
“മണിപ്പൂരിലെ നിലവിലെ പ്രക്ഷുബ്ധാവസ്ഥയുടെ കാരണം കേവലം ഒരു പ്രാദേശിക തർക്കമല്ല, മറിച്ച് ആഴത്തിൽ വേരൂന്നിയ വംശീയ വിഭജനങ്ങൾ, രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള കിടമത്സരങ്ങള്‍ തുടങ്ങിയവ ഉൾപ്പെടുന്നതാണ്. ഈ ആശങ്കകൾ പരിഹരിക്കാൻ കഴിവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സർക്കാരിന്റെ അഭാവം ജനങ്ങളെ അനിശ്ചിതത്വത്തിലും കഷ്ടപ്പാടിലുമാക്കി. ഇടപെടണമെന്ന് ആവർത്തിച്ച് ആവശ്യമുയര്‍ന്നിട്ടും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അതിനു തയാറായില്ലെന്നുമാത്രമല്ല അവരുടെ സമീപനം മണിപ്പൂരിലെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് വേറിട്ടതായിരുന്നു.” ഇംഫാല്‍ കേന്ദ്രമായി പുറത്തിറങ്ങുന്ന ഒരു മാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണിപ്പൂര്‍ യാത്രയുടെ ഭാഗമായി എഴുതിയ മുഖപ്രസംഗത്തിലെ വാചകങ്ങളാണിവ. മേയ്തി വിഭാഗങ്ങളോട് ആഭിമുഖ്യമുള്ളതാണ് ഈ മാധ്യമമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ആ വിഭാഗത്തോട് മണിപ്പൂരില്‍ ഭരണം നടത്തിയിരുന്ന ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കാട്ടിയ പ്രത്യേക പരിഗണനയായിരുന്നു യഥാര്‍ത്ഥത്തില്‍ 2023 മേയില്‍ വംശീയകലാപത്തിലേക്ക് വഴിമരുന്നിട്ടത്. അവര്‍ക്ക് പോലും മോഡിയുടെ മണിപ്പൂര്‍ യാത്ര സുഖകരമായി തോന്നിയില്ലെന്നാണ് മുഖപ്രസംഗം വ്യക്തമാക്കുന്നത്. മോഡിയുടെ യാത്രയ്ക്കുശേഷം ഒരു ഗുണവും സംസ്ഥാനത്തിനുണ്ടായില്ലെന്നും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു പുറത്തുവന്ന എല്ലാ പ്രതികരണങ്ങളും. എന്നുമാത്രമല്ല യാത്രയുമായി ബന്ധപ്പെട്ട് പുതിയ സംഘര്‍ഷങ്ങളും സംസ്ഥാനത്തുണ്ടായി. കുറച്ചുമാസങ്ങളായി മണിപ്പൂരില്‍ സംഘര്‍ഷങ്ങളൊന്നുമുണ്ടായില്ലെന്ന് അവകാശപ്പെട്ടിരുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. അത് ശരിയായിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ കണക്കുകള്‍ നിരത്തി സമര്‍ത്ഥിച്ചിരുന്നതുമാണ്. അമിത് ഷായുടെ അവകാശവാദം അംഗീകരിക്കുകയാണെങ്കില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് മോഡി യാത്ര കൊണ്ടുണ്ടായതെന്നുവേണം കരുതാന്‍. മോഡിയുടെ യാത്ര വിഫലമായെന്നാണ് അവിടെനിന്നുള്ള പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത്. യാത്രയുടെ ഭാഗമായി ഒരുക്കിയ അലങ്കാരങ്ങളും സ്വാഗത ബോര്‍ഡുകളും മേയ്തി, കുക്കി ഭൂരിപക്ഷ മേഖലകള്‍ വ്യത്യാസമില്ലാതെ തകര്‍ക്കപ്പെട്ടു. എന്നാല്‍ കുക്കി മേഖലകളിലെ പൊലീസ് നടപടി പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു, ഇതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്.
യാത്രയ്ക്കുശേഷം ചുരാചന്ദ്പൂർ ജില്ലാ ആസ്ഥാനത്താണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിനായി ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരവധി യുവാക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. സെപ്റ്റംബർ 12 ന് ചുരാചന്ദ്പൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ പിയേഴ്‌സന്‍ മുൻ എന്ന ഗ്രാമത്തിലായിരുന്നു ഒരുകൂട്ടം യുവാക്കൾ അലങ്കാരങ്ങൾ നശിപ്പിച്ചതായി ആരോപിക്കപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു വിഭാഗവുമായി സംഘര്‍ഷമുണ്ടായി. തുടർനടപടികളുടെ ഭാഗമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍ പലരെയും ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ തുടര്‍ന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനും കൂടുതൽ സംഘർഷമുണ്ടാകുന്നത് തടയാനും പൊലീസ് ശ്രമിച്ചതോടെ സ്ഥിതിഗതികൾ രൂക്ഷമാകുകയായിരുന്നു. ബിജെപി അനുകൂല മേയ്തി വിഭാഗത്തിലെ ഇമാഗി മേയ്ര എന്ന വനിതാ സംഘടനയും മോഡി യാത്ര വിഫലമായെന്നാരോപിച്ച് രംഗത്തുവരികയുണ്ടായി. പ്രധാനമന്ത്രിക്ക് ഇംഫാലിൽ നൽകിയ പൊതുസ്വീകരണത്തെ വാര്‍ത്താ സമ്മേളനത്തില്‍ അപലപിച്ച സംഘടന, സ്വന്തം സംസ്ഥാനത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യേണ്ടതെന്ന് ആരായുകയും ചെയ്തു. ദേശീയ പാതകളിൽ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കുക, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്ക് മതിയായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും അവരുന്നയിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം തീരുമാനമാകുന്നില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ബിജെപി മണിപ്പൂർ സംസ്ഥാന ഘടകം പ്രസിഡന്റ് ശാരദാ ദേവി മാധ്യമങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായും സംഘടന ആരോപിച്ചു. കുക്കി എംഎൽഎമാർ പ്രത്യേക ഭരണം ആവശ്യപ്പെടുന്നത് തുടരുമ്പോൾ പ്രധാനമന്ത്രി മോഡിയുടെ യാത്രാ വേളയിൽ നേതാക്കൾ എന്താണ് ആവശ്യപ്പെട്ടതെന്നും അവര്‍ ചോദിച്ചു. ഇംഫാലിന് മുമ്പ് ചുരാചന്ദ്പൂരിലെത്തിയ മോഡിയുടെ നടപടിയെയും ഇമാഗി മേയ്ര വക്താവ് വിമർശിച്ചു. സംസ്ഥാന തലസ്ഥാനവും എല്ലാ സമുദായങ്ങളുടെയും കേന്ദ്രവുമായ ഇംഫാലിന് മുൻഗണന നൽകേണ്ടതായിരുന്നുവെന്നായിരുന്നു അവരുടെ നിലപാട്.
തങ്ങളുടെ നിരവധി പ്രവര്‍ത്തകര്‍ കാങ്‌പോക്പി ജില്ലയിലേക്ക് പോകുമ്പോള്‍ കാങ്‌ലറ്റോംബിയിൽ കേന്ദ്ര സുരക്ഷാസേന തടഞ്ഞെന്ന് പറഞ്ഞ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചു. എന്നിരുന്നാലും, മെയ്തി സമൂഹത്തിനെതിരായ വിവേചനം ആരോപിച്ച് വഴി തടയുന്നതല്ലാതെ അവരുടെ ജീവൻ സംരക്ഷിക്കാൻ സേനയ്ക്ക് കഴിയുന്നില്ലെന്നും ഇമാഗി മേയ്ര കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ യാത്രയ്ക്കുശേഷമാണ് ഈ വാര്‍ത്താ സമ്മേളനമെന്നതാണ് ശ്രദ്ധേയം. കുക്കി വിഭാഗത്തിന് മേല്‍കൈയുള്ള പ്രദേശങ്ങളില്‍ അവരും മേയ്തി വിഭാഗത്തിന്റെ സ്വാധീന കേന്ദ്രങ്ങളില്‍ അവരും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള സ്പര്‍ധയ്ക്ക് ഒരു കുറവുമുണ്ടായിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. എന്നുമാത്രമല്ല ഏത് നിമിഷവും പൊട്ടിത്തെറിക്ക് സാധ്യതയുള്ള സമാധാനമാണ് അവിടെ നിലവിലുള്ളതെന്നും വ്യക്തമാകുന്നു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഓഫിസില്‍ പ്രത്യേക ചുമതലയുണ്ടായിരുന്ന, നിരവധി ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്ന എസ് എന്‍ സാഹു, മോഡിയുടെ മണിപ്പൂര്‍ യാത്രയ്ക്കുശേഷം എഴുതിയ ലേഖനത്തില്‍ വളരെ വ്യക്തമായി പറയുന്നത് മണിപ്പൂരിന് സമാധാനം, അനുരഞ്ജനം, നീതി എന്നിവ അതിവിദൂരമാണെന്നാണ്. രണ്ടര വര്‍ഷത്തിനുശേഷം മോഡി മണിപ്പൂരിലേക്ക് നടത്തിയത് പ്രചാരണ യാത്ര മാത്രമായിരുന്നുവെന്ന് സാഹു കുറ്റപ്പെടുത്തുന്നുണ്ട്. അക്രമങ്ങള്‍ തുടര്‍ക്കഥയായ, വീടില്ലാതെ ജീവിക്കുന്ന, പ്രിയപ്പെട്ടവരുടെ വേർപാടിൽ അഗാധ ദുഃഖം പേറുന്ന മണിപ്പൂരി ജനത, മോഡി ആശ്വാസ സ്പര്‍ശം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും സാഹു വിശദീകരിക്കുന്നു.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മണിപ്പൂരില്‍ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ സംഘര്‍ഷ സാഹചര്യം ബിജെപിയുടെ അധികാര മോഹത്തില്‍ നിന്നും അത് നിലനിര്‍ത്തുന്നതിനുള്ള വിഭജന ശ്രമത്തില്‍ നിന്നും ഉടലെടുത്തതാണ്. ഇരുവിഭാഗങ്ങളായി തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ ഒരു വിഭാഗത്തിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ സംസ്ഥാന മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരെയുണ്ടാകുകയും ചെയ്തിരുന്നു. അത് ബോധ്യമാകുന്ന തെളിവുകള്‍ കോടതികളില്‍ എത്തി, താന്‍ തുറന്നുകാട്ടപ്പെടുമെന്ന് വന്നപ്പോഴാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അത്തരമൊരിടത്ത് കുറേ പദ്ധതികളിലൂടെ ശാന്തിയും സമാധാനവും സൗഹാര്‍ദവും കൊണ്ടുവരാമെന്ന മൗഢ്യധാരണയുമായാണ് മോഡി അവിടെയെത്തിയത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള കുറച്ച് അഭിനയങ്ങളും കുറേ പ്രഖ്യാപനങ്ങളുമല്ലാതെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മറ്റൊന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ ആ യാത്ര വിഫലമായെന്നാണ് സാഹചര്യങ്ങളെല്ലാം തെളിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.