24 April 2025, Thursday
KSFE Galaxy Chits Banner 2

ആശ സമരം; യാഥാര്‍ത്ഥ്യങ്ങളെ മറച്ചു പിടിക്കരുത്

ടി ടി ജിസ്‌മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി
March 7, 2025 4:50 am

ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലൂടെയുള്ള പ്രാഥമികാരോഗ്യമേഖലയിലെ മുന്നേറ്റങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളിലൂടെ രൂപപ്പെട്ട അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് (ആശ) പദ്ധതി നാഷണൽ റൂറൽ ഹെൽത്ത് മിഷൻ മുഖേന കേന്ദ്ര സർക്കാരാണ് നടപ്പാക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും അശരണരായ രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ‘നാഷണൽ ഹെൽത്ത് മിഷന്റെ’ ഭാഗമായിട്ടാണ് ഇപ്രകാരം ആശമാരെ തെരഞ്ഞെടുത്തിട്ടുള്ളത്. 2005ൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ആശാ നിയമനം 2006ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയാണ് ഇവിടെ നടപ്പിലാക്കിയത്. ആരോഗ്യമേഖലയിൽ ഈ തൊഴിലാളികൾ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന കാര്യം ലോകാരോഗ്യ സംഘടന വരെ അംഗീകരിച്ചതാണ്. ലോകമൊന്നടങ്കം കൊറോണ വൈറസ് ഭീതിയുടെ ബീഭത്സതയിൽ വിറങ്ങലിച്ചു നിന്ന ഇന്നലെകളിൽ സാമൂഹിക ബോധവും കരുതലും അനന്തമായ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത് സമൂഹത്തെ പ്രചോദിപ്പിക്കാൻ പര്യാപ്തമായ വിധത്തിൽ കർമ്മനിരതരായിരുന്നു അവർ. 

നാഷണൽ ഹെൽത്ത് മിഷനി (എന്‍എച്ച്എം) ലെ ഏറ്റവും താഴ്ന്നതലത്തിൽ ജോലി ചെയ്യുന്ന ആശമാര്‍ക്ക് പ്രത്യേകം വേതനമൊന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. വോളണ്ടിയേഴ്സ് ആയിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. വി എസ് അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്ത് 2007ൽ ഉത്സവബത്തയായി ഇവർക്ക് 500 രൂപ അനുവദിക്കുകയും സംസ്ഥാന ബജറ്റിൽ ആശമാരുടെ പ്രവർത്തനത്തിനായി 11 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി ഗവൺമെന്റ് നിലവിലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും എൽഡിഎഫ് ഗവൺമെന്റ് അനുവദിച്ച ഓണറേറിയം പോലും നൽകാതിരിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധ സമരങ്ങളെ തുടർന്നാണ് 500 രൂപ വീതം ഓണറേറിയം നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായത്.
ഓണറേറിയം 5000 ആക്കി വർധിപ്പിക്കുമെന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തീരുമാനം നടപ്പാക്കാൻ തയ്യാറായില്ല. അഞ്ച് വർഷം കൊണ്ട് 500 രൂപ മാത്രമാണ് യുഡിഎഫ് ഗവണ്‍മെന്റ് വർധിപ്പിച്ചത്. പിന്നീട് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ 1000 രൂപയുള്ള ഓണറേറിയം ഘട്ടം ഘട്ടമായി 7000 ആയി വർധിപ്പിക്കുകയായിരുന്നു.
ഇത് രാജ്യത്ത് ഏറ്റവും കൂടിയ ഓണറേറിയം കൂടിയാണ്. ഫിക്സഡ് ഇൻസെന്റീവും പെർഫോമൻസ് അലവൻസുമടക്കം ചേർത്ത് 13,200 രൂപയാണ് കേരളത്തിൽ ആശമാർക്ക് നിലവിൽ നൽകുന്നത്. ഇതിൽ കേന്ദ്ര വിഹിതം 2000 രൂപ മാത്രമാണെന്നറിയണം. അത് 2023 ജൂൺ മുതൽ ലഭിക്കുന്നുമില്ല. ആശമാര്‍ക്ക് വിവിധ സംസ്ഥാനങ്ങളിൽ തുച്ഛമായ സംഖ്യയാണ് നിലവിൽ ലഭിക്കുന്നത്. പശ്ചിമ ബംഗാളിൽ 6000, മഹാരാഷ്ട്രയിൽ 5000, മധ്യപ്രദേശിൽ 4000, ഗുജറാത്തിലും പഞ്ചാബിലും 2500, രാജസ്ഥാനിൽ 1650, ഉത്തർപ്രദേശിൽ 1500 രൂപ വീതമാണ് ഓണറേറിയമായി ലഭിക്കുന്നത്. കർണാടകയിൽ 5000 രൂപയായിരുന്ന ഓണറേറിയം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഇടതുസർക്കാരിനെ വിമർശിക്കാൻ തങ്ങൾക്ക് വേദിയൊരുക്കിത്തരുന്ന എസ്‌യുസിഐക്കാർ കഴിഞ്ഞ മാസം സമരം സംഘടിപ്പിച്ചതെന്നും കോൺഗ്രസ് നേതൃത്വം ഓർക്കണം. 

‘ആശ’യോടുള്ള കേന്ദ്ര സമീപനം ചർച്ച ചെയ്യാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാനാണ് ചിലർക്ക് താല്പര്യം. സമരത്തിന് നേതൃത്വം നൽകുന്ന എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മുഖപത്രം ‘യൂണിറ്റി‘യുടെ മാർച്ച് ലക്കം ഒന്നാം പേജിലെ ‘ആശാ സമരം: അവകാശപ്പോരാട്ടങ്ങൾക്ക് ഉദാത്ത മാതൃക’ എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ കാണുക:
“ഈ തുക നൽകേണ്ടത് കേന്ദ്രമാണോ സംസ്ഥാനമാണോ എന്ന തർക്കം ആശമാരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ആ തർക്കം കേന്ദ്ര — സംസ്ഥാന സർക്കാരുകള്‍ തമ്മിൽ നടത്തട്ടെ. ഇപ്പോഴത്തെ സർക്കാരാണോ മുൻ സർക്കാരാണോ കൂടുതൽ നൽകിയതെന്ന തർക്കവും അവർ തമ്മിലാവട്ടെ. പണിയെടുക്കുന്നവരെ സംബന്ധിച്ച് ചെയ്ത പണിക്ക് നിയമവും ന്യായവും മാനുഷിക പരിഗണനയും പരിഷ്കൃത ജീവിത ആവശ്യകതയും പരിഗണിച്ച് പ്രതിഫലം നൽകുക എന്നത് ഒരു തർക്ക വിഷയമാക്കാൻ പാടില്ല. മറ്റു പണികൾ ചെയ്തുകൊണ്ടുതന്നെ നിർവഹിക്കാവുന്ന ചില ദൗത്യങ്ങൾ എന്ന നിലയിലാണ് ഈ പദ്ധതി ആരംഭിച്ചത്. അതിനാണ് ഓണറേറിയം എന്ന് പേരിട്ട് പിച്ചക്കാശ് പ്രതിഫലമായി നൽകിയത്”
എന്‍എച്ച്എംന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കാൻപോലും ഇതുവരെ തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയെ സമരപ്പന്തലിലേക്കാനയിക്കാൻ തെല്ലും സങ്കോചമില്ലാത്തവർ എത്ര സമർത്ഥമായാണ് കേന്ദ്രത്തിന്റെ വീഴ്ചയെ മറച്ചു വയ്ക്കുന്നത്!
ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ 42-ാം സമ്മേളനത്തിൽ എല്ലാ സ്കീം വർക്കേഴ്സിനെയും തൊഴിലാളികൾ എന്ന നിലയിൽ പരിഗണിച്ച് മിനിമം വേതനവും മറ്റ് തൊഴിലാളികൾക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങളും നൽകേണ്ടതാണെന്ന ഏകകണ്ഠമായ ശുപാർശയോട് കേന്ദ്രം പ്രതികരിക്കാത്തതിനെ കുറിച്ച് കേന്ദ്ര മന്ത്രിയോട് ഇവർക്ക് ചോദിക്കാമായിരുന്നില്ലേ! 

ഇന്ത്യയിലെ ആശമാരുടെ നിസ്വാർത്ഥ സേവനവും മഹാമാരിക്കെതിരെ പൊരുതുന്നതിൽ അവർ വഹിച്ച പങ്കും കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ‘വേൾഡ് ഹെൽത്ത് ലീഡർ’ അവാർഡ് പ്രഖ്യാപിച്ചപ്പോൾ എൻഎച്ച്എം നടപ്പാക്കുന്നതിനുവേണ്ടിയുള്ള പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ടും ബജറ്റുകളിൽ എൻഎച്ച്എമ്മിനായുള്ള തുകകൾ വെട്ടിക്കുറച്ചും അട്ടിമറിക്കാനുള്ള നിരന്തര ശ്രമങ്ങളാണ് മോഡി സർക്കാർ നടത്തിയത്.
ഈ യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് സമരപ്പന്തൽ സന്ദർശിച്ച് സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ കാപട്യം ഇവർ കാണിച്ചത്. അതുപോലെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആശാ പ്രവര്‍ത്തകരുടെ വേതനം വർധിപ്പിക്കുമെന്നും അവർക്ക് അർഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കുമെന്നും പ്രഖ്യാപിച്ച പ്രിയങ്കാ ഗാന്ധി എംപിയും കഥയറിയാതെ ആട്ടം കാണുകയായിരുന്നു. കേന്ദ്ര നയങ്ങൾക്കിടയിലും ആശമാരെ ചേർത്തു നിർത്തുന്ന സമീപനങ്ങൾ സംസ്ഥാന സർക്കാർ പരമാവധി സ്വീകരിച്ചിട്ടുണ്ട്. സത്യസന്ധരായ ഇടതുപക്ഷ അണികളോട് ചിലതെല്ലാം അഭ്യർത്ഥിച്ചു കൊണ്ടാണ് ‘യൂണിറ്റി’ ലേഖനം അവസാനിക്കുന്നത്. 

“മുതലാളിത്ത നയങ്ങൾക്കെതിരെ ഒരു കൊടുങ്കാറ്റായി ഉയരാൻ തൊഴിലാളികൾക്ക് മാർഗം കാട്ടുന്ന ഐതിഹാസിക പ്രക്ഷോഭമാണ് ആശാ സമരം. ഇത് വിജയിച്ചാൽ നട്ടെല്ല് നിവർത്തിനിന്ന് പൊരുതാൻ എല്ലാ തൊഴിലാളി വിഭാഗങ്ങൾക്കും വിലപേശൽശേഷി നൽകും. പരാജയപ്പെട്ടാൽ തൊഴിലാളികളുടെ നിലവിലുള്ള ദുരവസ്ഥ തുടരുക മാത്രമല്ല, ഒന്നുരിയാടാൻ പോലുമാവാത്ത ഇരുണ്ടദിനങ്ങളിലേക്ക് നിലംപതിക്കും. അതിനാൽ എന്തുവില നൽകിയും ആശാ സമരത്തെ വിജയിപ്പിക്കുവാൻ രംഗത്തിറങ്ങണമെന്ന് എല്ലാ നല്ല മനുഷ്യരോടും അഭ്യർത്ഥിക്കുന്നു” എസ്‌യുസിഐയുടെ ഈ നിലപാട് ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാറിനെതിരെയായിരിക്കണം അവരുടെ സമരം. ആശമാരെ ചർച്ചയ്ക്ക് വിളിക്കുകയും കൂടുതൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും ചെയ്യണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ടുള്ള യുഡിഎഫിന്റെയും മറ്റ് ചിലരുടെയും കാപട്യങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. അത് ജനകീയ സമരങ്ങളെ പുച്ഛത്തോടെ വീക്ഷിച്ചുകൊണ്ടോ ആശയപരമായ വിമർശനങ്ങൾക്കപ്പുറത്ത് ആക്ഷേപ പരാമർശങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും താറടിച്ചുകൊണ്ടോ അല്ല ചെയ്യേണ്ടത്.
‘യൂണിറ്റി‘യിലെ ലേഖനത്തിൽ ഒരു സംഘടനയുടെ എണ്ണമോ വലിപ്പമോ അല്ല മുഖ്യമെന്നും മറിച്ച് ഉയർത്തുന്ന മുദ്രാവാക്യങ്ങളിലെ ശരിയും നേടിയെടുക്കുന്നതിനായുള്ള സത്യസന്ധമായ പോരാട്ടവുമാണ് പരമപ്രധാനവുമെന്ന് ചൂണ്ടിക്കാട്ടിയതിനെ എഐവൈഎഫ് പൂർണമായും അംഗീകരിക്കുന്നു. എസ്‌യുസിഐയുടെ വലിപ്പത്തെയോ പിരിവ് രീതിയെയോ താറടിച്ചു കൊണ്ടുള്ള പ്രചരണങ്ങളോട് യോജിപ്പില്ല. വിമർശനങ്ങളും വിയോജിപ്പുകളും ആശയപരമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രേഖപ്പെടുത്തുന്നതിനുപകരം ജനസമരങ്ങളെ ഇകഴ്ത്തുന്നതും അവമതിപ്പോടെ വീക്ഷിക്കുന്നതും ശരിയായ നിലപാടല്ല എന്നുതന്നെയാണ് അഭിപ്രായം. അതേ സമയം ആശാ വർക്കർമാരുടെ വിഷയത്തിലടക്കം വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുമായി കൂട്ടുചേർന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നിരന്തരം ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ നെറികേടിനെ തുറന്നു കാട്ടുന്ന കാര്യത്തിൽ അല്പംപോലും വിട്ടുവീഴ്ചയുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.