കാനം രാജേന്ദ്രൻ

November 01, 2020, 5:30 am

മനുവാദം ഇന്ത്യയെ വിഴുങ്ങാൻ ശ്രമിക്കുമ്പോൾ

Janayugom Online

കാനം രാജേന്ദ്രൻ

ഉത്തർപ്രദേശിലെ ഹത്രാസിൽ പത്തൊമ്പത് വയസായ പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇപ്പോഴും ആ സംസ്ഥാനത്തു നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിത്യേന പുറത്തു വരുന്നത് ദളിത് പീഡനങ്ങളുടെയും സ്ത്രീഹത്യയുടെയും ദുഃഖകരമായ വാർത്തകളാണ്. ഹത്രാസ് സംഭവം രാജ്യത്താകെ ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. സവർണ സമുദായത്തിൽപ്പെട്ട ഘാതകർ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെ അവളുടെ കഴുത്ത് ഞെരിച്ചും നട്ടെല്ല് തകർത്തും നാവ് മുറിച്ചെടുത്തും ജാതി കാമവെറിയുടെ ബീഭത്സമായ സാക്ഷാത്കാരം നടത്തി. ആശുപത്രിയിൽ കിടന്നു നരകയാതന അനുഭവിച്ച ആ പെൺകുട്ടി ഒടുവിൽ മരണത്തിനു കീഴടങ്ങി.

എന്നാൽ യു പി പൊലീസിന്റെ പ്രസ്താവന ആ പെൺകുട്ടിയേയും രാജ്യത്തേയും അപമാനിക്കുന്നതായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലായെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. അവളുടെ ഭൗതികശരീരം കാണാനുള്ള അവസരവും പൊലീസ് ആ കുടുംബത്തിന് നൽകിയില്ല. അവസാനമായി മകളുടെ മുഖമൊന്നു കാണാൻ, കണ്ണീർ ചുംബനം നൽകാൻ അലമുറയിട്ട് കാത്തിരുന്ന ബന്ധുക്കളെ നിർദ്ദയം തടയുകയായിരുന്നു ജില്ലാ ഭരണകൂടം. ഇരുട്ടിന്റെ മറവിൽ പൊലീസുകാർ നേരിട്ട് പെട്രോളൊഴിച്ചു ആ മൃതശരീരം കത്തിച്ചുകളഞ്ഞു. ജാതിക്കോമരങ്ങളുടെ വിനീത വിധേയരായി പൊലീസ് സേന മാറുന്ന ലജ്ജാകരമായ സംഭവം ഒരിക്കൽക്കൂടി ആവർത്തിക്കുകയായിരുന്നു ഹത്രാസിൽ. മോഡി ഭരണത്തിൻ കീഴിൽ ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിഷ്ഠൂര കൃത്യങ്ങൾ അതിന്റെ പാരമ്യതയിൽ എത്തിയിരിക്കുകയാണ്.

ഹത്രാസിലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മൃതശരീരം കത്തിച്ച് കളഞ്ഞത് ആദ്യ സംഭവമല്ല. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. രോഹിത് എന്ന മിടുക്കനായ ഗവേഷക വിദ്യാർത്ഥി ദളിത് സമുദായത്തിൽപ്പെട്ടവനായതുകൊണ്ട് സവർണ ലോബികളുടെ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിലും ഒരർത്ഥത്തിൽ അത് രാഷ്ട്രീയ മാനമുള്ള, ഒരു കൊലപാതകമായിരുന്നു. ജാതി വിവേചനത്തിന്റെ പേരിലുള്ള ക്രൂരമായ മാനസിക സമ്മർദ്ദം ഭരണ സംവിധാനം ഒരാളിൽ അടിച്ചേൽപ്പിച്ച്, ആത്മഹത്യയിലേക്ക് അയാളെ തള്ളിവിടുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിനു ശേഷം രോഹിതിന്റെ മൃതശരീരം ഹൈദരാബാദിലെ ഒരു ശ്മശാനത്തിൽ പൊലീസ് തന്നെ കത്തിച്ചുകളയുകയുമായിരുന്നു. ബി ജെ പി അധികാരത്തിൽ വന്ന 2014 നു ശേഷം സമാനതകളില്ലാത്ത ദളിത് പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2014 മുതൽ ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകളുടെ സൈന്യമായ ആർഎസ് എസ്സിന്റെയും സംഘപരിവാർ ശക്തികളുടേയും സഹായത്തോടെ രാജ്യമൊട്ടുക്കും ദളിത്- ആദിവാസി — പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അഴിച്ച് വിട്ടിരിക്കുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ ജാതിയായതുകൊണ്ടു തന്നെ; സവർണ ജാതി രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന ഭരണകൂടത്തിന്റെ ദളിത് വിരുദ്ധ നിലപാടുകൾക്ക് ഒട്ടും യാദൃശ്ചികതയില്ല.

നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതിയാകും മോഡി ഭരണത്തിൻ കീഴിലെ ദളിത് പീഡനങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ. 2018 ലെ കണക്കുകൾ പ്രകാരം ഗുജറാത്തിൽ 35 ദളിതർ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിൽ 81, ഹരിയാനയിൽ 34, യു പി യിൽ 274, രാജസ്ഥാൻ 67 എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽ ദളിതർ കൊല്ലപ്പെട്ടതിന്റെ കണക്ക്. 2011 മുതൽ 2013 വരെ 33,000 മുതൽ 39,000 വരെ കേസുകളാണ് ദളിത് പീഡനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ 2014 ൽ കേസുകളുടെ റെക്കോർഡ് ഭേദിച്ചുകൊണ്ട് 47,604 ഉം 2015 ൽ 45,000 ഉം ആയി. 2019 ലേക്കു എത്തിയപ്പോൾ മുൻവർഷത്തേക്കാൾ 20,955 കേസുകളുടെ വർധനവുണ്ടായി എന്നാണ് ഗവൺമെന്റിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. ബലാത്സംഗവുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകളിൽ 2014 അടിസ്ഥാന വർഷമായി എടുത്താൽ കൗമാര പ്രായത്തിൽ ഉൾപ്പെട്ട ദളിത് സ്ത്രീകൾക്കു നേരെ ഉണ്ടായിട്ടുള്ളത് ആകെ ദളിത് പീഡനത്തിന്റെ 12.73 ശതമാനമാണ്. 2016 ൽ ഇത് 14.8 ശതമാനമായി വർധനവ് രേഖപ്പെടുത്തി. അവസാന കണക്കു പ്രകാരം ദളിത്-ആദിവാസി പീഡനത്തിന്റെ കാര്യത്തിൽ എസ്. സി 13.9 ശതമാനവും എസ് ടി 12.7 ശതമാനവും വർധിച്ചിരിക്കുന്നു. ഇതെല്ലാം രജിസ്റ്റർ ചെയ്യപ്പെടുന്ന കണക്കുകൾ മാത്രം. ഇതിലും എത്രയോ വലുതാണ് ഈ കണക്കു പുസ്തകത്തിൽ പെടാതെ പോകുന്നത്. യു പി, രാജസ്ഥാൻ, ഹരിയാന, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നടന്നിട്ടുള്ള ഇത്തരത്തിലുള്ള ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഭരണകൂട പിന്തുണയോടെയാണ് അരങ്ങേറിയിട്ടുള്ളത്. ദളിതരെ ഇന്ത്യൻ പൗരന്മാരായിട്ടോ, എന്തിന് മനുഷ്യരായിട്ടു പോലുമോ പരിഗണിക്കാത്ത ജാതി വെറിപൂണ്ട സവർണ ശക്തികൾക്ക് കൂട്ടു നിൽക്കുകയാണ് ജുഡീഷ്യറിയും പൊലീസും മറ്റ് അന്വേഷണ ഏജൻസികളും.

ഇവരെയെല്ലാം തന്നെ മോദി ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കു വേണ്ടി തുള്ളുന്ന പാവകളാക്കി മാറ്റിയിരിക്കുന്നു. ഇക്കാര്യത്തിൽ മോഡി തന്റെ ഏറ്റവും വഞ്ചനാപരമായ മൗനം പാലിക്കുകയുമാണ്. മനുഷ്യ മനഃസാക്ഷിയെ ആഴത്തിൽ സ്പർശിക്കുന്ന എത്രയോ ദയനീയ സംഭവങ്ങൾ ഉദാഹരിക്കാനുണ്ട്. 2014 മെയ് 27 ന് യു പി യിലെ ബുദുവാൻ ജില്ലയിലെ കത്ര ഗ്രാമത്തിൽ ദളിത് മൗര്യ വിഭാഗത്തിൽപ്പെട്ട രണ്ട് ബാലികമാരെ തട്ടിക്കൊണ്ടുപോയി, കൂട്ട ബലാത്സംഗത്തിനിരയാക്കി അടുത്തുള്ള മരത്തിൽ കെട്ടിത്തൂക്കി. അവർ ചെയ്ത അപരാധം എന്തെന്നോ, ഉയർന്ന ജാതിയിൽപ്പെട്ട തൊഴിലുടമയോട് നിസാരമായ മൂന്ന് രൂപ ശമ്പളം ഉയർത്തി തരണമെന്നാവശ്യപ്പെട്ടു. താണജാതിക്കാർ തങ്ങളോട് കൂലി ആവശ്യപ്പെട്ടത് തൊഴിലുടമകൾക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ഇതിനെ മുളയിലെ നുള്ളാൻ അവർ തീരുമാനിച്ചു. അങ്ങിനെയാണ് മറ്റുള്ളവർക്ക് ഒരു പാഠം ആയികൊള്ളട്ടെ എന്ന ലക്ഷ്യത്തോടെ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കിയത്. ഇനി കീഴാളർ, സവർണ ജന്മിമാരുടെ നേരെ നിന്ന് ഒരാവശ്യവും ഉന്നയിക്കരുത്. അതിനുള്ള ധൈര്യം ആർക്കും ഉണ്ടാകാൻ പാടില്ലെന്നതായിരുന്നു ഈ ബലാത്സംഗത്തിന്റെയും തൂക്കിക്കൊലകളുടെയും പിന്നിലുള്ള മനഃശാസ്ത്രം. ലോകത്തെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഭാരതത്തിലെ എല്ലാ പൗരന്മാരും സമന്മാരാണെന്ന് ഭരണഘടന പ്രഖ്യാപിക്കുന്നുണ്ട്. തുല്യതക്കുള്ള അവകാശം എല്ലാവർക്കും നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 18 വരെ. ആർട്ടിക്കിൾ 17 ദളിതർക്ക് നേരെയുള്ള എല്ലാത്തരം അസ്പൃശ്യതയും വിവേചനങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. ഇത്തരത്തിലുള്ള വിവേചനങ്ങളിൽ ദളിതർക്ക് എല്ലാവിധ സംരക്ഷണവും ഭരണഘടന ഉറപ്പ് നൽകുന്നു. 1955 ല്‍ തൊട്ടുകൂടാത്ത നിയമത്തെ പൗരാവകാശ നിയമം 1955 ആയി പരിവർത്തനപ്പെടുത്തി.

രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണത്തിന് പര്യാപ്തമല്ലാത്തതിനാൽ എസ് സി/എസ് ടി അതിക്രമങ്ങൾ തടയാൻ 1989 ൽ പ്രത്യേക നിയമം പാർലമെന്റ് പാസ്സാക്കുകയുണ്ടായി. ഭരണഘടനാദത്തമായ അവകാശങ്ങളും നിയമങ്ങളുമെല്ലാം ഇപ്പോഴും കടലാസിൽ മാത്രമാണ്. യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതോ, ദളിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ 6,21,956 കേസുകൾ തീർപ്പാവാതെ ഇന്ത്യയിൽ കിടക്കുകയാണ്. ഹത്രാസ് കേസിൽ പെൺകുട്ടിയുടെ പരാതിയുമായി ബന്ധുക്കൾ സ്റ്റേഷനിൽ ചെന്നപ്പോൾ അവരെ അപഹസിച്ച്, പരാതി നിരസിച്ച് തിരികെ വിടുകയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ് ചെയ്തത്. 2018 ൽ മദ്ധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ ഒരു ദളിത് പെൺകുട്ടി മാസം തികയാതെ പ്രസവിച്ചു. പ്രസവിച്ച ശിശുവിന്റെ മൃതദേഹവും പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞുകൊണ്ട് സത്നാ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ അടുത്ത് പോയി ”ഉയർന്ന ജാതിയിൽപ്പെട്ട മൂന്നുപേർ തന്നെ മാസങ്ങളായി കൂട്ട ബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്ന” പരാതി ബോധിപ്പിച്ചു. ഛത്തീസ്ഗഢിൽ 22 വയസായ യുവതിയെ ക്ഷേത്രത്തിലെ പൂജാരി തന്നെ സ്ഥിരമായി ബലാൽക്കാരം നടത്തിയെന്ന പരാതി പൊലീസ് അധികാരികളോട് പറഞ്ഞു. ഈ രണ്ട് യുവതികളെയും കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ് ഉണ്ടായത്. ഈ പട്ടിക അവസാനിക്കുന്നില്ല. ഏത് ഭരണഘടനയും ഏത് നിയമങ്ങളുമാണ് ഇവരുടെയെല്ലാം രക്ഷക്കെത്തുന്നത്. ദളിതരുടെ ദയനീയാവസ്ഥയെ വെളിപ്പെടുത്തുന്ന എത്രയെത്ര സംഭവങ്ങൾ നമ്മുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട്. ദാനമജി എന്ന ദളിത് മധ്യവയസ്കന് തന്റെ മകളെയും കൂട്ടി ഒഡീഷയിലെ കാളഹണ്ടി ജില്ലാ ആശുപത്രിയിൽ നിന്ന് മരണപ്പെട്ട തന്റെ ഭാര്യയുടെ ശവശരീരവും തോളിൽ ചുമന്നു കൊണ്ട് കിലോമീറ്ററുകൾ നടക്കേണ്ടി വന്നു തന്റെ വീട്ടിലെത്താൻ. ആരും ഒരു സഹായത്തിനെത്തിയില്ല. ഒഡിഷയിൽ തന്നെ സുമി എന്ന ബാലികയുടെ മൃതദേഹവും വഹിച്ചുകൊണ്ട് ദളിതനായ പിതാവിന് 15 കിലോമീറ്റർ നടന്നു പോകേണ്ടി വന്നു. കണ്ടവർ കാഴ്ചക്കാരായി നോക്കി നിന്നതല്ലാതെ സഹായത്തിനെത്തിയതേയില്ല. പത്ര‑ദൃശ്യ മാധ്യമങ്ങളിൽ വാർത്തകൾ ഇടംപിടിച്ചു.

എന്തുകൊണ്ടിവർക്ക് ആംബുലൻസ് സൗകര്യം നിഷേധിച്ചുവെന്ന് ഒരു ഭരണാധികാരിയും ആശുപത്രി അധികൃതരോട് വിശദീകരണം തേടിയില്ലെന്നതിൽ അത്ഭുതം കൂറേണ്ടതില്ല. അതിനൊന്നും ഇവർ അർഹരേയല്ല എന്നാണിവരുടെയെല്ലാം കാഴ്ചപ്പാട്. ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്ത് ഇന്ന്സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ദയനീയവും മനുഷ്യത്വ രഹിതവുമായ നിരവധി ആൾക്കൂട്ട കൊലകളാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്നത്. ബിഹാറിൽ ഒരു ദളിതന്റെ ആട് സവർണന്റെ കൃഷിയിടത്തിൽ കയറി എന്നാരോപിച്ചാണ് സായിറാമെന്ന ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്നത്. ഇതേ തുടർന്നുള്ള ജാതി സംഘട്ടനങ്ങളിൽ ഒരു ഗ്രാമത്തിലെ 17,000 ദളിതരെ വളഞ്ഞു വച്ച് ആക്രമിച്ചു. 2014 ഒക്ടോബർ 14 നാണ് ഈ ക്രൂര സംഭവം നടന്നത്. അൻപത് വയസ്സുള്ള സ്വന്തം പിതാവ് ജിത്റാം നോക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ മകനെ ആൾക്കൂട്ടത്തിനു മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ആ പിതാവിന്റെയും അവരുടെ ബന്ധുമിത്രാദികളുടെയും നിസ്സഹായാവസ്ഥയും മാനസികാവസ്ഥയും എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. സവർണ്ണ പ്രഭുക്കളെ പേടിച്ച് നിലവിളിച്ച് കരയാൻ പോലും അവർക്ക് കഴിഞ്ഞില്ല. പാട്നയ്ക്ക് 200 കിലോമീറ്റർ അകലെയുള്ള മോഹൻപൂർ ഗ്രാമത്തിൽ നടന്ന ഈ സംഭവം ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇതുപോലെയുള്ള അറിഞ്ഞതും അറിയപ്പെടാത്തതുമായ എത്രയോ ക്രൂര സംഭവങ്ങൾ വേറെയുമുണ്ട്. ബിഹാറിലെ 10.38 കോടി ജനങ്ങളിൽ പതിനഞ്ച് ശതമാനവും ദളിതരാണെന്ന് ഓർക്കുക. പരേതനായ രാം വിലാസ് പാസ്വാനെപ്പോലുള്ള ദളിത് നേതാക്കൾ രാഷ്ട്രീയ രംഗത്ത് കാലുറച്ചു നിന്ന സമകാലിക കാലത്ത് തന്നെയാണ് ഇത്തരത്തിൽ അനേകം സംഭവങ്ങൾ നടന്നത്. പല ദളിത് നേതാക്കളെയും പോലെ സവർണ ഹിന്ദുത്വവുമായി സന്ധി ചെയ്തു ഉന്നത ശ്രേണികളിലേക്ക് എത്തിപ്പെടാനുള്ള വ്യഗ്രതയ്ക്കപ്പുറം ദളിത് പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പൊതു കിണറുകളിൽ നിന്ന് വെള്ളമെടുക്കുന്ന ദളിതരെ ചാട്ടവാറുകൊണ്ട് അടിക്കുക, ബീഫ് കഴിച്ചതിനു തലയ്ക്കടിച്ചു കൊല്ലുക, പശുവുമായി പോയതിന് ദളിത് യുവാക്കളെ കെട്ടിതൂക്കുക എന്നിവയെല്ലാം സമൂഹത്തില്‍ എത്രയോ തവണ ചർച്ച ചെയ്യപ്പെട്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർണർ അനുഭവിക്കുന്ന ജാതി വിവേചനവും ഉച്ചനീചത്വവും ദളിത് വിദ്യാർത്ഥികളുടെ പഠനത്തേയും ഭാവിയേയും പ്രതികൂലമായി ബാധിക്കുന്നു.

ദളിത് വിദ്യാർത്ഥികളിലാണ് കൊഴിഞ്ഞു പോക്ക് (ഡ്രോപ് ഔട്ട്) ഏറ്റവും അധികം സംഭവിക്കുന്നത്. ബിഹാറിലെ മുസാഫർപൂറിലെ കേന്ദ്രീയ വിദ്യാലയത്തിൽ പതിനാറ് വയസായ ദളിത് വിദ്യാർത്ഥിനി താൻ നന്നായി പഠിക്കുന്നതിന്റെ പേരിൽ ഉന്നത ജാതിക്കാരായ വിദ്യാർത്ഥികൾക്ക് തന്നോട് അസൂയയും വെറുപ്പും വിദ്വേഷവുമാണെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പ്രതികരണം നടത്തി. ഇതിന്റെ പേരിൽ ആ വിദ്യാർത്ഥിനിയുടെ മുഖത്ത് തുപ്പുന്നതും തല്ലുന്നതും പതിവാക്കി. അവൾക്ക് പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു. 12 വയസായ ആദിവാസി പെൺകുട്ടിയെ മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലെ നന്ദി ആശ്രമത്തിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും കൂടി ബലാത്സംഗത്തിനിരയാക്കി. അന്വേഷണമെന്ന പ്രഹസനം എങ്ങുമെത്താതെ അപമാനിതയായി ആ കുട്ടി പഠിത്തം ഉപേക്ഷിച്ചു. ഇത്തരത്തിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഘോര ദൃശ്യങ്ങൾക്കാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്. ഇത്തരം കടുത്ത അനീതിക്കെതിരെ, മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികരണങ്ങൾ വന്നു കഴിഞ്ഞു. (അവസാനിക്കുന്നില്ല)