മതം പറയാത്ത ലീഗ്

അഡ്വ. കെ കെ സമദ്
Posted on September 20, 2020, 5:45 am

അഡ്വ. കെ കെ സമദ്

‘പ്രതിപക്ഷം ഖുർആനെ പോലും രാഷ്ട്രീയ ആയുധമാക്കുന്നു’ എന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിമർശനം കേരളത്തിലെ വലിയ രാഷ്ട്രീയ തമാശകളിൽ ഒന്നാണ്. ‘സ്വർണക്കടത്ത് കേസിലേക്ക് മതത്തെയും മത ഗ്രന്ഥത്തെയും വലിച്ചിട്ടത് ശരിയായില്ല’ എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.

യുഎഇ കോൺസുലേറ്റുമായി കെ ടി ജലീലിനുള്ള ബന്ധത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ, വഖഫിന്റെ ചുമതലയുള്ള ഒരു മന്ത്രി ഖുർആൻ നേരിട്ട് വിതരണം ചെയ്യേണ്ടതുണ്ടോ, ജലീലിനെതിരായ സമരത്തെ ഖുർആനുമായി ചേർത്തുവായിക്കേണ്ടതുണ്ടോ എന്നുള്ളതെല്ലാമാണല്ലോ കേരളത്തിലെ വിവാദ ചർച്ചകൾ. മുസ്‌ലിം മതവികാരവും സമുദായ വികാരവും മാറ്റിവച്ചാൽ കേരള രാഷ്ട്രീയത്തിൽ ആശയപരമായി ഒരു വലിയ വട്ടപ്പൂജ്യമാണ് തങ്ങളെന്ന് ഏറെ ഉറപ്പുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ് എന്നതാണ് വസ്തുത. 1920 ൽ രൂപീകരിച്ച ഹിന്ദുമഹാസഭയ്ക്ക് മുമ്പ് ഇന്ത്യയിൽ ആദ്യമായ ഒരു മതത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം 1906 ൽ രൂപീകരിച്ച ഓൾ ഇന്ത്യാ മുസ്‌ലിം ലീഗ് ആണ്.

ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് ശേഷം ഓൾ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ ഇന്ത്യയിലെ അവശിഷ്ട നേതാക്കൾ 1948 ൽ മദ്രാസ് മൗണ്ട് റോഡിലുള്ള രാജാജി മണ്ഡപത്തിൽ ഒരുമിച്ച് ചേർന്നു. ഇന്ത്യയിലെ ലീഗിന് ‘ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്’ എന്ന പേരും നൽകി. ഈ ഘട്ടത്തിൽത്തന്നെയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരു മുസ്‌ലിം സമുദായ പാർട്ടിയുടെ സാധ്യതയെയും നിലനിൽപ്പിനെയും നെഹ്റു ഉൾപ്പെടെയുള്ള നേതാക്കൾ ചോദ്യം ചെയ്തത്. ‘രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്താൻ’ എന്ന നിലയ്ക്കുള്ള ദേശീയതയിൽ പൊതിഞ്ഞ മറുപടികളിലൂടെ ഇത്തരം ചോദ്യങ്ങളെ മറികടക്കാനാണ് അക്കാലത്തെ മുഹമ്മദ് ഇസ്മയിൽ സാഹിബ് ഉൾപ്പെടെയുള്ള മുസ്‌ലിം ലീഗ് നേതാക്കൾ ശ്രമിച്ചത്.

എന്നാൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന നിലപാടുകൾ എത്രമേൽ മതാധിഷഷ്ഠിതമാണെന്ന് അതിന്റെ നേതാക്കന്മാർക്ക് ഉത്തമ ബോധ്യമുണ്ടാവും. മതത്തിന് ഒരു ബന്ധവുമില്ലാത്ത എത്രയോ വിഷയങ്ങളിൽ അത് മുസ്‌ലിം വിഷയമാണ് എന്ന നിലക്ക് കേരളത്തിൽ ഉയർത്തിക്കൊണ്ടുവരാനും ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഇടതുപക്ഷ വിരുദ്ധത കുത്തിനിറക്കാനും ശ്രമിച്ച ഒരു പാർട്ടിയുടെ നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹമാണ്, കെ ടി ജലീൽ വിഷയത്തിൽ ഖുർആനിനെ വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിങ്ങളുടെ മതവിശ്വാസത്തെയും സമുദായ വികാരത്തെയും തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി തരാതരം പോലെ ഉപയോഗിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്.

ശരിഅത്ത് വിവാദം

ഷാബാനു കേസിന്റെ പശ്ചാത്തലത്തിൽ ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസ്താവനയെത്തുടർന്ന് കേരളത്തിൽ ശരിഅത്ത് വിവാദം അലയടിച്ച കാലത്ത് അതിനെ എത്ര സമർത്ഥമായാണ് മുസ്‌ലിം ലീഗ് ഉപയോഗിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ മുസ്‌ലിം സമുദായത്തിനും ഇസ്‌ലാമിക നിയമ സംവിധാനമായ ശരിഅത്തിനും എതിരാണെന്നും വരുത്തി തീർക്കാൻ ലീഗ് നടത്തിയ ശ്രമങ്ങൾ അക്കാലത്തെ സമരങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും വ്യക്തമാവും. എത്ര വൈകാരികവും തീവ്രവുമായ മുദ്രാവാക്യങ്ങളാണ് അക്കാലത്ത് ലീഗ് കേരളക്കരയിൽ ആകെ വിളിച്ചത്. ‘എട്ടും കെട്ടും പത്തും കെട്ടും ഇ എം എസിന്റെ ഓളേം കെട്ടും’ എന്നുപോലും വിളിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്.

ഐസ്ക്രീം പാർലർ കേസ്

വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരായി ഉയർന്ന് വന്ന ഐസ്ക്രീം പാർലർ കേസിൽ തനിക്കെതിരായ ആരോപണങ്ങളും സമരങ്ങളും മുസ്‌ലിം സമുദായത്തിന് എതിരാണെന്ന് അന്ന് പരസ്യമായി പ്രഖ്യാപിച്ചത് കുഞ്ഞാലിക്കുട്ടി തന്നെയാണ്. 2004 നവംബർ ഒന്നിന് ഉംറ കഴിഞ്ഞ് കരിപ്പൂർ വിമാന താവളത്തിൽ ഇറങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ സ്വീകരണവും പിന്നീട് ഉണ്ടായ അദ്ദേഹത്തിന്റെ രാജിയുമെല്ലാം കേരള ചരിത്രത്തിന്റെ ഭാഗമാണ്. ഈ വിവാദങ്ങളിൽ തനിക്കെതിരായ സമരങ്ങളെയും ആരോപണങ്ങളെയും അറേബ്യയിൽ മുഹമ്മദ് നബിക്ക് ശത്രുപക്ഷത്തിൽ നിന്ന് നേരിടേണ്ടി വന്ന അക്രമങ്ങളോടാണ് കുഞ്ഞാലിക്കുട്ടി അക്കാലത്ത് ഉപമിച്ചത്.

പാഠപുസ്തക വിവാദം

2008 ൽ വി എസ് ഗവൺമെന്റ് ഏഴാം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിൽ ‘മതമില്ലാത്ത ജീവൻ’ എന്ന കഥ പാഠഭാഗമാക്കി ഉൾപ്പെടുത്തിയതിന്റെ പേരിൽ മുസ്‌ലിം ലീഗ് മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും നടത്തിയ സമരങ്ങളിലും എൽഡിഎഫ് ഗവൺമെന്റ് മതവിരുദ്ധവും സമുദായ വിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്നു എന്ന ആക്ഷേപമാണ് ഉയർത്തിയത്. കമ്മ്യൂണിസ്റ്റുകാർ മതനിരാസകരും മതവിരുദ്ധ സമീപനം സ്വീകരിക്കുന്നവരുമാണെന്ന് ലീഗ് വിളിച്ചുപറഞ്ഞു. ആ സമരത്തിന്റെ ഭാഗമായി 2008 ജൂലൈ എട്ടിന് മലപ്പുറം ജില്ലയിലെ ജെയിംസ് അഗസ്റ്റിൻ എന്ന അധ്യാപകൻ മുസ്‌ലിം ലീഗിന്റെ സമര സ്ഥലത്ത് ആക്രമണത്തിന് വിധേയനായി കൊല്ലപ്പെടുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയത്.

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി സമരം

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളിൽ ആരംഭിച്ച ഓഫ് ക്യാമ്പസുകളിൽ ഒന്ന് മലപ്പുറം ജില്ലയിൽ ആരംഭിക്കാനാണ് തീരുമാനിച്ചത്. അന്നും കേരളത്തിൽ എൽഡിഎഫ് ഗവൺമെന്റാണ് ഭരിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ക്യാമ്പസ് തുടങ്ങുവാൻ ഇടതു സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. ഈ ഘട്ടത്തിലാണ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഗവൺമെന്റ് അലിഗഢ് മുസ്‌ലിം സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ആക്ഷേപിച്ച് മലപ്പുറത്ത് സമരം ആരംഭിക്കുന്നത്. അലിഗഢ് യൂണിവേഴ്സിറ്റിയുടെ പേരിൽ ‘മുസ്‌ലിം’ എന്ന് പേരുള്ളതുകൊണ്ട് മാത്രം സമുദായ വികാരത്തെ ആളിക്കത്തിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്ന ലീഗ് നേതൃത്വത്തിന്റെ വർഗീയ ചിന്തയിൽ നിന്ന് ഉണ്ടായ സമരമായിരുന്നു ആ സമരവും.

അഞ്ചാം മന്ത്രി വിവാദം

യുഡിഎഫ് ഗവൺമെന്റിൽ നിന്ന് സമുദായത്തിന്റെ പേരിൽ അഞ്ചാം മന്ത്രിയെ നേടിയെടുക്കാൻ ലീഗ് നടത്തിയ ശ്രമങ്ങളും കേരളത്തിന് മുന്നിലുണ്ട്. കേരളീയ പൊതുസമൂഹത്തിൽ ഇത്രമേൽ സമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടിയ മറ്റൊരു നടപടി ഉണ്ടായിട്ടില്ല. ഒരു മതത്തിന്റെയും ഒരു സമുദായത്തിന്റെയും പേരിൽ അധികാരത്തിന്റെ കസേരകൾ കണക്കു പറഞ്ഞ് വാങ്ങി മതേതര കേരളത്തിൽ തങ്ങൾ വെറും ഒരു മത പാർട്ടിയാണെന്ന് ലീഗിന്റെ പരസ്യ പ്രഖ്യാപനം നടത്തുകയാണ് ലീഗ് അന്ന് ചെയ്തത്.

ലീഗും വർഗീയ സംഘടനകളും

കേരളത്തിലെ എസ്ഡിപിഐ ഉൾപ്പെടെയുള്ള ന്യൂനപക്ഷ തീവ്ര സംഘടനകളോട് എക്കാലത്തും മൃദുസമീപനം സ്വീകരിക്കുകയും അവരെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുക ലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. 2014 ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത് നാൽപ്പത്തി അയ്യായിരത്തിലധികം വോട്ടാണ്. എന്നാൽ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നീ തീവ്ര മതാധിഷ്ഠിത പാർട്ടികൾക്കൊന്നും മലപ്പുറം മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല എന്നത് അത്തരം പാർട്ടികളുമായി ലീഗിന്റെ ചങ്ങാത്തതിന്റെ ഉത്തമ ഉദാഹരണമാണ്. കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചരണം താൻ മുസൽമാനാണെന്നും എതിർ സ്ഥാനാർത്ഥി അമുസ്‌ലിമാണെന്നും അതുകൊണ്ട് മുസ്‌ലിമായ തനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ഖുർആൻ സൂക്തങ്ങളെ മുൻനിർത്തി ലഘുലേഖ അച്ചടിച്ച് അഴീക്കോട് തെരഞ്ഞെടുപ്പിൽ വിതരണം ചെയ്തു എന്നായിരുന്നു കെ എം ഷാജിക്കെതിരായ തെരഞ്ഞെടുപ്പ് കേസ്. ഒരു പാർട്ടിയും അതിന്റെ നേതൃത്വവും ഒരു മത വിശ്വാസത്തെ എത്ര മേൽ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കും എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

കേന്ദ്ര ഗവൺമെന്റും മുസ്‌ലിം ലീഗും

2014 മുതൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് ഇന്ത്യയിൽ നടപ്പിലാക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ രാജ്യം സജീവമായി ചർച്ച ചെയ്യുന്നതാണ്. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റുകൾക്കെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിരെയും സമുദായ സ്നേഹത്തിന്റെ കോട്ടണിഞ്ഞ് പട നയിച്ചു വരുന്ന ലീഗ് കഴിഞ്ഞ ആറ് വർഷക്കാലത്തിനിടക്ക് കേന്ദ്ര ഗവൺമെന്റിനും ബിജെപിക്കുമെതിരായി നടത്തിയ സമരങ്ങളുടെ എണ്ണം പരിശോധിക്കപ്പെടേണ്ടതാണ്.

മതാധിഷ്ഠിത നിലപാടുകളും വർഗീയ നിലപാടുകളും സ്വീകരിക്കുന്ന പാർട്ടികളോട് അത് ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും എക്കാലത്തും ലീഗ് അടുപ്പം കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുത്തലാഖ് ബില്ലിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലും ഇപ്പോൾ നടക്കുന്ന എൽഡിഎഫ് ഗവൺമെന്റ് വിരുദ്ധ സമരത്തിലുമെല്ലാം ലീഗിന്റെ ഈ ഐക്യപ്പെടൽ കാണാം. ചുരുക്കത്തിൽ സമുദായത്തിന്റെ കാര്യവും ഖുർആനിന്റെ കാര്യവുമെല്ലാം ഞങ്ങൾ പറഞ്ഞുകൊള്ളാം അതിൽ കമ്മ്യൂണിസ്റ്റുകാർ ഇടപെടേണ്ടെന്നാണ് ലീഗും കുഞ്ഞാലിക്കുട്ടിയും പറയുന്നത്.

എന്നാൽ നാല് പതിറ്റാണ്ടിലധികമായി മതത്തെയും മത സംഘടനകളെയും തരാതരം പോലെ ഉപയോഗിച്ച് അധികാര കേന്ദ്രങ്ങളിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയിട്ടുള്ള ഒരു പാർട്ടിയും ആ പാർട്ടിയുടെ നേതൃത്വത്തിനും ഇടതുപക്ഷത്തിനെ ഉപദേശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്. മതം പറഞ്ഞ് വളർന്ന മുസ്‌ലിം ലീഗിന്റെ ഈ കാപട്യം പൊതുജനം തിരിച്ചറിയും.