നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡി എഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണ നിലനിൽക്കുന്നതിന്റെയും പരസ്പരം വോട്ടുകൾ മറിച്ചുനൽകാൻ തീരുമാനമെടുത്തതിന്റേയും പ്രത്യക്ഷ തെളിവായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ ബിജെപിയിൽ ഉടലെടുത്തിരിക്കുന്ന അനിശ്ചിതാവസ്ഥയെ കാണേണ്ടതുണ്ട്. മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായി നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യവും ജനപിന്തുണയും കണ്ട് പരാജയഭീതിപൂണ്ട യുഡിഎഫ് നേതൃത്വം ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്നാണ് വ്യാമോഹിക്കുന്നത്. മുമ്പ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുന്നതിന് സംഘ് പരിവാറിനൊപ്പം കൂട്ടുചേർന്ന് പ്രാദേശികതലം തൊട്ട് പാർലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളിലെ കുപ്രസിദ്ധ വോട്ട് കച്ചവടത്തിന്റെ നിരവധി പിന്നാമ്പുറ കഥകളാണ് കോൺഗ്രസ് അടക്കമുള്ള യുഡിഎഫിലെ കക്ഷികൾക്ക് പറയാനുള്ളത്. 1960ൽ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ഇഎംഎസിനെ പരാജയപ്പെടുത്താൻ ജനസംഘം സ്ഥാനാർത്ഥി പി മാധവമേനോന്റെ പത്രിക പിൻവലിപ്പിച്ച് പരസ്യപിന്തുണ സ്വീകരിച്ച ചരിത്രം നമുക്കറിയാം. സംസ്ഥാനത്തെ ആദ്യ കോ–ലി–ബി സഖ്യത്തെ 7,322 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രാഷ്ട്രീയ ഭൂപടത്തിൽ പട്ടാമ്പി അന്ന് അടയാളപ്പെടുത്തിയത്. ഇഎംഎസിന് 26,478 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി എ രാഘവൻ നായർക്ക് ലഭിച്ചത് 19,156 വോട്ടുകളായിരുന്നു.
1991ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എം രത്നസിങ് എന്ന സംയുക്ത സ്വതന്ത്ര സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ പി ഉണ്ണികൃഷ്ണനെ എതിരിട്ടതും ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ടി കെ ഹംസയെ നേരിടാൻ കോൺഗ്രസ്-ലീഗ് ‑ബിജെപി ആശീർവാദത്തോടെ ഡോ. കെ മാധവൻകുട്ടിയെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചതും മറന്നിട്ടില്ല കേരളം. കേരളത്തിലെ നിശ്ചിത നിയമസഭാ — ലോക്‌സഭാ സീറ്റുകളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുന്നതിന്റേയും വടകര, ബേപ്പൂർ മണ്ഡലങ്ങളിൽ ബിജെപി നിർദേശിക്കുന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന്റെയും പ്രത്യുപകാരമായിട്ടാണ് അന്ന് മഞ്ചേശ്വരത്ത് കെ ജി മാരാർക്കും തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ളയ്ക്കും തിരുവനന്തപുരത്ത് ഒ രാജഗോപാലിനും രഹസ്യപിന്തുണ യുഡിഎഫ് വാഗ്ദാനം ചെയ്തത്. ബേപ്പൂരിൽ മുസ്ലിം ലീഗിന്റെ സഹായം വലിയ രീതിയിൽ ലഭിച്ചുവെന്നും പാണക്കാട് ശിഹാബ് തങ്ങൾ ഏറ്റവുമധികം യോഗങ്ങളിൽ പങ്കെടുത്തത് തനിക്ക് വേണ്ടിയായിരുന്നുവെന്നും 23 പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചുവെന്നും മാധവൻകുട്ടി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. സംഘ്പരിവാർ ബാബറി മസ്ജിദ്--രാമജന്മഭൂമി തർക്കമുയർത്തി, സാമുദായിക ധ്രുവീകരണത്തിന്റെ സാധ്യതകളിലൂടെ പ്രയാണമാരംഭിച്ച കാലഘട്ടമായിരുന്നു അതെന്നോർക്കണം. കെ ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിലും ഒ രാജഗോപാലിന്റെ ‘ജീവിതാമൃത’ത്തിലും കെ രാമൻ പിള്ളയുടെ ‘ധർമ്മം ശരണം ഗച്ഛാമി’ യിലും വോട്ട് കച്ചവടം സംബന്ധിച്ച പരാമർശങ്ങൾ വായിക്കാവുന്നതാണ്.
എന്നാൽ കോ-ലി-ബി കുബുദ്ധിയെ തകർത്ത് 6,270 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി കെ ഹംസ അന്നവിടെ വിജയിച്ചത്. പ്രസ്തുത തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ കെ മാധവൻകുട്ടിക്ക് 60,413 വോട്ടുകൾ ലഭിച്ചപ്പോൾ ആ മണ്ഡലം ഉൾപ്പെടുന്ന മഞ്ചേരി ലോക്‌സഭയിലേക്കു മത്സരിച്ച ബിജെപി സ്ഥാനാർത്ഥി അഹല്യ ശങ്കറിന് ലഭിച്ചത് 12,488 വോട്ടുകൾ മാത്രമാണെന്നത് ഓർക്കണം. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബിജെപി നേതാവ് കെ ജി മാരാർക്കനുകൂലമായി വോട്ട് മറിക്കുക എന്ന നിർദേശവും രഹസ്യധാരണയുടെ ഭാഗമായി ഉണ്ടായിരുന്നുവെങ്കിലും അവിശുദ്ധ കൂട്ടുകെട്ടിനെ അവിടെയും ജനങ്ങൾ പരാജയപ്പെടുത്തുകയായിരുന്നു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസിലെ കെ ശങ്കരനാരായണപിള്ള 35,562 വോട്ട് നേടി 11,727 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരൻ 23,835 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ 1991ൽ കെ രാമൻ പിള്ളയെ സ്ഥാനാർത്ഥിയാക്കി വോട്ട് കച്ചവടത്തിലൂടെ നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ശ്രമിച്ചെങ്കിലും കോ-ലി-ബി സഖ്യത്തിനെതിരെ വലിയ ജനവികാരം മണ്ഡലത്തിൽ ഉടലെടുത്തതിന്റെ ഫലമായി രാമൻ പിള്ള 12,289 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. വടകരയിലും ബേപ്പൂരിലും ഉഭയസമ്മത പ്രകാരം രൂപപ്പെട്ട ധാരണ പൂർണമായും നടപ്പാക്കിയ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ബിജെപി നേതാക്കൾ പിന്നീട് പലപ്പോഴായി പരിതപിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ വിഷയത്തിലും അന്ന് സമാന സാഹചര്യം തന്നെയാണുണ്ടായത്. ഇനി വടകരയിലേക്ക് വന്നാൽ 1971ൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർത്ഥിയായെത്തിയ കെ പി ഉണ്ണികൃഷ്ണൻ തുടർച്ചയായി ആറ് തവണ അവിടെനിന്നു ലോക്‌സഭാംഗമാവുകയുണ്ടായി. 1971, 1977 ലോക്‌സഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 1980, 1984, 1989, 1991 തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായും അദ്ദേഹം ജയിച്ചു. 1991ലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോ-ലി-ബി സഖ്യം രത്ന സിങ്ങിനെ ഉണ്ണികൃഷ്ണനെതിരെ രംഗത്തിറക്കിയത്. ഈ നീക്കത്തിന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയടക്കം പിന്തുണയുണ്ടായിരുന്നു. എന്നാൽ 17,489 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ പി ഉണ്ണികൃഷ്ണനെ പാർലമെന്റിലെത്തിച്ചാണ് വടകര ജനത അന്ന് രാഷ്ട്രീയ നെറികേടിനെ നേരിട്ടത്. 1989ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി 45,395 വോട്ടുകൾ വടകരയിൽ നേടിയപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 8,209 വോട്ടുകൾ ആയിരുന്നു. കോൺഗ്രസിൽ ചേക്കേറിയ കെ പി ഉണ്ണികൃഷ്ണൻ ഇടതുപക്ഷത്തോട് പോരാടിയ 1996ലും എൽഡിഎഫിലെ ഒ ഭരതൻ 79,945 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലോക്‌സഭയിലെത്തി. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എ ഡി നായർക്ക് 49,971 വോട്ടുകളാണ് ലഭിച്ചതെന്നുമോർക്കണം.
ഇനി നേമത്തേക്ക് വരാം. 2006ൽ സംസ്ഥാനത്താകമാനം അലയടിച്ച കടുത്ത ഇടതുപക്ഷ അനുകൂല തരംഗത്തിലും എൻ ശക്തൻ 10,749 വോട്ടുകൾക്ക് വിജയിച്ച നേമം മണ്ഡലത്തിൽ 60, 884 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിലെ വേങ്ങാനൂർ ഭാസ്കരന് 50,135 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ മലയിൻകീഴ് രാധാകൃഷ്ണന് വെറും 6,075 വോട്ട് മാത്രമായിരുന്നു . എന്നാൽ 2011 ആയപ്പോഴേക്കും ബിജെപി വോട്ടുകൾ 43,661 ആയി വർധിക്കുകയും യുഡിഎഫ് വോട്ടുകൾ 20,248 ലേക്ക് താഴുകയുമായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെ 6,415 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ബിജെപിയും യുഡിഎഫ് സ്ഥാനാർത്ഥി ചാരുപാറ രവിയും തമ്മിൽ 23,413 വോട്ടുകളുടെ വ്യത്യാസമാണുണ്ടായിരുന്നത്. യുഡിഎഫ് വോട്ടുകൾ ആസൂത്രിതമായിത്തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് മറിച്ചു നൽകുകയായിരുന്നുവെന്ന് വ്യക്തം.
2016ൽ നേമത്തെ വിജയത്തിലൂടെ സംസ്ഥാനത്താദ്യമായി ബിജെപി അക്കൗണ്ട് തുറന്നപ്പോൾ ഒ രാജഗോപാലിന് ലഭിച്ചത് 67,813 വോട്ടുകളായിരുന്നുവെങ്കിൽ യുഡിഎഫ് സമ്പാദ്യം 13,860ൽ ഒതുങ്ങി. 2021ൽ ബിജെപി അക്കൗണ്ട് പൂട്ടിച്ചുകൊണ്ട് ശിവൻകുട്ടി വിജയം നേടിയപ്പോഴും യുഡിഎഫ് മൂന്നാം സ്ഥാനത്ത് തുടർന്നു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ തകർത്തുകൊണ്ട് രാജ്യത്തെ വർഗീയ വല്‍ക്കരിക്കാനുള്ള ആർഎസ്എസ് കുടില തന്ത്രങ്ങൾക്ക് എക്കാലവും വെള്ളവും വളവും നൽകി വളർത്തുന്ന കോൺഗ്രസ് അധികാരം നേടുന്നതിനും നിലനിർത്തുന്നതിനും എക്കാലവും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബിജെപി ബാന്ധവത്തിലേർപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമായി ഇടത് മുന്നണിയെ നേരിടാൻ സാധ്യമല്ലെന്ന തിരിച്ചറിവിൽ ജനാധിപത്യത്തെ അപഹസിച്ചുകൊണ്ട് ദേശീയതലത്തിൽ തങ്ങളുടെ മുഖ്യശത്രുവായ ബിജെപിയുടെ പടിവാതിൽക്കൽ ചെന്ന് യാചന നടത്തുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം നിലമ്പൂരിലെ മതേതര സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.