പ്രൊഫ. സി രവീന്ദ്രനാഥ്

(പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി)

November 03, 2020, 5:31 pm

കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസ ബദൽ

100 ദിന കർമ്മപദ്ധതിയിൽ 45 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച(04-11-2020)
Janayugom Online

പ്രൊഫ. സി രവീന്ദ്രനാഥ്

(പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി)

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് നാം വളരുകയാണ്. പൊതുവിദ്യാലയങ്ങളിലൂടെ ഗുണതാ വിദ്യാഭ്യാസം സാധ്യമല്ല എന്നും അതൊക്കെ സ്വകാര്യ മേഖല നോക്കിക്കൊള്ളുമെന്നും അത്തരം ശക്തികൾക്ക് സൗകര്യമൊരുക്കുന്നതാകണം സർക്കാരുകളുടെ ധർമം എന്ന നിലപാട് ആഗോളവത്ക്കരണ ഉദാരവത്ക്കരണ നയങ്ങളുടേതാണ്. ഇന്ത്യയിലടക്കം അത്തരം നിലപാടിന് പ്രാമുഖ്യം ലഭിക്കുന്നു എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വഴി വ്യക്തമാക്കുന്നത്. അത്തരം ആഗോള ദേശീയ സാഹചര്യങ്ങളിൽ അങ്ങനെയല്ല വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാമൂഹ്യ നീതിയും അവസര സമത്വവും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത വിഷയങ്ങളാണ് എന്നും എല്ലാ കുട്ടികളേയും ഉൾക്കൊള്ളുന്ന ഗുണമേന്മാ വിദ്യാഭ്യാസം സർക്കാരിന്റെ ബാധ്യതയാണെന്നും ഉള്ള നിലപാടാണ് നാം കൈക്കൊണ്ടത്. ഇത് ആഗോളവത്ക്കരണ നയത്തിനെതിരെയുള്ള ജനകീയ നിലപാടാണ്. അതുകൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോടെ ജനാധിപത്യ മതനിരപേക്ഷ ജനകീയ ബദൽ വികസിപ്പിക്കാൻ കഴിഞ്ഞ നാലര വർഷമായി നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത ശ്രമത്തിന് അനന്യമായ പിന്തുണയാണ് കേരളീയ സമൂഹം നൽകുന്നത്.

ലോകം മുഴുവൻ കോവിഡ് 19 മഹാമാരിയാൽ പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോൾ കുട്ടികളെ കർമ്മനിരതരാക്കാനും പഠനവഴിയിൽ നിലനിർത്താനുമായി ഡിജിറ്റൽ ക്ലാസ്സുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിക്കാൻ നമുക്ക് കഴിഞ്ഞു. ലോകത്തിലെ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ 40 കോടിയോളം കുട്ടികൾ അതായത് പ്രസ്തുത പ്രായത്തിലുള്ള കുട്ടികളുടെ 31 ശതമാനം ഒരു തരത്തിലുള്ള ഡിജിറ്റൽ മാധ്യമങ്ങളുടെ — റേഡിയോ, ടെലിവിഷൻ, ഫോൺ — പരിധിയിൽ വരാതെ നിൽക്കുന്ന സാഹചര്യത്തിലാണ് നമുക്ക് എല്ലാ കുട്ടികളേയും ഉൾക്കൊണ്ടുകൊണ്ട് ഡിജിറ്റൽ ക്ലാസ് തുടങ്ങാനും അതിന്റെ തുടർച്ച ഉറപ്പാക്കാനും കഴിഞ്ഞത്. എല്ലാ കുട്ടികളേയും ഉൾക്കൊള്ളിക്കാൻ കേരളീയ ജനത വഹിച്ച അനിതരസാധാരണമായ താല്പര്യം പ്രത്യേകം എടുത്തുപറയുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഉണ്ടാകാത്ത മികവാണ് നാം ലോകത്തിനു മുന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ നാലര വർഷമായി പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഉണർവ്വും ജനങ്ങളെ പങ്കാളികളാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുമാണ് ഈ മഹാമാരിക്കാലത്ത് പുതുവഴികൾ തേടാൻ നമുക്ക് ആത്മവിശ്വാസവും ധൈര്യവും നൽകിയത്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

സാർവ്വത്രിക സ്കൂൾപ്രവേശനവും പഠനത്തുടർച്ചയും ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നില്ല എന്ന് സമൂഹം കരുതിയിരുന്നു. അത് മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ഗുണമേന്മാ വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന കാഴ്ച്ചപ്പാട് ജനകീയമാക്കിമാറ്റാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. മാത്രവുമല്ല എല്ലാ പൊതുവിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാം. വിദ്യാലയമികവ് എന്നാൽ അക്കാദമിക മികവ് എന്ന നിലപാടും കൈക്കൊണ്ടു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പ്രവർത്തന പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹത്തിലുണ്ടാക്കിയ ആത്മവിശ്വാസത്തിന്റെ പ്രത്യക്ഷ തെളിവാണ് 2017–18 മുതൽ 2019–20 വരെ മൂന്ന് അക്കാദമിക വർഷങ്ങളിലായി 5.05 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്നത്. പല കാരണങ്ങൾ സ്വകാര്യ വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ച രക്ഷിതാക്കൾ അവിടെ നിന്നും മാറ്റി കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കുന്ന അനുഭവമാണ് ഇപ്പോൾ നമുക്കുള്ളത്. ഈ അക്കാദമിക വർഷം കോവിഡ് 19 മൂലം ഔപചാരികമായി തുടങ്ങാൻ കഴിഞ്ഞില്ലെങ്കിലും പൊതുവിദ്യാലയങ്ങളിൽ ഇതിനകം വളരെയധികം കുട്ടികൾ അധികമായിവന്നെത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

അക്കാദമികരംഗത്തും വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് അടയാളപ്പെടുത്തുന്നതാണ് നിതി ആയോഗ് നടത്തിയ ഗുണനിലവാര പഠനത്തിൽ (എസ്ഇക്യുഐ) നമുക്ക് ലഭിച്ച ഒന്നാം സ്ഥാനം. അക്കാദമിക മുന്നേറ്റത്തിനായി നടത്തിയ ശ്രമങ്ങളെ ഒന്നോടിച്ചുനോക്കാം. സ്കൂളിൽ സമഗ്രവികസനത്തെ കണ്ടുകൊണ്ട് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഈ അക്കാദമിക മാസ്റ്റർ പ്ലാനുകളെ മുൻഗണനാടിസ്ഥാനത്തിൽ പ്രവർത്തനപദ്ധതികളാക്കി മാറ്റി. അതനുസരിച്ച് ഗുണത ഉറപ്പാക്കാൻ വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങൾ നടത്തി. ഭാഷാ വികാസത്തിനായി പഠനപിന്തുണ ആവശ്യമായ കുട്ടികൾക്കായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ കൂടാതെ ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, കലാകായികം തുടങ്ങിയ എല്ലാ മേഖലകളിലും സർവ്വതലസ്പർശിയായ പ്രവർത്തനങ്ങൾ നടത്തി. ഗണിതശാസ്ത്രത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനായി ജനകീയ ഗണിതോത്സവം, ശാസ്ത്രപഥം തുടങ്ങിയ പദ്ധതികൾ എല്ലാം അക്കാദമിക മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യത്യസ്തങ്ങളായ പ്രതിഭകളെ കണ്ടെത്താനും അവ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള ‘ടാലന്റ് ലാബ്’, വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കാൻ നടത്തിയ ‘സർഗ്ഗവിദ്യാലയ പദ്ധതി’ എന്നിവയെല്ലാം ശ്രദ്ധേയമായ പരിപാടികളായിരുന്നു. നാട്ടിലുള്ള പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ എന്ന പ്രവർത്തനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പലതരത്തിൽ അധിക സഹായം ആവശ്യമുള്ള കുട്ടികളേയും പരിഗണിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ദൃശ്യപരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ പാഠങ്ങൾ തയ്യാറാക്കി. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേകം കരിക്കുലം, കൈപ്പുസ്തകം എന്നിവ വികസിപ്പിച്ചു.

കുട്ടികളെ അക്കാദമികമായി സഹായിക്കാനും അവർക്കുണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളടക്കം മനസ്സിലാക്കി പരിഹരിക്കാനും സഹായകമായ മെന്ററിങ് പദ്ധതി ആവിഷ്ക്കരിച്ചു. അതിനായി സഹിതം ഡിജിറ്റൽ പോർട്ടൽ വികസിപ്പിച്ചു.

നമുക്കെല്ലാം അഭിമാനിക്കാവുന്ന മുന്നേറ്റമാണ് സാങ്കേതിക വിദ്യാരംഗത്തുണ്ടാക്കിയത്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണഡിജിറ്റൽ സംസ്ഥാനമായി കേരളം മാറി. ഇതിന്റെ പ്രഖ്യാപനം ഒക്ടോബർ 12 ന് ബഹു. മുഖ്യമന്ത്രി നിർവ്വഹിക്കുകയുണ്ടായി. ദരിദ്രരെന്നോ ധനികരെന്നോ വ്യത്യാസമില്ലാതെ സാമൂഹികമായ വേർതിരിവില്ലാതെ മുഴുവൻ കുട്ടികൾക്കും ആധുനിക സാങ്കേതികവിദ്യ പ്രാപ്യമാക്കാൻ നമുക്ക് കഴിഞ്ഞു. അങ്ങനെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതെ നോക്കാനുള്ള ബദൽ ജനകീയ മാതൃക നാം വികസിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ ഉറപ്പാക്കാൻ സെക്കൻഡറി, ഹയർസെക്കൻഡറിയിലെ 45,000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. കൂടാതെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി 4752 സ്കൂളുകളിൽ ഐടി അടിസ്ഥാന സൗകര്യം ഉറപ്പാക്കി. മുഴുവൻ സ്കൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമൊരുക്കി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി 119054 ലാപ്ടോപ്പ്, 69,943 പ്രൊജക്ടർ, 4,578 ഡിഎസ്എൽആർ ക്യാമറ, 4,545 ടിവി, 4611 മൾട്ടി ഫങ്ഷൻ പ്രിന്റർ, 23098 സ്ക്രീൻ, 4,720 വെബ്ക്യാം 100, 472 യുഎസ്ബി സ്പീക്കർ, 4,3250 മൗണ്ടിങ് കിറ്റ് തുടങ്ങിയ ഐടി ഉപകരണങ്ങൾ വിന്യസിച്ചു. സാങ്കേതിക വിദ്യയിൽ അധ്യാപകർക്കും കുട്ടികൾക്കും ഉണ്ടായ മുൻപരിചയം ലോക്ഡൗൺ കാലത്ത് വലിയ തോതിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ ഫലപ്രദമായി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്താൻ സമഗ്രപോർട്ടൽ വികസിപ്പിച്ചു.

മികച്ച പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നമ്മുടെ കുട്ടികൾക്ക് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പറയേണ്ടുന്ന ഒരു കാര്യമാണ് ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ എല്ലാ കുട്ടികൾക്കും എപിഎൽ/ബിപിഎൽ ഭേദമന്യേ സൗജന്യ യൂണിഫോം നൽകിയെന്നത്. അതിൽത്തന്നെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾക്ക് കൈത്തറി യൂണിഫാേമാണ് വിതരണം നൽകിയത്. അങ്ങനെ സ്കൂളിന്റെ ഒരാവശ്യത്തെ നാടിന്റെ അധ്വാന ശേഷിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകളിൽ അധ്യാപക തസ്തിക സമയബന്ധിതമായി നികത്തുന്നതിനും ശ്രദ്ധിച്ചിരുന്നു. ഹയർ സെക്കൻഡറി ബാച്ചുകൾക്ക് സർക്കാർ മേഖലയിലും എയ്ഡഡ് മേഖലയിലും കൂടി 3540 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു.

ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യ സംരക്ഷണം, കൃഷി, പരിസ്ഥിതി എന്നിവയെല്ലാം ഉദ്ഗ്രഥിച്ചുകൊണ്ട് ‘ക്യാമ്പസ് ഒരു പാഠപുസ്തകം’ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി. ആഗോളതാപനത്തിന് ബദലായ ഹരിതവൽക്കരണത്തിന്റെ ഭാഗമായി കുറേക്കൂടി ഉയർന്ന മാനമുള്ള ജൈവവൈവിധ്യ ഉദ്യാനം എല്ലാ വിദ്യാലയങ്ങളിലും നിർമ്മിച്ചുവരുന്നു.

ഭരണ നിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡിപിഐ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകോപിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയിൽ എല്ലാ ഡയറക്ടറേറ്റുകളേയും കൊണ്ടുവന്നു. എയ്ഡഡ് മേഖലയിലെ അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരവും തസ്തിക നിർണ്ണയവും കൂടുതൽ സുതാര്യമാക്കി. ഇതിനായി സമന്വയ പോർട്ടൽ വികസിപ്പിച്ചു.

അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ ഏറ്റവും മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കിഫ്ബിയുടെ ധനസഹായത്തോടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ 141 സ്കൂളുകൾക്ക് അഞ്ചു കോടിരൂപ വീതവും 395 സ്കൂളുകൾക്ക് മൂന്ന് കോടി രൂപവീതവും 446 സ്കൂളുകൾക്ക് ഒരു കോടി രൂപവീതവും അനുവദിച്ചു. കൂടാതെ നബാർഡ് സ്കീം വഴി 150 കോടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു. പ്ലാൻ ഫണ്ടിലൂടെ 1000 ലധികം വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യ വികസനം, എയ്ഡഡ് വിദ്യാലയങ്ങൾക്ക് ചാലഞ്ച് ഫണ്ട് എന്നിവയെല്ലാം സ്കൂളുകളുടെ ഭൗതിക സൗകര്യവികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് വരുത്തിയത്.

അഞ്ചു കോടി കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന 60 വിദ്യാലയങ്ങളിൽ കെട്ടിട ഉദ്ഘാടനം ഇതിനകം നിർവ്വഹിച്ചു കഴിഞ്ഞു. മൂന്നു കോടി ധനസഹായം പ്രയോജനപ്പെടുത്തി 35 വിദ്യാലയങ്ങളും ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഇതു കൂടാതെ നബാർഡ് സ്കീം വഴിയും സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീം പ്രയോജനപ്പെടുത്തിയും നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇതിനകം നടന്നുകഴിഞ്ഞു. മറ്റു ഫണ്ടുകളുപയോഗിച്ചും സ്കൂൾ കെട്ടിടങ്ങൾ പൂർത്തീകരിച്ചു.

100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച 45 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കുകയാണ്. ഇതിൽ കിഫ്ബിയുടെ ധനസഹായത്തോടെയുളള 12 വിദ്യാലയങ്ങളുണ്ട്. നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷാ കേരളത്തിന്റെ പുതിയ ക്ലാസ്സ് മുറികൾ നിർമ്മിക്കലും സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട ഫണ്ടുപയോഗിച്ചും നിർമ്മിച്ച 34 സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടക്കുന്നു. ഇതോടൊപ്പം കില എസ്പിവി യായി നിർമ്മാണം നടത്തുന്ന 41 സ്കൂൾ കെട്ടിടങ്ങളുടേയും മറ്റ് എസ്പിവികൾ കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന അഞ്ച് സ്കൂൾ കെട്ടിടങ്ങളുടേയും പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, സമഗ്രശിക്ഷാ കേരളയുടെ സ്കൂൾ നവീകരണ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 സ്കൂൾ കെട്ടിടങ്ങളുമടക്കം 79 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവംബർ നാലിന് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുകയാണ്.

ഈ കോവിഡ് 19 കാലത്തിനുശേഷം സ്കൂളിലേക്ക് തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച പഠന സൗകര്യം ഏർപ്പെടുത്താൻ നമുക്ക് കഴിയണം. കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസ ബദൽ വളർത്തിയെടുക്കാനുള്ള അനന്യമായ ഈ ശ്രമത്തിൽ നമുക്കെല്ലാം കൈകോർത്ത് പങ്കാളികളാവാം.