ഉത്തർപ്രദേശ് നിയമസഭയിൽ ഉര്‍ദുവിനെതിരെ മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ പരാമർശങ്ങള്‍ വളരെ നികൃഷ്ടവും വിദ്വേഷജനകവുമായിരുന്നു. കുട്ടികളെ ഉര്‍ദു പഠിപ്പിക്കണമെന്ന് വാദിക്കുന്ന നേതാക്കൾ അവരെ മൗലവികളാക്കാനും രാജ്യത്തെ “കഠ്മുള്ള” (അനാചാരം പിന്തുടരുന്ന മുസ്ലിം) പാതയിലേക്ക് കൊണ്ടുപോകാനും ആഗ്രഹിക്കുന്നുവെന്നും കടുത്ത മതഭ്രാന്തരാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. അവധി, ഭോജ്പുരി, ബ്രജ്, ബുണ്ടേലി എന്നീ നാല് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും സഭാ ചര്‍ച്ചകൾ ലഭ്യമാക്കുന്നുണ്ടെന്ന നിയമസഭാ സ്പീക്കർ സതീഷ് മഹാനയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഉര്‍ദു വിവർത്തനം കൂടി വേണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മാതാ പ്രസാദ് പാണ്ഡെ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഈ വിഷം ചീറ്റിയത്.
മുസ്ലിങ്ങൾക്കും ഇസ്ലാമിനുമെതിരെ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയതിന്റെ റെക്കോഡ് ആദിത്യനാഥിന്റെ പേരില്‍ നിലവിലുള്ളതാണ്. ഏതെങ്കിലും പ്രത്യേക വിശ്വാസത്തിലുള്ള ആളുകൾക്ക് മാത്രമായി ഒതുങ്ങുന്ന ഭാഷയല്ല ഉര്‍ദു. മുസ്ലിങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷയാണത് എന്നാണ് ആദിത്യനാഥിന്റെ ധാരണയെങ്കിൽ, അത് നമ്മുടെ രാജ്യത്തെ വെെവിധ്യമാര്‍ന്ന വിശ്വാസങ്ങളിലും വിവിധ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജനങ്ങളുടെ ഭാഷയാണെന്ന ചരിത്രത്തിന്റെ വികൃതമായ വളച്ചൊടിക്കലാണ്.
ഭാഷാ വൈവിധ്യത്തിൽ വേരൂന്നിയ ഇന്ത്യ എന്ന ആശയത്തിന് ഉര്‍ദു, സമ്പന്നതയും സൗന്ദര്യവും നൽകിയിട്ടുണ്ട്. കൊട്ടാരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന് പുറമേ, അത് സൈനിക ക്യാമ്പുകളിലേക്ക് വ്യാപിക്കുകയും ജനകീയഭാഷയായി വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. 1999 ജൂലൈ 29ന് അഖിലേന്ത്യാ ഉര്‍ദു എഡിറ്റേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ അസന്ദിഗ്ധമായിപ്പറഞ്ഞു: “ഉര്‍ദു ഒരു മുസ്ലിം ഭാഷയല്ല. വടക്കേ ഇന്ത്യയിലെ മാത്രമല്ല, കിഴക്കൻ, പടിഞ്ഞാറൻ, തെക്കൻ, മധ്യ ഇന്ത്യയിലെല്ലാം മുസ്ലിങ്ങളും ഹിന്ദുക്കളും മറ്റുവിഭാഗങ്ങളും ഉപയോഗിക്കുന്ന ഒരു ഇന്ത്യൻ ഭാഷയാണ്”. സന്ത് തുക്കാറാം, അദ്ദേഹത്തിന്റെ ഒട്ടേറെ ഭക്തിഗീതങ്ങൾ ദഖാനി ഉര്‍ദുവിലാണ് എഴുതിയതെന്ന് ഏവര്‍ക്കുമറിയാം. പ്രേംചന്ദ് തന്റെ ആദ്യകാല കൃതികൾ ഉര്‍ദുവിലാണ് എഴുതിയത്. ലാലാ ലജ്പത് റായ് ഉര്‍ദു സംസാരിക്കുകയും അദ്ദേഹത്തിന്റെ ‘വന്ദേമാതരം’ ആ ഭാഷയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നും കെ ആര്‍ നാരായണന്‍ വ്യക്തമാക്കി.
തന്റെ വികൃതമായ മാനദണ്ഡങ്ങളനുസരിച്ച്, സന്ത് തുക്കാറാം, പ്രേം ചന്ദ്, ലാലാ ലജ്പത് റായ് എന്നിവരെ ഉര്‍ദു ഭാഷ ഉപയോഗിച്ചതിനാൽ ആദിത്യനാഥ് മതഭ്രാന്തന്മാരായി കണക്കാക്കിയേക്കും. നമ്മുടെ രാജ്യത്തിന്റെ സാംസ്കാരികവും നാഗരികവുമായ ധാർമ്മികതയിൽ വേരൂന്നിയ ഒരു പാൻ‑ഇന്ത്യൻ സ്വത്വമുണ്ട് ഉര്‍ദുവിന്. മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആദിത്യനാഥ് എന്തുകൊണ്ടാണ് അതിനെ വളച്ചൊടിക്കുകയും മതഭ്രാന്തുമായി തെറ്റായി ബന്ധിപ്പിക്കുകയും ചെയ്യുന്നത്?
രാജ്യത്തെ മൂന്നാമത്തെ വലിയ ഭാഷയെന്ന അസൂയാവഹമായ പദവി ഉര്‍ദുവിനുണ്ട്. സാഹിത്യ അക്കാദമി അവാർഡുകളിൽ ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷയാണിത്. തെലങ്കാന, ഝാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണ്. ഏറ്റവും പ്രധാനം ഉര്‍ദുവിനെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അതിനാൽ, ആദിത്യനാഥിന്റെ ഉര്‍ദുവിനോടുള്ള അവഹേളനം ഭരണഘടനയെയും ഭാഷയെ ആശയ വിനിമയത്തിനും ആശയ പ്രസരണത്തിനുമുള്ള മാധ്യമമായി ഉപയോഗിക്കുന്ന ബഹുജനങ്ങളെയും അപമാനിക്കലാണ്.
ഇന്ത്യയിലെ സര്‍വഭാഷകളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയ മഹാത്മാഗാന്ധി ഉര്‍ദുവിന് ദേശീയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഹിന്ദിയുടെയും ഉര്‍ദു-ഹിന്ദുസ്ഥാനിയുടെയും സംയോജനം നമ്മുടെ രാജ്യത്തെ കൂട്ടിയോജിപ്പിക്കുന്ന ഭാഷയായിരിക്കുമെന്നുവരെ അദ്ദേഹം പറഞ്ഞു. 1918ൽ ഇൻഡോറിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്, ‘ഉര്‍ദു ഇല്ലാതെ ഹിന്ദി അപൂർണമാണെ‘ന്ന് ഗാന്ധിജി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “എന്റെ കാഴ്ചപ്പാടിൽ ഉര്‍ദുവിനെ എതിർക്കുന്നവര്‍ ഒരര്‍ത്ഥത്തില്‍ ഇന്ത്യക്കാരനല്ല.” ആ മാനദണ്ഡമനുസരിച്ച് ആദിത്യനാഥിന്റെ നിന്ദ്യമായ പരാമർശങ്ങൾ അദ്ദേഹത്തെത്തന്നെ താഴ്ത്തിക്കെട്ടുന്നതാണ്.
അച്ചടിമാധ്യമങ്ങള്‍ പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ഉര്‍ദു ബഹുജന ആശയവിനിമയത്തിനുള്ള മാധ്യമമായിരുന്നുവെന്ന് 1999ൽ ഉര്‍ദു പത്രപ്രവർത്തനത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ കെ ആര്‍ നാരായണന്‍ പറഞ്ഞിരുന്നു. ദേശീയവാദ രചനകളും ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്നതുമായ 120 ഉര്‍ദു കയ്യെഴുത്തു പത്രങ്ങള്‍ ഡൽഹിയിൽ നിന്ന് മാത്രം തപാൽ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള വലിയ ജനക്കൂട്ടം പ്രധാന ചത്വരങ്ങളിൽ ഉറക്കെ വായിക്കപ്പെട്ട ആ കയ്യെഴുത്തുപത്രങ്ങളുടെ ഉള്ളടക്കം ശ്രദ്ധയോടെ കേട്ടു. പ്രബോധനപരമായ ആ ഉള്ളടക്കങ്ങള്‍ അവരെ പ്രചോദിപ്പിച്ചു. ആ ഉര്‍ദു ലഘുലേഖകൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ അതൃപ്തി പടരുന്നതിലേക്കും 1857ലെ മഹത്തായ കലാപത്തിലേക്കും നയിച്ചു. “1907ൽ മഹാകലാപത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ, ഒരു സംഘം ഉര്‍ദു പത്രപ്രവർത്തകർ ഭാരത് മാതാ സഭ എന്ന പേരിൽ ഒരു സൊസൈറ്റി രൂപീകരിച്ചു. 1857ലെ പൂർത്തിയാകാത്ത ദൗത്യം പൂർത്തീകരിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം”- നാരായണൻ പറഞ്ഞു.
മൗലാന ഹസ്രത്ത് മൊഹാനിയുടെ ഉര്‍ദു-ഇ‑മുഅല്ല എന്ന പത്രിക ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമാരുടെ പ്രസംഗങ്ങൾ പ്രസിദ്ധീകരിച്ചു. നമ്മുടെ രാജ്യത്തിന് പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പേ പ്രവർത്തിച്ചയാളാണ് അദ്ദേഹം. സായുധ പോരാട്ടത്തിലൂടെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേതാജി സുഭാഷ് ചന്ദ്രബോസ് തന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ ഉര്‍ദു വാക്കുകൾക്ക് മുൻഗണന നൽകിയിരുന്നുവെന്നും ആദിത്യനാഥ് ഓർമ്മിക്കണം. സുപ്രീം കമാൻഡറെ സൂചിപ്പിക്കുന്ന ഉര്‍ദു പദമായ ‘സിപാ സലാർ’ അദ്ദേഹവും ഐഎൻഎയും വ്യാപകമായി ഉപയോഗിച്ചിരുന്നു. നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജിന്റെ മുദ്രാവാക്യത്തിലും മൂന്ന് ഉര്‍ദു വാക്കുകൾ ഉൾപ്പെടുന്നു: ‘ഇത്തിഹാദ്, ഇത്‌മദ് ഔർ ഖുർബാനി (ഐക്യം, വിശ്വാസം, ത്യാഗം).
ഇന്ത്യയുടെ സംസ്കാരങ്ങളുടെയും ഭാഷാ വൈവിധ്യങ്ങളുടെയും സംയോജനത്തെ ഉര്‍ദു പ്രതിനിധീകരിക്കുന്നു. ഇത് നമ്മുടെ സംയോജിത സംസ്കാരത്തെ സ്ഥിരീകരിക്കുന്നു. ആശയവിനിമയത്തിന്റെ മാത്രമല്ല, സാമുദായിക ഐക്യത്തിന്റെയും ദേശീയ ഏകീകരണത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും ഒരു മാധ്യമമാണത്. ഉര്‍ദുവിനെ പരിഹസിക്കുന്ന ആദിത്യനാഥ് ഭരണഘടനയ്ക്കും ഇന്ത്യയെ നിർവചിക്കുന്ന ഭാഷാ വൈവിധ്യത്തിനും എതിരാണ്. ഉര്‍ദുവിനെ ഉയർത്തിപ്പിടിച്ചുകൊണ്ട് ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷവാദത്തെയും ഇസ്ലാമോഫോബിയയെയും പരാജയപ്പെടുത്താൻ ഇന്ത്യന്‍ ജനതയ്ക്ക് കഴിയും.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.