മോഹന്‍ പരവൂര്‍

(പ്രസിഡന്റ്, ഓസ്‌പാര്‍ഡ്)

May 05, 2021, 5:00 am

തൊഴില്‍ ശക്തിയുടെ വീണ്ടെടുക്കലും അതിജീവന ബദലും

Janayugom Online

പ്രതിസന്ധികള്‍ ഒഴിഞ്ഞ ഒരു കാലം ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രതിസന്ധികളില്‍ മുഖ്യം സാമ്പത്തിക പ്രതിസന്ധി തന്നെ. ഇതിന്റെ പ്രധാന കാരണവും പ്രത്യാഘാതവും തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ നമുക്ക് പുതുമയുള്ള കാര്യമല്ല. ഈ ലോകത്ത് ഒരുവിധം ജീവിച്ചു വരുമ്പോഴും നമ്മെ ചൂഴ്ന്നു നിന്നിരുന്ന ഒരു പ്രശ്നമായിരുന്നു തൊഴിലില്ലായ്മ. എങ്കിലും ഇതിന് പരിഹാരമുണ്ടായി ഏറെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഏവര്‍ക്കും ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളെ നയിച്ചിരുന്നതും ഈയൊരു ചിന്തയാണ്. അങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള പലതരം യത്നങ്ങളില്‍ മുഴുകുന്നത് സര്‍ക്കാരുകളുടെ മുഖ്യ അജണ്ടയായി തീരുന്നു.

‌എന്നാല്‍ കാര്യങ്ങള്‍ ആകെ തകിടംമറിയുന്ന രീതിയില്‍ ലോകം വഴുതിപൊയ്ക്കൊണ്ടിരിക്കുന്നത് ഏവരെയും അമ്പരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിവ് സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമേ പരിസ്ഥിതി വിനാശത്തിന്റെ പ്രത്യാഘാതങ്ങളും, കോവിഡ് 19 പോലുള്ള മഹാമാരികളും പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കുകയും ജീവിതം വിവരണാതീതമായ ക്ലേശങ്ങളിലൂടെ കടത്തിവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുന്നില്ലെന്ന് മാത്രമല്ല ഉള്ള തൊഴില്‍ ഭീകരമാംവിധം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ തൊഴിലില്ലായ്മമൂലം പാഴായിപ്പോകുന്ന അധ്വാനശേഷിയെ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുകൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. അതില്‍ പരിചിതമായ ഒന്ന്, സന്നദ്ധസേവനമാണ്. ചില ഘട്ടങ്ങളില്‍ ലോകം നിലനില്‍ക്കുന്നതുതന്നെ സന്നദ്ധസേവനത്താലാണെന്നത് നിഷേധിക്കാനാവില്ല.

ദുരന്തസാഹചര്യങ്ങള്‍ ഒഴിച്ചാല്‍ മറ്റു സന്ദര്‍ഭങ്ങളിലെ വ്യാപകമായ നിലയിലുള്ള സന്നദ്ധസേവനം നാട്ടിലെ തൊഴിലവസരങ്ങള്‍ ഹനിച്ചുവെന്ന് വരാം. നിരവധിപേര്‍ക്ക് പല ദിവസങ്ങളില്‍ ലഭിക്കുമായിരുന്ന തൊഴിലവസരങ്ങളാവും വ്യാപകമായ സന്നദ്ധസേവനത്തിലൂടെ ഏതാനും മണിക്കൂറുകള്‍കൊണ്ട് അപ്രത്യക്ഷമാകുക. കായികവും കായികേതരവുമായ സന്നദ്ധസേവനങ്ങള്‍ക്ക് ഇത് ബാധകമാണ്. തൊഴിലവസരങ്ങള്‍ ഭീമമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് ഇതെങ്ങനെ സ്വീകാര്യമാവും? ഇത്തരത്തിലുള്ളവയാണ് വെല്ലുവിളികള്‍. തൊഴിലില്ലായ്മ‌മൂലം പാഴാകുന്ന മനുഷ്യശേഷിയെ എങ്ങനെ വീണ്ടെടുക്കാനാവും എന്നതാണ് നമ്മുടെ അന്വേഷണ വിഷയം. അതിന്റെ ഭാഗമായാണ് സന്നദ്ധസേവനത്തെ പരിഗണിക്കാനിടയായത്. സന്നദ്ധസേവനത്തിലൂടെ തൃപ്തികരമായ നിലയില്‍ തൊഴിലില്ലായ്മ‌മൂലം പാഴാകുന്ന മനുഷ്യശേഷിയെ വീണ്ടെടുക്കാനാവില്ല. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്.

സന്നദ്ധസേവനം പ്രസക്തമാകുന്നത് ദുരന്തങ്ങളുണ്ടാകുമ്പോഴും തുടര്‍ച്ചയില്ലാത്ത പ്രത്യേക ദൗത്യങ്ങള്‍ക്കുമാണ്. തൊഴിലവസരങ്ങള്‍ക്ക് ഹാനികരമാകുമെന്നതിനാല്‍ വ്യാപകവും തുടര്‍ച്ചയായി ഉള്ളതുമായ സന്നദ്ധസേവനം തീര്‍ത്തും നിര്‍ദോഷമല്ല. ലഭ്യമായ തൊഴിലവസരങ്ങള്‍ സന്നദ്ധ സേവനത്തിലൂടെ ഹനി‌ക്കപ്പെടുന്നത് അതിജീവനം കൂടുതല്‍ ക്ലേശകരമാക്കും. ഈ വസ്തുതകളില്‍ നിന്നും നമുക്ക് ചില തിരിച്ചറിവുകള്‍ കിട്ടുന്നുണ്ട്. അതില്‍ മുഖ്യമായത് സാമ്പ്രദായിക രീതിയിലുള്ള സന്നദ്ധസേവനത്തെയാണ് നാം പരിഗണിച്ചിരുന്നതെന്നതാണ്. ദുരന്ത സാഹചര്യങ്ങളില്ലാത്തപ്പോള്‍, അതായത് സാധാരണകാലങ്ങളില്‍ തുടര്‍ച്ചയായ ദൗത്യങ്ങള്‍ക്ക് സന്നദ്ധസേവനം സാധ്യമാക്കാനാവുമോ? ലഭ്യമായ തൊഴിലവസരങ്ങള്‍ക്ക് ഹാനിയുണ്ടായാല്‍ കൂടി നിര്‍ദ്ദോഷകരവും അഭിലഷണീയവുമായ നിലയില്‍ വ്യാപകവും തുടര്‍ച്ചയായുള്ളതുമായ സന്നദ്ധ സേവനം സാധ്യമാണോ? ലഭ്യമായ തൊഴിലവസരങ്ങള്‍ക്ക് ഹാനിയുണ്ടായാല്‍ കൂടി അതിജീവനം ഉറപ്പാക്കാന്‍ സന്നദ്ധ സേവനത്തിനാവുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ‘സാധ്യമാണ് എന്ന് കിട്ടുമെങ്കില്‍ സാമ്പ്രദായിക രീതിയിലല്ലാത്ത അഥവാ വിശേഷാല്‍ സന്നദ്ധ സേവനത്തിന് രൂപംനല്കുന്നതില്‍ വിജയിക്കാനാവും. മാനവരാശിയുടെ വിധിമാറ്റിയെഴുതാന്‍ പോന്ന ഒരു വിജയം തന്നെ ആയിരിക്കും അത്.

സന്നദ്ധസേവനത്തെ അതിജീവന സാക്ഷാത്ക്കാരവുമായി ബന്ധിപ്പിക്കുക. അത് സാധിക്കാനായാല്‍ തൊഴിലവസരങ്ങളില്ലെങ്കില്‍ പോലും ആളുകള്‍ക്ക് അമിതമായി സര്‍ക്കാരിനെ ആശ്രയിക്കാതെ അത്യാവശ്യ ജീവിതസൗകര്യങ്ങള്‍ സ്വയം ലഭ്യമാക്കാനാവും. കെടുതിയുടെയും തകര്‍ച്ചയുടെയും ഒരുകാലത്ത് നമുക്ക് വേണ്ടതും മറ്റൊന്നല്ല. തൊഴിലില്ലായ്മമൂലം പാഴായിപ്പോകുന്ന വിലമതിക്കാനാവാത്ത മനുഷ്യശേഷിയെ ഈ രീതിയില്‍ നമുക്ക് വീണ്ടെടുക്കാനാവുമെന്ന് കണ്ടാല്‍ നാം വിജയിച്ചുവെന്നുതന്നെയാണ് അതിനര്‍ത്ഥം. അതിജീവനത്തിന്റെ അടിസ്ഥാനഘടകം ഭക്ഷണമെന്നതില്‍ ഇക്കാലത്ത് തര്‍ക്കമുണ്ടാവാനിടയില്ല. ഭക്ഷണമാര്‍ജിക്കലാണ് തൊഴിലിന്റെ പ്രഥമ ലക്ഷ്യമെന്നതിലും ഇന്നു തര്‍ക്കസാധ്യത ഇല്ല. സാധാരണഗതിയില്‍ കാര്‍ഷികരംഗത്തില്ലാത്തവര്‍ പണിചെയ്ത് പണം നേടി ഭക്ഷണം ആര്‍ജിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിന് പുറമേ പണംകൊണ്ട് സാധിക്കേണ്ട വേറെ പലതുമുണ്ടാവുമെങ്കിലും ഭക്ഷണത്തിന് തന്നെയാണ് പ്രഥമപരിഗണന. പണി ഇല്ലെങ്കില്‍ പോലും നമുക്ക് ഭക്ഷണം കൂടിയേ കഴിയൂ. അപ്പോള്‍ പണം നേടാന്‍ പണിയില്ലെങ്കില്‍ പണിക്കുവേണ്ട അധ്വാനത്തെ ഭക്ഷ്യോല്പാദനത്തിലേക്ക് എന്തുകൊണ്ട് തിരിച്ചുവിട്ടുകൂടാ? ഒരു പ്രത്യേക ഭാവതലത്തില്‍ നിന്നുകൊണ്ട് ചോദിക്കേണ്ട ചോദ്യമാണിത്.

ഭക്ഷ്യോല്പാദനത്തിന്റെ സാമ്പ്രദായിക രീതികളില്‍ കുടുങ്ങിക്കിടന്നുകൊണ്ട് നമുക്ക് ഇവിടെ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സാധിതമാക്കാനാവില്ല. പ്രധാനമായും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് — കമ്പോളാധിഷ്ഠിത മാര്‍ഗത്തില്‍ പങ്കാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി ഉല്പാദനം എത്രകണ്ട് വര്‍ധിപ്പിച്ചാലും ഒരു പരിധിക്കപ്പുറം നേട്ടമാര്‍ജിക്കാന്‍ കഴിയില്ല. കാരണം കൊടും തൊഴിലില്ലായ്മയാല്‍ ഉല്പാദിപ്പിച്ചു കൂട്ടുന്നവ വാങ്ങി ഉപയോഗിക്കാനുള്ള ശേഷി ഉണ്ടാവില്ലെന്നതു തന്നെ. രണ്ടാമത്തെ കാര്യം സ്വന്തം ഉപഭോഗത്തിനായി ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിന് എല്ലാവര്‍ക്കും ഒരുപോലെ ശേഷി ഉണ്ടാകണമെന്നില്ല. ഈ ശേഷിഘടകങ്ങളില്‍ മുഖ്യസ്ഥാനം കൃഷിഭൂമിക്കാണെന്നത് പ്രത്യേകം അറിയിക്കേണ്ടതാണ്.
മനുഷ്യശേഷിയുടെ നാനാതരം ഉറവിടങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടാണ് സമഗ്ര മനുഷ്യശേഷി വിനിയോഗം സാധ്യമാക്കേണ്ടത്. ഇങ്ങനെ വിവിധ ഉറവിടങ്ങളെ കണ്ടെത്തിയുള്ള വര്‍ഗീകരിക്കലിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇങ്ങനെ വര്‍ഗീകരിക്കപ്പെട്ട ഓരോ വിഭാഗത്തിനും ഇണങ്ങുന്നതും സാമൂഹ്യ മെച്ചങ്ങള്‍ക്കിടയാക്കുന്നതുമായ കര്‍മ്മമേഖലകള്‍ കണ്ടെത്തിയുള്ള കൃത്യമായ ചുമതല ഏല്പിക്കലുമാണ്. പ്രധാനമായും അഞ്ചിനം വര്‍ഗീകരണമാണ് ഇക്കാര്യത്തില്‍ ‘യൂണിഫെെഡ് ഡെവലപ്മെന്റ് സ്ട്രാറ്റജി’ നടത്തിയിട്ടുള്ളതാണ്. സെെനികര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, റിട്ടയര്‍ ചെയ്തവര്‍, തൊഴില്‍രഹിതര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണിവര്‍. ഇതിനോട് മറ്റ് പലരെയും കുട്ടിച്ചേര്‍ക്കാനാവുമെങ്കിലും സമഗ്ര മനുഷ്യശേഷിയുടെ അടിസ്ഥാന സ്രോതസുകളായി ഈ അഞ്ച് വിഭാഗങ്ങളെ കാണാം. ഓരോരോ പ്രശ്നത്തിനുമുള്ള മനുഷ്യശേഷി അഥവാ വിശേഷാല്‍ സന്നദ്ധ സേവനം കണ്ടെത്തുന്നതിനും ഓരോരോ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മനുഷ്യശേഷി ആസൂത്രണത്തിനും ഇത് പരമപ്രധാനമാണ്.

നാം ഇന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി കൂട്ടിക്കെട്ടിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളെ കാണാന്‍ ശ്രമിക്കുന്നത്. എന്നുവച്ചാല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാവണമെന്ന ഒരു സ്ഥിതിവിശേഷം. പാടെ മാറേണ്ട ഒന്നാണിത്. തൊഴിലില്ലായ്മമൂലം പാഴായിപ്പോകുന്ന മനുഷ്യശേഷിയെ അഥവാ സന്നദ്ധപ്രവര്‍ത്തന സാധ്യതകളെ എങ്ങനെ തുടര്‍ച്ചയായി വിനിയോഗിക്കാനാകുമെന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. പാഴായിപ്പോകുന്ന മനുഷ്യശേഷിയെ അഥവാ സന്നദ്ധപ്രവര്‍ത്തന സാധ്യതകളെ ദുരന്തമുഖം അത്രകണ്ട് സ്പഷ്ടമല്ലാത്ത സമാധാന കാലത്തും എങ്ങനെ വിനിയോഗിച്ച് അതിജീവനം സാധ്യമാക്കാമെന്നാണ് അന്വേഷിക്കേണ്ടത്. ഈ ലോകത്തെ ഏറ്റവും വലിയ ദുരന്തമെന്താണ്? പ്രളയമോ അതോ കൊടും വരള്‍ച്ചയോ അതോ അതിഭയങ്കരമായ അപകടങ്ങളോ? ഇവയൊക്കെ ദുരന്തങ്ങളുടെ പട്ടികയില്‍ പെടുന്നവ തന്നെ. പക്ഷേ മഹാദുരന്തമായി തിരിച്ചറിയേണ്ടത് മറ്റൊന്നിനെയാണ് — തൊഴിലില്ലായ്മമൂലം മനുഷ്യശേഷി പാഴായി പോകുന്നതിനെ.
ഒരു മത്സരാധിഷ്ഠിത ലോകത്ത് തൊഴിലവസരങ്ങള്‍ ആര്‍ജിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ മനുഷ്യശേഷിയെ പലപ്പോഴും തേച്ചുമിനുക്കി നിര്‍ത്തേണ്ടിവരും. ഇതിനായി മനുഷ്യശേഷി വികസിപ്പിക്കുകയും വിദ്യാഭ്യാസ രംഗത്തും മറ്റും പല സന്നാഹങ്ങളും ഒരുക്കുകയും വേണം. കമ്പോള സാധ്യതകളെ നിര്‍ത്താനാകണം. ഒരുപക്ഷെ ഇതെല്ലാം മരീചികയായി വന്നേക്കാം. അതുമനസിലാക്കി സുസ്ഥിര വികസനത്തിന്റെയും അതിജീവനത്തിന്റെയും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും തയ്യാറാവണം.