സി ദിവാകരൻ

January 02, 2021, 5:15 am

“പുനർജീവനത്തിന്റെ നൊമ്പരങ്ങൾ”

Janayugom Online

സി ദിവാകരൻ

രാജ്യം ‘കോവിഡ് — 19’ എന്ന മഹാമാരിയുടെ പിടിയിൽപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യ അകലം, ലോക്ഡൗൺ, മാസ്ക്ക് ധരിക്കൽ, ബ്രേക്ക് ദി ചെയിൻ എന്നീ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാൻ മനുഷ്യസമൂഹം ഒന്നാകെ അണിനിരന്നു. ശാസ്ത്ര–സാങ്കേതിക സാമ്പത്തിക രംഗങ്ങളിൽ ശക്തികളായി ഉയർന്നുവന്ന രാജ്യങ്ങൾപോലും കോവിഡ് 19‑ന്റെ മുമ്പിൽ അമ്പരന്നു നിൽക്കുന്നു. സമീപകാല ചരിത്രത്തിൽ ഇത്ര ഭീകരമായ അവസ്ഥ ലോകം നേരിട്ടിട്ടില്ല. രോഗബാധിതരായവരുടെയും മരണപ്പെട്ടവരുടെയും കണക്കെടുപ്പുകളായി ലോകത്തെ മാധ്യമരംഗം മാറിക്കഴിഞ്ഞു. കോവിഡ് 19നെ അതിജീവിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷ പുലർത്തി ജനം മുന്നോട്ടു പോകുകയാണ്.

ഈ സന്ദർഭത്തിൽ കോവിഡ് 19‑ന്റെ ഫലമായി എല്ലാം തകർന്ന ഒരു ജനവിഭാഗത്തിന്റെ നൊമ്പരങ്ങൾ കാണാൻ കഴിയാതെപോകുന്നത് മനുഷ്യത്വ രഹിതമായിരിക്കും. രോഗം പടർന്നുപിടിച്ച പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഉല്പാദന – വ്യവസായവാണിജ്യ മേഖലകൾ — പൂർണമായും നിശ്ചലമായി. നഗരങ്ങളും, പണിശാലകളും, കാർഷിക മേഖലകളും വിജനങ്ങളായി. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സഞ്ചരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം കർശന നിയന്ത്രണത്തിനു വിധേയമാക്കി. സാധാരണ ജനങ്ങൾ സംഭ്രമജനകമായ അന്തരീക്ഷത്തിലാണ് ഇപ്പോഴും ജീവിതം തള്ളിനീക്കുന്നത്. ഈ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഒരു വലിയ വിഭാഗം ജനങ്ങൾ കൊടുംപട്ടിണിയുടെ നേർക്ക് നടന്നടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളാണ് ഈ ദുരന്തത്തിന് ഇരയാകുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പട്ടിണി മാറ്റാൻ കൂലിപ്പണിക്കെത്തുന്നവരും ഈ വിഭാഗത്തിൽപ്പെടുന്നു. പട്ടിണി മാറ്റാൻവേണ്ടി കഠിനാദ്ധ്വാനം ചെയ്തു ജീവിക്കുന്നവരുടെ കുടുംബങ്ങൾ അർധപട്ടിണിയിൽ നിന്ന് മുഴുപട്ടിണിയിലേക്ക് നീങ്ങുന്നു.

രാജ്യത്തെ നിർമ്മാണ മേഖല പൂർണ്ണമായും സ്തംഭിച്ചു. ഈ രംഗത്ത് പണി എടുത്തുവന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായി.

സംഘടിത മേഖലകളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തന രഹിതമായെങ്കിലും തൊഴിലാളികൾക്ക് നിയമപരമായുള്ള പരിമിതമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതു കാരണം ഫാക്ടറി തൊഴിലാളികൾ പിടിച്ചുനിൽക്കുന്നു. അസംഘടിത മേഖല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണി എടുക്കുന്ന മേഖല പരമ്പരാഗത വ്യവസായങ്ങളിലാണ്. ഈ മേഖലകളും തൊഴിൽ നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണ്.

ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ സംയുക്തമായി പുനർജീവനത്തിന്റെ പദ്ധതികൾക്ക് രൂപം നൽകാൻ വൈകിയാൽ രാജ്യം കൊടിയ പട്ടിണിയിലേക്കും തുടർന്ന് കൂട്ടമരണങ്ങളിലേക്കും എത്തുമെന്ന ആപൽസൂചനയാണ്, നോബേൽ പ്രൈസ് നേടിയ ഡോ. അമൃത്യാസെന്നും, മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനും നടത്തിയിട്ടുള്ള പ്രസ്താവനകൾ.

“ഭക്ഷണമില്ല, വീടില്ല, വരുമാനമില്ല. കുട്ടികൾ പട്ടിണിയിൽക്കഴിയുന്നു. ” ഇതാണ് ഇന്ന് രാജ്യത്തെ നാല്പതു കോടി കൂലിപ്പണിക്കാരുടെ വീടുകളിലെ നിലവിളി. ലോകത്തു തന്നെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പേർ അസംഘടിതമേഖലയിൽ പണിയെടുക്കുന്നത് ഇന്ത്യയിലാണ്. അവർക്ക് ബാധകമായ തൊഴിൽ നിയമങ്ങളോ മറ്റു തൊഴിൽ സംരക്ഷണമോ ക്ഷേമപദ്ധതികളോ നിലവിലില്ല. ഉള്ള നിയമങ്ങൾ നടപ്പിലാകുന്നില്ല. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഭഗവതി നടത്തിയ ഒരു വിധിപ്രസ്താവനയിൽ ഇപ്രകാരം പറയുന്നു. “നിർമ്മാണ പ്രവർത്തന രംഗത്തെ തൊഴിലാളികൾ അടുത്ത പ്രഭാതത്തിൽ ഉണർന്ന് പണിയ്ക്ക് പോകാനാവശ്യമായ ശക്തിയില്ലാതെ തളർന്ന് ഉറങ്ങുന്നവരാണ്. ഇരതേടി പറക്കാൻ കഴിയാത്ത പറവകളെപ്പോലെ തളർന്നുവീഴുന്ന അവസ്ഥയിലാണ് തൊഴിലാളികൾ”. സുപ്രീംകോടതിയുടെ ഈ നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്.

പുനർജീവനത്തിനുള്ള പദ്ധതികൾക്ക് സമഗ്രമായ രൂപം നൽകാൻ ഭരണകൂടങ്ങൾ അറച്ചുനിൽക്കാൻ പാടില്ല. കോവിഡ് രോഗം ബാധിച്ചു ഭേദമായവരുടെ എണ്ണത്തിൽ കാണുന്ന വർദ്ധനവിലും കൂടുതലായി രോഗംപകരുന്നില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നുമുള്ള ഭരണഭാഷയിലുള്ള വിശദീകരണങ്ങളുമായി ദീർഘനാൾ പിടിച്ചുനിൽക്കാനാവില്ല. രോഗപ്രതിരോധം കൊണ്ടുമാത്രം ഈ രംഗത്തെ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. കോവിഡ് രോഗം പൂർണമായും നിയന്ത്രണ വിധേയമായ ശേഷം രാജ്യം നേരിടാൻ പോകുന്ന അതിരൂക്ഷമായ പ്രശ്നങ്ങൾ നേരിടാനുള്ള ദീർഘ വീക്ഷണത്തോടെ നിരവധി പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ജനങ്ങളുടെ വിശ്വാസം നേടാൻ ഭരണകൂടങ്ങൾക്ക് കഴിയണം.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലവസരങ്ങൾ പുനഃസ്ഥാപിക്കാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ സംയുക്തമായി പദ്ധതികൾക്ക് രൂപം നൽകണം. വ്യവസായ സ്ഥാപനങ്ങളുടെ പുനഃപ്രവർത്തനത്തെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതി ആവിഷ്കരിക്കണം. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, റിസർവ് ബാങ്ക്, ലോക നാണയനിധി, എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളടങ്ങുന്ന ഉന്നതാധികാര ദേശീയ സമിതിയ്ക്ക് രൂപം നൽകണം. കോവിഡ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക രംഗത്തെ തകർച്ച – കാർഷിക രംഗത്തെ പ്രശ്നങ്ങൾ; സാധാരണക്കാരുടെ പ്രശ്നങ്ങൾ ഇവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനാവശ്യമായ വിഭവ സമാഹരണത്തിന്റെ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയണം.

സാധാരണ ഭരണഭാഷയിലാണ് കോവിഡ് പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത്. മൂന്നുലക്ഷത്തി എഴുപത്തിനാലായിരം കോടി രൂപയുടെ സഹായ പദ്ധതി ആദ്യഘട്ടത്തിലും, ഒരു ലക്ഷം കോടി രൂപ സാമ്പത്തിക ആനുകൂല്യങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുമെന്നുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിൽ നിന്നും അവർ ഈ ദേശിയ ദുരന്തത്തിന്റെ ആഴം കണ്ടെത്താനുള്ള ഒരു പഠനവും നടത്തുന്നില്ലെന്ന് വ്യക്തമാകുന്നു. ഇന്ത്യ നേരിടാൻ പോകുന്ന അപകടത്തിന്റെ ചില സൂചനകൾ ഐഎംഎഫും ലോക ബാങ്കും സൂചിപ്പിച്ചു കാണുന്നു. കോവിഡിനെ തുടർന്ന് ഇന്ത്യയിൽ നാലുകോടി തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുമെന്നും ഇന്ത്യയുടെ സാമ്പത്തികരംഗം വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവർ ഇന്ത്യയെ ഓർമ്മപ്പെടുത്തുന്നു.

ഈ സന്ദർഭത്തിൽ ലോക സാമ്പത്തികമാന്ദ്യത്തിന്റെ പൂർവ്വകാല ചരിത്രം പറഞ്ഞുകൊണ്ട് മാത്രം ജനങ്ങളുടെ തീക്ഷ്ണങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല.

സാധാരണ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഭരണകൂടങ്ങളുടെ ഗിരി പ്രഭാഷണങ്ങളും അനുകമ്പാപൂർണമായ പ്രതികരണങ്ങളുമല്ല ആവശ്യം. ജനങ്ങളുടെ കരങ്ങളിൽ അവരുടെ ദൈനദിന ജീവിതത്തിനാവശ്യമായ പണം കിട്ടണം. 2000 രൂപാ വീതം കർഷക കുടുംബങ്ങൾക്കും ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 500 രൂപാ വീതവും മൂന്നു ലക്ഷം പേര്‍ക്ക് സൗജന്യ പാചകവാതകവും കൂടാതെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ അരി, ഒരു കിലോ ഗോതമ്പ് വീതവും വിതരണം ചെയ്ത കേന്ദ്ര നടപടി വിസ്മരിക്കാനാവില്ല. എന്നാല്‍ ഇത്തരം നടപടികൾ കൊണ്ട് മാത്രം ഇന്ത്യയിലെ ഗ്രാമീണ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാനാവില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ പണിയെടുക്കുന്ന മേഖലയാണ് “മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി”. ഈ പദ്ധതി രാജ്യത്ത് പൂർണ്ണമായും നിറുത്തിവച്ചിരിക്കുകയാണ്. ഇനി ഈ പദ്ധതി പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു, അഞ്ചു പേർ വീതം സാമൂഹ്യ അകലം പാലിച്ച് പദ്ധതി നടപ്പിലാക്കാം. സർക്കാരിന്റെ ഈ നിർദ്ദേശം പ്രായോഗികമല്ലെന്നു തെളിയാൻ പോവുകയാണ്. സർക്കാരിന് അടിയന്തരമായി സ്വീകരിക്കാവുന്ന നടപടി ഈ വിഭാഗത്തിന് ഒരു മാസം 10 ദിവസത്തെ കൂലി മുൻകൂറായി അനുവദിക്കുക എന്നതാണ് കോവിഡ് സ്ഥിതിഗതികൾ പൂർണ്ണമായും മെച്ചപ്പെടുമ്പോൾ ഈ വ്യവസ്ഥ അവസാനിപ്പിക്കണം.

രാജ്യത്ത് നീണ്ടകാലങ്ങളായി ഉയർന്നുവരുന്ന ഒരാവശ്യമാണ് നമ്മുടെ പൊതുവിതരണ സമ്പ്രദായം സാർവ്വത്രികമാക്കുക എന്നത്. ഇതാനാവശ്യമായ സ്റ്റോക്ക് എഫ്‌സിഐ ഗോഡൗണുകളിലുണ്ടെന്ന് കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല ഏറ്റവും നല്ല വിളവെടുപ്പിന് ഇന്ത്യയിലെ കർഷകർ കാത്തിരിക്കുകയാണ്.

ഓരോ സംസ്ഥാനത്തും പണി എടുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനുഷ്യരാശിക്കുതന്നെ അപമാനകരമായ തരത്തിലാണ്. കിടപ്പാടമില്ല; ആരോഗ്യ സംരക്ഷണമില്ല, മതിയായ ശൗചാലയങ്ങളില്ല, തൊഴിൽ നിയമങ്ങളില്ല, ക്ഷേമ പദ്ധതികളില്ല കരാറുകാരുടെ അടിമകളായി സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മഹാനഗരങ്ങളിൽ അവർ “ആടുജീവിതം” നയിക്കുന്നു.

റിയൽ എസ്റ്റേറ്റുകൾ, വൻകിട കേന്ദ്ര സംസ്ഥാന നിർമ്മാണ പദ്ധതികൾ, ദേശീയ പാതകൾ, പാലങ്ങൾ, മെട്രോ തുടങ്ങിയ ശതകോടി രൂപ മുതൽമുടക്കുള്ള നിർമ്മാണ രംഗത്തെ തൊഴിലാളികളിന്ന് കൂട്ടത്തോടെ പട്ടിണിയാണ്. കരാറുകാരെല്ലാം കൈ ഒഴിയുന്നു നിയമപരമായി ഒന്നും ചെയ്യാൻ സാദ്ധ്യമല്ലെന്ന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ. ഇപ്രകാരമുള്ള തൊടുന്യായങ്ങളുടെ തടവറകളിൽ അകപ്പെട്ട നമ്മുടെ തൊഴിലാളി കുടുംബങ്ങൾ നഗരങ്ങളിലെ അഗ്നിപർവതങ്ങളായി മാറുന്നുവെന്ന സാമൂഹ്യ പ്രശ്നവും ഗൗരവമായി കാണാൻ ഭരണാധികാരികൾക്ക് കഴിയണം.

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ കേരളം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ‘കേരള മോഡൽ’ ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് കേരളമെന്നും, തൊഴിലാളികളുടെ പണിമുടക്കം, ബന്ദ് — ഹർത്താൽ എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമാണെന്നുമുള്ള അപവാദങ്ങളെ അതിജീവിച്ചുകൊണ്ട് കോവിഡ് മഹാമാരിയെ ചെറുത്തുതോല്പിക്കാൻ കേരള ജനതയും സംസ്ഥാന സർക്കാരും കൈ കോർത്ത് നിൽക്കുന്ന നിലപാടുകളിലൂടെ ഏത് വിപത്തിനെയും ജനങ്ങളുടെ ശക്തികൊണ്ട് നേരിടാമെന്ന് കേരളം തെളിയിക്കുന്നു.

കോവിഡ് 19 എന്ന മഹാമാരിയുടെ മുന്നിൽ പല സംസ്ഥാനങ്ങളും മുൻകരുതൽ നടപടികളെടുക്കാതെ പകച്ചു നിന്നപ്പോൾ കേരളം മാത്രമാണ് നിരവധി മുൻ കരുതൽ നടപടികളുമായി മുന്നോട്ടു വന്നത്. രണ്ടു പ്രളയം സൃഷ്ടിച്ച ദുരന്തങ്ങളും ഓഖി എന്ന പ്രകൃതി ക്ഷോഭവും നിപാവൈറസ്സിനെയും നാം അതിജീവിച്ചു. നിരന്തരം ഒന്നിനു പുറകെ ഒന്നായുള്ള ദുരന്തങ്ങൾ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും. നേരിടേണ്ടിവന്നില്ല. “കോവിഡ് 19 നെയും നാം നേരിടും, ആരും പരിഭ്രമിക്കേണ്ടതില്ല. സർക്കാർ നിങ്ങളോടൊപ്പമല്ല നിങ്ങളുടെ മുന്നിൽ തന്നെ ഉണ്ടാകും” ഇപ്രകാരം കേരളത്തിന് എന്തെന്നില്ലാത്ത ആത്മധൈര്യം പകർന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളുടെ മുന്നിൽ തന്നെ നിലയുറപ്പിച്ചു. കേരളത്തിന്റെ ഈ നിലപാടാണ് ഇന്ന് ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞത്.

കോവിഡ് വൈറസ്സിന്റെ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച എല്ലാ നിർദ്ദേശങ്ങളും ഉയർന്ന സാമൂഹ്യബോധത്തോടെ കേരളജനത നടപ്പിലാക്കി. ലോക് ഡൗൺ, സാമൂഹ്യവ്യാപനം തടയൽ, ആഘോഷങ്ങളും പൂർണമായും ഒഴിവാക്കൽ; ഈ കാര്യത്തിൽ കേരളത്തിലെ അമ്പലങ്ങളും മുസ്‌ലിം പള്ളികളും, ക്രിസ്ത്യൻ ദേവാലയങ്ങളും പൂർണമായും ജനങ്ങളോടൊപ്പം നിന്നു. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ പൂർണമായും നടപ്പിലാക്കി. സഞ്ചാര സ്വാതന്ത്ര്യംപോലും ജനങ്ങൾ ഉപേക്ഷിച്ചു.

കോവിഡ് വൈറസിനെ നേരിടാൻ സർക്കാരിന് ജനങ്ങളെ ഒന്നാകെ അണിനിരത്താൻ കഴിഞ്ഞു. രാഷ്ട്രീയ – ജാതിമത വിഭാഗീയതകളുടെ തടവറകളിൽ നിന്ന് കേരള ജനത പുറത്തുവന്നു. മുഖ്യശത്രു കൊറോണ വൈറസ്സാണെന്ന് സമൂഹം പ്രഖ്യാപിച്ചു. ജനങ്ങളുടെ അജയ്യമായ ശക്തികണ്ടെത്താനും അത് തട്ടിയുണർത്താനും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമായിരുന്നു. കേരളം രാഷ്ട്രീയഭിന്നത മറന്ന് കേന്ദ്ര സർക്കാരുമായി പൂർണമായും സഹകരിച്ചു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനജീവിതവുമായി നിരന്തരം ബന്ധപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് രോഗപ്രതിരോധ കേന്ദ്രങ്ങളാക്കി. രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പൂർണസമയമാക്കി. ഔഷധങ്ങളും ഡോക്ടറന്മാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ഉറപ്പാക്കി.

രണ്ടു ലക്ഷത്തി മുപ്പതിനായിരം വോളണ്ടിയറന്മാരെ സർക്കാർ നിയോഗിച്ചു. അവരുടെ സേവനവും കുടുംബശ്രീ, ആശാവർക്കേഴ്സ്, തുടങ്ങി വലിയൊരു വിഭാഗം സന്നദ്ധ പ്രവർത്തകരും ഗ്രാമഗ്രാമാന്തരങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനെത്തി. രാജ്യത്താദ്യമായി പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ” സമ്പ്രദായം നടപ്പിലാക്കി പ്രതിദിനം 3 ലക്ഷം ഭക്ഷണപൊതികൾ വീടുകളിലെത്തി.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം, വൈദ്യ സഹായം, ഭക്ഷണം തുടങ്ങി എല്ലാം ലഭ്യമാക്കി. സംസ്ഥാനത്ത് അവശത അനുഭവിക്കുന്നവർക്കും പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കു മാത്രമല്ല അറുപതു വയസ് കഴിഞ്ഞവർക്കെല്ലാം പെൻഷൻ വിതരണം ചെയ്തു.

സംസ്ഥാനത്തെ വിവിധ മേഖലകളിലെ വിദഗ്ധന്മാരടങ്ങുന്ന ഒരു സമിതിയ്ക്ക് രൂപം നൽകി. അവരുടെ ശുപാർശകൾ സർക്കാർ നടപ്പിലാക്കാൻ തുടങ്ങി. അങ്ങനെ ഒരു സംസ്ഥാന ഭരണകൂടത്തിന് ജനങ്ങൾക്കു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.

ഇനിയുള്ള പദ്ധതികള്‍ പുനർജീവനത്തിനു വേണ്ടിയുള്ളതാണ് പദ്ധതികളാണ്. ഇതിനാവശ്യമായ സഹായാഭ്യർഥനയുമായി കേരളം കേന്ദ്രത്തിന്റെ മുമ്പിൽ നിൽക്കുന്നു. ഈ സന്ദർഭത്തിൽ രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങൾക്കും വിഭാഗീയതയ്ക്കും ഇടം നൽകാൻ കേരള ജനത അനുവദിക്കില്ല. പുരയ്ക്ക് തീപിടിയ്ക്കുമ്പോൾ വാഴ വെട്ടുന്നവരെ! നിങ്ങൾക്കു നിരാശപ്പെടേണ്ടിവരും. “കേരളം വളരുന്നു അന്യമാംദേശങ്ങളിലെന്നു” പാടിയ മഹാകവി പാലാ നാരായണൻ നായരുടെ സ്വപ്നങ്ങൾ ഇവിടെ പൂവണിയുന്നു.