ഇന്ത്യയിൽ, പുരാവസ്തുക്കളുടെ സംരക്ഷണവും നിയന്ത്രണവും നടപ്പാക്കുന്നത് ഉദ്യോഗസ്ഥ സംവിധാനങ്ങളുടെയും നിയമപരമായ രാഷ്ട്രീയാധികാരത്തിന്റെയും കൃത്യമായ കാഴ്ചപ്പാടുകളുടെയും ഒരു ശൃംഖലയാണ്. ഈ ശൃംഖലയുടെ ചുക്കാൻ പിടിക്കുന്ന പ്രാഥമിക സ്ഥാപനമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം സ്ഥാപിച്ച എഎസ്ഐയുടെ ഉദ്യോഗസ്ഥ ചട്ടക്കൂട്, 1944ൽ അതിന്റെ എട്ടാമത്തെ ഡയറക്ടർ ജനറലായിരുന്ന മോർട്ടിമർ വീലർ ആണ് കർശനമായ ഒരു ശ്രേണിക്രമീകരണത്തിലൂടെ ദൃഢമാക്കിയത്. സംഘടനയുടെ ഘടനയെ മോർട്ടിമർ വീലർ ഏകീകരിച്ചു. പുരാവസ്തുക്കളുടെ സംസ്കരണവും വർഗീകരണവും, ഖനനം ചെയ്ത സ്ഥലങ്ങളുടെ സൗന്ദര്യാത്മക പ്രദർശനവും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന എഎസ്ഐയുടെ ഉദ്യോഗസ്ഥഘടന കൊളോണിയല്‍ ഭരണത്തിന് ശേഷവും ഇന്ത്യ നിലനിർത്തിയെങ്കിലും, ശ്രേണീക്രമത്തിന്റെ സ്വഭാവവും ഘടനയും കാലക്രമേണ മാറി. കർശനമായ ഒരു ഉദ്യോഗസ്ഥ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കുന്നതെങ്കിലും, എഎസ്ഐയെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രവർത്തനത്തിന്റെ വേറിട്ട സ്വഭാവമാണ്. ഇന്ത്യയുടെ ചരിത്രപരമായ വിവരണങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങളെ കണ്ടെത്തുന്നതിലും വർഗീകരിക്കുന്നതിലും സ്വഭാവരൂപീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ ശ്രമമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. അടിസ്ഥാനപരമായി, ശാസ്ത്രീയ രീതിശാസ്ത്രങ്ങളിലൂടെ അറിവിന്റെ ഉല്പാദനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ജ്ഞാനശാസ്ത്ര സ്ഥാപനമായിരുന്നു എഎസ്ഐ.
സ്വതന്ത്ര ഇന്ത്യയില്‍ എഎസ്ഐയുടെ ഔദ്യോഗിക ഘടനയെ ഭരണപരമായ നിയന്ത്രണം കൂടുതൽ വഷളാക്കിയതായി ആഷിഷ് അവികുന്തക് തന്റെ കൃതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എഎസ്ഐയുടെ പ്രവർത്തനത്തെ ബാധിച്ച ഭരണപരവും ദേശീയതലങ്ങളിലുമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അവികുന്തക് സൂചന നൽകുന്നു. 2003ലെ അയോധ്യാ ഉദ്ഖനന പദ്ധതി ദേശീയതലത്തില്‍ ഒരു പ്രത്യേകരീതിയിലുള്ള പുരാവസ്തുവിജ്ഞാനവും പൈതൃകവും നിർമ്മിക്കുന്നതിലും സംരക്ഷിക്കുന്നതിലും എഎസ്ഐയുടെ പങ്ക് ഉറപ്പിക്കുകയായിരുന്നുവെന്നത് ഉദാഹരണം. ബാബറി മസ്ജിദ് നിർമ്മിച്ചത് തരിശ് ഭൂമിയിലല്ല, മറിച്ച് സമാനമായ ഒരു അടിസ്ഥാന നിര്‍മ്മിതിക്ക് മുകളിലാണെന്ന് 2003ലെ എഎസ്ഐ റിപ്പോർട്ടിനെ അമിതമായി ആശ്രയിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ അയോധ്യാവിധി ഈ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. കൊളോണിയൽ കാലം മുതൽ കോടതി വ്യവഹാരങ്ങളില്‍ എഎസ്ഐയുടെ അധികാരം പലപ്പോഴും തർക്കവിഷയമായിട്ടുണ്ടെങ്കിലും ഒരു രാഷ്ട്രീയ അജണ്ടയെ നിയമവിധേയമാക്കാൻ പുരാവസ്തു വിജ്ഞാനം കൃത്യമായി ഉപയോഗിച്ച ആദ്യ സംഭവമായിരുന്നു അയോധ്യ‑ബാബറി മസ്ജിദ് തർക്കം. ജുഡീഷ്യറി, രാഷ്ട്രീയ എക്സിക്യൂട്ടീവ്, ഹിന്ദു രാഷ്ട്രം എന്ന ആശയം രൂപപ്പെടുത്തിയ ഭൂരിപക്ഷ കാഴ്ചപ്പാട് എന്നീ ഘടകങ്ങളിലൂടെ അറിവിന്റെ കുത്തകവൽക്കരണം കൂടുതൽ ശക്തിപ്പെടുകയായിരുന്നു. 2014ൽ കേന്ദ്രത്തിൽ അധികാരമേറ്റ ബിജെപി, ഹിന്ദു നാഗരികതയുടെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിനുള്ള ചുമതല സ്വയം ഏറ്റെടുത്തു. ബിജെപി സർക്കാരിനു കീഴിൽ എ എസ്ഐയുടെ കേന്ദ്രീകൃതവും സ്വേച്ഛാധിപത്യപരവുമായ ഘടനയും ഫണ്ടിന്റെ അഭാവവും സംബന്ധിച്ച ആരോപണങ്ങൾ ശക്തമായെങ്കിലും, അയോധ്യാ വിധിയും തുടർന്നുള്ള ബിജെപി രാഷ്ട്രീയത്തിലെ എഎസ്ഐയുടെ ഇടപെടലും ജനങ്ങളുടെ ധാരണയെ പുനർനിർമ്മിക്കാന്‍ പര്യാപ്തമായി.
ഇന്ന്, ‘ശാസ്ത്രീയ രീതികൾ’ എന്ന മറവിൽ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ എഎസ്ഐ നിർണായക പങ്ക് വഹിക്കുന്നു. ഇതില്‍ അയോധ്യാ വിധിയും നിർണായകമാണ്. കൂടുതൽ സൂക്ഷ്മമായ വിലയിരുത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് നിരവധി മുന്നറിയിപ്പുകൾ നിയമ പണ്ഡിതരും പുരാവസ്തു വിദഗ്ധരും നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്നത് രാമന് സമർപ്പിച്ച ഒരു ക്ഷേത്രമാണെന്ന റിപ്പോർട്ട് തന്നെ വ്യക്തമായ തെളിവുകൾ നൽകിയിരുന്നുമില്ല. എന്നിട്ടും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ട ഒരു ഉദ്ഖനനത്തിനിടെ, ഇസ്ലാമികമല്ലാത്ത പുരാവസ്തുക്കളും വിഗ്രഹങ്ങളും ‘കണ്ടെത്തി’.
ചരിത്രപരമായ വിജ്ഞാനത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരിയായി അയോധ്യാ തർക്കത്തില്‍ എഎസ്ഐയെ കോടതി കൈകാര്യം ചെയ്യുന്നത് പുരാവസ്തു ഗവേഷണ വീക്ഷണത്തിലുള്ള പിഴവാണെന്ന് ചരിത്രകാരൻ നയൻജോത് ലാഹിരി വാദിക്കുന്നു. മാത്രമല്ല, ഈ സമീപനം മറ്റ് പണ്ഡിതരുടെ വിശ്വാസ്യതയെയും വൈദഗ്ധ്യത്തെയും അവഗണിക്കുന്നതുമാണ്. ഇതിനപ്പുറം, അയോധ്യാ തർക്കത്തിൽ എഎസ്ഐയുടെ പങ്ക് രസകരമായ ഒരു പ്രത്യയശാസ്ത്ര പ്രവണതയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മതഗ്രന്ഥങ്ങളെ സാധൂകരിക്കുന്നതിന് ഒരു പുരാവസ്തു അടിത്തറ നൽകുന്നതിനായി ഖനനങ്ങൾ നടത്തുക എന്നതാണത്. ഏതൊരു ഫീൽഡ് സർവേയെയും പോലെ, ഖനനങ്ങൾ എല്ലായ്പ്പോഴും പ്രാരംഭ അന്വേഷണങ്ങൾക്ക് പൂര്‍ണ ഉത്തരങ്ങൾ നൽകിയേക്കില്ല. തികച്ചും വ്യത്യസ്തമായ കണ്ടെത്തലുകളുണ്ടാകാം. അവയും വിലപ്പെട്ടതും കൗതുകകരവുമായിരിക്കും. ബിജെപി സർക്കാരിനുകീഴിൽ, എഎസ്ഐയുടെ ജ്ഞാനശാസ്ത്രപരമായ ശ്രദ്ധ ക്രമേണ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ ദർശനത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു റിവിഷനിസ്റ്റ് ചരിത്ര അജണ്ടയെ സാധൂകരിക്കുന്നതിലേക്ക് മാറി. ഭരണകൂടം അതിന്റെ റിവിഷനിസ്റ്റ് അജണ്ട മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു മാർഗം സ്കൂൾ പാഠപുസ്തകങ്ങളിലെ ചരിത്ര വിവരണങ്ങളുടെ വളച്ചൊടിക്കലാണ്. ചരിത്രത്തെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപകരണമായി വളരെക്കാലമായി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും, സമീപ വർഷങ്ങളിൽ ഈ ശ്രമങ്ങൾ കൂടുതൽ ശക്തമായി മാറിയിട്ടുണ്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അവകാശവാദങ്ങളെ നിയമവിധേയമാക്കുന്നതിന് നിലവിലെ ഭരണകൂടം എ എസ്ഐയുടെ വിശ്വാസ്യതയെ കൂടുതൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നു.
അയോധ്യയിലെ രാമക്ഷേത്ര സമർപ്പണത്തിനുശേഷം ഒരു വർഷത്തിനുള്ളില്‍ രാജ്യത്ത് പള്ളി — ക്ഷേത്ര തർക്കങ്ങളുടെ ഒരു തരംഗമാണുണ്ടായത്. 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത വീണ്ടും ചോദ്യംചെയ്യപ്പെട്ടു. ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന പുതിയ കേസുകൾ സിവിൽ കോടതികളില്‍ രജിസ്റ്റർ ചെയ്യുന്നതും തർക്കസ്ഥലങ്ങളുടെ സർവേയ്ക്ക് ഉത്തരവിടുന്നതും 2024 ഡിസംബറിൽ സുപ്രീം കോടതിക്ക് വിലക്കേണ്ടിവന്നു. എങ്കിലും, വിവിധ സ്ഥലങ്ങളിലായി 11 പ്രധാന കേസുകൾ ഇപ്പോഴും തീർപ്പുകല്പിക്കാതെ കിടക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടങ്ങളുടെ സൂക്ഷ്മ വിശകലനമാകട്ടെ, ‘തർക്കസ്ഥലങ്ങളും’ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നുണ്ട്.
മതേതര ഇന്ത്യയുടെ ഭരണഘടനാ അടിത്തറയെ ഈ സംഭവവികാസങ്ങൾ എങ്ങനെ പുനർനിർവചിക്കാൻ ശ്രമിക്കുന്നുവെന്നതാണ് വലിയ ആശങ്ക. ഇന്ത്യയുടെ ‘ഭൂതകാല മഹത്വം’ വീണ്ടെടുക്കുന്നതിൽ കേന്ദ്രീകരിച്ചുള്ള ബദൽ വിജ്ഞാനോല്പാദന സംവിധാനം റിവിഷനിസ്റ്റ് രാഷ്ട്രത്തെക്കുറിച്ചുള്ള അജണ്ടയാണ് ശക്തിപ്പെടുത്തുന്നത്. പുനർനിർമ്മിച്ച ഭൂതകാലമാകട്ടെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കുന്ന ഏക ദർശനത്താലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. രാജ്യവും ജനതയും ‘മുസ്ലിങ്ങളായ അപരരില്‍’ നിന്ന് ചരിത്രപരമായ അനീതികൾ സഹിച്ചിരുന്നുവെന്ന് ചിത്രീകരിക്കപ്പെടുന്നു. ഈ വീണ്ടെടുക്കൽ പദ്ധതിയെ നിയമവിധേയമാക്കുന്നതിന്, എഎസ്ഐയെ പ്രധാന ഉപകരണമായി ബിജെപി തന്ത്രപരമായി ഉപയോഗിക്കുന്നു.
1991ൽ, ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാൻവാപി പള്ളി, കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട് ആദി വിശ്വേശ്വരന്റെ (ക്ഷേത്രത്തിലെ മൂര്‍ത്തി) പേരിൽ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടു. ആദി വിശ്വേശ്വരനുവേണ്ടി വിജയ് ശങ്കർ റസ്തോഗിയാണ് കോടതിയിലെത്തിയത്. 2021ൽ, പള്ളിക്കുള്ളിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ വാരാണസി സിവിൽ കോടതിയിൽ ഹർജി നൽകി. തുടർന്ന്, ജില്ലാ കോടതി പള്ളി സമുച്ചയത്തിൽ പുരാവസ്തു സർവേ നടത്താൻ ഉത്തരവിട്ടു. എഎസ്ഐ സർവേയിൽ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് പരാമര്‍ശിക്കുകയും, കണ്ടെത്തലുകൾ ‘മുദ്രവച്ച കവറിൽ’ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എഎസ്ഐയുടെ നിഗമനങ്ങളെ മാത്രം ആശ്രയിച്ച്, ഗ്യാൻവാപി സമുച്ചയത്തില്‍ ആരാധന സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ചരിത്രപരമായ അറിവിന്റെ മാതൃകാപരമായ ഉറവിടമെന്ന നിലയിൽ എഎസ്ഐയുടെ റിപ്പോർട്ടിനെ കോടതി അന്ധമായി ആശ്രയിക്കുന്നത് സംശയാസ്പദമാണ്. അയോധ്യാവിധി, ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഒരു സഹസ്ഥാപനമെന്ന നിലയിലാണ് എഎസ്ഐയുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടുക മാത്രമല്ല, ഒരു പൊതു സ്ഥാപനം എന്ന നിലയിൽ അതിന്റെ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും സാധുതയെക്കുറിച്ചും നിയമസാധുതയെക്കുറിച്ചുമുള്ള ചർച്ചയെയും പുനരുജ്ജീവിപ്പിച്ചു. ഉദാസീനമായ നീതിന്യായ സ്ഥാപനം ഇത്തരം കാര്യങ്ങളെ വിമർശനാത്മകമല്ലാത്ത മുൻവിധിയോടെ സമീപിക്കുമ്പോൾ, അത് ഒരു ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫലപ്രദമായ സംഭാവനയാണ് ചെയ്യുന്നത്.
ബിജെപി സർക്കാരിനു കീഴിൽ, ക്രമാനുഗതമായി സ്വയംഭരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു സ്ഥാപനമല്ല എഎസ്ഐ. കേന്ദ്ര സർവകലാശാലകൾ, കോടതികൾ, തെരഞ്ഞെടുപ്പ് കമ്മിഷൻ, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എന്നിവ ഈ പ്രവണതയിലേക്ക് വീണുപോയ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തില്‍ ശാസ്ത്രീയവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ഗവേഷണം സുഗമമാക്കുന്നതിന് കൂടുതൽ സാമ്പത്തിക സഹായവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകിക്കൊണ്ട് പുരാവസ്തുശാസ്ത്രത്തെ രാഷ്ട്രീയ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറ്റേണ്ടത് നിർണായകമാണ്. അത്തരം പരിഷ്കാരങ്ങളില്ലാതെ, ചരിത്രപരമായ വിജ്ഞാനം നേടാനുള്ള എഎസ്ഐയുടെ ശ്രമം ഭരണകൂടത്തിന്റെ നിശ്ചിത അജണ്ടയുടെ ഇടുങ്ങിയ പരിധിക്കുള്ളിൽ ഒതുങ്ങും. അതിന്റെ യഥാർത്ഥ ലക്ഷ്യം കണ്ടെടുക്കാനുള്ള കഴിവ് പരിമിതപ്പെടുത്തും.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.