August 9, 2022 Tuesday

അതിർത്തി ലംഘിക്കുന്ന സൈനിക മേധാവിക്ക് മോഡിയും അമിത്ഷായും കാവൽ

കെ ആർ ഹരി
January 17, 2020 5:30 am

അമേരിക്കയുടെ സൈനിക നയങ്ങൾ സംബന്ധിച്ച് പ്രസിഡന്റ് ട്രംപാണ് അഭിപ്രായങ്ങൾ പറയുന്നത്. സൈനിക മേധാവിയായ ജെയിംസ് മക് കോൺവിൽ നയപരവും രാഷ്ട്രീയവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറില്ല. അതിനുള്ള ഉദാഹരണമാണ് റഷ്യയുടെ ഹൈപ്പർസോണിക് (ശബ്ദാതിവേഗ) മിസൈലുകൾ സംബന്ധിച്ച് അറ്റ്ലാന്റിക് കൗൺസിലിൽ കോൺവിൽ നടത്തിയ പരാമർശം. ഹൈപ്പർ സോണിക് മിസൈലുകൾ വിന്യസിക്കുന്ന റഷ്യൻ നടപടിയിൽ വേവലാതി ഇല്ലെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാമർശങ്ങൾ നടത്താൻ താൻ ആളല്ലെന്ന രീതിയിലുള്ള പരാ‍മർശമാണ് കോൺവിൽ നടത്തിയത്.

വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള സൈനിക മേധാവികളുടെ യോഗത്തിലും അമേരിക്കയുടെ പ്രതിരോധ നയം സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നെങ്കിലും അതൊന്നും പറയാൻ താൻ ആളല്ലെന്ന മറുപടിയാണ് കോൺവിൽ മാധ്യമപ്രവർകർക്ക് നൽകിയത്. അമേരിക്കൻ സേനയുടെ ഭാഗമായി സൈബർ കമാൻഡ് ഉൾപ്പെടുത്തുമോ എന്ന ചോദ്യം കഴിഞ്ഞ ആഴ്ച്ച വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിലും മാധ്യമ പ്രവർത്തകർ ഉന്നയിച്ചിരുന്നു. അതിന് കോൺവിൽ നൽകിയ മറുപടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്തും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. യുദ്ധം ജയിക്കുകയാണ് തന്റെ ലക്ഷ്യം അല്ലാതെ നയങ്ങൾ വ്യക്തമാക്കലല്ല തന്റെ ജോലി എന്നാണ് കോൺവിൽ മറുപടി നൽകിയത്.

എന്നാൽ ബിപൻ റാവത്തിന്റെ പ്രസ്താവനകൾ സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടാള ഭരണാധികാരികളുടെ പ്രസ്താവനകൾക്ക് സമാനമാണെന്ന ആക്ഷേപം ഇതിനകം ശക്തമാണ്. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന് അമേരിക്കൻ മാതൃകയിലുള്ള ആക്രമണ രീതി അവലംബിക്കണമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ആഗോള തീവ്രവാദവുമായി ബന്ധപ്പെട്ട് ബിപിൻ റാവത്തിന്റെ പ്രസ്താവന ഒരു പരിധിവരെ വാസ്തവമാണെങ്കിലും ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരത്തിലുള്ള പരാ‍മർശങ്ങൾ നടത്താൻ പാടില്ലെന്നാണ് കരസേനാ ചട്ടങ്ങൾ വ്യക്തമാക്കുന്നത്. സിഡിഎസ് തസ്തിക മറ്റ് സേനാ മേധാവികൾക്ക് തുല്യമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്.

സേനകളുടെ നവീകരണം, ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളി‍ൽ സർക്കാരിനെ ഉപദേശിക്കുക തുടങ്ങിയവയാണ് സിഡിഎസിന്റെ അധികാരം. എന്നാൽ ഇതൊക്കെ മറികടന്ന് നിലവിലുള്ള സേനാ ചട്ടങ്ങൾ, ഭരണഘടനാ തത്വങ്ങൾ, ജനാധിപത്യ സംവിധാനത്തിന്റെ കീഴ്വഴക്കം എന്നിവയെ കാറ്റിൽപ്പറത്തിയുള്ള പ്രസ്താവനകളാണ് ബിപിൻ റാവത്ത് നടത്തുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നോക്കുകുത്തിയാകുന്ന അവസ്ഥയാണ്. മോഡി- അമിത് ഷാ എന്നിവരുടെ അപ്രമാദിത്തത്തെ അംഗീകരിക്കാത്ത രാജ്നാഥ് സിങ്ങിനെ പാർശ്വവൽക്കരിക്കുന്നതിനായി ഇരുവരും ബിപിൻ റാവത്തിനെ ഉപകരണമാക്കുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്.

കശ്മീരുമായി ബന്ധപ്പെട്ട് നിസാരമായ പ്രസ്താവന നടത്തിയ ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയെ അമിത് ഷായും മോഡിയും ശകാരിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെത്തേത് ഉൾപ്പെടെ ആറ് തവണ വിവാദ പ്രസ്താവന അഥവാ ജനാധിപത്യ സംവിധാനം ഭരണഘടന എന്നിവയെ നോക്കുകുത്തിയാക്കി പ്രസ്താവന നടത്തുന്ന ബിപിൻ റാവത്തിനെ കയറൂരി വിടുന്ന അവസ്ഥയാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ബിപിൻ റാവത്തിന്റെ പ്രസ്താവനകൾ ചട്ടവിരുദ്ധമാണെന്നും വിടുവായിത്തം പറയുന്ന സിഡിഎസിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും മുൻ സൈനിക മേധാവികൾ ആവശ്യപ്പെട്ടിരുന്നു. മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ നടന്ന പ്രതിഷേധങ്ങളെ ബിപിൻ റാവത്ത് വിമർശിച്ചത് വിവാദമായിരുന്നു.

നേതൃത്വത്തിന്റെ പരാജയമാണ് അക്രമത്തിന്റെ കാരണം എന്ന ധ്വനിയിലുള്ളതായിരുന്നു റാവത്തിന്റെ പരാമർശം. 2017ൽ പ്രതിരോധമായി കശ്മീരി യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട സൈനിക നടപടിയെ റാവത്ത് അനുകൂലിച്ചിരുന്നു. ഇതും വിവാദമായി. സൈനികരുടെ അംഗവൈകല്യ (ഡിസബിലിറ്റി) പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്റെ നിലപാട് ഏറെ വിമർശനങ്ങൾക്ക് കാരണമായി. കശ്മീരിൽ കല്ലെറിയുന്ന യുവാക്കളെ സംബന്ധിച്ചുള്ള റാവത്തിന്റെ പരാമർശം ആഗോള തലത്തിൽ വിവാദമായിരുന്നു. കല്ലുകൾക്ക് പകരം യുവാക്കൾ വെടിവച്ചെങ്കിൽ തങ്ങളുടെ ഇഷ്ടം നടപ്പാക്കാമെന്നായിരുന്നു റാവത്ത് അന്ന് പറഞ്ഞത്. വിരമിച്ച സൈനികർക്ക് പെരുമാറ്റ ചട്ടം ഏർപ്പെടുത്തുമെന്ന റാവത്തിന്റെ പ്രസ്താവനയെ മുൻ സൈനിക മേധാവികൾ പോലും വിമർശിച്ചിരുന്നു. റാവത്തിന്റെ പ്രസ്താവനകൾക്കെതിരെ ദേശദേശാന്തര തലത്തിൽ വിമർശനങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കുമാത്രം പരിഭവമില്ല. എന്തു പറഞ്ഞാലും റാവത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്. സംഘപരിവാർ അധ്യക്ഷൻ മോഹൻ ഭാഗവത്തും റാവത്തിന്റെ കാര്യത്തിൽ മൗനം ദീക്ഷിക്കുന്നു.

Eng­lish sum­ma­ry: janayu­gom arti­cle athirthi langhikkun­na saini­ka med­havikk modiyum amith shayum kaval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.