12 June 2024, Wednesday

ഇന്ന് ലോകസാക്ഷരതാ ദിനം; അക്ഷരകേരളത്തിൽ നിന്ന് നവകേരളത്തിലേക്ക്

കെ കെ ശിവദാസൻ
September 8, 2021 4:45 am

1991 ഏപ്രിൽ 18. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലേക്ക് ജനസഹസ്രങ്ങളാണ് അന്ന് ഒഴുകിയെത്തിയത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രി ഇ കെ നായനാർ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഇരിപ്പിടം സദസിലായിരുന്നു. മലപ്പുറത്തെ നവ സാക്ഷര ചേലക്കോടൻ ആയിഷയാണ് വേദിയിലെ മുഖ്യാതിഥി. സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന പ്രഖ്യാപനം നടത്തിയത് ആയിഷയാണ്. ഒരു വർഷം നീണ്ട സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ പരിസമാപ്തിയായിരുന്നു അത്. ആധുനിക കേരളസൃഷ്ടിക്കുള്ള തുടക്കം കുറിക്കൽ കൂടിയായി അതുമാറി.

ജീവിക്കാനാവശ്യമായ എഴുത്തും വായനയ്ക്കുമൊപ്പം സമൂഹത്തിന്റെ പൊതുവികാസത്തിന് കഴിവുകൾ പ്രയോജനപ്പെടുത്താൻ ജനതയെ സജ്ജമാക്കുക എന്നതാണ് സാക്ഷരതാ പ്രവർത്തനത്തിലൂടെ കേരളം ലക്ഷ്യമിട്ടത്. വലിയൊരു ജനകീയ മുന്നേറ്റത്തിലൂടെ അത് യാഥാർത്ഥ്യമാക്കി എന്നതാണ് കേരളം ലോകത്തിനു കാണിച്ച മാതൃക. അതോടൊപ്പം ചെറിയ മുതൽമുടക്കിൽ മികച്ച നേട്ടമെന്ന വികസന തന്ത്രത്തിന്റെ പരീക്ഷണം കൂടിയായി ഇതു മാറുകയായിരുന്നു. എല്ലാറ്റിലുമുപരി പകുതിയിലേറെ വരുന്ന സ്ത്രീകളെ വികസന പങ്കാളികളാക്കുന്നതിനുമുള്ള പരീക്ഷണശാല കൂടിയായി സാക്ഷരതാ യജ്ഞം മാറി. യുവത്വത്തിന്റെ തുടിപ്പും എങ്ങും ദൃശ്യമായിരുന്നു. കക്ഷിരാഷ്ട്രീയവും വികസനവും കൂട്ടിക്കുഴയ്ക്കാതെ വികസന പ്രവർത്തനങ്ങളിൽ ഒരുമിക്കണമെന്ന ബാലപാഠവും കേരളം സാക്ഷ്യപ്പെടുത്തി.

സന്നദ്ധ സേവനത്തിന്റെ അനന്തസാധ്യതകൾ കേരളം തുറന്നിട്ടത് ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ലക്ഷക്കണക്കിന് ഇൻസ്ട്രക്ടർമാരും മാസ്റ്റർ ട്രെയിനർമാരും ഒരു പ്രതിഫലവും പറ്റാതെയാണ് മാസങ്ങളോളം അണിനിരന്നത്. ആവേശത്തിന്റെ കുത്തൊഴുക്കായിരുന്നു എവിടേയും. സാക്ഷരതാ പ്രവർത്തനത്തിൽ കേരളം ഉയർത്തിപ്പിടിച്ച ഈയൊരു മാതൃകയാണ് പ്രളയകാലത്തും മഹാമാരിയിലും ഉയിർത്തെഴുന്നേറ്റത്.  നിർദ്ദേശങ്ങൾക്കും ആഹ്വാനങ്ങൾക്കും കാത്തു നിൽക്കാതെയാണ് കേരളമൊന്നാകെ അധ്വാനമായും വിഭവങ്ങളായും പെയ്തിറങ്ങിയത്. കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റതു മുതൽ ദീർഘവീക്ഷണത്തോടെയാണ് വികസന സ്വപ്നങ്ങൾക്ക് നിറം നൽകിയത്. അത് യാഥാർത്ഥ്യമാക്കുന്നതിന് തുടക്കമിട്ടത് ഭൂപരിഷ്കരണത്തിലൂടെയായിരുന്നു. മണ്ണിൽ പണിയുന്നവർക്ക് ഭൂമി സ്വന്തമായി കിട്ടിയതോടെയാണ് അടുത്ത ഘട്ടമായ അക്ഷരത്തിലേക്കു കാൽവച്ചത്.

 

ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴെല്ലാം പുതുകേരളത്തിലേക്ക് വഴിതെളിക്കുന്നതിന് കർമപദ്ധതികൾ നടപ്പിലാക്കി. ഭൂപരിഷ്കരണത്തിനും സാക്ഷരതയ്ക്കും ശേഷം നാം കണ്ടത് ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു. അധികാര വികേന്ദ്രീകരണത്തെ തുടർന്ന് വികസനാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ പുതുകേരള സൃഷ്ടിക്കായി നടത്തിയ ശക്തമായ കാൽവയ്പായിരുന്നു. ഇതിനിടയിലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്കു കടന്നത്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിനാണ് ഇതിലൂടെ തുടക്കമിട്ടത്. ക്ലാസിൽ മൂന്നോ നാലോ മിടുക്കരെ വളർത്തുന്നതിൽനിന്നു മാറി എല്ലാവരെയും പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സാമൂഹ്യ ലക്ഷ്യം കൂടി നിറവേറ്റുന്നതായിരുന്നു പാഠ്യപദ്ധതി പരിഷ്കരണം. ക്ലാസ്‌മുറിക്കകത്തും പഠനത്തിലും വിപ്ലവകരമായ മാറ്റമാണ് ഇതുവഴിയുണ്ടായത്.

 

എല്ലാവരും പഠനത്തിലേക്ക് എന്നത് യാഥാർത്ഥ്യമായതോടുകൂടി ഭാവികേരളം ക്ലാസ് മുറിയിൽ ഭദ്രമാവുകയായിരുന്നു.  വികസന സ്വപ്നങ്ങൾക്കു ചിറകു നൽകിക്കൊണ്ട് കേരളം മുന്നോട്ടു വെച്ച നവകേരള മിഷൻ മറ്റൊരു നാഴികക്കല്ലായിരുന്നു. മണ്ണു സ്വന്തമായി കിട്ടിയ ജനതയ്ക്ക് അക്ഷരം നൽകിയതും അവരെ അധികാരത്തിലും വികസനത്തിലും പങ്കാളിയാക്കിയതിനും പിന്നാലെയാണ് മൊത്തം ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന നവകേരള മിഷനിലേക്കു കടന്നത്. ശുദ്ധവായുവും നല്ല വെള്ളവും നല്ല ആഹാരവുമെന്ന അടിസ്ഥാനാവശ്യമാണ് ഹരിതകേരള മിഷനിലൂടെ വിഭാവനം ചെയ്തത്. ഇതിനു സഹായകമായ തരത്തിൽ കൃഷി, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കാണ് ഹരിത കേരളം ഊന്നൽ നൽകിയത്. ആരോഗ്യ സുരക്ഷയ്ക്കായി ആവിഷ്കരിച്ച ആർദ്രവും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വാസയോഗ്യമായ വീടുറപ്പാക്കുന്ന ലൈഫ് പദ്ധതിയുമെല്ലാം കേരള വികസനത്തിനുള്ള സമഗ്രമായ കണ്ണിചേർക്കലായിരുന്നു.
സാക്ഷരതായജ്ഞം വെട്ടിത്തുറന്ന പാതയിലൂടെയുള്ള യാത്രയാണ് നവകേരളമെന്ന ആശയത്തിലെത്തി നിൽക്കുന്നത്. ഇടതുപക്ഷ സർക്കാരുകൾ എടുത്ത കാൽവയ്പുകൾ ഓരോന്നിലുമുള്ള കൃത്യമായ ഒരു ശ്രേണീബന്ധം കൂടി ഇവയിലെല്ലാം ദൃശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.