പ്രൊഫ.കെ. അരവിന്ദാക്ഷൻ

January 23, 2021, 5:40 am

യൂണിയന്‍ ബജറ്റ് 2021: പുതിയ ധനകാര്യ റോഡ് മാപ്പിലേക്ക്

Janayugom Online

നികുതിനിരക്കുകളും പദ്ധതിപരിപ്രേക്ഷ്യങ്ങളുമാണ് സാധാരണഗതിയില്‍ ധനമന്ത്രിമാര്‍ തയ്യാറാക്കുന്ന ബജറ്റ് രേഖകളുടെ കാതലായ ശ്രദ്ധാകേന്ദ്രങ്ങളാവേണ്ടത്. ഇത് രണ്ടുമാണ് നികുതിദായകരെയും നികുതിദായകരല്ലാത്തവരെയും നേരിട്ട് ബാധിക്കുന്ന മേഖലകള്‍. എന്നാല്‍, 2021–22ലെ ബജറ്റില്‍ ഇതിനുപുറമെ മറ്റൊരു ഫോക്കല്‍ പോയിന്റ് കൂടി ഉണ്ടാകും. നിലവില്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന ബജറ്റ് രേഖയോടൊപ്പം ഊന്നല്‍ നല്‍കുക, ഈ പ്രക്രിയയുമായി ബന്ധപ്പെട്ട ധനകാര്യ ഏകീകരണത്തിന് നിയമപരമായ ചട്ടക്കൂട്ടില്‍ വരുത്തേണ്ടുന്ന ഒരു റോഡ്‌മാപ്പിനെ­ക്കു­റി­ച്ചായിരിക്കും. ഇത്തരമൊരു ചട്ടക്കൂടാണ് ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് (എഫ്ആര്‍ബിഎം) നിയമവും അതിലെ വ്യവസ്ഥകളും.

നരേന്ദ്രമോഡി സര്‍ക്കാര്‍ 2014ല്‍ ആദ്യവട്ടം അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമത്തില്‍ ഏതാനും ചില ഭേദഗതികള്‍ വരുത്തിയിരുന്നു. 2018ല്‍ ആയിരുന്നു ഈ നടപടി. അന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് രേഖയോടൊപ്പം ധനകാര്യ ബില്ലിലൂടെയാണ് ഇത്തരം ഭേദഗതികള്‍ക്ക് പ്രാബല്യം നല്‍കിയത്. ഇതില്‍ പ്രാമുഖ്യം നല്‍കിയത് 2024–25 ആകുമ്പോഴേക്കും കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യത ജിഡിപിയുടെ 40 ശതമാനത്തില്‍ ഒതുക്കിനിര്‍ത്തുന്നതിലായിരുന്നു. ഒ­പ്പം കേ­ന്ദ്ര­-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടബാധ്യതയും ജിഡിപിയുടെ 60 ശതമാനത്തിലേറെ വരില്ലെന്ന് ഉറപ്പാക്കുകയും വേണമായിരുന്നു. ഇതിനെല്ലാം പുറമെ, ഏതെങ്കിലും ഒരു ധനകാര്യ വര്‍ഷത്തില്‍, കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ സെക്യൂരിറ്റിയായി ഉയര്‍ത്തിക്കാട്ടി യൂണിയന്‍ ഭരണകൂടം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന അധിക ഗ്യാരന്റി ജിഡിപിയുടെ 0.5 ശതമാനത്തിലേറെ വരുന്നില്ലെന്ന് ഉറപ്പാക്കുകയും വേണ്ടിയിരുന്നു. 2018ലെ എഫ്ആര്‍ബിഎം നിയമഭേദഗതിയില്‍ അനുശാസിച്ചിരുന്നത് 2021 മാര്‍ച്ച് മാസത്തോടെ കേന്ദ്രത്തിന്റെ ധനക്കമ്മി, ജിഡിപിയുടെ മൂന്ന് ശതമാനമാക്കി നിജപ്പെടുത്തണമെന്ന വ്യവസ്ഥയാണ്.

ധനക്കമ്മിയുടെ പരിധി 0.5 ശതമാനം വരെ വര്‍ധിപ്പിക്കുന്നതിന് ഏതാനും ചില സാഹചര്യങ്ങളും നിശ്ചയിക്കപ്പെട്ടിരുന്നു. ദേശീയദുരന്തം, കാര്‍ഷിക മേഖലാ പ്രതിസന്ധി, ഘടനാപരമായ മാറ്റം എന്നിവയാണിത്. എന്നാല്‍, 0.5 ശതമാനം എന്ന ഇളവ് ഒരു സാഹചര്യത്തിലും അധികരിക്കരുതെന്ന വിലക്കു വന്നു. തികച്ചും അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ ഏതെങ്കിലുമൊരു പ്രതിസന്ധി അഭിമുഖീകരിക്കുന്നുയെന്ന് സങ്കല്പിക്കുക; അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അംഗങ്ങളുടെ അംഗീകാരം നേടിയെടുക്കാനും കമ്മിയുടെ ഉപരിപരിധി ലംഘിക്കാനിടയായ സാഹചര്യത്തെപ്പറ്റിയുള്ള മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കാനുമുള്ള ബാധ്യത കേന്ദ്രഭരണകൂടം ഏറ്റെടുക്കുകയും വേണം. ഇതൊക്കെയായിരുന്നു മോഡി സര്‍ക്കാര്‍ 2018ല്‍ വരുത്തിയ ധനകാര്യ ഉത്തരവാദിത്ത നിയമ ഭേദഗതിയിലൂടെ പാര്‍ലമെന്റിന് നല്‍കിയ ഉറപ്പിന്റെ അന്തസത്ത. ഏതായാലും പുതു ധനകാര്യ വര്‍­ഷ(2021–22)ത്തേക്കുള്ള ബജറ്റില്‍ നിലവിലുള്ള ധനകാര്യ ഏകീകര­ണ ചട്ടക്കൂട് പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടതിന് നീതീകരണമായി അഞ്ച് സാഹചര്യങ്ങളാണുള്ളത്. ഒന്ന്, 2019–20 ലെ കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ മേഖലയിലെ പ്രകടനം നോക്കിയാല്‍ എഫ്ആര്‍ബിഎം വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള കമ്മി അനുവദനീയമായ പരിധിക്കപ്പുറമാണെന്ന് വ്യക്തമാണ്.

ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ചുള്ള കമ്മി ജിഡിപിയുടെ 3.3 ശതമാനമെന്നത് 3.8 ശതമാനമായി പുതുക്കിയ എസ്റ്റിമേറ്റ് തന്നെ വെളിവാക്കുന്നു. കമ്മി ഇവിടംകൊണ്ടും തീരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇത് ജിഡിപിയുടെ 4.6 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഭേ­ദഗതി ചെയ്യപ്പെട്ട എഫ്ആര്‍ബിഎം നിയമത്തിനുമപ്പുറമാണ് ഈ പെരുപ്പം. ധനകാര്യ മേഖലയിലെ നിരീക്ഷകരെ ആശങ്കാകുലരാക്കുന്ന വസ്തുത ഇതു മാത്രമല്ല. 2020–21ലും ഈ അനുഭവം ആവര്‍ത്തിക്കാന്‍ പോകുന്നു എന്നതാണ്. നിര്‍ദ്ദിഷ്ട 3.5 ശതമാനം എന്നത് ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിന്റെ തോത് സൗകര്യാര്‍ത്ഥമോ, പേരിന് വേണ്ടി മാത്രമെന്ന് കരുതിയോ, അഞ്ച് ശതമാനമാണെന്നാണ് ഔ­ദ്യോഗിക ഭാഷ്യമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് 7.5 ശതമാനം വരെയാണ്. ധനക്കമ്മിയാണെങ്കില്‍ ജിഡിപിയുടെ 6.2 ശതമാനം വരെയുമാകാം എന്നാണ് ഔദ്യോഗിക കണക്കുകൂട്ടല്‍.

ഫലത്തി­ല്‍ ഇത് ജിഡിപിയുടെ ഏഴ് മുതല്‍ ഒമ്പത് ശതമാനം വരെ ആയി ഉയര്‍ന്നാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇത്തരം കണക്കുകളെല്ലാം പ്രതീക്ഷ അര്‍പ്പിക്കുന്നത് മൊത്തം കേന്ദ്ര സര്‍ക്കാര്‍ കടബാധ്യത 12 ട്രില്യന്‍ രൂപയില്‍ ഏറെയാവില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുമാണ്. ദേശീയതലത്തിലും ആഗോളതലത്തിലും സാമ്പത്തികമാന്ദ്യം ഗുരുതരമായ നിലയില്‍ തുടരുമെന്നതിനാല്‍, കോവിഡ് 19ന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താല്‍, 2020–21ലെ ധനക്കമ്മി അ­ന്തി­മ വിശകലനത്തില്‍ എഫ്ആര്‍ബിഎം നിയമം വിഭാവനം ചെയ്യുന്ന കണക്കുകളെ തീര്‍ത്തും അപഹാസ്യമാക്കുമെന്നുതന്നെ കരുതേണ്ടിവരുന്നു. രണ്ടാമത്തെ ഘടകം എഫ്ആര്‍ബിഎം നിയമം ലക്ഷ്യമിടുന്ന ഇടക്കാല ധനകാര്യ ഏകീകരണ കണക്കുകള്‍ പോലും അപ്രസക്തമായി തീരുമെന്നതാണ്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ധനമന്ത്രാലയ വക്താക്കളും കണക്കുകൂട്ടുന്നതുപോലെയല്ല കാര്യങ്ങളുടെ കിടപ്പും പോക്കും. ഫെബ്രുവരിയില്‍ അവതരിപ്പിച്ച 2020–21ലേക്കുള്ള ഇടക്കാല ധനകാര്യ നയരേഖയില്‍ സൂചിപ്പിച്ചിരുന്നത്, ധനക്കമ്മി 2021–22ല്‍ ഏതുവിധേനയും ജിഡിപിയുടെ 3.3 ശതമാനമായും 2022–23ല്‍ 3.1 ശതമാനമായും ഒതുക്കി നിര്‍ത്തുമെന്നായിരുന്നു. എന്നാല്‍, സാമാന്യബുദ്ധിയുള്ളവരാരും തന്നെ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്നു കരുതാനിടയില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിലനില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു നല്കുന്ന അപകടസൂചനകള്‍ ആവിധമാണ്.

നിലവിലുള്ള ധനകാര്യ ഏകീകരണവുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് തകര്‍ത്തെറിയാതെ കേന്ദ്രസര്‍ക്കാരിന് ഒരടിപോലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നതാണ് സമ്പദ്‌വ്യവസ്ഥയിലെ ഗ്രൗണ്ട് റിയാലിറ്റി. പുതിയൊരു രക്ഷാമാര്‍ഗം കണ്ടെത്തേണ്ടിവരുകയും ചെയ്യും. മൂന്ന്, 2024–25 ആകുമ്പോഴേയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടബാധ്യത ജിഡിപിയുടെ 40 ശതമാനത്തിലെത്തിക്കാന്‍ കഴിയുമെന്നാണ്. ഇ­ത് സ്വപ്നതുല്യമായൊരു പ്രതീക്ഷ മാത്രം. 2018–19ല്‍ എഫ്ആര്‍ബിഐ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ പോലും കടബാധ്യത ജിഡിപിയുടെ 48.4 ശതമാനത്തിലായിരുന്നു. 2019–20 ല്‍ ഇത് 48 ശതമാനമാക്കി കുറയ്ക്കാമെന്നായിരുന്നു ലക്ഷ്യമാക്കിയത്. എന്നാല്‍, പ്രസ്തുത ധനകാര്യ വര്‍ഷാവസാനത്തില്‍ കടബാധ്യത ജിഡിപിയുടെ 50.3 ശതമാനത്തിലെത്തുകയാണുണ്ടായത്. 2020–21 ലെ ബജറ്റിലെ കടം ജിഡിപിയുടെ 50.1 ശതമാനത്തിലെത്തിയെങ്കിലും ധനക്കമ്മി അതിരുകടന്നതിനെത്തുടര്‍ന്ന് 2021 മാര്‍ച്ച് അവസാനത്തോടെ കടബാധ്യത കുത്തനെ ഉയരുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ 2021–22 ലെ ജിഡിപിയുടെ 48 ശതമാനമെന്ന ലക്ഷ്യത്തിലോ, 2022–23 ലെ ജിഡിപിയുടെ 45.5 ശതമാനമെന്ന ലക്ഷ്യത്തിലോ എത്തുമെന്ന് കരുതുന്നത് തീര്‍ത്തും മൗഢ്യമായിരിക്കും.

അതായത്, കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലെത്താന്‍ എന്തെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതായി വരും. ഇതിലൊന്ന് ധനകാര്യ നയവുമായി ബന്ധപ്പെട്ട ഒരു പുതിയ റോഡ് മാപ്പ് തയ്യാറാക്കുക എന്നത് തന്നെയായിരിക്കും. ഇതിലേക്കായി, സര്‍ക്കാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് മെച്ചപ്പെട്ട റവന്യൂ വരുമാനമാണ്. ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ (2021 ജനുവരി 4) ദിനപത്രത്തിനു നല്കിയ ഒരു അഭിമുഖത്തില്‍ കേന്ദ്ര ധന സെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ ഇക്കാര്യത്തില്‍ വലിയ ആത്മവിശ്വാസമാണ് പ്രകടമാക്കിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സമ്പദ്‌വ്യവസ്ഥ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും ജിഎസ്‌ടി വരുമാനം 1.15 ട്രില്യന്‍ രൂപയിലേക്ക് കുതിച്ചുയര്‍ന്നത് ഇതിന്റെ സൂചനയാണെന്നുമായിരുന്നു. ഇതോടൊപ്പം നികുതി വെട്ടിപ്പ് തടയാനുള്ള സര്‍ക്കാര്‍ നടപടികളും കൂടുതല്‍ ഫലപ്രാപ്തി നേടിത്തരുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍, ഈ വര്‍ധന തുടരുമെന്ന് കരുതുന്നത് ശരിയായിരിക്കില്ലെന്നാണ് അനൗദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. പ്രത്യക്ഷ നികുതി റിട്ടേണുകള്‍ പരിശോധിക്കുമ്പോള്‍ ഈ സ്രോതസുകളും മെച്ചപ്പെട്ട റവന്യൂവരുമാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇക്കാര്യത്തില്‍ നമ്മുടെ അനുഭവം അത്രക്ക് പ്രതീക്ഷ നല്കുന്ന ഒന്നല്ല. 2020 ഡിസംബര്‍ അവസാനത്തി­ല്‍ പ്രത്യക്ഷ നികുതി പിരിവില്‍ 7.68 ട്രില്യന്‍ രൂപ വരുമാനമെന്നത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ധനസെക്രട്ടറി അഭിപ്രായപ്പെടുന്നു.

ടിഡിപി നിരക്ക് 25 ശതമാനം കുറച്ചതിനുശേഷവും ഡിവിഡണ്ട് നികുതി വേണ്ടെന്നു വച്ചതിനു ശേഷവും നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ കുറവുണ്ടാകുന്നതെന്തു കൊണ്ടാണെന്ന് വ്യക്തമല്ല. അതേ അവസരത്തില്‍ ‘വിവാദ് സെ വിശ്വാസ്’ പദ്ധതിയെ അടിസ്ഥാനമാക്കി 2020 ഡിസംബര്‍ 31നകം, നിലവില്‍ തീര്‍പ്പു കാത്തുകിടക്കുന്ന 5,10,000 അപ്പീല്‍ അപേക്ഷകരില്‍ 96,000 പേര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന് ധനസെക്രട്ടറി പാണ്ഡേ പറയുന്നു. കസ്റ്റംസ് തീരുവകളുടെ വര്‍ധനവാണെങ്കില്‍ 94 ശതമാനത്തോളവുമാണത്രെ. റവന്യൂ വരുമാനം ഈ നിലയിലാണെന്നിരിക്കെ, ധനക്കമ്മി കുറയാനോ, കടബാധ്യത വെട്ടിച്ചുരുക്കാനോ, പൊതു-സ്വകാര്യ നിക്ഷേപവര്‍ധന യാഥാര്‍ത്ഥ്യമാക്കാനോ സാധ്യതകള്‍ വിരളമായിരിക്കും. സ്വാഭാവികമായും ഈ പശ്ചാത്തലത്തില്‍ ഇടക്കാല ധനകാര്യ നയത്തില്‍ തന്നെ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ശുഭകരമായി കരുതപ്പെട്ടിരുന്ന പ്രവണതകള്‍ക്കെല്ലാം മങ്ങലേറ്റ സ്ഥിതിയാണിന്ന്. നാലാമത്തെ ഘടകം, കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെ സെക്യൂരിറ്റി ആക്കി വായ്പകള്‍ക്ക് അ­ധി­ക വായ്പകള്‍ നല്കാമെന്ന പ്രതീക്ഷയിലും പരിമിതികള്‍ ഉണ്ടെന്നതാണ്. 2018–19ല്‍ ജിഡിപിയുടെ അനുപാതമെന്ന നിലയില്‍ അനുവദനീയമായ ഗ്യാരന്റി പരമാവധി 0.5 ശതമാനമായിരുന്നത് 0.4 ശതമാനത്തില്‍ ഒതുക്കിനിര്‍ത്താനായി. 2019–20 ആയതോടെ ഈ പരിധി 0.25 ശതമാനം കൂടി ഉയര്‍ന്ന് അനുവദനീയമായ പരിധിയോട് തൊട്ടടുത്തുവരെ എത്തിയിരിക്കുകയാണ്. എന്നാല്‍, ഈ പരിധി ഇനിയും ഉയരാനാണ് സാധ്യത. 2020–21 അവസാനത്തോടെ ഈ പരിധി അനുവദനീയമായ 0.5 ശതമാനവും കടന്ന് കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് ന്യായമായും പ്രതീക്ഷിക്കാവുന്നത്.

നിലവിലുള്ള സമ്പദ്‌വ്യവസ്ഥയുടെ ദയനീയാവസ്ഥയും കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി തുടരുന്ന സ്ഥിതിയും കണക്കിലെടുക്കുമ്പോള്‍ മറിച്ചൊരു നിഗമനത്തിലെത്തുക സാധ്യമല്ല. അവസാനമായി പരിഗണിക്കപ്പെടേണ്ട കാര്യം എഫ്ആര്‍ബിഎം നിയമം അഭിമുഖീകരിക്കുന്ന അപ്രതീക്ഷിതമായ കടുത്ത വെല്ലുവിളികളുടെ പുതി­യ രൂപമാണ്. 2020–2021ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്നും മോചനം നേടുമെന്നും സാമ്പത്തിക ഉത്തേജനത്തിന്റെ പുതിയ മാനങ്ങള്‍ കെെവരിക്കുമെന്നും പറഞ്ഞുകേട്ടിരുന്ന ശുഭകരമായ വാര്‍ത്തകളൊന്നും ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല. ധനക്കമ്മി കുറയ്ക്കുക എന്നത് നല്ല ലക്ഷ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ, അതിനുള്ള സാധ്യതകള്‍ വിരളമാണെന്നുകൂടി സമ്മതിക്കേണ്ടിവരുന്നു. അപ്പോള്‍ പിന്നെ, കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ തുറന്നുകിടക്കുന്നത് ഒരൊറ്റ മാര്‍ഗം മാത്രമാണ്. ധനകാര്യ ഉത്തരവാദിത്ത ബജറ്ററി മാനേജ്മെന്റ് നിയമം ഒരിക്കല്‍ കൂടി അഴിച്ചുപണിക്കോ, ഭേദഗതികള്‍ക്കോ വിധേയമാക്കുക എന്നതാണിത്. ഇതോടൊപ്പം ധനക്കമ്മിക്കായി പുതിയ ലക്ഷ്യങ്ങളും രൂപപ്പെടുത്തിയെടുക്കേണ്ടിവരും. ഒരു കാര്യം വ്യക്തമാണ്. 2003ല്‍ നിയമപ്രാബല്യം കിട്ടിയ എഫ്ആര്‍ബിഎം നിയമത്തില്‍ 2021ല്‍ സമ്പൂര്‍ണമായൊരു അഴിച്ചുപണി അനിവാര്യമാകും. സമ്പദ്‌വ്യവസ്ഥയിലെ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള പുതിയൊരു ധനകാര്യ റോഡ്‌മാപ്പും നിലവില്‍ വരികയും ചെയ്യും.