Tuesday
19 Mar 2019

മാനവിക ഐക്യത്തിന്‍റെ ബഹുസ്വരദേശീയതായാത്ര

By: Web Desk | Wednesday 9 January 2019 10:13 PM IST


ആലങ്കോട് ലീലാകൃഷ്ണന്‍

അരനൂറ്റാണ്ടോളം കാലമായി മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ പുരോഗമനാശയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജനകീയ കലാസാഹിത്യപ്രസ്ഥാനമാണ് യുവകലാസാഹിതി. നവോത്ഥാനാനന്തരകേരളത്തിലെ സാംസ്‌കാരികദീപ്തമായ ഒരു കാലഘട്ടത്തോടൊപ്പം ഉണര്‍ന്നവരും മറ്റുള്ളവരെ ഉണര്‍ത്തിയവരുമായ ഒട്ടനവധി സാംസ്‌കാരികപ്രവര്‍ത്തകര്‍ ജീവന്‍ നല്‍കിയ സര്‍ഗാത്മകതയാണ് യുവകലാസാഹിതിയുടെ കൈമുതല്‍. എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി മനുഷ്യമനസുകളെ ഒന്നിപ്പിക്കുവാന്‍ സര്‍ഗാത്മകതയ്ക്കു കഴിയും എന്ന് യുവകലാസാഹിതി വിശ്വസിക്കുന്നു.
മനുഷ്യനിലും മനുഷ്യവര്‍ഗ്ഗത്തിന്റെ സാംസ്‌കാരികസംഘശക്തിയിലും ഉറച്ചുവിശ്വസിച്ചുകൊണ്ട് വര്‍ത്തമാനകാല ഭാരതത്തിലെ കലക്കങ്ങളെയും കലുഷതകളെയും മറികടക്കുവാന്‍ യുവകലാസാഹിതി ഇന്ന് ഒരു സാംസ്‌കാരികയാത്ര പുറപ്പെടുകയാണ്.
വാദിക്കാനും ജയിക്കാനുമല്ല, വെറുക്കാനും അകലാനുമല്ല; അറിയാനും അറിയിക്കാനും സ്‌നേഹിക്കാനും അടുക്കാനും മാത്രമായി ഒരു ദേശീയ – ബഹുസ്വരമാനവികൈക്യത്തിന്റെ ഹൃദയസന്ദേശയാത്ര.

”നരനും നരനും തമ്മില്‍
സാഹോദര്യമുദിയ്ക്കണം
അതിനു വിഘ്‌നമായുള്ള-
തെല്ലാം ഇല്ലാതെയാകണം”

ശ്രീനാരായണഗുരുവിന്റെ ഈ വിശിഷ്ട സാഹോദര്യ സന്ദേശം തന്നെയാണ് ഈ യാത്രയുടെ കാതല്‍.

1984 ല്‍ യുവകലാസാഹിതി നടത്തിയ പദയാത്രയില്‍ നിന്നും
(ഫയല്‍ ചിത്രം)

കലകള്‍ക്കും സാഹിത്യത്തിനും മനുഷ്യര്‍ക്കിടയില്‍ സ്‌നേഹസാഹോദര്യങ്ങളുടെ ഇടറാത്ത പാലം നിര്‍മ്മിക്കാന്‍ സാധിക്കും. അതിനാല്‍ യുവകലാസാഹിതി പാട്ടും കവിതയും നാടകവും നാടന്‍പാട്ടുകളും പ്രസംഗങ്ങളും സംവാദങ്ങളുമായി ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങുന്നു. ഒട്ടനവധി എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരികപ്രവര്‍ത്തകരും ഈ യാത്രയില്‍ പങ്കുചേരും. ധാരാളം കലാവിഷ്‌കാരങ്ങളും ആശയസംവാദങ്ങളും സാംസ്‌കാരിക രാഷ്ട്രീയ വിനിമയങ്ങളും യാത്രയിലുടനീളമുണ്ടാകും. ഇന്ത്യന്‍ ജനസംസ്‌കൃതിയെ മുന്നോട്ടു ചലിപ്പിക്കുന്ന പുരോഗമനപരമായ ഒരാശയത്തെയും പ്രവര്‍ത്തനത്തെയും മാറ്റിനിര്‍ത്താന്‍ യുവകലാസാഹിതി ശ്രമിക്കുകയില്ല. എല്ലാ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും ബഹുസ്വര – ജനാധിപത്യരീതിയില്‍ സംവാദങ്ങളിലേര്‍പ്പെട്ട് പുതിയ പുരോഗതിയിലേയ്ക്കു മുന്നേറട്ടെ. ആയുധമോ അക്രമമോ അല്ല സംസ്‌കാരത്തിന്റെ സമരായുധം. സാംസ്‌കാരിക ഫാഷിസത്തെ ഉദാര ജനാധിപത്യസംസ്‌കാരം കൊണ്ടല്ലാതെ നേരിട്ടു ജയിക്കാനാവുകയില്ല.

ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാംസ്‌കാരിക ഫാഷിസത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിലേയ്ക്ക് ഫാഷിസം ഒളിച്ചുകടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. വികസിത മുതലാളിത്തവും അതിന്റെ സൃഷ്ടികളായ ഫാഷിസ്റ്റ് വര്‍ഗ്ഗീയ ഭീകരതകളും ബഹുസ്വരതയിലൂന്നിയ ഇന്ത്യയുടെ യഥാര്‍ത്ഥ ജനസംസ്‌കാരത്തെ അടിമുടി അട്ടിമറിക്കുകയാണ്. ദേശീയതയെ ‘ഹിന്ദുത്വമാക്കി പുനര്‍നിര്‍വചിച്ചുകൊണ്ട് ഈനാടിന്റെ നാനാത്വത്തിലൂന്നിയ ഏകത്വസംസ്‌കൃതിയെ ശിഥിലമാക്കുവാന്‍ ഭരണകൂടം തന്നെ നേരിട്ടു നേതൃത്വം വഹിക്കുന്നു. ദളിതരും സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും കീഴാള ജനസമൂഹങ്ങളും നിരന്തരമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുന്നു. കര്‍ഷകരും തൊഴിലാളികളും ബഹുജനങ്ങളും അതിജീവനത്തിനായുള്ള ജീവന്മരണ പോരാട്ടത്തിനിറങ്ങേണ്ട സ്ഥിതിയിലായിരിക്കുന്നു. സവര്‍ണാധിപത്യത്തിലൂന്നിയ ഒരു നവ സാംസ്‌കാരിക ചാതുര്‍വര്‍ണ്യവ്യവസ്ഥ, ഇന്ത്യന്‍ ഭരണഘടന ഭാവനചെയ്ത ദേശീയജനാധിപത്യ- ബഹുസ്വര മനുഷ്യാവകാശങ്ങളെയെല്ലാം അസാധുവാക്കിത്തീര്‍ക്കുന്നു.
കേരളവും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ആശയകലുഷതകളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. നവോത്ഥാനം ഉണര്‍ത്തിയ മാനവിക പ്രത്യാശകള്‍ക്കെല്ലാം മങ്ങലേറ്റിരിക്കുന്നു. പല പകലുകള്‍ കൊണ്ട് നാം മുന്നോട്ടു വെട്ടിയ വഴികളെല്ലാം ഒറ്റ രാത്രികൊണ്ടു പിന്നിലേയ്ക്കാക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ട് അവര്‍ ആധുനിക കേരളത്തെ പഴയ ഭ്രാന്താലയാവസ്ഥയിലേയ്ക്കു തിരിച്ചുനടത്തുന്ന ദുരവസ്ഥയിലെത്തിക്കുകയാണ്.

ഈ സാംസ്‌കാരിക ജീര്‍ണ്ണതയുടെ പ്രളയത്തെ അതിജീവിച്ചുകൊണ്ടല്ലാതെ മതേതര മാനവബോധത്തിലും സമത്വത്തിലുമൂന്നിയ ഒരു നവഭാരതവും നവകേരളവും സൃഷ്ടിക്കാനാവുകയില്ലെന്ന് യുവകലാസാഹിതി തിരിച്ചറിയുന്നു. ജാതിമതഭേദമില്ലാത്ത സമൂഹം, ആത്മദാസ്യവും അടിമത്തവുമില്ലാത്ത സ്വതന്ത്രസാംസ്‌കാരിക ബോധം, സ്ത്രീക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഒരേ മനുഷ്യാവകാശ സമത്വമനുവദിക്കുന്ന പൊതുനീതിബോധം, മതേതരമാനവികസാഹോദര്യം, വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പുരോഗമനോന്മുഖമായ നവീകരണം, നാനാത്വത്തിലൂന്നിയ ബഹുസ്വരദേശീയത തുടങ്ങി പുതിയ കാലം ആവശ്യപ്പെടുന്ന ഒട്ടനേകം മാനവിക വിഷയങ്ങളില്‍ നിരന്തരമായ ബോധവല്‍കരണവും സംവാദവും തുടരേണ്ടതുണ്ട്.
ആ അര്‍ത്ഥത്തില്‍ ഒരു സ്വരത്തേയും അവഗണിക്കാത്ത സ്‌നേഹസംവാദയാത്രകൂടിയാണിത്. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ കുറ്റവാളിസംഘങ്ങള്‍ കേരളീയ പൊതു ജീവിതത്തിലുണ്ടാക്കിയ മുറിവുകളുണക്കാന്‍ കലയും സാഹിത്യവും കൈകോര്‍ത്ത ഈ സാംസ്‌കാരിക യാത്രയ്ക്കാകുമെന്ന് വിശ്വസിക്കുകയാണ്. എല്ലാ മുറിവുകളിലും മുറിവുണക്കാനുള്ള ഔഷധം കണ്ടെത്താന്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കു കഴിയും – കഴിയണം.

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റിനോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ (ജാഥാ വൈസ് ക്യാപ്റ്റന്‍), സംസ്ഥാന ട്രഷറര്‍ ടി യു ജോണ്‍സണ്‍ (ജാഥാ ഡയറക്ടര്‍), ഗീതാ നസീര്‍ (ജാഥാ കോ-ഓര്‍ഡിനേറ്റര്‍), ഡോ.വത്സലന്‍ വാതൃശ്ശേരി, കുരീപ്പുഴ ശ്രീകുമാര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, എ പി കുഞ്ഞാമു, എം എം സചീന്ദ്രന്‍, കെ ബിനു, ശാരദാ മോഹന്‍, വി ആയിഷാബീവി, ഡോ. ഒ കെ മുരളീകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, പ്രൊഫ.എസ് അജയന്‍, എ പി അഹമ്മദ്, അഡ്വ. ആശാ ഉണ്ണിത്താന്‍, ഷീലാ രാഹുലന്‍, സി വി പൗലോസ്, വിജയലക്ഷ്മി, അഷ്‌റഫ് കുരുവട്ടൂര്‍ എന്നിവര്‍ ഈ യാത്രയില്‍ സ്ഥിരമായി ഉണ്ടാകും. പതിനഞ്ചു പേരടങ്ങുന്ന ഒരു കലാസംഘം ജാഥയിലുണ്ട്. എം എം സചീന്ദ്രന്‍ രചിച്ച് മനോജ് ബാലുശ്ശേരി സംവിധാനം ചെയ്ത ”ഇന്നലെ ചെയ്‌തോരബദ്ധം’ എന്ന നാടകവും സ്വീകരണ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. കവിതകളും പാട്ടുകളും നാടന്‍ കലാവതരണങ്ങളുമുണ്ടാകും. ഇന്നു വൈകുന്നേരം നാലു മണിക്ക് ഉത്തരകേരളത്തിലെ സുപ്രധാന സാംസ്‌കാരിക കേന്ദ്രമായ കാഞ്ഞങ്ങാട് വീരകേരളത്തിന്റെ സമരനായകന്‍ കെ മാധവന്റെ പേരിലുള്ള വേദിയില്‍ പ്രശസ്ത തമിഴ് കവയിത്രിയും സ്ത്രീവിമോചനപ്പോരാളിയുമായ സെല്‍മ സാംസ്‌കാരിക യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

മഹാകവി പി കുഞ്ഞിരാമന്‍ നായരുടെയും വിദ്വാന്‍ പി കേളുനായരുടെയും ജന്മഭൂമിയായ കാഞ്ഞങ്ങാട് പണ്ടു മുഴങ്ങിയ പൊട്ടന്‍ തെയ്യത്തിന്റെ ചോദ്യം ഓര്‍മ്മിക്കാം.

1984 ല്‍ യുവകലാസാഹിതി നടത്തിയ പദയാത്രയുടെ ക്യാപ്ടന്‍ സി രാധാകൃഷ്ണനെ തകഴി ശിവശങ്കരപ്പിള്ള സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

”നാങ്കളെ കൊത്ത്യാലും ചെഞ്ചോര തന്നെ

നീങ്കളെ കൊത്ത്യാലും ചെഞ്ചോര തന്നെ

അതിനാലെ നീങ്കളും നാങ്കളുമൊന്ന്

പിന്നെന്തിനീ തേവര് കൊലം പെശക്ന്ന്?”
അതെ, എല്ലാ കുല – ജാതി, ഗോത്ര – മത, ലിംഗ വ്യത്യാസങ്ങള്‍ക്കും അതീതമായ മാനവികത വിജയിക്കണം. പുതിയ കാലത്തിന്റെ എല്ലാ സാംസ്‌കാരിക പ്രതിസന്ധികളേയും മറികടന്ന് മലയാളികളുടെ പ്രബുദ്ധത മുന്നോട്ടു കുതിക്കുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഒരു പുതിയ കാലം എല്ലാ മനുഷ്യരെയും സ്‌നേഹത്തിന്റെ പാട്ടുകാരാക്കും. ആലസ്യവും ഒത്തുതീര്‍പ്പും മരണമാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട് ഒരു ജനവര്‍ഗ്ഗം ഒറ്റ മനുഷ്യനെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു മുന്നേറുന്നതിന് പുതിയ കാലം സാക്ഷ്യം വഹിക്കും. ബഹുസ്വര ദേശീയതയിലൂന്നിയ ഒരു നവഭാരതവും നവകേരളവും നാം സൃഷ്ടിച്ചെടുക്കും.

നാം അതിജീവിക്കും, അതിജീവിക്കുകതന്നെ ചെയ്യും…

(യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)