ഇന്ത്യൻ ആയുധങ്ങളുടെ മൂർച്ചയേറിയ പ്രഹരങ്ങൾ ഏറ്റുവാങ്ങുമ്പോൾ തന്നെ പാകിസ്ഥാനെ ചക്രവ്യൂഹത്തിലാക്കുകയാണ് സ്വതന്ത്ര രാഷ്ട്ര വാദമുയർത്തുന്ന ബലൂചിസ്ഥാൻ വിഘടന വാദികൾ. അവർ നിരന്തരം പാകിസ്ഥാന് നൽകുന്ന തിരിച്ചടികൾ ചെറുതല്ല. വിമോചന സമരത്തിന് നേതൃത്വം നൽകുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറെ നാളുകളായി ഒളിഞ്ഞും തെളിഞ്ഞും തുടരുന്ന കലാപം പാകിസ്ഥാനിൽ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. പാകിസ്ഥാൻ ഭരണാധികാരികളിൽ നിന്നും സൈനികരിൽ നിന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും നേരിടേണ്ടിവന്ന ബലൂചിസ്ഥാൻ ജനതയുടെ വിമോചന പോരാട്ടത്തിന് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ചരിത്രമുണ്ട്.
പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. എണ്ണയും പ്രകൃതിവാതകവും പ്രകൃതിസമ്പത്തുംകൊണ്ട് സമ്പന്നമായ പ്രദേശം. പാകിസ്ഥാൻ ഉല്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിലെ 40 ശതമാനം സംഭാവന ചെയ്യുന്നത് ബലൂചിസ്ഥാനാണ്. പാകിസ്ഥാനിലെ ആകെ ഭൂവിസ്തീർണ്ണത്തിൽ ഏകദേശം 44 ശതമാനമാണ് ബലൂചിസ്ഥാനെങ്കിലും ആകെ ജനസംഖ്യയുടെ ചെറിയ ശതമാനമേ ഇവിടെ താമസിക്കുന്നുള്ളു. ഈ അന്തരമാണ് സമ്പത്തിന്റെയും വികസനത്തിന്റെയും വിതരണത്തിൽ ബലൂചിസ്ഥാൻ തുടർച്ചയായി അവഗണിക്കപ്പെടാനുള്ള ഒരുകാരണം. നയതന്ത്രപരമായ സ്ഥാനത്ത് നിലകൊള്ളുന്ന ബലൂചിസ്ഥാൻ കിഴക്ക് ഭാഗത്ത് പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളുമായും മറ്റു ഭാഗങ്ങളിൽ അറബിക്കടലുമായും അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്നു. മധ്യേഷ്യയുമായും തെക്കൻ ഏഷ്യയുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ബലൂചിസ്ഥാന്റെ ഭൂപ്രകൃതി. ഏഷ്യയിലെ ഉൾപ്രദേശങ്ങളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഗ്വാദർ തുറമുഖവും ബലൂചിസ്ഥാന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
പാകിസ്ഥാന്റെ സാമ്പത്തിക കുതിപ്പിന് വളമേകാൻ പാകത്തിനുള്ള നിക്ഷേപം ബലൂചിസ്ഥാൻ മണ്ണിൽ ഒളിഞ്ഞുകിടപ്പുണ്ട്. എന്നാൽ ഈ പ്രകൃതി വിഭവങ്ങളുടെ സാന്നിധ്യവും സംഭാവനയും അവിടുത്തെ സാധാരണക്കാരുടെ ജീവിതത്തിൽ നേരിയ പുരോഗതിക്ക് പോലും വഴിയൊരുക്കിയിട്ടില്ല. പാകിസ്ഥാന്റെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ബലൂചിസ്ഥാൻ വെറുമൊരു ദരിദ്ര സമൂഹമാണ്. ലോകത്തിന് മുന്നിലും അങ്ങനെ തന്നെ. ഇങ്ങനെ ക്രമേണ പാകിസ്ഥാന്റെ കറവ പശുവായി ബലൂചിസ്ഥാൻ മാറി. ഇതുതന്നെയാണ് അവിടെയുള്ളവരെ പാകിസ്ഥാൻ സർക്കാരിനെതിരെ പൊരുതാൻ പ്രേരിപ്പിച്ചതും. സ്വതന്ത്ര ബലൂചിസ്ഥാനായി പോരാട്ടം നടത്തുന്നതിന് ആവശ്യമായ പണവും ആയുധങ്ങളും കഴിഞ്ഞ കുറേ വർഷങ്ങളായി അവർക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയാണ് ഇതിന് പിന്നിലെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യ അക്കാര്യം അസന്ദിഗ്ധമായി നിഷേധിച്ചിട്ടുണ്ടെങ്കിലും പാക് ഭരണകൂടം പഴയ നിലപാടിൽ തന്നെയാണ്. അഭിഭക്ത ഇന്ത്യയിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടന്ന ഒരു വംശീയ വിഭാഗമായിരുന്നു ബലൂചുകൾ. ചരിത്രാതീതകാലം മുതൽ സംഘങ്ങൾ ആയിട്ടായിരുന്നു ഇവരുടെ ജീവിതം. ബലൂചികൾ കൂടുതലായുള്ള ഖലാത്ത് എന്ന രാജ്യം ഭരിച്ചിരുന്നത് മീർ അഹമ്മദ് ഖാൻ ആയിരുന്നു. അതോടെ ബലൂചികൾക്ക് സ്വാധീനമുള്ള മറ്റു സംസ്ഥാനങ്ങളും ഖലാത്തിന്റെ ഭാഗമായി അണിനിരന്നു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെ ബ്രിട്ടീഷ് ഇന്ത്യക്കും റഷ്യക്കും ഇടയിലുള്ള ഒരു ബഫർ സോണായി ഈ പ്രദേശത്തെ അവർ നിലനിർത്തി. 1870ന് ശേഷം ഖലാത്ത് സ്റ്റേറ്റിനെ ബ്രിട്ടീഷുകാർ അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഖലാത്ത് സ്റ്റേറ്റിനും ഇന്നത്തെ പാകിസ്ഥാന്റെ കീഴിലുള്ള ബലൂചികൾക്ക് സ്വാധീനമുള്ള മറ്റ് പ്രദേശങ്ങൾക്കും അവർ സ്വയംഭരണാവകാശവും നൽകി. ഇതോടെ വിവിധ നാട്ടുരാജ്യങ്ങളായി അവ മാറി. ബ്രിട്ടീഷുകാർ നേരിട്ട് ഭരിച്ച പ്രദേശത്തിന് അവർ നൽകിയ പേരാണ് ബ്രിട്ടീഷ് ബലൂചിസ്ഥാൻ. ഇങ്ങനെയാണ് ബലൂചിസ്ഥാൻ എന്ന പേര് രൂപംകൊള്ളുന്നത്.
മഹാത്മാ ഗാന്ധിയുടെ ഇഷ്ട പ്രദേശമായിരുന്നു ബലൂചിസ്ഥാൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ട സമയത്ത് ഗാന്ധിജി ഉയർത്തിയ നിലപാടുകൾക്കൊപ്പമായിരുന്നു ബലൂചികൾ. ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെട്ടിരുന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ ആയിരുന്നു ബലൂചികളുടെ ദേശീയ നേതാവ്. ഗാന്ധിയൻ തത്വങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതമൂലമാണ് അദ്ദേഹത്തിന് ‘അതിർത്തി ഗാന്ധി’ എന്ന വിളിപ്പേര് വീണത്. അബ്ദുൾ ഗാഫര്‍ ഖാനുമായുള്ള ബന്ധമാണ് ഗാന്ധിജിയെ ബലൂചിസ്ഥാനിലേക്ക് അടുപ്പിച്ചത്. 1947ൽ ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ബലൂചിസ്ഥാൻ പാകിസ്ഥാനിൽ ചേരാതെ സ്വതന്ത്ര രാജ്യമെന്ന നിലയിൽ നിലകൊണ്ടു. നാട്ടുരാജ്യമായ കലാട്ടിലെ നവാബ് ഖാന് ഇന്ത്യയിൽ ചേരാനായിരുന്നു താല്പര്യം. ഇന്ത്യ‑പാക് വിഭജന കാലത്ത് ഇന്ത്യയിൽ ലയിക്കാനായിരുന്നു ഭൂരിഭാഗം ബലൂചികളും ആഗ്രഹിച്ചിരുന്നത്. ഗാന്ധിജിക്കും അതിൽ താല്പര്യം ഉണ്ടായിരുന്നു. എന്നാൽ മുഹമ്മദലി ജിന്നയുടെ പിടിവാശിയിൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. പ്രദേശ വാസികളുടെ ഇഷ്ടങ്ങളെ മറികടന്ന് 1948ൽ മുഹമ്മദലി ജിന്ന ബലം പ്രയോഗിച്ച് ‘സ്വപ്ന ഭൂമി‘യായ ബലൂചിസ്ഥാനെ പാകിസ്ഥാനോട് കൂട്ടിച്ചേർത്തു. തന്റേടികളായ ബലൂചികളെ ഭരിക്കാൻ പാകിസ്ഥാൻ പഞ്ചാബികളെ ചുമതലപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് 1954ൽ ബലൂചികൾ കലാപം ഉയർത്തിയതോടെ പശ്ചിമ പാകിസ്ഥാന്റെ ഭാഗമാക്കി കടുത്ത സൈനിക നിയന്ത്രണം ഏർപ്പെടുത്തി. 1958ൽ കലാട്ടിലെ രാജാവ് നവാബ് നൗറസ് ബലൂചിസ്ഥാനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. എന്നാൽ പാകിസ്ഥാന്റെ സൈനിക നീക്കത്തിൽ അവർക്ക് തോൽവി സമ്മതിക്കേണ്ടിവന്നു. പിന്നെ ആ നാട് കണ്ടത് കലാപങ്ങളുടെ വേലിയേറ്റം. 2010ൽ രൂപംകൊണ്ട ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സായുധ കലാപങ്ങളും ചാവേർ ആക്രമണങ്ങളും ശക്തമാക്കി. മജീദ് ബ്രിഗേഡ് എന്നറിയപ്പെടുന്ന ആത്മഹത്യ സ്ക്വാഡുകൾ രാജ്യമെമ്പാടും നിരവധി സ്ഫോടനങ്ങൾ നടത്തി. അതിന്റെ ഭാഗമായാണ് ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാനിൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
ബലൂചിസ്ഥാനിന്റെ വളക്കൂറുള്ള മണ്ണിൽ ചൈന കണ്ണുവച്ചതും അമേരിക്ക പാകിസ്ഥാനിൽ പിടിമുറുക്കിയതുംമൂലമാണ് ബലൂചികളുടെ വിമോചന സമരത്തിന് മതിയായ അന്താരാഷ്ട്ര പിന്തുണ ലഭിക്കാതിരിക്കാൻ കാരണം. ഇന്ത്യയും ഈ വിഷയത്തിൽ ബലൂചിസ്ഥാന് ആവശ്യമായ പിന്തുണ നൽകിയിരുന്നില്ല. ചൈന‑പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലൂടെയാണ് പോകുന്നത്. ചൈന നിർമ്മിച്ച ഗ്വാദർ തുറമുഖവും ബലൂചിസ്ഥാനിലാണ്. എന്നാൽ ഈ തുറമുഖംകൊണ്ട് ബലൂചികൾക്ക് യാതൊരു ഗുണവും ഉണ്ടായില്ല. പാകിസ്ഥാനിൽ ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ചൈന നടത്തുന്നത്. തുറമുഖ നിയന്ത്രണവും ചൈനയ്ക്കാണ്. ചൈന‑പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി എന്നറിയപ്പെടുന്ന നിക്ഷേപ പദ്ധതിയെ തകർക്കാനുള്ള ആയുധ പോരാട്ടം ബിഎൽഎ ശക്തമാക്കിയിട്ടുണ്ട്.
2007ൽ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ പാക് സൈന്യം വെടിവച്ചുകൊന്നതോടെ അവരുടെ രോഷം ആളിക്കത്തി. അതിനുശേഷം ബലൂചിസ്ഥാൻ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. ഏറ്റവുമൊടുവിൽ സിന്ദൂർ ഓപ്പറേഷനുശേഷം 14 പാക് സൈനികരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി കുഴിബോംബ് സ്ഫോടനത്തിൽ വധിച്ചിരുന്നു. പാകിസ്ഥാന്റെ കണ്ണ് ഇന്ത്യയുമായുള്ള സംഘർഷത്തിൽ കേന്ദ്രീകരിച്ച സമയം നോക്കി ബിഎൽഎ നീക്കങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു. രണ്ടുമാസം മുമ്പ് ട്രെയിൻ തട്ടിയെടുത്ത് ബിഎൽഎ പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു. ബലൂചിസ്ഥാനിലും വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലും ബിഎൽഎ ഈ വർഷം നടത്തിയ ആക്രമണങ്ങളിൽ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്റെ ഭരണകൂട ഭീകരതയാണ് ബലൂചികളുടെ കടുത്ത പാക് വിരോധത്തിന് കാരണം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 7000ത്തോളം ബലൂചികളെയാണ് കാണാതായത്. എന്നാൽ പാകിസ്ഥാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് 2700 മാത്രമാണ്. ബലൂചികളുടെ നിരവധി ദേശീയ പോരാളികളെയും പാക് സൈന്യം കൊന്നുതള്ളി. ചുരുക്കത്തിൽ സ്വന്തം നാടിന്റെ പകുതിയോളമുള്ള ബലൂചികൾ പാകിസ്ഥാൻ സർക്കാരിനെ അംഗീകരിക്കുന്നില്ല. അവർ നാടിനെ സ്വാതന്ത്രരാക്കാൻ കലാപങ്ങൾ തുടരുകയാണ്. ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കിക്കൊണ്ടുള്ള യുദ്ധമുറയായിരിക്കും ബലൂചികൾ ഇനി ആസൂത്രണം ചെയ്യുകയെന്നും നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യ ഞങ്ങളെ പിന്തുണച്ചാൽ ഞങ്ങളുടെ വാതിലുകൾ തുറക്കുമെന്ന ബലൂച് നേതാവ് മിർ യാറിന്റെ വാക്കുകൾക്ക് പിന്നിലുള്ള ലക്ഷ്യവും മറ്റൊന്നായിരിക്കില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് ഭരണകൂടത്തിനെതിരെ നയതന്ത്ര, സായുധ ആക്രമണങ്ങൾ കടുപ്പിക്കുമെന്ന് ആവർത്തിക്കുമ്പോഴും ബലൂചികൾ ആഗ്രഹിക്കുന്നതു പോലെയൊരു സമീപനം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാലാവട്ടെ, പാക് മണ്ണിൽ ബലൂചികൾ ഉയർത്തുന്ന കലാപവും പ്രത്യാഘാതങ്ങളും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.