24 April 2024, Wednesday

തൊഴില്‍സംരക്ഷണത്തിന് മേയ് ദിനാഘോഷം മാത്രം പോരാ

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 16, 2023 4:45 am

1886 മേയ് ഒന്നിനാണ് അമേരിക്കന്‍ ഐക്യനാടുകളിലെ വന്‍നഗരമായ ചിക്കാഗോ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ ശക്തിപ്രകടനം, എട്ട് മണിക്കൂര്‍ തൊഴില്‍ദിനത്തെ പിന്തുണച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ടത്. ഇതിനെ മുന്‍നിര്‍ത്തിയാണ് പില്‍ക്കാലത്ത് ആഗോളതലത്തില്‍ തൊഴിലാളിവര്‍ഗം ഓരോ വര്‍ഷവും മേയ് ഒന്ന് വിജയദിനമായി ആഘോഷിക്കുന്നത്. തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷ്യമിട്ട് 1886 മേയ് നാലിന് തന്നെ നഗരത്തിലെ ഹേയ്‌മാര്‍ക്കറ്റ് സ്ക്വയറില്‍ ഒരു പൊതുയോഗവും സംഘടിപ്പിക്കപ്പെട്ടിരുന്നു. തൊഴിലാളിപങ്കാളിത്തം അനുനിമിഷം വര്‍ധിച്ചുവരുന്നതുകൊണ്ട് അന്ധാളിച്ച പൊലീസ്, സമാധാനപരമായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു നിലകൊണ്ടിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ബോംബെറിഞ്ഞ് യോഗം കലക്കാന്‍ ശ്രമിക്കുകയും ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയുമാണ് ചെയ്തത്. ഈ ഏറ്റുമുട്ടലായിരുന്നു ലോക തൊഴിലാളിവര്‍ഗ ചരിത്രത്തില്‍ അവകാശ സംരക്ഷണത്തിനായുണ്ടായ ആദ്യത്തെ സംഘര്‍ഷം.

1889ല്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് ആണ്, ഹേയ് മാര്‍ക്കറ്റ് സ്ക്വയര്‍ സംഭവത്തെ ലോക തൊഴിലാളികളില്‍ സ്ഥിരം ഓര്‍മ്മയാക്കി നിലനിര്‍ത്താന്‍ മേയ് ഒന്ന് “ഇന്റര്‍നാഷണല്‍ ലേബര്‍ ഡേ’ ആയി ആഘോഷിക്കാന്‍ തുടക്കം കുറിച്ചത്. 1919ല്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനെെസേഷന്‍ (ഐഎല്‍ഒ), ആഗോള വ്യവസായ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രതിദിന തൊഴില്‍സമയം എട്ട് മണിക്കൂറായും പ്രതിവാര തൊഴില്‍ സമയം 48 മണിക്കൂറായും നിജപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം 1921 ജൂലെെ 14ന് ഈ തീരുമാനം ശരിവച്ചു. ഇതൊരു തുടക്കമായിരുന്നു. ഇതിനുശേഷമാണ് എട്ട് മണിക്കൂര്‍ പ്രതിദിന തൊഴില്‍ സമയം എന്ന തത്വം മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമായത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണ കാലത്താണ് പ്രതിദിന അധ്വാനസമയം കുറയ്ക്കണമെന്ന ഡിമാന്‍ഡ് ഉയര്‍ന്നുവന്നത്. സാമൂഹ്യപരിഷ്കര്‍ത്താവും ഭരണഘടനയുടെ മുഖ്യശില്പിയുമായ ഡോ. ഭീം റാവു അംബേദ്കര്‍ തന്നെ എട്ട് മണിക്കൂര്‍ ജോലിസമയത്തിന്റെ ശക്തനായ വക്താവായിരുന്നു. 1942ല്‍ വെെസ്രോയ്സ് കൗണ്‍സിലിലെ അംഗമായിരുന്ന അദ്ദേഹം ഈ ആവശ്യം കൗണ്‍സിലില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് 1948ലെ ഫാക്ടറീസ് ആക്ട് ഒമ്പത് മണിക്കൂര്‍ പ്രതിദിന തൊഴില്‍സമയം എന്ന ധാരണയിലെത്തിയത്. തുടര്‍ന്നിത് പ്രതിവാരം 48 മണിക്കൂറുകള്‍ എന്ന ധാരണയിലെത്തിച്ചേര്‍ന്നു. സ്വതന്ത്ര ഇന്ത്യയില്‍ നിരവധി പ്രതിസന്ധികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്നും നിലവിലുണ്ട്. ദീര്‍ഘസമയ തൊഴിലും അധിക തൊഴില്‍സമയവും വ്യാപകമായി കാണാം.

രാജ്യരക്ഷാ സെെനിക ശൃംഖലകളിലേക്ക് പോലും ‘അഗ്നിപഥ്’ എന്ന പേരില്‍ കരാര്‍ സെെനികരെ റിക്രൂട്ട് ചെയ്യുന്ന സംവിധാനമാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിവരുന്നത്. വ്യവസായ വിപ്ലവാനന്തര കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ 12–16 മണിക്കൂറുകള്‍ വരെ പ്രതിദിനം ബാലവേല നിലവിലിരുന്നു. നിസാരമായ വേതനം മാത്രമായിരുന്നു ഇവര്‍ക്ക് നല്കിയിരുന്നത്. ഇതില്‍ മാറ്റമുണ്ടായത് ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പരിഷ്കര്‍ത്താവായ റോബര്‍ട്ട് ഓവന്‍ എന്ന സംരംഭകന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. അദ്ദേഹം ബാലവേലയെ അതിശക്തമായി എതിര്‍ക്കുക മാത്രമല്ല, പ്രതിദിനം 10 മണിക്കൂര്‍ ജോലിസമയം വേണമെന്ന ഡിമാന്‍ഡ് സ്വയം അംഗീകരിച്ച് നടപ്പാക്കുകയും ചെയ്തു. റോബര്‍ട്ട് ഓവന്‍ ഉയര്‍ത്തിയ മുദ്രാവാക്യം സ്വതന്ത്ര്യത്തിന്റെ അമൃതകാല്‍ ആഘോഷിക്കുന്ന ഇന്ത്യയിലും പ്രസക്തമാണ്. ‘എട്ട് മണിക്കൂര്‍ പണി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം’ എന്ന 1810ലെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിവിട്ട ആവേശം ത ന്നെയാണ്, 1917 ലെ ഒക്ടോബര്‍ വിപ്ലവത്തിനും പ്രചോദനമായിത്തീര്‍ന്നത്. സാര്‍ ഭരണത്തിന്റെ അന്ത്യം‍കുറിച്ച്, ലെനിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനില്‍ അധികാരത്തിലെത്തിയ ഭരണകൂടം ആദ്യം നടപ്പാക്കിയ പരിഷ്കാരം എട്ട് മണിക്കൂര്‍ ജോലി എന്നതായിരുന്നു. നമ്മുടെ കാലഘട്ടത്തില്‍ വികസനം, സാങ്കേതിക‑ശാസ്ത്രീയ വിദ്യകളെ അമിതമായി ആശ്രയിച്ചാണെന്നതിനാല്‍ മനുഷ്യാധ്വാനശക്തി അവഗണിക്കപ്പെടുന്നു. അതേസമയം തൊഴിലുടമകളുടെ ശ്രദ്ധ കൂടുതലായും തൊഴിലാളികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോ, അധ്വാനസമയം ദീര്‍ഘിപ്പിക്കുന്നതിനോ ആണ്. ഇത്തരം നീക്കങ്ങള്‍ക്ക് ആക്കം വര്‍ധിച്ചത് കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലായിരുന്നു. ലോക്ഡൗണ്‍ ദുരിതം മുതലെടുത്ത് 1948ലെ ഫാക്ടറി നിയമവ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകയും അവയില്‍ കടന്നുകൂടിയിരുന്ന പഴുതുകള്‍ വിനിയോഗിച്ച് ഓര്‍ഡിനന്‍സുകളിറക്കിയുമാണ് കേന്ദ്രസര്‍ക്കാര്‍ അധ്വാനസമയത്തില്‍ വര്‍ധന വരുത്തിയത്.

കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളും സൂത്രത്തില്‍ തൊഴില്‍സമയം ഉയര്‍ത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമ ഭേദഗതി താല്‍ക്കാലികമായി മരവിപ്പിച്ചു. വസ്ത്രനിര്‍മ്മാണ, ഇലക്ട്രോണിക്സ് ഉല്പന്ന നിര്‍മ്മാണ വ്യവസായ മേഖലകളിലെ തൊഴിലുടമകളാണ് തൊഴില്‍ സമയം നിജപ്പെടുത്തുന്നതില്‍ ഉദാരമായ നയസമീപനം വേണമെന്ന ഡിമാന്‍ഡ് ഉയര്‍ത്തിയത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അതിശക്തമായ എതിര്‍പ്പുകള്‍ പ്രകടമാക്കിയതോടെ ഈ നീക്കം വിജയിക്കാതെ പോയി. ബിജെപിയെ പിന്തുണയ്ക്കുന്ന ബിഎംഎസ് മാത്രമായിരുന്നു ഉടമകള്‍ക്കൊപ്പം നിന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നയസമീപനം ഇന്നും തുടരുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. 2021ല്‍ പുറത്തുവന്ന ഗ്ലോബല്‍ റൈറ്റ് ഇന്‍ഡക്സില്‍, ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (ഐടിയുസി), തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന 10 രാജ്യങ്ങളുടെ കൂട്ടത്തിലാണ് വിയറ്റ്നാമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം നയങ്ങള്‍ മോഡി ഭരണം ദേശീയതലത്തില്‍ വ്യാപിപ്പിക്കുമ്പോള്‍, സംസ്ഥാനതല സര്‍ക്കാരുകളുടെ വകയായും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’-വഴി വിദേശമൂലധന നിക്ഷേപം ആകര്‍ഷിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. കുറഞ്ഞ വേതനനിരക്കുകളില്‍ ഇഷ്ടാനുസരണം തൊഴിലാളികളുടെ ലഭ്യത ഉറപ്പായിരിക്കുന്ന അനുകൂല സാഹചര്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന തൊഴിലുടമകളുടെ താല്പര്യങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണ കവചം ഒരുക്കാന്‍ അവരുടെ രാഷ്ട്രീയയജമാനന്മാരും തയ്യാറാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ നിന്നും പരമാവധി നേട്ടങ്ങള്‍ കൊയ്തെടുക്കുന്നത് ബഹുരാഷ്ട്ര കുത്തക കോര്‍പറേറ്റുകളാണ്.

ജനദ്രോഹപരവും വികസനവിരുദ്ധവുമായ പ്രക്രിയ ഇന്ത്യയില്‍ കഴിഞ്ഞ കുറെക്കാലമായി ശക്തമായിവരികയാണ്. ഉയര്‍ന്ന സാങ്കേതികവിദ്യയും പരിശീലനവും ലഭ്യമായിരിക്കുന്ന യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന ഈ വികസന പ്രക്രിയ ജോബ്‌ലെസ് ഗ്രോത്ത് അല്ലെങ്കില്‍ മറ്റെന്താണ്!. പുതുതായി നിയമനം നടത്താതിരിക്കുക എന്ന ഈ ലക്ഷ്യം നടപ്പാക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ തുടര്‍ച്ചയായി ഭേദഗതി വരുത്തുകയും തൊഴില്‍ ഭാരം ഉയര്‍ത്തുന്ന നടപടികള്‍ തുടരുകയുമാണ്. കര്‍ണാടക സര്‍ക്കാര്‍ പ്രതിവാര തൊഴില്‍സമയം 48 മണിക്കൂറുകളില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ വിശ്രമസമയം ഉള്‍പ്പെടെ പ്രതിദിന അധ്വാന സമയം 12 മണിക്കൂര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു. മറ്റൊരു സൂത്രവിദ്യയാണ് മൂന്നു ഷിഫ്റ്റുകള്‍ രണ്ട് ഷിഫ്റ്റായി മാറ്റുക എന്നത്. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ ഒമ്പതു മണിക്കൂറുകള്‍ ജോലിസ്ഥലത്ത്‍ കഴിയേണ്ടിവരും. തൊഴിലിടത്തില്‍ സമയം ചെലവാക്കുന്ന തൊഴിലാളികള്‍ പ്രത്യേക പ്രതിഫലം കൈപ്പറ്റാതെ തന്നെ നേരിട്ടല്ലെങ്കില്‍ കൂടി ഉല്പാദന പ്രക്രിയകളുടെ ഭാഗമാവുമെന്നാണ് ഉടമകളുടെ ലാഭം. ഈ തൊഴില്‍മാതൃക തൊഴിലാളികളെ ഫലത്തില്‍ 14 മണിക്കൂര്‍ സമയമെങ്കിലും വാസസ്ഥലങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും വേറിട്ടു കഴിയാന്‍ നിര്‍ബന്ധിതരാക്കും. അതായത് 12 മണിക്കൂര്‍ തൊഴിലിടത്തിലും രണ്ട് മണിക്കൂറോളം യാത്രാസമയം അടക്കം 14 മണിക്കൂര്‍. തൊഴിലാളികളുടെ ശാരീരികക്ഷമത ക്രമേണ താഴോട്ടായിരിക്കും നീങ്ങുക. വ്യാവസായിക സ്ഥാപനങ്ങള്‍ക്കകത്ത് ആവര്‍ത്തിച്ച് നടക്കുന്ന അപകടങ്ങള്‍ക്ക് പ്രധാനകാരണം, മതിയായ വിശ്രമമില്ലാതെ തുടര്‍ച്ചയായി തൊഴിലാളികള്‍ക്ക് പണിയെടുക്കേണ്ടിവരുന്ന സാഹചര്യം തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാവാതെ അജ്ഞത നടിക്കുന്ന തൊഴിലുടമാസംഘടനകള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും സംരക്ഷണം ഒരുക്കുകയാണ് കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും ചെയ്തുവരുന്നത്.

തൊഴില്‍ സുരക്ഷ ഇപ്പോള്‍ വെറും സാങ്കല്പികം മാത്രമാണ്. ഈ അവസ്ഥാവിശേഷം ഫലത്തില്‍ 19-ാം നൂറ്റാണ്ടിലേതിനേക്കാള്‍ പരിതാപകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും കിടമത്സരവും സഹകരണമില്ലായ്മയും മൂലം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യഥേഷ്ടം തൊഴിലാളി ചൂഷണം നടത്താമെന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. മേയ് ദിനാഘോഷവും തൊഴിലാളി ഐക്യആഹ്വാനവും വെറും വാര്‍ഷിക ആചാരങ്ങളെന്ന നിലയില്‍ അധഃപതിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരുന്നതില്‍ ദുഃഖമുണ്ട്. മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലുകളൊന്നും അഡാനിമാരടക്കമുള്ള കോര്‍പറേറ്റുകളെ താലോലിക്കുന്നതിന് യാതൊരു പ്രതിബന്ധവും സൃഷ്ടിച്ചിട്ടില്ല. പുതിയ ലേബര്‍ കോഡുകളെപ്പറ്റി ചര്‍ച്ചകള്‍ മാത്രമല്ല, പരാമര്‍ശങ്ങള്‍ പോലും നടക്കുന്നില്ല. സര്‍ക്കാരും ചില ട്രേഡ് യൂണിയനുകളും തൊഴിലാളിവര്‍ഗ ഐക്യത്തെപ്പറ്റി തികഞ്ഞ നിശബ്ദതയും നിസംഗതയുമാണ് തുടര്‍ന്നുവരുന്നത്. ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ രാഷ്ട്രീയ ഭേദമില്ലാതെ ഗൗരവമായി ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട വിഷയമാണിത്.

Eng­lish Sam­mury: Cel­e­brat­ing May Day alone is not enough for job protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.