June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

അടിത്തറയില്ലാത്ത കേന്ദ്രബജറ്റ്

By Janayugom Webdesk
February 5, 2020

2020–21 സാമ്പത്തിക വര്‍ഷത്തിനുവേണ്ടി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദെെര്‍ഘ്യമേറിയ ബജറ്റാണ്. രണ്ട് മണിക്കൂര്‍ 41 മിനിട്ട്. മോഡി സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ധാരാളം സമയം ധനമന്ത്രി ചെലവഴിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കാനും ഏറെ സമയമെടുത്തു. പിന്നെ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ലോകം നേരിടുന്ന സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. അതുകഴിഞ്ഞായിരുന്നു പുതിയ പ്രഖ്യാപനങ്ങളുടെ നീണ്ട നിര കടന്നുവന്നത്. അടുത്ത ഒരു വര്‍ഷംകൊണ്ട് കെെവരിക്കാന്‍ കഴിയുന്ന നേട്ടങ്ങളെ കുറിച്ചുമാത്രമല്ല, 2025‑ല്‍ കെെവരിക്കാന്‍ പോകുന്ന നേട്ടങ്ങളെകുറിച്ചും 2030‑ല്‍ കെെവരിക്കാന്‍ പോകുന്ന നേട്ടങ്ങളെകുറിച്ചും സാമ്പത്തികരംഗത്ത് അന്ന് രാജ്യം എത്താന്‍ പോകുന്ന അസൂയാര്‍ഹമായ സ്ഥാനത്തെക്കുറിച്ചും നല്ല രീതിയില്‍ വിശദീകരിച്ചു. ബജറ്റിലൂടെ മൂന്ന് മുഖ്യ പ്രമേയങ്ങള്‍ അവര്‍ അവതരിപ്പിച്ചു (1) ഉത്കര്‍ഷേച്ഛയുള്ള ഇന്ത്യ (2) സാമ്പത്തിക വികസനം (3) എല്ലാവരെയും പരിഗണിക്കുന്ന സമൂഹം.

ഇ­ന്ത്യന്‍ സമ്പദ്ഘടന ഭദ്രമായതിനാല്‍ ഇതൊക്കെ സാധ്യമാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞു. പക്ഷെ ഒരു രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന, ഒരു ബജറ്റില്‍ പറയേണ്ടിയിരുന്ന എന്തെങ്കിലും ധനമന്ത്രി ബജറ്റിലൂടെ പറഞ്ഞോ? ഒരു രാജ്യത്തിന്റെ കണക്കുപുസ്തകം തുറന്നുവയ്ക്കുമ്പോള്‍ അതില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നോ? നമു‌ക്ക് പരിശോധിക്കാം. നടപ്പുസാമ്പത്തിക വർഷം ജിഡിപി 4.55 ശതമാനം മാത്രമാണ്. 14–15ല്‍ 7.4 ശതമാനം ആയിരുന്നത് തുടര്‍ന്ന് 8.00, 8.20, 7.20, 6.81 ശതമാനമായി കുറഞ്ഞു. ജിഎസ്‌ടി നടപ്പിലാക്കിയ രാജ്യങ്ങളിൽ നികുതിവരുമാനത്തില്‍ ഓരോ വര്‍ഷവും 13 മുതല്‍ 18 ശതമാനം വരെ വര്‍ധനയു­ണ്ടായി. ഇ­ന്ത്യയില്‍ ഈ തോതിലുളള നികുതി വരുമാനം ഉണ്ടായില്ല. 19–20 ല്‍ 17 ശതമാനം വര്‍ധനയാണ് പ്രതീക്ഷിച്ചത്. ചെലവില്‍ 13.41 ശതമാനം വര്‍ധനവ് ഉണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് സമ്മര്‍ദം ചെലുത്തി 1.63 ലക്ഷം കോടി രൂപ കരുതൽ ശേഖരത്തിൽ നിന്നും എടുത്തിരുന്നു. കേന്ദ്ര സര്‍വീസില്‍ 7.26 ലക്ഷം തസ്തികകള്‍ നികത്താതെയിട്ട് പ്രതിവര്‍ഷം 24,000 കോടി രൂപ ലാഭിച്ചു. 7.10 ലക്ഷം കോടി രൂപ വായ്പ എടുത്തു. ഇ­ന്ധന നികുതി വര്‍ധിപ്പിച്ച് 28,023 കോടി രൂപ ഖജനാവില്‍ എത്തിച്ചു. പദ്ധതി ചെലവുകളില്‍ കുറവ് വരുത്തുകയും സംസ്ഥാനങ്ങളുടെ വിഹിതം യഥാസമയം നല്‍കാതെയും പണം കരുതിവച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയന്ത്രണമില്ലാതെ വിറ്റഴിച്ചു.

എന്നിട്ടും ഇത്രയും വലിയ സാമ്പത്തിക തകര്‍ച്ചയില്‍ രാജ്യം എത്തിച്ചേര്‍ന്നു. 87.97 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ ആഭ്യന്തര കടം. 2.58 ലക്ഷം കോടി രൂപ വിദേശകടവും ഉണ്ട്. 20–21ല്‍ ബജറ്റിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 22.45 ലക്ഷം കോടി രൂപയാണ്. 5.36 ലക്ഷം കോടി രൂപ വായ്പയെടുക്കും. മൊത്തം ചെലവ് കണക്കാക്കുന്നത് 30.42 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തികവര്‍ഷത്തെ പോലെതന്നെ ഈ കണക്കുകള്‍ക്കും യാതൊരു അടിത്തറയുമില്ലെന്ന് വരുംനാളുകളില്‍ ബോധ്യമാകും. സത്യത്തില്‍ ഇങ്ങനെയൊരു ബ­ജറ്റ് രാജ്യത്തിന്റെ ദുരന്തവും അപമാനവുമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം 2014‑ല്‍ ആദ്യം നടത്തിയത് മോഡിയാണ്. ബജറ്റില്‍ അതിപ്പോഴും ആവര്‍ത്തിക്കുന്നു. കേരളം നല്‍കുന്നതുപോലെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 500 കോടി രൂപ കേന്ദ്രം മാറ്റിവച്ചിരുന്നെങ്കില്‍ കിലോയ്ക്ക് 200 രൂപ ഉറപ്പാകുമായിരുന്നു. അതു പരിഗണിച്ചില്ല. ഏതായാലും 12 ലക്ഷം വരുന്ന റബര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകില്ല എന്നു മാത്രമല്ല കുറയുകയും ചെയ്യും. പട്ടികജാതിക്ഷേമത്തിന് 85,000 കോടിയും പട്ടികവര്‍ഗ ക്ഷേമത്തിന് 53,700 കോടിയും വകയിരുത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ആവശ്യങ്ങളുമായി ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ ഇത് തുച്ഛമായ തുകയാണ്.

എല്ലാ കുടുംബങ്ങള്‍ക്കും വീടും വീട്ടില്‍ ഒരാള്‍ക്ക് തൊഴിലും എല്ലാവര്‍ക്കും ഉന്നത വിദ്യാഭ്യാസവും നേരത്തെ വാഗ്ദാനം ചെ­യ്തിരുന്നു. ഒന്നും സംഭവിച്ചില്ല. 7.26 ലക്ഷം തസ്തികകളില്‍ നിയമനം നടത്താത്തതിനാല്‍ ഈ വിഭാഗത്തിന് സംവരണ വ്യവസ്ഥയില്‍ സര്‍വീസില്‍ കയറുന്നതിന് കഴിയാതായി. അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി വിറ്റഴിക്കുമ്പോള്‍ ഇത് പൂര്‍ണമാകും. 137 കോടി ജനങ്ങളുള്ള രാജ്യത്ത് ആരോഗ്യ മേഖലക്ക് മാറ്റിവച്ചിരിക്കുന്നത് 69,000 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ കുറവാണ് എന്ന് കൂടി കാണണം. വിദ്യാഭ്യാസ മേഖലയുടെ സ്ഥിതിയും ഇതുതന്നെ. വിവിധ പദ്ധതികള്‍ക്കുവേണ്ടി കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ തുകയുടെ 60 ശതമാനം മാത്രമേ പൊ­­തുവെ ചെലവഴിച്ചിട്ടുള്ളു. പിഎം കിസാന്‍ പദ്ധതിക്ക് 75,000 കോടി വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 54,370 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പു പദ്ധതി പ്രകാരം വര്‍ഷം 200 ദിവസത്തെ തൊഴില്‍ നല്‍കണ­മെ­ന്നും വേതനം 375 രൂപയായെങ്കിലും ഉയര്‍ത്ത­ണ­മെന്നും ദീര്‍­ഘകാലമായി ആവശ്യപ്പെടുന്ന­താണ്. ഇതിന് രണ്ട് ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തേണ്ടതായിരുന്നു. ഏതാനും കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായി 1.45 ലക്ഷം കോടി രൂപയുടെ ആനുകൂല്യം നല്‍കിയ സര്‍ക്കാര്‍, ഈ ആവശ്യത്തിന് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്, 61,500 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 71,000 കോടി രൂപയായിരുന്നു എന്നതും ഓര്‍ക്കണം.

വരുമാനത്തില്‍ 12 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍, ഈ മേഖലക്കുള്ള തുകയില്‍ 13 ശതമാനം വെട്ടിക്കുറവ് വരുത്തിയതിനെ ക്രൂരമെന്നു മാത്രമേ പറയാനാകൂ. ബിജെപിയുടെ വര്‍ഗസ്വഭാവമാണ് ഇവിടെ തെളിയുന്നത്. വളം സബ്സിഡിയിലും ഭക്ഷ്യ സബ്സിഡിയിലും വെട്ടിക്കുറവ് വരുത്തിയതും ഈ നയത്തിന്റെ ഭാഗം തന്നെ. പുതിയ ജനക്ഷേമ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും യാത്ര ചെയ്യാന്‍ 810 കോടി രൂപ മുടക്കി വിമാനം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനും സാമൂഹ്യ ക്ഷേമ­ത്തി­നുമായി 2.18 ലക്ഷം കോടി രൂപ വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇതെങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ ബജറ്റില്‍ ഒരു വ്യക്തതയുമില്ല. ആദായനികുതി അടയ്ക്കുന്ന ഇടത്തരക്കാര്‍ക്ക് വലിയ ആനുകൂല്യം നല്‍കുന്നു എന്ന പ്രതീതി സൃഷ്ടിച്ചാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ 40,000 കോടി രൂപയുടെ പ്രയോജനം ഈ വിഭാഗത്തിനുണ്ടാകുമെന്നും ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ‘സെക്ഷന്‍ സി’ പ്രകാരമുള്ള 102 ഇളവുകളില്‍ 70 ഇളവുകള്‍ ഇല്ലാതാകുമ്പോള്‍ ഇതിന്റെ പ്രയോജനം എത്രയുണ്ടാകുമെന്ന് വരുംനാളുകളില്‍ വ്യക്തമാകും. ചരിത്രത്തില്‍ ആദ്യമായി പ്രവാസികള്‍ക്കും ആദായനികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒരു വര്‍ഷത്തില്‍ നാല് മാസം സ്വന്തം വീട്ടില്‍ താമസിച്ചാല്‍, നികുതി നല്‍കേണ്ടിവരും എന്നതാണവസ്ഥ. 60 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള, 36 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും താങ്ങായിരുന്ന എല്‍ഐസിയുടെ അടക്കം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ബജറ്റ് പ്രകാരം സര്‍ക്കാരിന്റെ വരവ് ഇപ്രകാരമാണ്. കോര്‍പ്പറേറ്റ് നികുതി-18, ആദായനികുതി- 17, കസ്റ്റംസ് — 4, എക്സെെസ്-7, ജിഎസ്‌ടി-18, ഓഹരി വിറ്റഴിക്കല്‍-6, നികുതി ഇതരം-10, കടമെടുപ്പ്-20, ചെലവ് വിവരം, കേന്ദ്രവിഷ്കൃത പദ്ധതി-9, കേന്ദ്ര മേഖല പദ്ധതി-13, പലിശ‑18, പ്രതിരോധം-8, സബ്സിഡി-6, ബാധ്യത തിരിച്ചടവ്-10, സംസ്ഥാനങ്ങള്‍ക്ക് വിഹിതം-20, പെന്‍ഷനുകള്‍-3, മറ്റ് ചെലവുകള്‍ 13 ശതമാനം എന്നീ ക്രമത്തിലാണ്. എത്ര ചെറിയ മനസോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് തയാറാക്കിയതെന്നറിയണമെങ്കി­ല്‍, ബജറ്റിലൂടെ കേരളത്തെ കെെകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മതി. ഇപ്രാവശ്യം കേരളം നല്ല ഗൃഹപാഠം നടത്തി, എല്ലാ വിശദാംശങ്ങളോടെയുമുള്ള പദ്ധതികളും ആവശ്യങ്ങളും യഥാസമയം സമര്‍പ്പിച്ചിരുന്നു. അര്‍ധ അതിവേഗ കോറിഡോര്‍, അങ്കമാലി-ശബരി റയില്‍പാത, കടമെടുക്കുന്നതിന്റെ പരിധി ഉയര്‍ത്തല്‍, റബറിന് സബ്സിഡി അനുവദിക്കല്‍, എയിംസ് അനുവദിക്കില്‍ ഇവയില്‍ ഒന്നുപോലും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല.

പ്രളയക്കെടുതിയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ സമീപനം ബജറ്റിലും കാണിച്ചു. ജനസംഖ്യാനുപാതികമായി 19,700 കോടി രൂപ കേരളത്തിന് കിട്ടണം. യുപി ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ക്ക് ഈ മാനദണ്ഡത്തിൽ തുക വകയിരുത്തി. എന്നാല്‍ കേരളത്തിന് ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്, 15,236.64 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 1164.41 കോടി രൂപ കുറവാണിത്. യുപിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 22,793.18 കോടി രൂപ അധികം കിട്ടും. കേന്ദ്രവിഹിതമായി അര്‍ഹതപ്പെട്ട 2.77 ശതമാനത്തിനു പകരം കിട്ടുന്നത് 1.9 ശതമാനം മാത്രമാണ്. സാമ്പത്തികരംഗത്ത് ഒട്ടും ശോഭനമായിരിക്കില്ല ഇന്ത്യയുടെ ഭാവി എന്നാണ് ലോകസാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെ നല്‍കുന്ന സൂചന. 10 ശതമാനം വരെ ജിഡിപി വളര്‍ച്ചയുണ്ടാകുമെന്ന് ബജറ്റില്‍ പറയുന്നു എങ്കിലും അത് അഞ്ച് ശതമാനം കടക്കില്ല. കോര്‍പ്പറേറ്റ് മേഖല, വാണിജ്യ മേഖല, നാഗരിക‑മധ്യമവര്‍ഗ കുടുംബങ്ങള്‍ ഈ മൂന്ന് വിഭാഗത്തെ പ്രധാനമായും മുന്നില്‍കണ്ടാണ് ബജറ്റവതരിപ്പിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരും അക്ഷരമ­റിയാ­ത്തവരും തൊഴിലില്ലാത്തവരും ജീവിക്കുന്ന ഒരു രാജ്യത്തിന്റെ ബജറ്റവതരിപ്പിക്കുമ്പോള്‍ കാട്ടേണ്ട എന്തെങ്കിലും കരുതലോ മനുഷ്യസ്നേഹമോ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയിട്ടില്ല. 2020–21 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ബജറ്റ് യാതൊരടിത്തറയുമില്ലാത്തതാണെന്ന് വരുംനാളുകളില്‍ എല്ലാവര്‍ക്കും ബോധ്യമാകും. ഇങ്ങനെയുള്ള ഒരു ബജറ്റിന്റെ ഗുണഭോക്താക്കള്‍ ഒരു ശതമാനത്തിന് താഴെ വരുന്ന കോര്‍പ്പറേറ്റുകള്‍ മാത്രമായിരിക്കുമെന്നും വരുംനാളുകളില്‍ കാണാനാകും.

Eng­lish Sum­ma­ry: janayu­gom arti­cle about union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.