29 September 2024, Sunday
KSFE Galaxy Chits Banner 2

സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപിയുടെ പൊതുതാല്പര്യഹര്‍ജി സംഘങ്ങളും

പ്രത്യേക ലേഖകന്‍
November 9, 2022 4:54 am

തങ്ങൾക്ക് അനഭിമതരായവരെ ബിജെപിയുടെ എൻഡിഎ സർക്കാർ എങ്ങനെയൊക്കെ ഉപദ്രവിക്കുമെന്നതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ് ഝാർഖണ്ഡ്. സംസ്ഥാനത്ത് ബിജെപി പിഐഎൽ (പൊതുതാല്പര്യഹർജി) ഗ്യാങ് രൂപീകരിച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഖനി അഴിമതി കേസിൽ മുഖ്യമന്ത്രി സൊരേനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാല്പര്യഹർജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തില്‍ ഈ ആരോപണത്തിന്റെ രാഷ്ട്രീയ പ്രസക്തിയും ഏറിവരികയാണ്. ഗോത്ര വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിയായ സൊരേൻ മുമ്പും ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ്. ഇക്കഴിഞ്ഞ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. ഖനന അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അതിന് തയാറാകാതെ ഝാർഖണ്ഡ് മുക്തിമോർച്ചയുടെ പ്രവർത്തകരെ തന്റെ വീടിന് മുന്നിൽ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. മാത്രമല്ല, ‘കുറ്റക്കാരനാണെങ്കിൽ എന്തിനാണ് ചോദ്യം ചെയ്യുന്നത്, അറസ്റ്റ് ചെയ്യൂ’ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ഒരു ഗോത്രവർഗ മുഖ്യമന്ത്രിയെ ഉപദ്രവിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നായിരുന്നു അദ്ദേഹം പരസ്യമായി ആരോപിച്ചത്. ബിജെപിയെ എതിർക്കുന്നവരുടെ ശബ്ദം അടിച്ചമർത്താൻ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 


ഇതുകൂടി വായിക്കു; ബ്രാഹ്മണ്യം മോഷ്ടിച്ച ഇന്ത്യൻ മനസ്


 

ഝാർഖണ്ഡിൽ മാത്രമല്ല, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാന സർക്കാരുകൾ നിരന്തരം വേട്ടയാടപ്പെടുന്നത് നാം കാണുന്നുണ്ട്. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളും പശ്ചിമബംഗാളിൽ മമത ബാനർജിയും തമിഴ്‌നാട്ടിൽ സ്റ്റാലിനും കേരളത്തിൽ പിണറായി വിജയനുമെല്ലാം ഈ ഉപദ്രവം ഏറ്റവുമധികം അനുഭവിക്കുന്നവരാണ്. എന്നാല്‍ ഒരു മുഖ്യമന്ത്രിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് ഝാര്‍ഖണ്ഡിലാണ്. അതിനെ ശക്തമായി പ്രതിരോധിക്കാനാണ് സൊരേന്‍ മുതിര്‍ന്നത്. ബിജെപിയെയും അവർ ദുരുപയോഗം ചെയ്യുന്ന സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ചുവെന്നതാണ് സൊരേനെ വ്യത്യസ്തമാക്കുന്നത്. നിലപാടുകളാല്‍ മറ്റെല്ലാവര്‍ക്കും കൂടുതല്‍ മാധ്യമശ്രദ്ധ ലഭിക്കുമ്പോൾ തദ്ദേശീയതലത്തില്‍ കാര്യമായ പരിഗണന ലഭിക്കാത്ത മുഖ്യമന്ത്രിയാണ് സൊരേൻ എന്നും ഓർക്കണം. ആദിവാസികൾക്കും സാധാരണക്കാർക്കും ഇടയിൽ പ്രവർത്തിച്ചാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം സംസ്ഥാന സർക്കാരിനെതിരായി ഹൈക്കോടതി സ്വീകരിച്ച പൊതുതാല്പര്യഹർജി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി പറഞ്ഞതോടെ സൊരേന്റെ വിമർശനത്തിന്റെ കരുത്ത് കൂടുകയും ചെയ്തു.

പിഐഎൽ ഗ്യാങ് രൂപീകരിച്ച് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വെല്ലുവിളിക്കാൻ മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പറയുമ്പോൾ തന്നെ, ഝാര്‍ഖണ്ഡിനുവേണ്ടി ബിജെപി എന്ത് ചെയ്തുവെന്നും സൊരേൻ ചോദിക്കുന്നുണ്ട്. 2000ൽ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം 20 വർഷത്തോളം ഭരിച്ച ബിജെപി ഇവിടം കൊള്ളയടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം തുറന്നടിച്ചത്. ഇക്കാലത്തൊന്നും ആദിവാസികൾക്കും ഗ്രാമീണർക്കും പാവപ്പെട്ടവർക്കും കർഷകർക്കും യുവാക്കൾക്കും പ്രായമായവർക്കും വേണ്ടി യാതൊന്നും ചെയ്യാത്ത പാർട്ടിയാണ് ബിജെപി. സംസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്ന സർക്കാരുകളെ ഏതെങ്കിലുമൊക്കെ വിധത്തിൽ നിരന്തരം ഉപദ്രവിക്കുന്നു. ഝാര്‍ഖണ്ഡിലും അതുതന്നെ ചെയ്യുന്നു. മുൻ മുഖ്യമന്ത്രിയായ മധു കോഡയ്ക്കെതിരെ 40,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കുകയാണ് ചെയ്തത്. അനധികൃതമായി ഇരുമ്പ് അയിരും കൽക്കരിയും ഖനനം ചെയ്യാൻ അനുമതി കൊടുത്തെന്ന ആരോപണത്തിൽ നാല് വർഷത്തോളം ജയിലിൽ കഴിഞ്ഞ അദ്ദേഹം 2013ലാണ് ജയിൽ മോചിതനായത്. കേസ് സിബിഐ ഇപ്പോഴും അന്വേഷിക്കുകയാണെങ്കിലും 140 കോടിയോളം രൂപ വിലവരുന്ന അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം കേന്ദ്ര ഏജൻസികൾ കണ്ടുകെട്ടി.

 


ഇതുകൂടി വായിക്കു;  പട്ടിണി രാജ്യമാകുന്ന ഇന്ത്യ | Janayugom Editorial


 

ഇപ്പോൾ ബിജെപിയുടെ നാടകങ്ങളെല്ലാം വാടകയ്ക്കെടുത്തവരെക്കൊണ്ടാണ്. അവർ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയും തുടർച്ചയായി പൊതുതാല്പര്യ ഹർജികൾ പ്രയോഗിക്കുകയും ചെയ്യുന്നു. ബിജെപി ഇതര സർക്കാരുകൾ അതാത് സംസ്ഥാനങ്ങളിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളാണ് ബിജെപിയെയും കേന്ദ്രസർക്കാരിനെയും ഭയപ്പെടുത്തുന്നതെന്ന പക്ഷക്കാരനാണ് സൊരേന്‍. ഇരുപത് വർഷം ഝാര്‍ഖണ്ഡ് ഭരിച്ച ബിജെപി ആദിവാസികൾക്ക് അക്ഷരാഭ്യാസം ലഭിക്കാൻ അനുവദിച്ചില്ലെന്ന സൊരേന്റെ ആരോപണം ഗൗരവമേറിയതാണ്. ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ അജ്ഞത മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹാദിയ (നാടൻ മദ്യം) വിൽക്കാൻ മാത്രം പ്രാപ്തരെന്ന രീതിയില്‍ ആദിവാസികളെ എല്ലായ്പ്പോഴും വിഡ്ഢികളായാണ് ബിജെപി ചിത്രീകരിക്കുന്നത്. ആളുകളെ പ്രലോഭിപ്പിക്കുന്നതിലും ഭിന്നിപ്പിക്കുന്നതിലും അതിലൂടെ വിദ്വേഷം വളർത്തുന്നതിലും ബിരുദം നേടിയവരാണ് ബിജെപിയെന്ന സൊരേന്റെ വാക്കുകൾ രാജ്യത്തിന്റെ മുഴുവൻ ശബ്ദമായി കണക്കാക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.