January 28, 2023 Saturday

മനുവാദം ഇന്ത്യയെ വിഴുങ്ങാൻ ശ്രമിക്കുമ്പോൾ

കാനം രാജേന്ദ്രൻ
November 2, 2020 5:15 am

കാനം രാജേന്ദ്രൻ

ദളിത് ന്യൂനപക്ഷ പിന്നാക്ക ജാതി വിഭാഗങ്ങൾക്കെതിരെയുള്ള ജാതി വിവേചനത്തിനും അധീശത്വത്തിനുമെതിരായി മോഡി, ആദിത്യനാഥ്, അമിത്ഷാ എന്നീ ബിജെപി ഭരണാധികാരികൾ ഒന്നും ഉരിയാടാറില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദളിതർ ഹിന്ദുക്കളാണെന്ന് വീമ്പു പറയുന്ന പ്രധാനമന്ത്രി ഇതൊന്നും കണ്ടതായി നടിക്കുന്നുമില്ല.

കുപ്രസിദ്ധനായ മുഖ്യമന്ത്രി എന്ന പേരു നേടിയ ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ സെഹ്റാൻപൂറിൽ ഈയിടെ ഉയർന്ന ജാതിയിൽപ്പെട്ട ഒരാളുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു എന്ന കുറ്റം ആരോപിച്ച് ഒരു ദളിത് യുവാവിനെ വെടിവച്ചുകൊന്നു. ഉത്തരാഖണ്ഡിൽ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ആയിരത്തിലധികം ദളിതരെ സവർണ പ്രമാണിമാർ കൂട്ടം ചേർന്ന് കല്ലെറിയുകയുണ്ടായി. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ദളിതർ ഇന്നും വിലക്കപ്പെട്ടവരാണ്. അവർക്ക് ക്ഷേത്ര പ്രവേശനമില്ല. 2015 ൽ ഹരിയാനയിൽ രണ്ട് ദളിത് പെൺകുട്ടികളെ തീവച്ചു കൊന്ന സംഭവത്തിൽ കേന്ദ്ര മന്ത്രി വി കെ സിംഗിന്റെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ”നായ്ക്കളെ കല്ലെറിഞ്ഞതിന് ആരെങ്കിലും അന്വേഷണത്തിന് ഉത്തരവിടുമോ? ” എന്നായിരുന്നു അധമനായ ആ മന്ത്രിയുടെ ചോദ്യം. ഈ സംഭവത്തിലും മന്ത്രിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു നരേന്ദ്ര മോഡിക്ക്.

മഹാരാഷ്ട്രയിലെ പൂന ജില്ലയിലെ ശിരൂർ താലൂക്കിൽ ഭീമനദിക്കടുത്തുള്ള കൊറേഗാവ് ഭീമയിൽ കഴിഞ്ഞ 200 വർഷമായി മഹറുകൾ ഉൾപ്പെടെയുള്ള ദളിത് വിഭാഗങ്ങൾ കൊണ്ടാടുന്നതാണ് ”ഭീമ കൊറേഗാവ്-മഹാറുകളുടെ മഹാവിജയം” എന്ന ആഘോഷം. 2018 ജനുവരി ഒന്നിനു നടന്ന ആഘോഷത്തിന് നേരെ സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസാംസ്ത അഘാഡിയുടെ ഗുണ്ടകൾ അക്രമണം അഴിച്ചുവിട്ടു. 24 കാരനായ രാഹുൽ പതംഗലെ എന്ന ദളിത് യുവാവ് കൊലചെയ്യപ്പെട്ടു. നിരവധി പേർക്ക് പരിക്ക്പറ്റി. ഭീമ‑കൊറാഗാവ് ആഘോഷം സവർണ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്ക് സഹിക്കാനാവുന്നതിനപ്പുറമായതിന്റെ ചരിത്ര പശ്ചാത്തലം നാം അറിയണം. കൊറേഗാവ് ഭീമയിൽ ബ്രാഹ്മിൺ സേനയായ മറാത്ത പേഷ്വാകളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ 1818 ൽ നടന്ന യുദ്ധത്തിൽ ദളിത് വിഭാഗമായ മഹർ സമുദായം ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിക്കുകയും പേഷ്വാകളെ തോൽപ്പിക്കുകയും ചെയ്തു. കടുത്ത ജാതി വിവേചനം നേരിടുന്ന മഹർ സമുദായം ഉന്നത ജാതികൾക്കെതിരെ നേടിയ വിജയമായിട്ടാണ് ഭീമ‑കൊറേഗാവ് യുദ്ധത്തെ അനുസ്മരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി ഒന്ന് ”ജയ്സ്തംഭ്” ദിനമായിട്ടാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി അവർ ആഘോഷിക്കുന്നത്. ഇതൊരു ബ്രിട്ടീഷ് — പേഷ്വാ യുദ്ധമായിരുന്നില്ല. മറിച്ച് ജാതി മേൽക്കോയ്മയ്ക്കെതിരെയുള്ള മഹറുകളുടെ മഹാ വിജയമായിരുന്നു.

പേഷ്വാകളുടെ ആയുധ പരിശീലന കളരിക്ക് അരികിലൂടെ ഒരു മഹർ നടന്നു പോയാൽ അവന്റെ തലവെട്ടി മാറ്റുക എന്നതായിരുന്നു പഴയ അവസ്ഥ. ഇതിനോടെല്ലാമുള്ള അമർഷവും എതിർപ്പുമാണ് ഭീമ കൊറേഗാവ് യുദ്ധത്തിൽ മഹറുകൾ പേഷ്വാകൾക്കെതിരെ നിലയുറപ്പിക്കാൻ കാരണമായത്. യുദ്ധവാർഷികത്തിനു മുന്നോടിയായി 2017 ഡിസംബർ 31 നു എൽഗാർ പരിഷദ് എന്ന പേരിൽ നടന്ന ദളിത് സംഗമത്തോട് സഹകരിച്ച 16 മനുഷ്യാവകാശ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. നഗര നക്സലുകള്‍ (അർബൻ നക്സലൈറ്റ്) എന്ന് പ്രധാനമന്ത്രി ഇവർക്ക് ഒരു പട്ടവും ചാർത്തി കൊടുത്തിരിക്കുകയാണ്. വരവരറാവു, ആനന്ദ് തെൽതുംബ്സെ, ഗൗതം നവലാഖാ, ഹണിബാബു, റോണി വിൽസൻ തുടങ്ങിയ ബുദ്ധിജീവികൾ, അഭിഭാഷകർ, സാംസ്കാരിക പ്രവർത്തകർ അവസാനം ഫാദർ സ്റ്റാൻസ്വാമി എന്നിവരെയാണ് മാവോയിസ്റ്റുകൾ എന്ന പേരിൽ വിചാരണ പോലും കൂടാതെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ദളിത് വിഭാഗത്തിന് നേരെ മാത്രമല്ല, ദളിത് ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾക്കും അവരുടെ ക്ഷേമത്തിനുവേണ്ടിയും പ്രവർത്തിക്കുന്നവർക്ക് നേരെയും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഭരണകൂടം അഴിച്ചു വിട്ടിരിക്കുന്നത്. 2018 ലെ ഭീമ കൊറാഗാവ് സംഘർഷത്തിന് നേതൃത്വം കൊടുത്ത ഹിന്ദു സംസ്താ അഘാഡിയുടെ സ്ഥാപക നേതാവായ സംഭാജി ഭൈദിന്റെ അനുയായി മിലിന്ദ എക്ബോട്ടയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

അക്രമണത്തിന്റെ സാക്ഷികളിലൊരാളായ പൂജാ സാകേതിനെ കൊലപ്പെടുത്തി. ഈ കേസന്വേഷണം ഉന്നാവൊ കേസ് പോലെ ഒരിഞ്ചും മുന്നോട്ട് പോയില്ല. എന്നാൽ സ്വയംപ്രഖ്യാപിത ദേശീയവാദി തുഷാർ ദാംഗുഡ് എന്ന വ്യവസായി സമർപ്പിച്ച പരാതി, എഫ്ഐആർ ആയി മാറി. ഇതനുസരിച്ച് എൽഗർ പരിഷത്തിൽ സംസാരിച്ച ”മാവോയിസ്റ്റ്” ബന്ധമുള്ള ഇടതുപക്ഷ ഗ്രൂപ്പുകൾ ജനുവരി 1 നു അക്രമത്തിന് പ്രേരിപ്പിച്ചു എന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് അക്രമം നടന്നതെന്ന് പൊലീസ് ഗൂഢാലോചന സിദ്ധാന്തം അടിസ്ഥാനമാക്കി എഫ്ഐആർ രൂപാന്തരം പ്രാപിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിലാണ് എൻഐഎ ഈ കേസ് ഏറ്റെടുത്തത്. പിന്നീട് സംഘപരിവാറിന്റെ തിട്ടൂരമനുസരിച്ചാണ് കേസിന്റെ നാൾവഴികൾ കടന്നു പോയത്. ഈ കേസിൽ അവസാനത്തെ ഇര ഝാർഖണ്ഡിൽ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വദ്ധ്യവയോധികനായ ഫാദർ സ്റ്റാൻ സ്വാമിയാണ്. 2018 ജനുവരി 2 ൽ ഭീമ കൊറേഗാവ് സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ദളിതരും പുരോഗമന സംഘടനകളും മഹാരാഷ്ട്രയിലുടനീളം പ്രചരണങ്ങളും പണിമുടക്കങ്ങളും സംഘടിപ്പിച്ചിരുന്നു. പൊലീസും ആർ എസ് എസ് ഗുണ്ടകളും പ്രതിഷേധക്കാരെ തെരുവിൽ അക്രമിച്ചു.

യോഗേഷ് പ്രഹ്ലാദ ജാദവ് എന്ന 16 വയസുകാരനായ ദളിത് ആൺകുട്ടി അക്രമത്തിൽ കൊല്ലപ്പെട്ടു. രാജ്യത്തുയർന്നു വരുന്ന ദളിത് പ്രതിഷേധങ്ങളെ മാവോയിസ്റ്റ് ആക്രമണങ്ങളെന്നു മുദ്രകുത്തി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ അക്രമാസക്തമായ ഫാസിസ്റ്റ് പ്രവണതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഭീമ കൊറേഗാവ് സംഭവം. 2019 ലെ ഭീമ‑കൊറേഗാവ് ആഘോഷത്തിൽ 5 ലക്ഷത്തോളം ദളിതർ പങ്കെടുത്ത മഹാസംഗമം സംഘടിപ്പിച്ചിരുന്നു. ”തിളങ്ങുന്ന ഗുജറാത്ത് മോഡൽ” എന്നു രാജ്യത്താകമാനം കൊട്ടിഘോഷിക്കുന്ന ഗുജറാത്തിൽ ഇന്നും നൂറു കണക്കിന് ദളിതർ മനുഷ്യ വിസർജ്ജ്യം കോരുകയും വണ്ടികളിൽ കൊണ്ടുപോവുകയും ചെയ്യുന്ന തോട്ടി പണിയിൽ ഏർപ്പെട്ട് ജീവിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്ത്യയിലെ ആദിവാസികൾക്കും ദളിതർക്കും ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങളും സുരക്ഷാ പദ്ധതികളും നിയമങ്ങളുമെല്ലാം കാറ്റിൽ പറത്തി, സവർണാധിപത്യ ഭരണകൂടം ശതകോടീശ്വരന്മാരെയും കോർപ്പറേറ്റുകളെയും സവർണ ഹിന്ദുത്വത്തെയും പരസ്യമായി ചെല്ലും ചെലവും കൊടുത്ത് തടിച്ചു കൊഴുപ്പിക്കുകയാണ്. എല്ലാ നിയമങ്ങളും അതിന്റെ പരിരക്ഷയും അവർക്കായി വഴിമാറി കൊടുക്കുന്നു. അവർക്കുവേണ്ടി പുതിയ നിയമങ്ങൾ നിർമ്മിക്കുകയും നിയമവാഴ്ചയെ തകർക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് മോഡി ഭാരതത്തിന്റെ മുഖമുദ്രയായി തീർന്നിരിക്കുന്നത്.

ജാതി-മേലാള‑ഹിന്ദുത്വ ഫാസിസത്തെ ചോദ്യം ചെയ്തതിനാണ് മോഡി ഭരണത്തിൻ കീഴിൽ ഗോവിന്ദ പൻസാരെയെയും പ്രൊഫ. എം എം കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും നരേന്ദ്ര ധബോൽക്കറെയും വെടിവച്ചു കൊന്നത്. മതനിരപേക്ഷത, ജനാധിപത്യം, ശാസ്ത്രബോധം, യുക്തിചിന്ത എന്നിവയെല്ലാം ഉയർത്തിപ്പിടിക്കുകയും അധമമായ ജാതി വ്യവസ്ഥക്കെതിരെ ശബ്ദിക്കുകയും ചെയ്തതിനാൽ ഇവർ വധിക്കപ്പെടേണ്ടവരാണെന്ന് സംഘപരിവാറിനും അനുബന്ധ പ്രസ്ഥാനങ്ങൾക്കും ഉറച്ച ധാരണയായിരുന്നു. ഈ ധാരണയാണ് ഈ ശബ്ദങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് എത്തിയത്. ഒരുഭാഗത്ത് ദളിത് വിഭാഗങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ മറുഭാഗത്ത് അവരുടെ അന്നം മുട്ടിക്കുകയാണ് മോഡി സർക്കാർ. നോട്ട് നിരോധനം കള്ളപ്പണക്കാരേയോ ഭീകരവാദികളേയോ അല്ല ഇന്ത്യയിലെ ലക്ഷക്കണക്കായ പാവങ്ങൾക്ക്, പ്രത്യേകിച്ചും ദളിതർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ് വിനാശകരമായി ഭവിച്ചത്. കോവിഡ് 19 എന്ന മഹാമാരി മൂലം കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനത്തിലൂടെയും തൊഴിൽ നഷ്ടത്തിലൂടെയും വലിയ ആഘാതം ഏല്ക്കേണ്ടിവന്നതും ദളിത് പിന്നോക്ക വിഭാഗങ്ങൾക്കാണ്. കാരണം അന്യദേശ തൊഴിൽ മേഖലയിൽ പണിചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും കീഴാള വർഗത്തിൽപ്പെട്ട ദളിത് — ആദിവാസി വിഭാഗങ്ങളാണ്. 27 ലക്ഷം ഒഴിവുകളാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നികത്താതെ കിടക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും ദളിതർക്ക് അർഹതപ്പെട്ടതാണ്. സംവരണം നിലനിൽക്കുന്നുവെന്ന് പറഞ്ഞിട്ട് എന്തുകാര്യം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണത്തിലൂടെ തൊഴിൽ സാധ്യത നഷ്ടപ്പെട്ടതിലേറെയും എസ്‌ സി/എസ് ടി വിഭാഗങ്ങളാണ്. ഫെഡറൽ ഘടന നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സമ്പ്രദായത്തിന്റെ അടിത്തറ തന്നെയാണ്. എന്നാൽ സാമ്പത്തിക ആസൂത്രണ സമിതി പിരിച്ച് വിട്ട് എസ് സി/എസ് ടി വിഭാഗങ്ങൾക്ക് മാത്രമുള്ള പ്രത്യേക ഘടകപദ്ധതി (സ്പെഷ്യൽ കമ്പോണന്റ് പ്ലാൻ) മോഡി സർക്കാർ അട്ടിമറിച്ചു. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം നൽകുന്നില്ല. പൊതു വിതരണ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അരികുവല്ക്കരിക്കപ്പെട്ട ദളിത്-ആദിവാസി വിഭാഗങ്ങളാണ്. റേഷനിംഗ് സമ്പ്രദായത്തിന്റെ ആനുകൂല്യങ്ങൾ അർഹരായ ഇന്ത്യക്കാർക്ക് നിഷേധിക്കപ്പെട്ട കാലഘട്ടം ഇത് പോലെ വേറെ ഉണ്ടായിട്ടില്ല. ഭക്ഷണസാധനങ്ങൾ ലഭിക്കാതെ പട്ടിണിയും കൊടിയ ദാരിദ്ര്യവുമാണ് ഗ്രാമീണ മേഖലയിലെ ആദിവാസി-ദളിത് വിഭാഗങ്ങൾ നേരിടുന്നത്. കോർപ്പറേറ്റ് നവ ഉദാരവല്ക്കരണ നയങ്ങളും ഫാസിസ്റ്റുവല്ക്കരണം തീവ്രമാക്കുന്ന നടപടികളുമായാണ് മോഡി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കാർഷികരംഗത്തെ ഉല്പാദനവും വ്യാപാരവും വിതരണവും എല്ലാംകോർപ്പറേറ്റ്‌ വല്ക്കരിച്ചു കൊണ്ടുള്ള മൂന്ന് നിയമങ്ങൾ എല്ലാ പാർലമെന്ററി മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് കഴിഞ്ഞ പാർലമെന്റ് സമ്മേളനം പാസ്സാക്കിയെടുത്തത്. കർഷക (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പാക്കലിനും കാർഷിക സേവനങ്ങൾക്കുമായുള്ള ഉടമ്പടി നിയമം, കർഷകരുടെ ഉല്പന്നങ്ങളും വ്യാപാരവും വാണിജ്യവും വർധിപ്പിക്കുന്നതിനുള്ള നിയമം, അവശ്യ സാധന ഭേദഗതി നിയമം എന്നിവ ഇപ്പോൾ തന്നെ ദുരിതക്കയത്തിൽ കഴിയുന്ന കർഷക ജനസാമാന്യത്തെ വഴിയാധാരമാക്കുന്നതാണ്.

ഈ നിയമങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ കർഷകർ. പാടത്തും കൃഷിയിടങ്ങളിലും പണിയെടുക്കുന്ന ബഹുഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളും ദളിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ അന്നം മുട്ടിക്കുന്നതാണ് ഈ നിയമങ്ങൾ. കർഷകരും കർഷക തൊഴിലാളികളും സ്വന്തം കൃഷിയിടങ്ങളിൽ നിന്ന് അന്യവല്ക്കരിക്കപ്പെടാന്‍ മാത്രം ഉതകുന്ന ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ജന്മിത്വത്തിന് സമാനമായ സ്ഥിതി വിശേഷം സംജാതമാകും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന ഈ നിയമങ്ങൾ പട്ടിണിയിലേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടുപോകുക. പട്ടിണിയുടെ കാര്യത്തിൽ ഇപ്പോൾ തന്നെ പാകിസ്ഥാനെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പിന്നിലാക്കുന്ന ഇന്ത്യയിൽ ദാരിദ്ര്യവും അതുമൂലമുണ്ടാകുന്ന പോഷകാഹാര കുറവും രോഗങ്ങളും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ദുർബല വിഭാഗങ്ങളെയാണ്. കോർപ്പറേറ്റ്‌വല്ക്കരണത്തിന്റെ രാജപാത ഒരുക്കുന്നതിനുവേണ്ടി തൊഴിൽ നിയമങ്ങളിലും ഭേദഗതി വരുത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട നാൽപ്പത്തിനാലു തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഫാസിസ്റ്റ് നടപടി തൊഴിലാളി വർഗത്തിനെ അടിമകാലത്തേതിന് സമാനമായ ഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ദളിത്-പിന്നാക്ക വിഭാഗമുൾപ്പെടെയുള്ള തൊഴിലെടുക്കുന്ന അടിസ്ഥാന വർഗത്തിന്റെ ജീവിതത്തെ ഇത് നരകതുല്യമാകും. (ഒഎസ്എച്ച്) ഒക്കുപേഷണൽ സേഫ്റ്റി ഹെൽത്ത് വർക്കിംഗ് കണ്ടീഷൻ കോഡ് എന്ന ഓമനപ്പേർ നൽകിയിരിക്കുന്ന ബില്ല് പ്രകാരം 8 മണിക്കൂർ ജോലി 14 മണിക്കൂർ ആകും. സംഘടിതവിലപേശലിനുള്ള എല്ലാ അവകാശങ്ങളും ഈ തൊഴിൽ നിയമ ഭേദഗതിയിലൂടെ ഇല്ലാതാകും.

ചുരുക്കത്തിൽ ദളിത് ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതം അക്ഷരാർത്ഥത്തിൽ ദുരിത പൂർണമാകും. സാമ്പത്തികാടിത്തറയെയും പ്രകൃതി വിഭവങ്ങളെയും കൊള്ളയടിച്ചും പാവങ്ങളുടെ ക്രയശേഷിക്ക് കനത്ത പ്രഹരമേൽപ്പിച്ചും സാമ്പത്തികമായ ഉന്മൂലനമാണ് മോഡി സർക്കാർ (Eco­nom­ic anni­hi­la­tion) നടത്തി കൊണ്ടിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ യഥാർത്ഥ അവകാശികളെ ആട്ടിപ്പായിച്ചിട്ട് അവയെല്ലാം യഥേഷ്ടം കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരിക്കുകയാണ്. വനാവകാശ നിയമം അട്ടിമറിക്കുന്ന തരത്തിലുള്ള പുതിയ വന നയത്തിന് രൂപം കൊടുത്തിരിക്കുന്നു. വനവാസികളെ അവരുടെ ആവാസ സ്ഥലത്തുനിന്ന് ഒഴിവാക്കി കോർപ്പറേറ്റുകൾക്ക് വേണ്ടി വനം തീറെഴുതി നൽകാനാണ് പുതിയ നിയമത്തിലൂടെ ശ്രമിക്കുന്നത്. പാർശ്വവല്ക്കരിക്കപ്പെട്ട ദളിത് ആദിവാസി ജനവിഭാഗങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉന്മൂലനത്തിനൊപ്പം സാമൂഹ്യമായ ഉന്മൂലനവും (Social Anni­hi­la­tion) ഭയാനകമാം വിധം അരങ്ങ് തകർക്കുകയാണ്. ഇന്ത്യയിലെ ദളിത് ജനത നേരിടുന്ന ജാതീയവും ലിംഗപരവുമായ മർദ്ദനങ്ങളെ, രാജ്യത്തെ പൊതുവായ വർഗ രാഷ്ട്രീയ ഭൂമികയിൽ നിന്നും അടർത്തി മാറ്റുന്നതിനെ എക്കാലവും ഇടതുപക്ഷം എതിർത്തിരുന്നു. ഇന്ത്യയിലെ വർഗ സമരത്തിന്റെ ഏറ്റവും പ്രാചീനവും തീഷ്ണവുമായ രൂപമാണ് സവർണ-ദളിത് സംഘർഷങ്ങൾ. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷക‑തൊഴിലാളി സമരം തന്നെ ഇതിനായി ഉദാഹരിക്കാം. ഭൂരിഭാഗം ദളിതരും അധ്വാനിക്കുന്ന തൊഴിലാളി വർഗമായതിനാലാണ് അവരെ ജാതീയ ബന്ധനത്തിൽ കുരുക്കി സവർണ ഹിന്ദുത്വം തങ്ങളുടെ രാഷ്ട്രീയ‑പ്രത്യയ ശാസ്ത്രാധിനിവേശം അടിച്ചേൽപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ രാജ്യത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്ന നവലിബറൽ മുതലാളിത്തത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെ നോക്കി കാണാതെ ദളിത് പ്രശ്നങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണാൻ കഴിയില്ല. പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിതരണ സമ്പ്രദായം എന്നിവയെല്ലാം തകർത്തെറിഞ്ഞ് സാമ്രാജ്യത്വ കോർപ്പറേറ്റുകൾ രൂപകൽപ്പന ചെയ്യുന്ന കമ്പോള- ലാഭാധിഷ്ഠിത ഹൈടെക് — സൈബർ സമൂഹമായി ഇന്ത്യയെ പരിവർത്തിപ്പിക്കുക എന്നതാണ് സംഘപരിവാറിനാൽ നയിക്കപ്പെടുന്ന ബിജെപി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഇന്ത്യയുടെ വിശാലവും പരന്നതുമായ ജനാധിപത്യ അടിത്തറയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാധികാരം ജനങ്ങൾക്കിടയിൽ വർഷങ്ങളായി വരുത്തിയ ജനാധിപത്യപരമായ ഉത്ബുദ്ധതയും പ്രതിരോധ സമരങ്ങളും മാധ്യമങ്ങളുടെ ഇടപെടലുകളും അതിനെല്ലാം പുറമെ, ഇന്ത്യയുടെ ബഹുസ്വര സംസ്കാരവും, ഗോൾവൽക്കറുടെയും വീരസവർക്കറുടെയും ഹെഡ്ഗേവാറിന്റെയും കാലഹരണപ്പെട്ട ഹിന്ദുരാഷ്ട്ര നിർമ്മിതിക്കുള്ള ജഡില സ്വപ്നം ഇവിടെ സാക്ഷാത്ക്കരിക്കുന്നതിനുള്ള ബലിഷ്ഠമായ തടസ്സങ്ങളാണെന്ന് സംഘപരിവാർ ശക്തികൾക്കറിയാം. എങ്കിലും ആക്രമണോത്സുകമായ തങ്ങളുടെ പ്രവർത്തകരേയും അനുഭാവികളെയും ഉപയോഗിച്ചു കൊണ്ട് ഹിന്ദുത്വത്തിന്റെ ജന്മസ്വഭാവവും വർഗദാഹവുമായ വർഗീയതയും ജാതീയതയും ഇളക്കിവിട്ട് രാജ്യത്തെയും ജനതയെയും അസ്ഥിരീകരിക്കുകയാണവർ ചെയ്യുന്നത്. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.