24 April 2025, Thursday
KSFE Galaxy Chits Banner 2

ബിജെപി ഭരണകൂടവും ഫാസിസവും

ടി ടി ജിസ്‌മോൻ
സംസ്ഥാന സെക്രട്ടറി, എഐവെെഎഫ് 
March 1, 2025 4:45 am

തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള മുതലാളിത്തവിരുദ്ധ സമരങ്ങളെ അസ്ഥിരപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയവും മതപരവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി സൈദ്ധാന്തികവും സാംസ്കാരികവും വൈകാരികവുമായ പശ്ചാത്തലം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് സംഘ്പരിവാർ. ജനമനസുകളെ അതിതീവ്ര സങ്കുചിത ദേശീയതയിലേക്ക് നയിച്ച് സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയും ഹിന്ദു ധർമ്മത്തെയും ഹിന്ദു സംസ്കൃതിയെയും ഹിന്ദുസമൂഹത്തെയും സംരക്ഷിച്ചുകൊണ്ട് ഹിന്ദു രാഷ്ട്രത്തെ സ്വതന്ത്രമാക്കുകയെന്ന ആപ്തവാക്യം പ്രഖ്യാപിത നയമായി സ്വീകരിക്കുകയും ചെയ്യുന്നു അവർ.
ഇറ്റലിയിലും ജർമ്മനിയിലും രൂപം കൊണ്ട വംശാഭിമാനത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രാജ്യത്തെ ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ശിഥിലീകരിച്ച്
യഥാർത്ഥ ഇന്ത്യൻ പൗരരായി പരിഗണിക്കപ്പെടണമെങ്കിൽ ഓരോവ്യക്തിയും ഹിന്ദുത്വ പൈതൃകം തെളിയിക്കാൻ തയ്യാറാകണമെന്ന നിലപാട് ആർഎസ്എസ് സ്വീകരിക്കുന്നത്. ജനാധിപത്യവിരുദ്ധത മുഖമുദ്രയാക്കിയിട്ടുള്ള ഫാസിസ്റ്റുകൾ ആശയങ്ങളെക്കാൾ പ്രായോഗികതയ്ക്കും വിവേകത്തെക്കാൾ വികാരങ്ങൾക്കുമാണ് പ്രാമുഖ്യം കൊടുത്തിരുന്നത്.
1934 മാർച്ച് 31ന് മൂഞ്ചെ, ഹെഡ്ഗെവർ, ലാലു ഗോഖലെ എന്നിവർ പങ്കെടുത്ത ഒരു യോഗത്തിലെ മൂഞ്ചെയുടെ വാക്കുകൾ കേൾക്കുക: ”ഇറ്റലിയിലും ജർമ്മനിയിലും ഇന്നുകാണുന്നതുപോലെ മുസോളിനിയെപ്പോലെയോ ഹിറ്റ്ലറെപ്പോലെയോ, അല്ലെങ്കിൽ ഇവിടെ ശിവജിയെപ്പോലെയോ ഒരു ഹിന്ദു ഏകാധിപതിയും നമ്മുടേതായ ഒരു രാഷ്ട്രവും നമുക്ക് ഉണ്ടാകേണ്ടതുണ്ട്. നമ്മൾ കയ്യും കെട്ടി നോക്കിയിരിക്കാതെ ശാസ്ത്രീയമായ പദ്ധതികളും പ്രചരണങ്ങളും അതിനുവേണ്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.” ആര്യാഭിമാനം ഉയർത്താനായി ഹിറ്റ്ലർ നടത്തിയ ഉന്മൂലന സിദ്ധാന്തം ഹിന്ദുത്വവാദികളെ ആവേശം കൊള്ളിക്കുന്നുണ്ട്. ആര്യൻ എന്നത് പ്രാചീനവും അഭിമാനിക്കാവുന്നതുമായ ഒരു പേരാണെന്നതിൽ സംശയമില്ലെന്ന് വിചാരധാരയിൽ ഗോൾവാൾക്കറും വ്യക്തമാക്കുന്നുണ്ട്.
അനവധി വൈവിധ്യങ്ങൾക്ക് നടുവിലും ദേശരാഷ്ട്രമെന്ന സ്വത്വ രൂപീകരണത്തിന് ഇന്ത്യൻ ജനതയെ പ്രാപ്തമാക്കിയ ചരിത്രപരമായ പ്രക്രിയകളെ നിരാകരിച്ച് ദേശസ്നേഹത്തെ സംബന്ധിച്ചുള്ള അതിസങ്കുചിതവും വിദ്വേഷാത്മകവുമായ ഒരു സവിശേഷ ധാരണയെ അവർ ആവിഷ്കരിക്കുകയാണ്. ജനാധിപത്യ മതേതര രാജ്യത്ത് ജനാധിപത്യത്തിൽനിന്നും പാടേ ഭിന്നമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം നിർമ്മിച്ച് ഫാസിസ്റ്റുകൾക്ക് ചുവടുറപ്പിക്കാൻ കഴിയുന്ന ഒരു വ്യാജ സൈദ്ധാന്തിക അടിത്തറയാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഒരുക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തി കല്പിതമായി സൃഷ്ടിച്ചെടുക്കുന്ന ജനാധിപത്യനിർവചനത്തിന്റെ ഘടനയിലേക്ക് രാജ്യത്തെ പരുവപ്പെടുത്താന്‍ അവർ ശ്രമിക്കുന്നു.
രാജ്യത്തെ പൗരന്മാർക്കിടയിൽ ഭിന്നതയും അനൈക്യവും സൃഷ്ടിക്കാനുള്ള അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള വിഷലിപ്തമായ ചിന്തകളുടെ വക്താക്കൾ ഉന്മൂലന രാഷ്ട്രീയത്തിന്റെ പാഠങ്ങൾ അതിന്റെ ഏറ്റവും വെറുക്കപ്പെട്ട സ്രോതസുകളിൽ നിന്ന് ഉള്‍ക്കൊണ്ടാണ് ഇവിടെ പ്രയോഗിക്കാൻ ശ്രമം നടത്തുന്നത്. രാജ്യത്തിന്റെ നിയന്ത്രണാധികാരം തങ്ങളിൽ കേന്ദ്രീകരിക്കുന്നതിനും തങ്ങൾക്കനുകൂലമായ ജനവികാരം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതിനുമായി കോർപറേറ്റ് രാഷ്ട്രസിദ്ധാന്തത്തിന് രൂപം നൽകിയിരിക്കുകയാണ് ആർഎസ്എസ്. ഭൂരിപക്ഷ മതത്തെ അടിസ്ഥാനമാക്കിയുള്ളതും ന്യൂനപക്ഷ മതങ്ങളെ അപരവല്‍ക്കരിച്ചുമുള്ള അജണ്ടകൾ മുതലാളിവർഗത്തിന്റെ ആശീർവാദത്തോടെ നടപ്പാക്കുകയും ഭരണകൂടത്തിനെതിരായ ജനാധിപത്യത്തിന്റെ പ്രതിരോധ മാർഗങ്ങളെ സമർത്ഥമായി നിർവീര്യമാക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ മതേതരത്വം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട അവസരങ്ങളിൽ ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ട് രാജ്യത്തിന്റെ പരമോന്നത നിയമനി‍ർമ്മാണസഭ പാസാക്കിയ നിയമങ്ങളെപ്പോലും മറികടന്ന ഫാസിസ്റ്റ് വിപത്തുകളുടെ കഴിഞ്ഞകാലങ്ങളിലുള്ള ഉദാഹരണങ്ങൾ അനവധിയാണ്. 1936ൽ ഇറ്റലിയിലെ ജനപ്രതിനിധിസഭ പിരിച്ചുവിടുകയും അതിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രൂപത്തിൽ ഭേദഗതി വരുത്തുകയും ചെയ്തുകൊണ്ട് ഭരണ സംവിധാനങ്ങളെ സമ്പൂർണമായി ഫാസിസ്റ്റ് അധികാരശക്തിക്ക് വിധേയമായി മാത്രം പ്രവർത്തിക്കുന്നവിധത്തിൽ കീഴ്പ്പെടുത്തിക്കൊണ്ടുള്ള മുസോളിനിയുടെ തന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പ് തന്നെയാണിത്.
രാഷ്ട്രീയമായ ലക്ഷ്യ നിർവഹണത്തിന് വേണ്ടി വ്യക്തികളെയോ വസ്തുക്കളെയോ സ്ഥാപനങ്ങളെയോ നിർമൂലനം ചെയ്യുന്നത് ഫാസിസത്തിന്റെ ജന്മസ്വഭാവമാണ്. ‘ഫാസിസ്റ്റ് സിദ്ധാന്തം’ എന്ന ലഘുലേഖയിൽ മുസോളിനി പറയുന്നത് ഇപ്രകാരമാണ്: ‘‘ഫാസിസ്റ്റുകൾ സമാധാനകാംക്ഷികളല്ല. മനുഷ്യനെ ഊർജസ്വലനാക്കുന്നത് യുദ്ധമാണ്. അതിനാൽ സമാധാനം മുന്നോട്ടുവയ്ക്കുന്ന ഒരു സൈദ്ധാന്തിക പദ്ധതിയുമായും ഒത്തുപോകാൻ ഫാസിസത്തിനാകില്ല. സാർവദേശീയമായ ഒരു പദ്ധതിയുമായും ഒത്തുപോകാനാകില്ല. ഭൗതിക നേട്ടങ്ങളെ ലക്ഷ്യമാക്കുന്ന ഒന്നുമായും അതിനു ചേർന്നുപോകാനാകില്ല.” 1922 ഓഗസ്റ്റ് ഒന്നിന് ഇറ്റലിയിൽ നടത്തിയ അക്രമാസക്തമായ പൊതുപണിമുടക്കിൽ ഇറ്റാലിയൻ സോഷ്യലിസ്റ്റ് ദിനപത്രമായ അവന്തിയുടെ കെട്ടിടങ്ങൾ തീവച്ച് നശിപ്പിച്ചശേഷമുള്ള മുസോളിനിയുടെ പ്രതികരണം: “48 വർഷത്തെ സാരോപദേശം കൊണ്ടോ പ്രചരണം കൊണ്ടോ സാധിക്കാത്തത്, 48 മണിക്കൂർ യുദ്ധസമാനമായ ആക്രമണം കൊണ്ട് നാം നേടിയിരിക്കുന്നു” എന്നായിരുന്നു.
ആർഎസ്എസും ഫാസിസവും നാസിസവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച വിഖ്യാത ഇറ്റാലിയൻ ഗവേഷക മാർസിയ കസോലാരിയുടെ നിരീക്ഷണം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. “ഫാസിസത്തിലും മുസോളിനിയിലും ഇന്ത്യൻ ദേശീയവാദികൾക്കുള്ള താല്പര്യം കേവലം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. ചില വ്യക്തികൾക്കിടയിൽ മാത്രം ഒതുങ്ങിനിന്ന കാര്യവുമല്ല അത്. അവർ നൽകിയ ഊന്നലുകളുടെ ആത്യന്തിക ഫലമായി രൂപപ്പെട്ടതായിരുന്നു ഇങ്ങനെയൊരു ബാന്ധവം. ഹിന്ദു ദേശീയവാദികൾ, വിശിഷ്യ മഹാരാഷ്ട്രയിലുള്ളവർ, ഇറ്റാലിയൻ സ്വേച്ഛാധിപത്യത്തെയും അതിന്റെ നേതാവിനെയും ആയിരുന്നു മനസിൽ കണ്ടിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഫാസിസം ഒരു യാഥാസ്ഥിതിക വിപ്ലവത്തിന്റെ ഉദാഹരണം മാത്രമായിരുന്നു.”
ബിജെപിക്കും ആർഎസ്എസിനും കീഴിലുളള ഹിന്ദുത്വ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ ഉന്നതമായ പ്രത്യയശാസ്ത്ര പ്രബുദ്ധതയിലധിഷ്ഠിതമായ ഇടതുപക്ഷ മുന്നേറ്റങ്ങളാണ് ഇന്ന് രാജ്യത്താകമാനം ഉയർന്നുവരേണ്ടത്. സ്വന്തം വർഗതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സമൂഹത്തിലെ വർഗീയ വിഭജനങ്ങൾ ആളിക്കത്തിച്ച് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരന്തരം നേതൃത്വം നൽകേണ്ടത് ഫാസിസത്തിന്റെ ആവശ്യമാണ്. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മറവിൽ ഫാസിസം സൃഷ്ടിക്കുന്ന അത്തരം അപകടങ്ങളെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക് ബദലായി ഫാസിസത്തിന്റെ നിർവചനം അന്വേഷിക്കുന്നത് കൗശലക്കാരനായ പ്രതിയോഗിക്കാണ് ഗുണം ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.