September 26, 2022 Monday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

കുറ്റവാളികളുടെ ജനിതകഘടന തെരയുമ്പോൾ

ജയശ്ചന്ദ്രൻ കല്ലിംഗല്‍
September 6, 2020 5:30 am

ജയശ്ചന്ദ്രൻ കല്ലിംഗല്‍

ദേശീയ വിദ്യാഭ്യാസ നയത്തിലും പാരിസ്ഥിതിക ആഘാത പഠന വിജ്ഞാപനത്തിലും പ്രസക്തമായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പൊതുസമൂഹത്തിന് സാധിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്ന തീവ്ര വലതുപക്ഷ വാണിജ്യ കേന്ദ്രീകൃത പഠന വ്യവസ്ഥയെ തുറന്നുകാണിക്കുവാനും പാരിസ്ഥിതിക ആഘാത വിജ്ഞാപനത്തിന്റെ പൊളളത്തരങ്ങൾ പുറത്തു കൊണ്ടുവരുന്നതിനും ഈ ചർച്ചകളിലൂടെ സാധ്യമായി. സംവാദങ്ങളെ ജനാധിപത്യപരമായി അഭിമുഖീകരിക്കുവാൻ ബോധവും ത്രാണിയുമുള്ള ഒരു ഭരണകൂടമല്ല നമുക്കുള്ളതെങ്കിലും ഇത്തരം നയങ്ങളെ തുറന്നുകാട്ടുവാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതിനെക്കാളേറെ അപകടകരവും മനുഷ്യാവകാശങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതുമായ മറ്റൊരു നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ലോക്‌സഭയിൽ അവതരിപ്പിച്ചതും എന്നാൽ രാജ്യസഭ തള്ളിക്കളഞ്ഞതുമായ ഡി എൻ എ സാങ്കേതികവിദ്യ (ഉപയോഗവും പ്രയോഗവും) നിയന്ത്രണ ബിൽ വീണ്ടും നിയമമാക്കുവാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.

ജെയിംസ് വാട്സണും ഫ്രാൻസ് ക്രിക്കും ചേർന്ന് 1953 ൽ ജനിതകഘടന വേർതിരിച്ച് അതിന്റെ ഘടനയെ സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ അത് മാനവരാശിയുടെ ഗതിനിർണ്ണയിക്കുവാൻ പോകുന്ന ഒരു കണ്ടുപിടുത്തമാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ തുടർന്ന് നടന്ന പഠനങ്ങളിലൂടെ ഓരോ ജീവജാലങ്ങൾക്കും തനതായും വ്യത്യസ്തവുമായ ജനിതകഘടനയാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞതോടെ കോടാനുകോടി മനുഷ്യവർഗ്ഗത്തെ അടയാളപ്പെടുത്തുന്നതിനുള്ള അതുല്യമായ മാർഗ്ഗമായി ജനിതക പ്രൊഫൈലിംഗ് മാറി. 1962 ലെ നൊബേൽ സമ്മാനവും ഇവരെ തേടിയെത്തി. ശാസ്ത്രലോകം ജനിതക ഘടന പരീക്ഷണത്തിന് വലിയ പ്രാധാന്യമാണ് നല്കിയിരുന്നതെങ്കിലും പ്രകൃതിയുടെ നൈതികതക്ക് പോറലേല്ക്കാതിരിക്കാനുള്ള ശ്രദ്ധ ഭരണകൂടങ്ങൾക്ക് ഉണ്ടായിരുന്നു. മനുഷ്യ കോശങ്ങളിലെ പരീക്ഷണങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്കുപോലും കർശനമായ വ്യവസ്ഥകളോടെയാണ് രാജ്യങ്ങൾ അനുവാദം നൽകിയിരുന്നത്. ജീവജാലങ്ങളുടെ ജനിതക ഘടനയെ സംബന്ധിച്ച പഠനങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയിലെ പരിണാമങ്ങൾ കൃത്യമായി അടയാളപ്പെടുത്തുവാൻ സഹായിച്ചിട്ടുണ്ട്. മനുഷ്യ അസ്തിത്വത്തിന്റെ ഏറ്റവും സൂക്ഷ്മമായ വിശകലന സാധ്യതയാണ് ജനിതക ശാസ്ത്രം തുറന്നിടുന്നത്.

എന്നാൽ ഈ പരീക്ഷണങ്ങൾക്ക് നൈതികതയുടെ പല തലങ്ങളിലും പോറലേല്പിക്കുവാൻ സാധിക്കുമെന്ന് ഓർക്കേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഡി എൻ എ തെരഞ്ഞുപോകുന്നത് അവന്റെ പൂർവ്വികരുടെ കുഴിമാടം തോണ്ടുന്നതുപോലെ അപരിഷ്കൃതമാണ്. ജനിതകഘടനയുടെ അടിസ്ഥാനത്തിൽ പുതിയ വർഗ്ഗീകരണങ്ങൾക്കും ഉന്മൂലന സാധ്യതകളിലേക്കും വഴിതുറക്കുമെന്നതുകൊണ്ടും കൂടിയാണ് മനുഷ്യസ്നേഹികൾ ജനിതക പരിശോധനകളെയും അതുവഴിയുള്ള ശ്രേണിവൽക്കരണത്തെയും എതിർക്കുന്നത്. പ്രതിചേർക്കപ്പെടുന്നവരുടെ ജനിതക ഘടന പരിശോധിച്ച് കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനുള്ള ചർച്ചകൾ 1985 മുതൽ ഇന്ത്യയിൽ നടക്കുകയാണ്. 2003 ൽ ഡിഎൻഎ പ്രൊഫൈലിംഗ് ഉപദേശക സമിതി രൂപീകരിക്കുകയും 2007ൽ ഡിഎൻഎ വിശകലന നിയമത്തിന്റെ കരട് തയ്യാറാക്കുകയും ചെയ്തുവെങ്കിലും ഇന്ത്യയിലെ പ്രബുദ്ധരായ പൗരസമൂഹം ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി ഇതിനെ പ്രതിരോധിച്ചു. യു എസ് എ, ചൈന, കാനഡ തുടങ്ങിയ അറുപതോളം രാജ്യങ്ങളിൽ ജനിതക പരിശോധനകളിലൂടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ നിയമങ്ങൾ നിലവിലുണ്ടെന്നും ഇന്ത്യയിലും ഈ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് ഇതിന്റെ വക്താക്കൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

അപ്പോഴെല്ലാം സ്വകാര്യതയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1964 ലെ ഹെൽസിങ്കി കൺവെൻഷൻ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഏത് തരത്തിലുള്ള ജനിതകഘടന പരീക്ഷണങ്ങളും പരിശോധനകളും മനുഷ്യന്റെ സ്വകാര്യതക്കുമേലുള്ള കടന്നു കയറ്റമായിരിക്കുമെന്ന് സ്ഥാപിക്കുവാൻ ഇന്ത്യയിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിരുന്നു. യുഎസ്എ ഉൾപ്പെടെയുള്ള മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ ശക്തിയും സുതാര്യതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുർബലതകളും നമുക്ക് അനുഭവവേദ്യമാണ്. അടിയന്തരാവസ്ഥ കാലഘട്ടം ഇതാണ് ഓർമ്മിപ്പിക്കുന്നത്. അടിയന്തരാവസ്ഥ പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും അതിനെക്കാളേറെ ജനാധിപത്യ ധ്വംസനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്ന ഈ കാലവും നമ്മുടെ മുന്നിലുണ്ട്. ജനിതകഘടന പരിശോധിച്ച് കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും നിലവിലും ഇത്തരം പരീക്ഷണങ്ങളെ ആശ്രയിക്കാറുണ്ട്. പിതൃനിർണയകേസുകളിൽ ജനിതക ഘടന വേർതിരിച്ചെടുത്തുള്ള പരിശോധനകൾ നടത്താറുണ്ട്. പക്ഷേ അത് പ്രതിയുടെയും ഇരയുടെയും സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ്.

നീതിന്യായ സംവിധാനത്തിന്റെ കർശനമായ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം പരിശോധനകൾ പോലും വലിയ വിവാദങ്ങൾക്ക് ഇടനൽകുന്നുണ്ട്. കക്ഷികളുടെ പരിപൂർണ സമ്മതത്തിനാണ് കോടതികൾ പ്രാമുഖ്യം നൽകുന്നത്. ജനിതക വിവരങ്ങളെ മാത്രം ആശ്രയിച്ച് കുറ്റവാളികളെ തീർച്ചപ്പെടുത്തുന്നതിന് നിലവിൽ നിയമവ്യവസ്ഥയില്ല. ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട ഡിഎൻഎ സാങ്കേതികവിദ്യ (ഉപയോഗവും പ്രയോഗവും) നിയന്ത്രണ ബിൽ പ്രകാരം ജനിതകഘടന പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിനും തെളിയിക്കുന്നതിനുമാണ് വ്യവസ്ഥ ചെയ്യുന്നത്. കേസ്സുകളിൽ വിചാരണയിലിരിക്കുന്നവർ, സംശയിക്കപ്പെടുന്നവർ എന്നിവരിൽ നിന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനും കാണാതായ വ്യക്തികൾ, ദുരന്തത്തിനിരയായവർ, അപകടത്തിൽപ്പെടുന്നവർ തുടങ്ങിയവരെ തിരിച്ചറിയുന്നതിനും ജനിതക പരിശോധനാ ഫലങ്ങൾ നിയമപരമാകും.

നീതിന്യായ നിർവഹണം ശക്തിപ്പെടുത്തുന്നതിനും കുറ്റവാളികളെ ശാസ്ത്രീയമായി കണ്ടെത്തുന്നതിനും ഈ നിയമനിർമ്മാണം കൊണ്ട് സാധിക്കുമെന്ന് പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ ഇതിലെ അപകടം തിരിച്ചറിയപ്പെടാതെ പോകരുത്. നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പ്രതിക്കുമേൽ ആരോപിക്കപ്പെടുന്ന കുറ്റം ആത്യന്തികമായി തെളിയിക്കേണ്ട ബാധ്യത വാദിക്കാണ്. ഡിഎൻഎ സാങ്കേതിക നിയമം പ്രാബല്യത്തിലാകുമ്പോൾ ജനിതകഘടന റിപ്പോർട്ടുകൾ ആത്യന്തിക തെളിവായി മാറും. കോടതികൾക്ക് വിശദമായ വിചാരണ കൂടാതെ കുറ്റാരോപിതനെ നേരിട്ട് കുറ്റക്കാരനായി തീർച്ചപ്പെടുത്താനാകും. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും തെളിവ് നിയമത്തിന്റെയും പ്രയോഗത്തിൽ ഇത് കാതലായ മാറ്റം വരുത്തും. നമ്മുടെ സംവിധാനങ്ങൾ അത്ര നിഷ്പക്ഷമോ അഴിമതിരഹിതമോ അല്ല എന്നോർക്കണം.

ജനിതക ഘടന റിപ്പോർട്ടുകൾ വ്യാജമായി തയ്യാറാക്കി മനഃപൂർവമായി പ്രതികളെ സൃഷ്ടിച്ചെടുത്ത് ശിക്ഷിക്കുന്നതിന് ഈ നിയമം ദുരുപയോഗം ചെയ്യും. വ്യാജ ഏറ്റുമുട്ടലുകൾ നടത്തി നിരപരാധികളെ കൊല്ലുന്ന വാർത്തകൾ ഇപ്പോൾ അതിശയോക്തികരമല്ലാതായിരിക്കുന്ന കാലമാണ്. നിയമത്തിന്റെ അപകടകരമായ ഇത്തരം സാധ്യതകളെ തിരിച്ചറിയണം. യുഎപിഎ നമ്മുടെ മുന്നിലുണ്ട്. നിയമം സ്ഥാപിച്ചപ്പോൾ ഉണ്ടായിരുന്ന ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് എത്രയോ അകലെയാണ് അത് പ്രയോഗത്തിൽ വന്നപ്പോൾ നമുക്ക് അനുഭവവേദ്യമായത്. ദേശദ്രോഹത്തിന്റെ നേരിയ ചരടിൽ എത്രയോ നിരപരാധികൾ കുടുക്കിലകപ്പെട്ടിരിക്കുന്നു. നിഷ്പക്ഷരായ വിചാരണ കോടതികൾക്ക് വരെ നിരപരാധികളായ വ്യക്തികളെ യുഎപിഎയുടെ കെട്ടുപാടിൽ നിന്നും രക്ഷിക്കാനാകുന്നില്ല. ഇത്തരം നിയമങ്ങൾ ഭസ്മാസുരന് വരം നല്കുന്നതുപോലെ അപകടകരമാണ്. കുറ്റവാളികളുടെ ജനിതകഘടനയുടെ ഡാറ്റ ബേസ് സ്ഥാപിക്കുന്നതിനും അതിനായി ദേശീയമായും പ്രാദേശികമായും ഡിഎൻഎ ബോർഡുകൾ സ്ഥാപിക്കുന്നതിനും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരം ജനിതക വിവരങ്ങൾ ശേഖരിച്ച് എതിർസ്വരങ്ങളെ അടയാളപ്പെടുത്തി അടിച്ചമർത്തുന്നതിന് ഭരണകൂടത്തിന് സാധിക്കും. എത്രമാത്രം അപകടകരമാകും ഇതെന്നതിൽ സംശയമില്ല.

രക്തം, തലമുടി, നഖം, തൊലിയുടെ ഭാഗങ്ങൾ, ഉമിനീർ ഇവയിൽ ഏതെങ്കിലും ലഭിച്ചാൽ വ്യക്തിയുടെ ജനിതകഘടന വേർതിരിച്ചെടുക്കാനാകും. ഒസാമ ബിൻ ലാദനെ വധിക്കുന്നതിന് അമേരിക്ക കണ്ടെത്തിയ മാർഗ്ഗം ഇതായിരുന്നു. ഒരു വ്യക്തിയെ മാത്രമല്ല തലമുറകളെ തന്നെ ഇതുവഴി അടയാളപ്പെടുത്താനാകും. ദുഷ്ടബുദ്ധിയുള്ള ഭരണകൂടങ്ങളുടെ കൈവശം ഇത്തരം ജനിതക വിവരങ്ങൾ എത്തിയാൽ എന്താകും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു മോഷ്ടാവിന്റെ ജനിതകഘടനയിൽ മോഷ്ടിക്കുന്ന സ്വഭാവവുമായി ബന്ധപ്പെട്ട ജനിതക കോഡ് കണ്ടെത്തിയാൽ അദ്ദേഹത്തിന്റെ തലമുറകളെ ആകെ നിരീക്ഷണത്തിലാക്കാൻ ഭരണകൂടത്തിന് സാധിക്കും. സ്വകാര്യതക്കേൽക്കുന്ന വലിയ വെല്ലുവിളിയായി ഇത് മാറും. കുറ്റവാളികളെ കുറ്റവാസനയിൽ നിന്നും രക്ഷപ്പെടുത്തി ശുദ്ധീകരിച്ച് സാമൂഹ്യബോധമുള്ള ഉത്തമ പൗരനാക്കുക എന്നതാണ് പുരോഗമന രാഷ്ട്രസങ്കല്പങ്ങളിൽ ശിക്ഷ കൊണ്ട് ലക്ഷ്യമിടുന്നത്. കുറ്റകൃത്യത്തിലേർപ്പെടുന്നതും കുറ്റം കണ്ടെത്തി ശിക്ഷിക്കുന്നതും വ്യത്യസ്ത തലത്തിലാണ് വീക്ഷിക്കേണ്ടത്. പലപ്പോഴും ജീവിത സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. എന്നാൽ ജനിതകഘടനകളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളെ വീക്ഷിക്കുന്നതാണ് പുതിയ നിയമം. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവും ജനാധിപത്യ സങ്കല്പത്തിന് എതിരായ സമീപനവുമാണ്.

ജെനോം ഇന്ത്യാ പ്രോജക്ട് എന്ന പേരിൽ ഒരു പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുളളത് ഇതിനോടൊപ്പം ചേർത്ത് വായിക്കണം. സംശയദൃഷ്ടിയോടു കൂടി മാത്രമേ ഈ പദ്ധതിയെയും വീക്ഷിക്കാനാകൂ. ഇന്ത്യക്കാരന് ഒരു ഏകീകൃത ജനിതകഘടന കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കർശനമായ ഉപാധികളോടും നിയന്ത്രണങ്ങളോടും സുരക്ഷയോടും കൂടി സുതാര്യമായിട്ടാണ് ജനിതക വിവരങ്ങൾ ശേഖരിക്കുന്നത് എന്നാണ് പറയപ്പെടുന്നതെങ്കിലും ഭരണകൂട താല്പര്യങ്ങൾ ഈ സ്വകാര്യ വിവരങ്ങളെ എങ്ങനെ ഉപയോഗിക്കുമെന്ന് പ്രവചിക്കാനാകില്ല. ബഹുസ്വരമായ ഇന്ത്യയുടെ പൈതൃകത്തെ ഏകത്വത്തിൽ അടയാളപ്പെടുത്തുന്നതിനുള്ള ശ്രമമായി മാത്രമേ ഇത്തരം പദ്ധതികളെ കാണാനാകൂ. ജെനോം ഇന്ത്യ പ്രോജക്ടിനെ സംബന്ധിച്ചും മൂർത്തമായ സംവാദങ്ങൾ ഉയർന്നുവന്നിരുന്നില്ല. ഡിഎൻഎ സാങ്കേതികവിദ്യ (ഉപയോഗവും പ്രയോഗവും) നിയന്ത്രണ നിയമം കേവലമായ ഒരു നീതിനിർവഹണ നിയമം എന്നതിലുപരി മനുഷ്യനെ അവന്റെ ജനിതക പൈതൃകത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുന്നതിനാണ് ഉപകരിക്കുക. ഇത് ഒരു രാഷ്ട്രീയ തീരുമാനമല്ല എന്നും നീതിന്യായ വ്യവസ്ഥിതിക്ക് ശാസ്ത്രീയമായ അടിത്തറ കണ്ടെത്തുന്നതിനുള്ള തികച്ചും പുരോഗമനപരവും പരിഷ്കൃതവും ആധുനികവുമായ ചുവടുവയ്പാണ് എന്നും ഭരണകൂടവക്താക്കൾ വാഴ്ത്തിപ്പാടും. പക്ഷേ നാം കരുതിയിരിക്കണം. ശാസ്ത്രജ്ഞന്റെയും ഡോക്ടറുടെയും ബ്യൂറോക്രാറ്റിന്റെയും നേട്ടങ്ങളും തസ്ക്കരന്റെയും കൊലയാളിയുടെയും കുറവുകളും ജനിതകവ്യത്യാസം മൂലമാണെന്ന കണ്ടെത്തലിലേക്ക് നയിക്കുന്ന അന്വേഷണങ്ങൾ വലിയ മാനുഷികാവകാശ വിഷയങ്ങളായി മാറും.

കുറ്റവാളികളുടെ ജനിതക വിവരം ശേഖരിച്ച് അവരുടെ വംശീയമായ വേരുകൾ കണ്ടെത്തി അടയാളപ്പെടുത്തും. ഡി എൻ എ ബോർഡുകളുടെ ഉദ്ദേശം ഇതുതന്നെയാണ്. രാജ്യസ്നേഹികളെയും രാജ്യദ്രോഹികളെയും ഇങ്ങനെ വർഗ്ഗീകരിക്കാം. ചില പ്രത്യേക ക്രോമസോമുകൾ ഉള്ളവരുടെ തലമുറകൾ രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തപ്പെടാം. ആധാർ മുഖേന നമ്മുടെ ഐഡന്റിറ്റിയെ അടയാളപ്പെടുത്തിയതിന്റെ എത്രയോ ഇരട്ടി ഭയാനകമായിരിക്കും ഈ ജനിതകമായ ക്രോഡീകരിക്കൽ. ദേശീയതയുമായി ബന്ധപ്പെട്ട് ഒരു ജനിതകഘടന ഉണ്ടെന്ന് നിശ്ചയിക്കപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് എത്രമാത്രം ഭീകരമായിരിക്കും. ഉത്തമരായ പൗരന്മാരെ സൃഷ്ടിക്കുന്നതിനും വംശമഹിമ നിലനിറുത്തുന്നതിനും കലർപ്പില്ലാത്ത ജനിതകഘടന ഉള്ളവരെ കണ്ടെത്തുന്നതിനുമായി ഹിറ്റ്ലർ നടപ്പിലാക്കിയ വംശശുദ്ധി സിദ്ധാന്തം ചരിത്ര ബോധമുള്ളവർക്ക് ഓർമ്മയുണ്ടാകും. ഇന്ത്യയും അതേ പാതയിലാണെന്ന് സംശയിച്ചാൽ തെറ്റില്ല. ഇത്തരം പ്രതിലോമകരമായ നിയമങ്ങൾ അതോറിറ്റേറിയൻ രാഷ്ട്രീയ നിലപാടുകളിൽ നിന്നും ഉരുത്തിരിയുന്നതാണ്. അത്തരമൊരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യാ മഹാരാജ്യത്തെ നയിക്കുന്നത്. ലിബറൽ ആശയങ്ങൾക്കെതിരെയുള്ള നീക്കമാണിത്തരം നിയമനിർമ്മാണങ്ങൾ. സ്വേച്ഛാധിപത്യത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണിത്.

ബഹുസ്വരമായ മാനുഷിക ഘടനയെ ഇത്തരക്കാർക്ക് അംഗീകരിക്കാനാകില്ല. മനുഷ്യനെ അവന്റെ നിറം, ഉയരം, ആരോഗ്യം, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ശ്രേണീകരിക്കും. ചരിത്രത്തിലുടനീളം ഇത്തരം ഭരണകൂട താല്പര്യങ്ങൾ കാണാനാകും. ഭരണകൂടം കണ്ടെത്തിയ കുടിലതയാണ് ഈ നിയമം. വിമത ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും അടയാളപ്പെടുത്തുന്നതിനും ഇത് പ്രയോഗിക്കും. ഭരണകൂട ആശയങ്ങളുമായി താദാത്മ്യം പ്രാപിച്ച ജനതയ്ക്ക് മാത്രം നിലനില്പുള്ള ഒരു സംവിധാനം വാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. ഇത് കേവലമായി നീതിനിർവഹണത്തെ ശാസ്ത്രീയമാക്കുന്നതിനുള്ള ഒരു നിയമനിർമ്മാണമല്ല, ഇതിലെ രാഷ്ട്രീയം ഹിറ്റ്ലറുടെയും മനുസ്മൃതിയുടെയും രാഷ്ട്രീയമാണ്. ഇതിനെ നാം തിരിച്ചറിയണം. ജനിതകഘടന നിർണയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നുവരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.