ഇക്കൊല്ലം ആദ്യപകുതിയില്‍, മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളില്‍, നടക്കുന്ന നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും രാജ്യമാകയും രാഷ്ട്രീയവൃത്തങ്ങളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം സംസ്ഥാന അസംബ്ലികളിലേക്കും പുതുച്ചേരി അസംബ്ലിയിലേക്കും ഏപ്രില്‍-മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മോഡി ഭരണകൂടത്തിന്റെ നാടകീയ നീക്കത്തിലൂടെ സംസ്ഥാന പദവി നഷ്ടമായ ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വത്തിന് അറുതിയായിട്ടില്ല. കേരളവും തമിഴ്നാടും പശ്ചിമബംഗാളും ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങളെ നാളിതുവരെ ശക്തമായി ചെറുത്തുപോന്നിട്ടുണ്ട്. അസമില്‍ ബിജെപിയും അസംഗണ പരിഷദും ഉള്‍പ്പെട്ട മുന്നണി കനത്ത വെല്ലുവിളിയെയാണ് നേരിടുന്നത്.
പുതുച്ചേരിയില്‍ തങ്ങള്‍ തന്നെ നിയോഗിച്ചിരുന്ന കിരണ്‍ ബേഡിയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ നിന്നും പൊടുന്നനെ നീക്കി മുന്‍ തമിഴ്നാട് ബിജെപി പ്രസിഡന്റും തെലങ്കാന ഗവര്‍ണറുമായ തമിളിൾഇസെെ സൗന്ദര്‍രാജിനെ അവരോധിച്ച് അട്ടിമറി രാഷ്ട്രീയത്തിന് കളമൊരുക്കിയിരിക്കുകയാണ് ബിജെപി. പരസ്യ പ്രഖ്യാപനങ്ങള്‍ എന്തുതന്നെയായാലും കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ഏറെയൊന്നും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. തങ്ങളുടെ വോട്ടിങ് ശതമാനം എത്രകണ്ട് വര്ധിപ്പിക്കാമെന്നതിലായിരിക്കും രണ്ടിടത്തും ബിജെപി-സംഘ്പരിവാര്‍ ഊന്നല്‍. അസമിലാവട്ടെ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് കാരണമായിട്ടുണ്ട്. ജനാധിപത്യ വിരുദ്ധമായും പാര്‍ലമെന്ററി കീഴ്വഴക്കങ്ങള് കാറ്റില്‍പറത്തിയും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ജഗദീഷ് ഭുയാന്‍ അവിടെ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭുയാന്‍ രൂപംനല്കിയ അസം ജാതിയോ പരിഷദും (എജെപി), റായ്ജോര്‍ ദള്‍ (ആര്‍ഡി), ആഞ്ചലിക് ഗണമോര്‍ച്ച (എജിഎം), ഓള് ഇന്ത്യ യുണെെറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപിക്കെതിരെ ശക്തമായ ഒരു സിഎഎ വിരുദ്ധ വേദിക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മുന്നണി ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ‘മോഡിയുടെ മാജിക്’ അസമില്‍ ഇത്തവണ നടക്കില്ല. ബിജെപിക്ക് സംസ്ഥാനത്തെ 30 സീറ്റിനപ്പുറം പോകാനാവില്ല.’- ഭുയാന്‍ വെല്ലുവിളിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തീപാറുന്ന പോരാട്ടം നടക്കുന്നത് പശ്ചിമബംഗാളിലാണ്. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് വിജയം അതില്‍ ഉള്‍പ്പെട്ട ഓരോരുത്തര്‍ക്കും വ്യക്തിപരമായി അഭിമാനത്തിന്റെയും രാഷ്ട്രീയ നിലനില്പിന്റെയും പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. 33 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനത്ത് ഭരണം നടത്തിയിരുന്ന ഇടതുമുന്നണിയെ പുറത്താക്കി അധികാരം കയ്യാളിയ മമത ബാനര്‍ജിക്കും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിനും നിസംശയം ഇത് ജീവന്മരണ പോരാട്ടമാണ്. 2011ല്‍ ഇടതുപക്ഷത്തെ അധികാരഭ്രഷ്ടരാക്കിയ മമത 2016ലും ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കെെവരിച്ച വിജയം മൂന്നാമത് ഒരു തവണകൂടി അധികാരത്തിലേറാമെന്ന മമതയുടെ പ്രതീക്ഷകള്‍ക്ക് കനത്ത മങ്ങലേല്‍പ്പിച്ചു. 2014ല്‍ 42ല്‍ 34 ലോക്സഭാ സീറ്റുകള്‍ നേടിയ തൃണമൂലിന് ഇത്തവണ 22 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 18 സീറ്റുകള്‍ കരസ്ഥമാക്കി. തൃണമൂല്‍ സ്വന്തം വോട്ടിങ് ശതമാനം 3.48 ശതമാനം കണ്ട് ഉയര്‍ത്തി 43.3 ശതമാനത്തില്‍ എത്തിയപ്പോള്‍ 22.76 ശതമാനം വര്‍ധനവുമായി ബിജെപിയുടെ വോട്ട് വിഹിതം 40.7 ശതമാനത്തിലെത്തി.
രണ്ട് പതിറ്റാണ്ടിലേറെയായി തൃണമൂലിന്റെ റാണിയായി വാണ മമത പാര്‍ട്ടിക്കുള്ളിലും പുറത്തും കനത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ബിജെപിയും ഇടതുപക്ഷ‑കോണ്‍ഗ്രസ് കൂട്ടുകെട്ടും ഓള് ഇന്ത്യ മജിലിസ്-എ-ഇത്തേഹാദുള്‍ മുസ്ലിമീന് (എഐഎംഐഎം), മുന്‍കാലങ്ങളില്‍ തൃണമൂലിനെ പിന്തുണച്ചിരുന്ന പിര്സാദാ അബ്ബാസ് സിദ്ധിഖി രൂപം നല്കിയ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) കൂട്ടുകെട്ടും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കാള്‍ കനത്ത ഭീഷണിയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നുമുള്ള വിമതരുടെ കൊഴിഞ്ഞുപോക്ക് മമതക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. പ്രത്യയ ശാസ്ത്രപരമായ യാതൊരു അടിത്തറയുമില്ലാത്ത, കടുത്ത കമ്മ്യൂണിസ്റ്റ് വിരോധത്തിലും അധികാരദുരയിലും കെട്ടിപ്പടുത്ത, ആള്‍ക്കൂട്ടമായിരുന്നു തൃണമൂല്‍ എന്ന് തെളിയിക്കുന്ന കൂട്ടപലായനമാണ് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് നടക്കുന്നത്. കുപ്രസിദ്ധമായ സഹാറ ചിട്ടി കുംഭകോണമടക്കം ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരായ തൃണമൂല്‍ നേതാക്കള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ ബിജെപി മടികാട്ടിയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് മൂന്നാംവട്ടവും അധികാരമുറപ്പിക്കാന്‍ പ്രസിദ്ധ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് മോഹവില നല്കി വിലക്കെടുത്ത മമതയുടെ നടപടി പാര്‍ട്ടിയില്‍ നിന്ന് പ്രമുഖ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബിജെപിയിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടി. മരുമകന് അഭിഷേക് ബാനര്‍ജിയെ തന്റെ പിന്‍ഗാമിയാക്കി അവരോധിക്കാനുള്ള ശ്രമവും നേതാക്കളെ മമതക്കെതിരെ തിരിയാന്‍ നിര്‍ബന്ധിതരാക്കി. ‘പി കെ’ എന്ന ചുരുക്കപ്പേരില്‍ തൃണമൂല്‍ വൃത്തങ്ങളിലും പൊതുവില്‍ ബംഗാളിലും അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പു തന്ത്രജ്ഞനായി അവരോധിക്കപ്പെട്ടത് കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2014ല്‍ നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശില്പി എന്ന നിലയിലാണ് പ്രശാന്ത് കിഷോര്‍ പ്രാമുഖ്യം നേടിയത്. 2015ല്‍ ബിഹാറില്‍ നിതിഷ് കുമാര്‍, 2017ല്‍ പഞ്ചാബില്‍ അമരീന്ദ്രര് സിങ്ങ്, 2019ല്‍ ആന്ധ്രപ്രദേശില്‍ ജഗ്മോഹന് റെഡ്ഡി, അതേ വര്‍ഷം ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള് എന്നിവരുടെ വിജയത്തിനു പിന്നിലും കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐപിഎസ്) എന്ന സ്ഥാപനത്തിന്റെ പങ്ക് ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തമിഴ്നാട്ടില്‍ കിഷോറുമായി കരാറുണ്ടാക്കിയതായും വാര്‍ത്തയുണ്ട്.
രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞ മമതക്ക് എല്ലാതലത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പുകളെ നേരിടാനാവില്ലെന്ന വസ്തുതയാണ് പ്രശാന്ത് കിഷോര്‍ സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ അവരെ നിര്‍ബന്ധിതമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും ഇല്ലാത്ത അധികാരത്തോടെയാണ് പി കെ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. പാര്‍ട്ടിയിലും ഭരണത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പി കെ സംഘത്തിന്റെ നീക്കം മമതക്കെതിരെ തിരിയാന്‍ അവരെ നിര്‍ബന്ധിതരാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും വികാരങ്ങളും അവഗണിച്ച് ഭരണരംഗത്ത് നടപ്പാക്കിയ പല പരിപാടികളും പദ്ധതികളും പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പും എതിര്‍പ്പും ക്ഷണിച്ചുവരുത്തി. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പി കെ സംഘം നടത്തിയ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ നൂറ്റി അമ്പതില്പരം എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്ന ശുപാര്‍ശ വലിയൊരു പങ്ക് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവസാനത്തെ കച്ചിത്തുരുമ്പായി. നേതാക്കളെ പിണക്കാതെ മുന്നോട്ടുപോകണമെന്ന മമതയുടെ നിര്‍ദ്ദേശം വന്നപ്പോഴേക്കും ബിജെപിയിലേക്കുള്ള ഒഴുക്ക് ആരംഭിച്ചുകഴിഞ്ഞു. രണ്ട് എംഎല്‍എമാരില്‍ നിന്നും ആരംഭിച്ച ഒഴുക്ക് മുതിര്‍ന്ന നേതാക്കളായ സുവേന്ദു അധികാരിയേയും ദിനേഷ് ഭായി ത്രിവേദിയേയും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായവരാണ് പശ്ചിമബംഗാളിലെ ഇടതുപക്ഷവും കോണ്‍ഗ്രസും. അത്തരം അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് ആ പാര്‍ട്ടികളിലേക്ക് ചേക്കേറുക അസാധ്യമാണ്.
ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഹിന്ദുമത വികാരത്തെ പ്രീണിപ്പിക്കാന്‍ മമത നടത്തിയ മൃദുഹിന്ദുത്വ സമീപനം പാര്ട്ടിവിടുന്നവര്ക്ക് ബിജെപിയെ കൂടുതല്‍ സ്വീകാര്യമാക്കിയെന്നത് സ്വാഭാവികം. കിഷോര്‍ സംഘത്തിന്റെ തിട്ടൂരം അംഗീകരിക്കാനുള്ള വെെമുഖ്യമാണ് തങ്ങളെ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് വിമത നേതാക്കള്‍ പലരും പരസ്യമായി പറയുകയുണ്ടായി. മോഡി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ പ്രതിപക്ഷ പാര്‍ട്ടിയാണ് തൃണമൂല്‍. അതുകൊണ്ടുതന്നെ പണക്കൊഴുപ്പും അതുകൊണ്ട് വിലയ്ക്ക് വാങ്ങാവുന്ന ഗുണ്ടാസംഘങ്ങളും തുണയായേക്കുമെന്ന് മമത കണക്കുകൂട്ടുന്നു. തന്റെ ഹിന്ദു വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ പൊതു ഖജനാവില്‍ നിന്നും വന്‍തുക ചെലവഴിക്കാന്‍ വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ കഴിഞ്ഞ വര്‍ഷങ്ങളില്‍ മമത ശ്രദ്ധിച്ചിരുന്നു. 2019ല്‍ 28,000 ദുര്‍ഗാപൂജാ കമ്മിറ്റികള്‍ക്കായി 70 കോടി രൂപയും 2018ല്‍ 28 കോടിയും ഖജനാവില്‍ നിന്ന് വിതരണം ചെയ്തിരുന്നു. അത് വരുംതെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് മമത. ഹിന്ദുവോട്ടുകൊണ്ട് മാത്രം തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ മമതക്ക് ആവില്ല. സംസ്ഥാന ജനസംഖ്യയുടെ 27.01 ശതമാനം വരുന്ന 2.46 കോടി മുസ്ലിം ജനതയുടെ വോട്ട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. അസദുദിന്‍ ഒവെെസിയുടെ എഐഎംഐഎം ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് കൂട്ടുകെട്ട് മുസ്ലിം വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് നോക്കിക്കാണേണ്ടത്. മുര്‍ഷിദബാദ്, മാള്‍ഡ, ഉത്തര്ദിനാജ്പൂര് ജില്ലകളിലാണ് മുസ്ലിം ജനത ഏറെ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഉറുദു സംസാരിക്കുന്ന മുസ്ലിങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമാണ് ബംഗാളി മുസ്ലിങ്ങളുടേത്. മമത അതിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. പ്രവചനാതീതമായ ഒരു ചതുഷ്കോണ മത്സരത്തിലേക്കാണ് പശ്ചിമബംഗാള്‍ നീങ്ങുന്നത്. മതവര്‍ഗീയതയുടെയും അധികാരമോഹത്തിന്റെയും കഴുത്തറുപ്പന്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മതേതര മൂല്യങ്ങളും സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷ‑കോണ്‍ഗ്രസ് സഖ്യം തെരഞ്ഞെടുപ്പു രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടും പരിപാടിയും മുന്നോട്ടുവച്ച് ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലും തത്വാധിഷ്ഠിതമായ ഐക്യത്തിലുമുറച്ചാണ് ഇടതുപക്ഷ, കോണ്‍ഗ്രസ് മുന്നണി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് അണിനിരക്കുന്നത്. മമത ദുര്‍ഭരണത്തിനെതിരെയും ബിജെപി സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെ ചെറുത്തും തൊഴിലാളി, കര്‍ഷക, ബഹുജന അവകാശ സമരങ്ങളില്‍ ഉറച്ചുനിന്നുമാണ് മുന്നണി ജനങ്ങളെ സമീപിക്കുന്നത്.