ഡി രാജ

June 11, 2021, 4:10 am

ദേശദ്രോഹനിയമം റദ്ദാക്കുക; ഭരണഘടന ഉയർത്തിപ്പിടിക്കുക

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമർശനമുന്നയിച്ചതിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരായ ദേശദ്രോഹക്കേസ് റദ്ദാക്കുന്നതിനുള്ള സുപ്രീം കോടതിയുടെ സമീപ ദിവസങ്ങളിലുണ്ടായ തീരുമാനം രാജ്യത്തെ സംബന്ധിച്ച് ശ്രദ്ധേയമായ സംഭവവികാസമാണ്. 2014ന് ശേഷമാണ് രാജ്യത്ത് ദേശദ്രോഹക്കേസ് ചുമത്തുന്നതിന് വേഗതയേറിയത്. വിയോജിപ്പുകളെയും വിമർശനങ്ങളെയും അടിച്ചമർത്തുന്നതിനും ഭരണഘടനാനുസൃതമായി അനുവദനീയമായ ജനങ്ങളുടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിനുമുള്ള മോഡി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഫലമായി ദേശദ്രോഹക്കേസുകളിൽ 2014 ന് ശേഷം 160 ശതമാനം വർധനയാണ് ഉണ്ടായത്. 

ഫ്രീഡം ഹൗസിന്റെ ആഗോള സ്വാതന്ത്ര്യ റിപ്പോർട്ട് പ്രകാരം ഇന്ത്യ സ്വാതന്ത്ര്യ സൂചികയിൽ പിറകോട്ട് പോകുകയും സ്വതന്ത്ര രാജ്യപദവിയിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തതിൽ അത്ഭുതപ്പെടാനില്ല. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് സർക്കാരിനെതിരെ പ്രതിഷേധിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന ദേശദ്രോഹക്കേസുകളുടെ വർധന തന്നെയാണ്. പ്രമുഖരായ അക്കാദമിക വിദഗ്ധർ, അഭിഭാഷകർ, സാമൂഹ്യ — രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കെല്ലാം എതിരെ ദേശദ്രോഹം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെടുന്നു. 

കലാപത്തിനോ സമൂഹത്തിൽ ക്രമസമാധാന പ്രശ്നമുണ്ടാകുന്നതിനോ ആഹ്വാനം ചെയ്യപ്പെടുന്ന പ്രസംഗങ്ങൾ മാത്രമേ ദേശദ്രോഹത്തിന്റെ പരിധിയിൽ വരാൻപാടുള്ളൂ എന്ന പരമോന്നത കോടതിയുടെ ഉത്തരവുകൾ ലംഘിച്ചുകൊണ്ട്, 2014ന് ശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും വിവിധ ബിജെപി സർക്കാരുകളും നിഷ്ഠ‌ൂരമായും തുടർച്ചയായും ദേശദ്രോഹക്കുറ്റം ചുമത്തുകയാണ് ചെയ്യുന്നത്. ചിലർ ഖലിസ്ഥാൻ സിന്ദാബാദ് വിളിച്ചതിന് ചുമത്തിയ ദേശദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കുമ്പോൾ തന്നെയാണ് മോഡി സർക്കാർ കേവലം മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ പോലും ദേശദ്രോഹക്കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. ഇന്ത്യൻശിക്ഷാ നിയമത്തിലെ ദേശദ്രോഹമെന്ന വകുപ്പ് ഉപയോഗിക്കപ്പെട്ടതിനാൽ നിരവധി പ്രക്ഷോഭകാരികൾ ജയിലിൽ കഴിയുകയാണ്. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ സമരജീവികൾ എന്ന് പരിഹസിക്കുന്നതിനാണ് നരേന്ദ്രമോഡി പോലും തയ്യാറാകുന്നത്. ഇത് യഥാർത്ഥത്തിൽ പഠിപ്പിക്കുക, പ്രതിഷേധിക്കുക, സംഘടിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ഡോ. അംബേദ്കറെ പോലുള്ളവരോടുള്ള അവഹേളനം കൂടിയാണ്. ജനങ്ങളെ സംഘടിപ്പിക്കുന്നതും പ്രക്ഷോഭങ്ങൾ കേന്ദ്രമാക്കപ്പെടുന്നതും സാമൂഹ്യ — സാമ്പത്തിക നീതിക്കുവേണ്ടിയുള്ള അനിവാര്യഘടകങ്ങളിൽ ഒന്നാണ്. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും കാണാത്ത തോതിൽ ബിജെപി ഭരണകൂടങ്ങൾ തുടർച്ചയായും ബോധപൂർവമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്, ബ്രിട്ടീഷ് ഭരണകാലത്ത് വിമർശിക്കുന്നവർക്കെതിരെ ഉപയോഗിച്ചിരുന്നതിന് സമാനമായ ഭരണവാഴ്ചയെയാണ് ഭയപ്പാടോടെ ഓർമ്മപ്പെടുത്തുന്നത്. ലോകമാന്യ ബാലഗംഗാധര തിലകൻ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഭഗത് സിങ് തുടങ്ങിയ അതികായരായ സ്വാതന്ത്ര്യസമര പോരാളികളും എണ്ണമറ്റ കമ്മ്യൂണിസ്റ്റ് നേതാക്കളും തങ്ങളുടെ പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിൽ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരാണ്. സ്ഫോടക വസ്തുക്കളെ ക്കുറിച്ച് പരാമർശിക്കുന്ന രണ്ട് പുസ്തകങ്ങളുടെ പേരെഴുതിയ കടലാസ് കണ്ടെത്തിയതിനായിരുന്നു ബാലഗംഗാധര തിലകനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയത്. കേസരി എന്ന പ്രസിദ്ധീകരണത്തിലേക്ക് ബ്രിട്ടീഷ് സർക്കാരിന്റെ സ്ഫോടന നിയമം എന്ന കരിനിയമത്തിനെതിരെ ലേഖനം തയ്യാറാക്കുന്നതിനായി വായിക്കുന്നതിനുള്ള പുസ്തകങ്ങളുടെ പേരായിരുന്നു അദ്ദേഹം എഴുതി സൂക്ഷിച്ചിരുന്നത്. പക്ഷേ ആ കടലാസിന്റെ പേരിൽ അദ്ദേഹത്തിൽ ദേശദ്രോഹക്കുറ്റം ചുമത്തുകയും ബോംബ് നിർമ്മാതാവെന്ന് ആരോപിക്കുകയും ശിക്ഷിക്കുകയുമായിരുന്നു. 

ഇപ്പോൾ സ്വതന്ത്ര ഇന്ത്യയിൽ കെട്ടിച്ചമച്ച തെളിവുകളുമായി നൂറുകണക്കിനാളുകളുടെ പേരിൽ ദേശദ്രോഹം ചുമത്തുകയാണ്. സാമൂഹ്യപ്രവർത്തകർ, വിദ്യാർത്ഥികൾ, ദളിത് — ആദിവാസി — ന്യൂനപക്ഷ പ്രവർത്തകർ എന്നിവർക്കെതിരെ മോഡി ഭരണകൂടം ദേശദ്രോഹക്കുറ്റം ചുമത്തുന്നത് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് നടന്നതിന് സമാനമായ പ്രാധാന്യം തന്നെയാണുള്ളത്. അക്കാലത്തെന്നതു പോലെ എഴുതുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ദേശദ്രോഹക്കുറ്റം ചുമത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെയും രീതി. 

സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് ചുമത്തിയതുപോലെ ദേശദ്രോഹക്കുറ്റം എല്ലാവർക്കുമെതിരെ പ്രയോഗിക്കുകയാണ് നരേന്ദ്ര മോഡി ഭരണകൂടം ചെയ്യുന്നത്. എന്നാൽ ബ്രിട്ടീഷ് കാലത്ത് ദേശദ്രോഹക്കുറ്റം വ്യാപകമായി പ്രയോഗിച്ചിട്ടും സ്വാതന്ത്ര്യസമരം ശക്തമാവുകയാണുണ്ടായത്. മോഡിയുടെ ആജ്ഞാനുസരണം നടക്കുന്ന ഈ ആവർത്തനങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ ആഘോഷിക്കുവാൻ പോകുന്ന ഈ ഘട്ടത്തിൽ നമ്മുടെ റിപ്പബ്ലിക്കിന് ഗുണകരമാവില്ല. പഠിപ്പിക്കുക, പ്രതിഷേധിക്കുക, സംഘടിക്കുക എന്ന ഡോ. അംബേദ്കറുടെ വിദ്യുത് ശക്തിയുള്ള മുദ്രാവാക്യത്തിന്റെ വാക്കും കരുത്തും ഉൾക്കൊണ്ട് ദേശദ്രോഹത്തിന്റെ പേരിൽ അടിച്ചമർത്തി തങ്ങളെ നിശബ്ദരാക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ കൂടുതൽ നിശ്ചയദാർഢ്യത്തോടെ ജനങ്ങൾ രംഗത്തിറങ്ങേണ്ടതുണ്ട്. 

ഇന്ത്യ സ്വതന്ത്രരാജ്യമെന്ന നിലയിൽനിന്ന് ഭാഗിക സ്വതന്ത്രരാജ്യമെന്ന നിലയിലേക്ക് പതിച്ചതിന് പുറമേ മോഡി ഭരണത്തിൽ നിഷ്ഠ‌ൂരവും ബോധപൂർവവുമായി ദേശദ്രോഹം ഉപയോഗിക്കപ്പെടുന്നതിന്റെ കൂടി ഫലമായാണ് തെരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപത്യ രാജ്യമെന്ന നിർവചനത്തിനും ഇന്ത്യ ഇടയാക്കപ്പെട്ടത്. 

ഇക്കാരണങ്ങളാലാണ് ജനാധിപത്യത്തെ നിശ്ചലമാക്കുന്നതിന് സാധാരണയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദേശദ്രോഹക്കുറ്റം പോലുള്ളവ നമ്മുടെ നിയമ സംവിധാനത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യം ഉയരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യഭരിക്കുമ്പോൾ നടപ്പിലാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമാക്കപ്പെട്ട ഇത്തരം നിയമങ്ങൾ ഇപ്പോഴും നാം തുടരുന്നുവെന്നത് വിരോധാഭാസമാണ്. ബ്രിട്ടനിൽപോലും ഈ നിയമം റദ്ദാക്കപ്പെട്ടതാണ്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഭരണഘടനയുടെ ഏതെങ്കിലും ഭാഗത്ത് ദേശദ്രോഹം ഉൾപ്പെടുത്തുവാൻ സമ്മതിച്ചിരുന്നില്ല. പ്രസംഗിക്കുവാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തെ അത് തടയുമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. രാജ്യദ്രോഹത്തിനുള്ള വ്യവസ്ഥകൾ ഭരണഘടനയിൽ പാടില്ലെന്നതായിരുന്നു കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ നിലപാടെങ്കിലും ഇന്ത്യൻശിക്ഷാ നിയമത്തിലൂടെ അത് നിലനിർത്തപ്പെട്ടു എന്നത് ഖേദകരമാണ്. സംസാരിക്കുവാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നുവെന്ന കാരണത്താൽ ദേശദ്രോഹക്കുറ്റം റദ്ദാക്കണമെന്ന ഒരു സ്വകാര്യബില്ല് 2011 ൽ ഈ ലേഖകൻ രാജ്യസഭയിൽ അവതരിപ്പിക്കുകയുണ്ടായി. ആഭ്യന്തരവും വിദേശീയവുമായ ഭീഷണികളെ നേരിടുന്നതിന് പര്യാപ്തമായ നിരവധി നിയമങ്ങൾ രാജ്യത്തുള്ളപ്പോൾ ദേശദ്രോഹക്കുറ്റത്തിന്റെ ആവശ്യമില്ലെന്ന് അന്ന് രാജ്യസഭയിൽ സമർത്ഥിക്കുകയുണ്ടായി. 2018ൽ ഇന്ത്യൻ നിയമ കമ്മിഷൻ ദേശദ്രോഹക്കുറ്റം സംബന്ധിച്ച ഒരു ചർച്ചാരേഖ തയ്യാറാക്കിയതിൽ ഈ സ്വകാര്യ ബില്ലിനെ പരാമർശിക്കുന്നുണ്ട്. 

കോളനി വാഴ്ചക്കാലത്തിന്റെ അവശിഷ്ടമായ രാജ്യദ്രോഹ നിയമത്തെ രാജ്യത്ത് നിന്ന് പൂർണമായും ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മഹാത്മാഗാന്ധി 1922ൽ ഇത് നിർത്തലാക്കുന്നതിനെ അനുകൂലിച്ചിരുന്നു. ഒരു പത്രപ്രവർത്തകനെതിരെ അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി സുപ്രീം കോടതി റദ്ദാക്കിയ ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണഘടന രൂപീകരണ ഘട്ടത്തിൽ രാജ്യദ്രോഹത്തെ നിരസിച്ച ഭരണഘടനാ അസംബ്ലിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യവല്‍ക്കരിക്കുന്നതിന് രാജ്യദ്രോഹ നിയമം പൂർണമായും റദ്ദാക്കണമെന്ന് ജനങ്ങൾ ഒന്നാകെ ആവശ്യപ്പെടണം. രാജ്യദ്രോഹക്കുറ്റത്തെ ഇല്ലാതാക്കിക്കൊണ്ട് നമുക്ക് ഭരണഘടനയെ പരിപാലിക്കാം. അതിലൂടെ അംബേദ്കർ മുന്നോട്ടുവച്ച ഭരണഘടനാ ധാർമ്മികത ഉയർത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നത്.