October 6, 2022 Thursday

ആളെ കൊല്ലുന്ന മുറിവൈദ്യന്മാർ

സി എൻ ചന്ദ്രൻ
January 24, 2021 5:45 am

മുറിവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. ആ ചൊല്ല് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നടത്തുന്ന ഇടപെടലുകള്‍ ആരിലും ചിരിയുണര്‍ത്തുന്നതാണ്. ദേശീയതലത്തില്‍ അനുദിനം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് ചുക്കാന്‍പിടിച്ചവര്‍ കേരളത്തില്‍ രക്ഷകരായി അവതരിക്കുന്നതിന്റെ കൗതുകമാണ് ജനം ചര്‍ച്ചചെയ്യുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ദയനീയമായ തകര്‍ച്ചയെ നേരിട്ടത് രാജ്യമാകെ കണ്ടതാണ്. ഫാസിസത്തിനെതിരെ പോരാടാന്‍ കേരളത്തില്‍ വന്ന് എല്‍ഡിഎഫിനെതിരെ മത്സരിച്ച ഹൈക്കമാന്‍ഡ് നേതാവിനെ കണ്ടവരാണ് നമ്മള്‍. പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷംപോലും അല്ലാതായ ദയനീയാവസ്ഥയെക്കുറിച്ച് പരിശോധിക്കാനും പഠിക്കാനും ഹൈക്കമാന്‍ഡില്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിരോധം തീര്‍ത്ത മഹാസഖ്യംതന്നെ ദുര്‍ബലപ്പെട്ടത് കോണ്‍ഗ്രസിന്റെ നിലപാടുകളും സമീപനങ്ങളും കാരണമായിരുന്നു.

പാര്‍ട്ടിയുടെ ദേശീയതലത്തിലെ മുഖങ്ങളായിരുന്ന നിരവധിയാളുകള്‍ ഒരു സങ്കോചവുമില്ലാതെ ബിജെപിയുടെ ഭാഗമായി തീര്‍ന്നത് നിസംഗമായി നോക്കിനിന്നവരാണ് കോണ്‍ഗ്രസിന്റെ ദേ­ശീ­യ നേതൃത്വം. ജ്യോതിരാദിത്യ സിന്ധ്യയും ടോംവടക്കനും ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകിപ്പോയി. പാര്‍ട്ടിയുടെ ദേശീയ നേതൃപദവിയുടെ ഗൗരവംപോലും മനസിലാക്കാതെ രാഷ്ട്രീയത്തെ കുട്ടിക്കളിയായി മാത്രം കാണുന്ന രാഹുല്‍ഗാന്ധിയെന്ന നേതാവ് സൃഷ്ടിക്കുന്ന പ്രതിസന്ധിയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. പാര്‍ട്ടിക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ദേശീയ അധ്യക്ഷനില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ സ്ഥിതി അനുദിനം മോശമാവുകയാണെന്ന് വിലപിക്കുന്ന കപില്‍ സിബലും ഗുലാംനബി ആസാദും ശശിതരൂരുമെല്ലാം ഒരു ഭാഗത്ത് നില്‍ക്കുകയാണ്.

ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട അതീവ ഗൗരവമായ നിയമങ്ങള്‍ പാര്‍ലമെന്റിനുള്ളില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാനുള്ള വേദിയായി പാര്‍ലമെന്റിനെ മാറ്റേണ്ട സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടി ഉല്ലാസയാത്ര നടത്തുന്ന രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തെ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. ദേശീയ നേതൃത്വത്തിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രാധാന്യം രാഹുല്‍ഗാന്ധിയെപ്പോലും പഠിപ്പിക്കാന്‍ കഴിയാത്ത ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസിനെ എങ്ങനെയാണ് രക്ഷിക്കാന്‍ പോകുന്നതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നത് ആശയങ്ങളും നയ സമീപനങ്ങളുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന് ആശയവും നയവും ഇല്ലാതായിട്ട് കാലമേറെയായി. അധികാരം എന്ന ഒറ്റ ലക്ഷ്യത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആള്‍ക്കൂട്ടം മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ്. അധികാരത്തിനുവേണ്ടി എത്ര നീചമായതും നെറികെട്ടതുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാനും ഒരു മടിയുമില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ബിജെപിക്കെതിരായി പോരാട്ടം നടത്താന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുമ്പോള്‍ ബിജെപിക്കൊപ്പം നിന്ന് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിനെയാണ് കേരളത്തില്‍ നാം കാണുന്നത്. സ്വന്തം പാര്‍ട്ടിയുടെ ദേശീയ നേതാക്കളെ വിവിധ കേസുകളില്‍പ്പെടുത്തി ജയിലിലടയ്ക്കുന്നതും നിയമനടപടികള്‍ക്ക് വിധേയമാക്കുന്നതിനും ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു­വെ­ന്ന് ദേശീയ നേതൃത്വം പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് കേന്ദ്ര അ­ന്വേഷണ ഏജന്‍സികള്‍ വിശുദ്ധ പശുക്കളാണ്.

അധികാരമുപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കേരളത്തില്‍ പ്രസംഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രിയെ കേരളത്തിലെ പ്രതിപക്ഷ നേതാവ് തിരുത്താന്‍ ശ്രമിച്ചത് നാം കണ്ടതാണ്. ബിജെപിക്കെതിരെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തിയ രാഹുല്‍ഗാന്ധിയെ ചെന്നിത്തല തിരുത്താന്‍ ശ്രമിച്ചതും കേരളം മറന്നിട്ടില്ല. ദേശീയതലത്തില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ഉയര്‍ത്തുന്ന ജനാധിപത്യവിരുദ്ധവും ജനദ്രോഹകരവുമായ നയങ്ങളെ തിരുത്തിക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ ജനം തള്ളിക്കളയുന്നതില്‍ എന്താണ് അത്ഭുതം?
കഴിഞ്ഞകാലത്ത് കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രകടനങ്ങള്‍ എത്രമാത്രം പരിഹാസ്യവും ദയനീയവുമായിരുന്നുവെന്ന് നാം അനുഭവിച്ചറിഞ്ഞതാണ്. നിയമസഭയ്ക്കുള്ളിലും പുറത്തും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിനും പ്രതിപക്ഷം ഉത്കണ്ഠപ്പെടുന്നതായി നമുക്ക് കാണാന്‍ കഴിഞ്ഞില്ല. കേരളത്തിലെ ഗവണ്‍മെന്റിനെതിരെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഉയര്‍ത്തുന്ന രാഷ്ട്രീയ അജണ്ടകളുടെ കേരളത്തിലെ പ്രചാരകര്‍ മാത്രമായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
അനുദിനം ഉയരുന്ന ഇന്ധനവിലയും കേന്ദ്ര സര്‍ക്കാരാല്‍ വേട്ടയാടപ്പെടുന്ന കര്‍ഷകരുടെ വിലാപങ്ങളും പൗരത്വ ഭേദഗതി നിയമവും പൊതുമേഖലാ സ്ഥാപനങ്ങളുടെ കച്ചവടവല്‍ക്കരണവും കേരളത്തോടുള്ള കേന്ദ്ര അവഗണനയും ഒന്നും പ്രതിപക്ഷത്തിന്റെ വിഷയങ്ങളായിരുന്നില്ല. ഓഖിയും രണ്ടു പ്രളയങ്ങളും നിപ്പയും തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കാനും ജനങ്ങളുടെ കണ്ണീരൊപ്പാനും സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊപ്പമായിരുന്നില്ല പ്രതിപക്ഷം. ആ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനായിരുന്നു അവര്‍ എല്ലാക്കാലത്തും പരിശ്രമിച്ചത്.

കോവിഡിന്റെ ദുരന്തകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചരണത്തിന്റെ വക്താക്കള്‍ ബിജെപിയും കോണ്‍ഗ്രസുമായിരുന്നു. എന്നാ­ല്‍ ആ ആഹ്വാനം പൊതുസമൂഹം തള്ളിക്കളയുകയും ദുരിതാശ്വാസ നിധിയിലേക്ക് കേരളം നല്ലനിലയില്‍ സംഭാവന നല്‍കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് ജനങ്ങളുടെ കണ്ണുനീരൊപ്പാന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളെ പരിഹസിക്കുകയാണ് പിന്നീട് യുഡിഎഫ് ചെയ്തത്. പെന്‍ഷനും കിറ്റുമെല്ലാം കോണ്‍ഗ്രസിന് സര്‍ക്കാരിനെ പരിഹസിക്കാനുള്ള സംഗതികള്‍ മാത്രമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ പ്രതിപക്ഷം ജനവിരുദ്ധമായ സമീപനങ്ങള്‍ മാത്രമാണ് കൈക്കൊണ്ടത്. അവരെ അലോസരപ്പെടുത്തിയത് കേരളത്തിലെ ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനപിന്തുണയും അതിലൂടെ ഉണ്ടാകാന്‍ പോകുന്ന ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യതകളുമാണ്.

അധികാരം ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ. അധികാരമില്ലാതെ പാര്‍ട്ടി ഉണ്ടാവുകയില്ലെന്ന തിരിച്ചറിവാണ് കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന മനോവിഭ്രാന്തിയുടെ കാരണം. സ്വാര്‍ത്ഥമതികളും അധികാരമോഹികളും ജനവിരുദ്ധരുമായ ഈ കൂട്ടം കേരളത്തിലെ പൊതുതാല്‍പര്യങ്ങള്‍ക്ക് എതിരാണ് എന്ന് ജനം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് കോണ്‍ഗ്രസിനെ തിരസ്‌കരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ആ പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ മുറിവൈദ്യന്മാരുടെ ചികിത്സയ്ക്കാവുകയില്ല. മുറിവൈദ്യന്‍ ആളെ കൊല്ലുമെന്ന പ്രമാണം ഓര്‍മ്മിക്കുന്നത് നന്നാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.