Friday
06 Dec 2019

വൈഗ-കര്‍ഷകരെ കാര്‍ഷിക സംരംഭകരാക്കുന്നതിനുളള മുന്നേറ്റം

By: Web Desk | Wednesday 26 December 2018 11:06 PM IST


വി എസ് സുനില്‍കുമാര്‍
കൃഷിവകുപ്പ്മന്ത്രി

വൈഗ കര്‍ഷകരുടെയും ജനങ്ങളുടെയും ഇടയില്‍ ഒരു തരംഗമായിരിക്കുകയാണ്. കാര്‍ഷികോല്‍പന്ന സംസ്‌ക്കരണം-മൂല്യ വര്‍ധനവ് എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി നടത്തപ്പെടുന്ന മൂന്നാമത് അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവുമാണ് ഇന്ന് ആരംഭിക്കുന്നത്. 2018 ഡിസംബര്‍ 27 മുതല്‍ 30 വരെ സംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ നടത്തപ്പെടുന്ന ഈ ശില്‍പശാല, ഇത്തവണ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കാര്‍ഷിക മേളയായ കൃഷി ഉന്നതി മേളയുമായി സംയോജിപ്പിച്ചുകൊണ്ട് വൈഗ-കൃഷി ഉന്നതിമേള എന്ന പേരിലാണ് നടത്തപ്പെടുന്നത്.

കാര്‍ഷികോല്‍പന്ന മൂല്യവര്‍ധന രംഗത്തെ വിദഗ്ധ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, കര്‍ഷക ഉല്‍പാദക കമ്പനികള്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ എല്ലാം തന്നെ പങ്കെടുക്കുന്ന ഈ മഹാമേള ഉല്‍പാദന-മൂല്യവര്‍ധന-വിപണന രംഗത്തെ സാധ്യതകളും നൂതന വിദ്യകളും കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുന്നതിനോടൊപ്പം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട നയപരമായ തീരുമാനങ്ങളുടെയും കൂടി വേദിയാവുകയാണ്.

കാര്‍ഷിക കേരളത്തിന്റെ പുനര്‍ജനി, പഴം-പച്ചക്കറികള്‍, സുഗന്ധവിളകള്‍, പുഷ്പക്കൃഷി എന്നിവയാണ് ഇത്തവണ വൈഗയുടെ പ്രധാന വിഷയങ്ങളായി എടുത്തിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും പ്രഗല്‍ഭര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം കൃഷി ഉന്നതി മേളയുടെ ഭാഗമായി ഹോള്‍ട്ടികള്‍ച്ചര്‍, കൃഷി അനുബന്ധമേഖലകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പന്ന സംസ്‌കരണവും വൈവിധ്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് 350 ലധികം സ്റ്റാളുകളാണ് വേദിയില്‍ സജ്ജമായിട്ടുള്ളത്.

പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് വൈഗ-കൃഷി ഉന്നതിമേളയിലൂടെ സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും ലക്ഷ്യവയ്ക്കുന്നത്.
1. സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് കാര്‍ഷിക മേഖലയിലെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
2. ഉല്‍പന്നസംസ്‌ക്കരണത്തിന്റെ അനന്ത സാധ്യതയിലേക്കുള്ള അറിവ് പകരുക.
3. കര്‍ഷക സംരംഭകത്വങ്ങള്‍ സൃഷ്ടിക്കുക.
4. കാര്‍ഷികോല്‍പ്പപന്നങ്ങളുടെ വിപണി ഉറപ്പു വരുത്തുക.

പ്രളയാനന്തര കാര്‍ഷിക കേരളത്തിന്റെ പുനര്‍ജ്ജനി ഇപ്രാവശ്യത്തെ വൈഗയുടെ ഒരു പ്രധാന വിഷയമാണ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിനുശേഷം കാര്‍ഷികമേഖല അതിവേഗം അതിജീവനത്തിന്റെ പാതയിലൂടെ തിരിച്ചു വരികയാണ്. ഇതിനകം തന്നെ സംസ്ഥാനമൊട്ടാകെ ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ ‘പുനര്‍ജനി’ എന്ന പേരില്‍ മാതൃകാ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക കര്‍മസേനകള്‍, തൊഴിലുറപ്പു പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രളയാനന്തരം മണ്ണിനുണ്ടായ മാറ്റത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം തന്നെ കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും ചേര്‍ന്ന് നടത്തുകയും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശകള്‍ അനുസരിച്ച് മാതൃകാ പ്രവര്‍ത്തനങ്ങള്‍ ‘പുനര്‍ജനി’ യിലൂടെ എല്ലാ ജില്ലകളിലും നടപ്പിലാക്കുകയും ചെയ്തു. തകര്‍ച്ച നേരിട്ട കാര്‍ഷിക മേഖലയ്ക്ക് പുതുദിശയും നിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ ‘പുനര്‍ജനി’ പ്രവര്‍ത്തനങ്ങള്‍ വഴികാട്ടിയാവുകയായിരുന്നു. ഓരോ കാര്‍ഷിക മേഖലയ്ക്കും വ്യത്യസ്തങ്ങളായ നിര്‍ദ്ദേശങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ നല്‍കുകയാണ് ചെയ്തത്. കാര്‍ഷിക മേഖലയില്‍ ഏറെക്കുറെ നല്ലൊരു വളര്‍ച്ച നേടിയെടുത്ത സമയത്താണ്മഹാപ്രളയം തിരിച്ചടിയായി വന്നുചേര്‍ന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനഃസ്ഥാപിക്കേണ്ടതായുണ്ട്. നെല്‍ക്കൃഷി, പഴം-പച്ചക്കറി എന്നീ മേഖലകളില്‍ തിരിച്ചു വരവ് അതിശക്തമായി തന്നെ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.

‘പുനര്‍ജനി’ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ടത് സ്ഥായിയായ ഒരു വികസന പ്രവര്‍ത്തനത്തിലാണ്. ഉല്‍പാദനം-സംസ്‌കരണം-മൂല്യ വര്‍ധനവ്-വിപണനം എന്നീമേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ തുടരുന്നതിനും പുതുകര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
വൈഗ-ലക്ഷ്യം വയ്ക്കുന്നതും ഇത്തരം ഒരു സുസ്ഥിരവളര്‍ച്ച തന്നെയാണ്. വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ഉല്‍പന്ന സംസ്‌കരണ മേഖലയുടെ അനന്ത സാധ്യതകള്‍ കര്‍ഷരിലേക്കെത്തിക്കുവാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ ്‌വൈഗയുടെ ഭാഗമായി നടന്നുവരുന്നത്.

കാര്‍ഷകോല്‍പന്ന സംസ്‌കരണത്തിന്റെ സാധ്യത നമ്മുടെ സംസ്ഥാനത്ത് ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. വെറും 10 ശതമാനത്തില്‍ താഴെയാണ് പല ഉല്‍പന്നങ്ങളിലും മൂല്യവര്‍ധനവ് നടക്കുന്നത്. നാളികേരം, തേന്‍, പഴം-പച്ചക്കറികള്‍ എന്നിവയെല്ലാം തന്നെ അതേപടി വിപണിയില്‍ വിറ്റഴിക്കപ്പെടുകയാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും കിട്ടേണ്ട വരുമാനമാണ് ഇവിടെ നഷ്ടപ്പെടുന്നത്. അതേസമയം കേരളത്തിന്റേതിനു സമാനമായ കാര്‍ഷിക സംസ്‌കാരമുളള അയല്‍ രാജ്യങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും 30 മുതല്‍ 40 ശതമാനം വരെ മൂല്യവര്‍ധനവ് നടക്കുന്നുണ്ട്. ഇവയില്‍ തന്നെ പലയിടങ്ങളിലും നമ്മുടെ അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്നത് അതിശയകരമാണ്. നമ്മുടെ ഉല്‍പന്നങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ച് മൂല്യവര്‍ധനവ് നടത്തി വിപണി കണ്ടെത്തുകയാണ് വൈഗയിലൂടെ കൃഷി വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. അതായത് കൃഷിയിടത്തില്‍ തന്നെയുളള ഉല്‍പന്ന സംസ്‌കരണവും കര്‍ഷക കേന്ദ്രീകൃത വിപണനവും.

കര്‍ഷകര്‍, ചെറുകിട കാര്‍ഷിക സംരംഭകര്‍, കാര്‍ഷികോല്‍പാദന കമ്പനികള്‍ എന്നിവരെ കേന്ദ്രീകരിച്ചുകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണവും വിപണനവും നടത്തുവാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉല്‍പാദക കമ്പനികള്‍ക്ക് വലിയൊരു പങ്ക് ഈ മേഖലയിലുണ്ട്. പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് ചെറുകിട-നാമമാത്രകര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഉല്‍പാദന കമ്പനികളുടെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ രണ്ട് ശില്‍പശാലകളുടെയും ഫലമായി ഈ രംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന നാളികേര വികസന കൗണ്‍സിലിന്റെ രൂപീകരണം, ഹണിമിഷന്‍, കോക്കനട്ട് മിഷന്‍, ചെറുധാന്യങ്ങളുടെ വ്യാപനം ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ അട്ടപ്പാടി മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ വിപണിയിലെത്തിച്ച അട്ടപ്പാടി മില്ലറ്റ് വില്ലേജ് പ്രോഡക്റ്റ്‌സ്, തേന്‍ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധനവ് ലക്ഷ്യമിട്ടുകൊണ്ട് മാവേലിക്കരയില്‍ സ്ഥാപിച്ച ഹണിപാര്‍ക്ക്, തേന്‍-വാഴപ്പഴം അടിസ്ഥാനമാക്കി കണ്ണാറയില്‍ തുടങ്ങുവാന്‍ പോകുന്ന അഗ്രോപാര്‍ക്ക്, ചക്കയെ സംസ്ഥാന ഔദ്യോഗിക ഫലമായുളള പ്രഖ്യാപനം, പലയിടങ്ങളിലായി ആരംഭിച്ച അഗ്രോ സൂപ്പര്‍ ബസാറുകള്‍ ഇവയെല്ലാം തന്നെ കഴിഞ്ഞ രണ്ട് വൈഗ ശില്‍പശാലയുടെയും ഫലങ്ങളാണ്.

കര്‍ഷകര്‍ക്കും യുവസംരംഭകര്‍ക്കും ഈ മേഖലയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായവും ചെയ്യുവാനാണ് സര്‍ക്കാരും വകുപ്പും ലക്ഷ്യമിട്ടിരിക്കുന്നത്. അഗ്രോ ഇന്‍കുബേഷന്‍ സെന്ററുകള്‍എല്ലാ ജില്ലകളിലുംആരംഭിക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കുംകര്‍ഷക സംരംഭകര്‍ക്കും ഏറ്റവും കൂടുതല്‍ പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശം. ഇത്തരത്തില്‍ കര്‍ഷകരെ കര്‍ഷക സംരംഭകരാക്കിക്കൊണ്ട് സുസ്ഥിരമായ ഒരു വികസന മാതൃക കാര്‍ഷിക മേഖലയില്‍ സംജാതമാക്കുവാനാണ് വൈഗയിലൂടെ ലക്ഷ്യമിടുന്നത്. ദക്ഷിണമേഖലയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മാമാങ്കമായി മാറിയിരിക്കുകയാണ് വൈഗ. 330-ലധികം കര്‍ഷക പ്രതിനിധികളാണ് വൈഗയില്‍ നടക്കുവാന്‍ പോകുന്ന സെമിനാറുകളിലായി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും കുടുംബ സമേതം ഈ കാര്‍ഷിക മേളയിലേക്ക് ഞാന്‍ സ്വാഗതംചെയ്യുകയാണ്.

Related News