പബ്ലിക്കിന് നേരിയ മേല്‍ക്കൈയോടെയുള്ള വെടിനിര്‍ത്തല്‍ കരാറിലൂടെയുള്ള അപമാനകരമായ പിന്മാറ്റമാണ് അവിടെ യുഎസ് നടത്തിയത്.
ദക്ഷിണ വിയറ്റ്നാമിലെ സയ്ഗോണ്‍ (ഇപ്പോഴത്തെ ഹോചിമിങ്ങ് സിറ്റി) നഗരത്തിലെ ചാന്‍സറിയുടെ മുകളില്‍ നിന്ന് യുഎസ് പതാകയുമായി ഹെലികോപ്റ്ററില്‍ അമേരിക്കന്‍ അംബാസിഡറും നയതന്ത്ര പ്രതിനിധികളും ജീവനുമായി രക്ഷപ്പെടുന്ന ചിത്രം അമേരിക്കന്‍ നൂറ്റാണ്ടിന്റെ മറ്റൊരു നാണക്കേടായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. 58,000 യുഎസ് സൈനികരടക്കം മുപ്പതുലക്ഷം മനുഷ്യ ജീവനുകളാണ് പാക്സ് അമേരിക്കയ്ക്കാനക്കായി കുരുതികൊടുക്കപ്പെട്ടത്.

Also Read : അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ നയതന്ത്ര വെല്ലുവിളികളും

 

അഫ്ഗാന്‍ അധിനിവേശത്തോടെ യുഎസ് നാറ്റോ സഖ്യസേന നടത്തിയ ഭീകരതയ്ക്കെതിരായ യുദ്ധം ഭീകരതക്ക് അറുതിവരുത്തുന്നതിനു പകരം ഭീകരതയെ സ്ഥാപനവല്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നാന്ദികുറിച്ചത്. ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ അനന്തരഫലമെന്നോണം രൂപംകൊണ്ട ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ ഒരു ഘട്ടത്തില്‍ പതിനൊന്നു ദശലക്ഷം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലക്ഷം കിലോമീറ്റര്‍ ഭൂപ്രദേശത്തിന്റെ നിയന്ത്രണം കയ്യാളിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഏറ്റക്കുറച്ചിലോടെ ഖൊറഷാന്‍ പ്രവിശ്യയില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനു പുറമെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൗറിറ്റാനിയ, മാലി, നൈജര്‍, നൈജീരിയ, ഛാഡ്, സൊമാലിയ, മൊസംബിക്, കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്നിവിടങ്ങളിലെല്ലാം ഐഎസ് ഭീകരര്‍ സജീവമാണ്. തങ്ങള്‍ പാലൂട്ടി വളര്‍ത്തിയ ഭീകരത അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ അവസാന മണിക്കൂറുകളിലും പാക്സ് അമേരിക്കാനയെ വേട്ടയാടുന്നതിനും ലോകം സാക്ഷ്യം വഹിക്കേണ്ടിവന്നു.ആറരലക്ഷം കോടി ഡോളര്‍ (ഏതാണ്ട് 407 ലക്ഷം കോടി രൂപ) ചെലവിട്ട് ലക്ഷക്കണക്കിന് മനുഷ്യജീവന്‍ കുരുതികൊടുത്ത് നടത്തിയ ‘ഭീ­കരതയ്ക്കെതിരായ യുദ്ധ’ത്തിന്റെ വേരുകള്‍ ചെ­ന്നെത്തുന്നത് യുഎസ് സാമ്രാജ്യാധിപതികളുടെ മൂത്ത കമ്മ്യൂണിസ്റ്റ്, സോവിയറ്റ് വിരോധത്തിലാണ്. 1970 കളുടെ അന്ത്യത്തില്‍ അന്നത്തെ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സ്ബിഗ്‌ന്യു ബ്രഷന്‍സ്കി പോളണ്ടിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ പിന്തുണക്കാന്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവപരമ്പരകള്‍ക്ക് തുടക്കമിട്ടത്. പോളിഷ് വംശജനായ ബ്രഷന്‍സ്കി തന്റെ പൈതൃകരാജ്യമായ പോളണ്ടില്‍ നിന്നും സോവിയറ്റ് യൂണിയന്റെ ശ്രദ്ധ തിരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് അനുകൂല പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനെതിരെ കലാപം കുത്തിപ്പൊക്കുകയായിരുന്നു. സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ടതോടെ അവര്‍ സോവിയറ്റ് സഹായം തേടുകയും 1979ല്‍ സോവിയറ്റ് സേന അഫ്ഗാനില്‍ ഇടപെടുകയും ചെയ്തു. സിഐഎയുടെ പിന്തുണയോടെയും പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്ഐ) പങ്കാളിത്തത്തോടെയും അഫ്ഗാന്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ കെട്ടിപ്പൊക്കിയ പ്രതിരോധമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകൊണ്ട് താലിബാന്‍ ഭീകരതയായി പരിണമിച്ചത്.

Also read : സാംസ്കാരികലോകം ഒന്നുറക്കെ ശബ്ദിച്ചിരുന്നെങ്കിൽ

 

യുഎസ് സാമ്രാജ്യ മേധാവിത്വത്തിന്റെ അന്ധമായ സോവിയറ്റ്, കമ്മ്യൂണിസ്റ്റ് വിരോധം വളര്‍ത്തിയെടുത്ത ബിന്‍ലാദനും അല്‍ഖ്വയ്ദയും താലിബാന്റെയും ആഗോള ഭീകരതയുടെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ലോകയുദ്ധങ്ങളടക്കം കാര്യമായ യുദ്ധക്കെടുതികള്‍ക്കൊന്നും ഇരയാവാതെ ലോകത്തിന്റെ സുരക്ഷിത മേഖലയെന്ന് അവര്‍ വിശ്വസിച്ചിരുന്ന രാജ്യത്തിന്റെ മര്‍മ്മത്തില്‍ പ്രഹരിക്കാനുള്ള കഴിവു തെളിയിച്ചാണ് ബിന്‍ലാദനും അല്‍ഖ്വയ്ദയും യുഎസിനെ ഭീകരതക്കെതിരായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍, കാബൂളില്‍ നിന്നുള്ള പിന്മാറ്റം വരെ, ചരിത്രത്തിന്റെ ഭാഗമാണ്. അമേരിക്കന്‍ നൂറ്റാണ്ടിന്റെയും പാക്സ് അമേരിക്കാനയുടെയും അവസാനമായി അഫ്ഗാനിസ്ഥാന്‍ മാറുന്നതായിരിക്കും യുഎസിനും അമേരിക്കന്‍ ജനതയ്ക്കും ലോകത്തിനും നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.