അബ്ദുൾ ഗഫൂർ

July 02, 2021, 4:10 am

യുപി: രണ്ടാം പരീക്ഷണശാലയിലെ അഗ്നിപരീക്ഷകൾ

Janayugom Online

ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രധാനമായും ചർച്ചാവിഷയമാകുന്ന സംസ്ഥാനം ഉത്തർപ്രദേശ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് സംഭവിച്ച വലിയ വീഴ്ചകൾ മാത്രമല്ല അതിന് കാരണം. 2022 മാർച്ച് — ഏപ്രിൽ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട യുപിയിൽ ബിജെപിക്ക് അകത്ത് നേരത്തേതന്നെ രൂപപ്പെട്ടതും അടക്കിവച്ചതുമായ അന്തഃഛിദ്രങ്ങൾ പുറത്തുവന്നുവെന്നതും മറ്റൊരു കാരണമാണ്. ഈ സംസ്ഥാനത്ത് അധികാരം നിലനിർത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. കാരണം അഞ്ചുവർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന യുപിയെയാണ്, ഗുജറാത്തിന് പിറകേ സംഘപരിവാർ അജണ്ടയുടെ മറ്റൊരു രാസപരീക്ഷണ ശാലയായി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറ്റിയിരിക്കുന്നത്. ഇതിന് ആർഎസ്എസിന്റെയും നരേന്ദ്രമോഡിയുടെയും ശക്തമായ പിൻബലവും ആശിർവാദങ്ങളും ഉണ്ടായിരുന്നു. 80 ലോക്‌സഭാ മണ്ഡലങ്ങളും 403 നിയമസഭാ നിയോജക മണ്ഡലങ്ങളും 20 കോടിയിലധികം ജനസംഖ്യയുമുള്ള ഉത്തർപ്രദേശ്, ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന ചെറുമാറ്റങ്ങൾ പോലും ബിജെപിക്കുള്ള തിരിച്ചടി ആയിരിക്കുമെന്ന് നേതൃത്വത്തിനുറപ്പുണ്ട്. ബിജെപി തുടർച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്ന, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിൽ കഴിഞ്ഞ തവണ (2017ൽ) ബിജെപി അധികാരം നിലനിർത്തിയത് മെച്ചപ്പെട്ട സീറ്റ് നിലയിലായിരുന്നുമില്ല. ഇതെല്ലാംകൊണ്ടുതന്നെ വംശഹത്യയുടെയും വലതുപക്ഷ തീവ്രവാദത്തിന്റെയും സവർണ ധ്രുവീകരണത്തിന്റെയും ഈ രണ്ടാം പരീക്ഷണശാലയിൽ ഒരു പോറൽ പോലും ഏല്ക്കാതിരിക്കണമെന്ന് അവർക്ക് വാശിയുണ്ടാവുക സ്വാഭാവികമാണ്. 

എന്നാൽ അവിടെ അടുത്തു നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അവരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. അതിനൊപ്പമാണ് കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ നേരിടുന്നതിൽ സംഭവിച്ച വൻ വീഴ്ചകൾ തുറന്നുകാട്ടപ്പെട്ടത്. അതോടൊപ്പം മീഡിയ — ഇവന്റ് മാനേജ്മെന്റുകളുടെ പിൻബലത്തില്‍ കേന്ദ്രത്തിൽ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോഡി സൃഷ്ടിക്കുവാൻ ശ്രമിച്ച പ്രതിച്ഛായാ നിർമ്മിതി അതേപടി പകർത്തിയുള്ള ആദിത്യനാഥിന്റെ നീക്കങ്ങൾ മോഡിയെ ഉള്ളാലെ ഭയപ്പെടുത്തുന്നുവെന്ന രഹസ്യവും ഇപ്പോൾ പരസ്യമായിരിക്കുകയാണ്. യഥാർത്ഥത്തിൽ കോവിഡിന്റെ ഒന്നാം തരംഗത്തിലും യുപിയിലെ സ്ഥിതിഗതികൾ സങ്കീർണമായിരുന്നു. പക്ഷേ രണ്ടാം തരംഗത്തിലേതെന്നപോലെ അവ തുറന്നുകാട്ടപ്പെട്ടില്ല. കെട്ടിച്ചമയ്ക്കപ്പെട്ട റിപ്പോർട്ടുകളുടെയും മറച്ചുവയ്ക്കപ്പെട്ട കണക്കുകളുടെയും ഫലമായിട്ടായിരുന്നു ഒന്നാംതരംഗ കാലത്തെ പോരായ്മകൾ പുറംലോകം യഥാസമയം അറിയാതെ പോയത്. ഈയൊരു പശ്ചാത്തലമുള്ളതിനാൽ രണ്ടാംതരംഗത്തെ പ്രതിച്ഛായാ നിർമ്മാതാക്കളെ ഉപയോഗിച്ച് മറച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മാധ്യമങ്ങൾ ജാഗ്രതകാട്ടി. കണക്കുകളിൽ മറച്ചുവയ്ക്കലുണ്ടായപ്പോൾ മാധ്യമ പ്രതിനിധികൾ ശ്മശാനങ്ങളിൽ നേരിട്ടുചെന്ന് കണക്കുകൾ പുറത്തുവിട്ടു. യുപി സർക്കാർ കഴിഞ്ഞ ലോക്ഡൗൺകാലത്ത് കുടിയേറ്റത്തൊഴിലാളികളെ പരിപാലിച്ച രീതി ആഗോള പ്രശംസ പിടിച്ചുപറ്റിയെന്ന പഠന റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്ന കണ്ടെത്തലുകളും ഇതിന്റെ തുടർച്ചയായി ഉണ്ടായി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മാധ്യമപ്രവർത്തകർക്ക് ചിലർ തയ്യാറാക്കി നല്‍കിയതായിരുന്നു ഈ വാർത്ത. അതിന്റെ ആധികാരികത പോലും പരിശോധിക്കാതെയാണ് പലരും വാർത്ത പ്രസിദ്ധീകരിച്ചത്. 

ഹാർവാഡ് സർവകലാശാല അത്തരത്തിലൊരു പഠനം നടത്തിയിട്ടില്ലെന്നും ഗുഡ്ഗാവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപെറ്റീവ്നെസ് (ഐഎഫ്‌സി) എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു ഹാർവാഡ് സർവകലാശാലയുടേത് എന്ന പേരിൽ വാർത്തകളിൽ ഇടംപിടിച്ചതെന്നും ദി വയർ എന്ന വാർത്താ പോർട്ടൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ വലംകയ്യും ചെറു മുഖ്യമന്ത്രിയുമായി അറിയപ്പെടുന്ന അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി, മുഖ്യമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി രാജു, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി സഞ്ജയ് ഗോയൽ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് സഹായിച്ചതെന്നാണ് ഐഎഫ്‌സി റിപ്പോർട്ടിന്റെ ആമുഖത്തിലുള്ളത്. രണ്ടാം കോവിഡ് തരംഗം നേരിടുന്നതിലെ ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ആരോഗ്യ പരിപാലന രംഗത്തിന്റെ അപര്യാപ്തതകളും നിരന്തരം ദേശീയതലത്തിൽ വാർത്താ പ്രാധാന്യം നേടിയപ്പോൾ പൊളിഞ്ഞുവീണത് ആദിത്യനാഥ് സർക്കാർ കെട്ടിപ്പൊക്കാൻ ശ്രമിച്ച ചീട്ടുകൊട്ടാരങ്ങളായിരുന്നു. നദീതടങ്ങളിൽ കൂട്ടസംസ്കരണത്തിന് വിധേയമാക്കേണ്ടി വന്ന മൃതദേഹങ്ങൾ മാത്രമല്ല നദികളിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ശവങ്ങളും യുപിയിലെ ബിജെപി സർക്കാരിന്റെ നിസംഗതയും മനുഷ്യത്വരഹിത സമീപനങ്ങളും വിളിച്ചോതി. ബലാത്സംഗങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും ന്യൂനപക്ഷ ദ്രോഹത്തിന്റെയും ദളിത് അതിക്രമങ്ങളുടെയും കാര്യത്തിലും രാജ്യത്തെ തന്നെ ഏറ്റവും മോശം സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ് എന്ന് ദേശീയ സൂചികകളിലൂടെയും ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകളിലൂടെയും വ്യക്തമായിക്കഴിഞ്ഞു. 

ഗുജറാത്തിൽ വംശഹത്യാ പരീക്ഷണങ്ങൾ നടന്ന ഘട്ടത്തിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കാലമെന്ന് ബിജെപി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭരണപരമായ നേട്ടങ്ങൾ ഒന്നും അവതരിപ്പിക്കുവാനില്ലാത്തതിനാൽ വർഗീയത തന്നെയാണ് പ്രതിവിധിയെന്ന് മനസിലാക്കിയ അവർ അതിനുള്ള വിവിധ വിഷയങ്ങൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും ആദിത്യനാഥിനെ മുൻനിർത്തിയുള്ള മുന്നോട്ടുപോക്ക് വരുംകാലത്ത് ഭീഷണിയായേക്കുമെന്ന് കരുതുന്ന ദേശീയ നേതൃത്വത്തിലെ ചിലർ അദ്ദേഹത്തിനെതിരായ പടയൊരുക്കം തുടങ്ങി. നരേന്ദ്രമോഡിയുടെ ആശിർവാദത്തോടെയാണ് ഇതെന്നും പറയപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ഒരുവിഭാഗവും ഇതിന്റെ കൂടെയുണ്ട്. ആദിത്യനാഥ് ഭരണത്തിൽ ഉദ്യോഗസ്ഥമേധാവിത്തമാണ് പ്രകടമാകുന്നതെന്ന് ഒരുവിഭാഗം നേരത്തേ തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. ഒരുവേള നിയമസഭാ നടപടികൾക്കിടെ 200ഓളം അംഗങ്ങൾ സഭയിൽ ധർണ നടത്തുകയും ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം വരവോടെ ഈ ആക്ഷേപം ശക്തമായി. എന്നുമാത്രമല്ല നേതാക്കളിൽ നിന്നും അനുയായികളിൽ നിന്നും വിമർശനം വ്യാപകമായുണ്ടായി. തന്റെ മകന്റെ കോവിഡ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നല്കിയ പരാതിയിൽ ഒരുമാസമായിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചത് സാൻഡിലയിലെ നിയമസഭാംഗമായ ബിജെപി നേതാവ് രാജ്കുമാർ അഗർവാളായിരുന്നു. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളെയും ചൂണ്ടി ആദിത്യനാഥിന് കത്തെഴുതിയത് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വാർ ആയിരുന്നു. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സുനിൽ ഭാരല, മീറത്ത് ലോക്‌സഭാംഗം രാജേന്ദ്ര അഗർവാൾ, രുധൗലിയിലെ നിയമസഭാംഗം സഞ്ജയ് പ്രതാപ് എന്നിങ്ങനെ മന്ത്രിമാരും ജനപ്രതിനിധികളും ആദിത്യനാഥിന് കത്ത് നല്കുകയോ പരസ്യമായി വീഴ്ചകൾ ചൂണ്ടിക്കാട്ടുകയോ ചെയ്തവരാണ്. ഏറ്റവും ഒടുവിൽ ഒന്നാം തരംഗത്തിൽ നിന്ന് ഒരു പാഠവും പഠിച്ചില്ലെന്നും യുപിയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്നും പരസ്യമായി പറഞ്ഞത് ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി അംഗമായ റാം ഇഖ്ബാൽ സിങായിരുന്നു. 

സംസ്ഥാനത്തെ ഓരോ ഗ്രാമത്തിലും കുറഞ്ഞത് പത്തുവീതം പേരെങ്കിലും മരിച്ചുവെന്നും പല ജില്ലകളിലും മതിയായ ചികിത്സാ സൗകര്യങ്ങളില്ലെന്നും ആശുപത്രികളുള്ള ഇടങ്ങളിൽ ഡോക്ടർമാരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. അതെല്ലാം ആദിത്യനാഥിനെതിരായ കുറ്റപത്രമായി ഉന്നയിക്കപ്പെടുമ്പോൾ തന്റെ ഭാഗം ന്യായീകരിക്കുന്നതിനും കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ആദിത്യനാഥ് നേരിട്ടും അനുയായികളെ ഉപയോഗിച്ചും നടത്തുന്നുണ്ട്. കൂടാതെ പതിവ് പോലെ പ്രതിച്ഛായാ നിർമ്മിതിക്കുള്ള ഇവന്റ് — മീഡിയാ മാനേജ്മെന്റ് ശ്രമങ്ങളും അദ്ദേഹം നടത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും കോവിഡ് മഹാമാരി നേരിടുന്നതിലെ വീഴ്ചകളും തനിക്കെതിരെ ആയുധമാക്കുമെന്ന് മുൻകൂട്ടികണ്ട് ആദിത്യനാഥ് ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം ഉപയോഗിച്ച് മോഡി — അമിത്ഷാ ദ്വയത്തിനെതിരായ അഭിപ്രായ രൂപീകരണത്തിന് അനുയായികളിലൂടെ മറുശ്രമം നടത്തി. ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനഃസംഘന നടത്തുന്നതിനുള്ള ശ്രമങ്ങൾ മോഡിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തന്റെ വിശ്വസ്തനായ അരവിന്ദ് ശർമയെ ഉപ മുഖ്യമന്ത്രിയാക്കി ആദിത്യനാഥ് മന്ത്രിസഭയിൽ പിടിമുറുക്കാനാണ് മോഡി ചരടുവലിച്ചത്. 

ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കേയും പ്രധാനമന്ത്രിയായിരിക്കെ ഡൽഹിയിലും രണ്ട് ദശകത്തോളം മോഡിക്കൊപ്പം പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ശർമ. വെറും ഉദ്യോഗസ്ഥൻ മാത്രമായിരുന്ന ശർമയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ ഇപ്പോൾതന്നെ ഉദ്യോഗസ്ഥ ഭരണമാണെന്ന നേതാക്കളുടെയും അനുയായികളുടെയും പരാതി ശക്തിപ്പെടുത്താൻ ഇടയാക്കുമെന്ന മറുവാദത്തിലൂടെയാണ് ആദിത്യനാഥ് ഇതിനെ വെട്ടിയത്. നിലവിലുള്ള മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെങ്കിൽ ഒരാളെ ഒഴിവാക്കേണ്ടിവരും. തന്റെ വിശ്വസ്തരായ ആരെയെങ്കിലും ഒഴിവാക്കി അതൃപ്തി നേടുന്നതിൽ ആദിത്യനാഥിന് താല്പര്യവുമില്ല എന്നതുകൊണ്ട് മാത്രമായിരുന്നില്ല ഇത്. ശർമ മന്ത്രിസഭയിലെത്തിയാൽ മോഡിയുടെ പിടി വർധിക്കുമെന്ന സംശയവും ആദിത്യനാഥിനെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര നിരീക്ഷകനായ രാധാ മോഹൻ സിങിനെ ഉപയോഗിച്ച് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള നീക്കങ്ങളും നടത്തിയിരുന്നു. ബിജെപി നിയമസഭാംഗങ്ങളെ തനിച്ച് വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മന്ത്രിസഭാ അഴിച്ചുപണി വേണമെന്ന അഭിപ്രായം സ്വരൂപിച്ചാണ് രാധാ മോഹൻസിങ് ഡൽഹിയിലേക്ക് പോയത്. ഇതിന് ശേഷം ഡൽഹിയിലേക്ക് വിളിക്കപ്പെട്ട ആദിത്യനാഥ് രണ്ടു ദിവസമാണ് രാജ്യതലസ്ഥാനത്ത് ചെലവഴിച്ചത്. മന്ത്രിസഭാ പുനഃസംഘടനയെന്ന നടപടിയാണ് നേതാക്കൾ മുന്നോട്ടുവച്ചത്. എന്നാൽ അങ്ങനെയൊരു നിർബന്ധമുണ്ടായാൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ശുപാർശ ചെയ്യുകയെന്ന കടുത്ത നിലപാടിലേക്ക് പോകുമെന്ന സൂചന ആദിത്യനാഥ് നല്‍കിയെന്നും അതുകൊണ്ടാണ് മന്ത്രിസഭയിൽ മാറ്റമില്ലാതെ പോകുന്നതെന്നുമാണ് ഒടുവിലെത്തിയ വാർത്തകൾ. കൂടാതെ ശർമയെ പാർട്ടി നേതൃത്വത്തിൽ അവരോധിക്കേണ്ടിവന്നതും ഭരണമാറ്റത്തിന് സമ്മതിക്കില്ലെന്ന ആദിത്യനാഥിന്റെ കടുത്ത നിലപാട് കാരണമായിരുന്നു. അതെന്തായാലും പുറമേ ശാന്തമാണെങ്കിലും അകത്ത് ചൂടുകാറ്റാണെന്നും പ്രശ്നങ്ങൾ വീണ്ടും പൊടിക്കാറ്റായി വീശുമെന്നും തന്നെയാണ് യുപിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.