കാനം രാജേന്ദ്രൻ

October 27, 2020, 5:45 am

ആ തീനാളം അണഞ്ഞില്ല, അണയില്ല

Janayugom Online

കാനം രാജേന്ദ്രൻ

സ്വാതന്ത്യ്രത്തിനും ദേശീയ ഐക്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലുതും ത്യാഗോജ്ജ്വലവുമായ സമരങ്ങളുടെ മുന്നണിയിൽ ഉള്ള ഒന്നാണ് 1946‑ൽ നടന്ന പുന്നപ്ര‑വയലാർ സമരം. ഈ സമരം രാജവാഴ്ചക്കും ദിവാൻ ഭരണത്തിനും അമേരിക്കൻ മോഡലിനും എതിരായിരുന്നു. എഴുപത്തിനാല് കൊല്ലങ്ങൾക്കു മുമ്പ് പുന്നപ്രയിലേയും വയലാറിലേയും ധീരദേശാഭിമാനികൾ കൊളുത്തിയ തീനാളം അണഞ്ഞില്ല. അണയുകയുമില്ല. പുന്നപ്ര‑വയലാർ സമരത്തെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു “തിരുവിതാംകൂർ സ്വാതന്ത്യ്ര സമരചരിത്രം’ ആ പേരിനുതന്നെ അർഹമല്ല.

തിരുവിതാംകൂറിലെ സംഘടിത തൊഴിലാളി വർഗവും അവരുടെ രാഷ്ട്രീയ പാർട്ടിയും തൊഴിലാളികൾക്ക് ഏതാനും സാമ്പത്തിക നേട്ടങ്ങൾ സമ്പാദിക്കുന്നതിനുവേണ്ടി നടത്തിയ ഒരു സമരമായിരുന്നില്ല അത്. ആ സമരം അതിന്റെ എല്ലാ അർത്ഥത്തിലും വ്യാപ്തിയിലും സ്വാതന്ത്യ്രത്തിനുവേണ്ടി, ദിവാൻ ഭരണത്തെ എന്നെന്നേയ്ക്കും അവസാനിപ്പിക്കുന്നതിനുവേണ്ടി, പ്രായപൂർത്തി വോട്ടവകാശത്തോടുകൂടി പരിപൂർണ ഉത്തരവാദഭരണം നേടിയെടുക്കുന്നതിനുവേണ്ടി നടത്തിയ സമരമായിരുന്നു എന്ന് കമ്മ്യൂണിസ്റ്റ് വിരോധ തിമിരം ബാധിച്ചിട്ടില്ലാത്ത ചരിത്ര വിദ്യാർത്ഥികൾക്ക് സുവ്യക്തമായി കാണുവാന്‍ കഴിയും. 1946 ഒക്ടോബർ 27‑ന് പുന്നപ്ര‑വയലാറിൽ ഒഴുകിയ ചോരപ്പുഴയിൽ ആ തീനാളം അണഞ്ഞുപോയെന്ന് അന്നത്തെ ഭരണാധികാരികളും സ്ഥാപിത താല്പര്യക്കാരും കൊട്ടിഘോഷിച്ചു. അതിനെതിരെയുള്ള പ്രചാരണങ്ങൾ നടത്തി.

പ്രചണ്ഡമായ ആ കുപ്രചാരണത്തിന്റെ ധൂമപടലങ്ങളിൽ അത് ജനദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോകുമെന്ന് അവർ കരുതി. പക്ഷെ, ചരിത്രസത്യത്തെ മറച്ചുവയ്ക്കാൻ ആർക്ക് കഴിയും! 1857‑ലെ ശിപായി ലഹളയും 1921‑ലെ മലബാർ ലഹളയും ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിലെ ഉജ്ജ്വലമായ രണ്ട് അദ്ധ്യായങ്ങളായി പിൽക്കാലത്ത് അംഗീകരിക്കപ്പെട്ടതുപോലെതന്നെ പുന്നപ്ര‑വയലാർ സമരവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. പുന്നപ്ര‑വയലാർ സമരത്തിൽ പങ്കെടുത്തവരെ സ്വാതന്ത്യ്രസമര യോദ്ധാക്കളായി സിപിഐയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായിരിക്കെ അംഗീകരിച്ചു. പുന്നപ്ര‑വയലാർ സമരത്തെപ്പറ്റി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന പി സി ജോഷി പറഞ്ഞത് ഇങ്ങനെയാണ്: “പുന്നപ്രയും വയലാറും തിരുവിതാംകൂറിലെ രണ്ട് അനശ്വര ഗ്രാമങ്ങളായിത്തീരും. കാരണം സ്വേച്ഛാ പ്രമത്തതയുടെ മുന്നിൽ തിരുവിതാംകൂർ ജനത മുട്ടുകുത്താൻ ഭാവമില്ലെന്ന് കാണിച്ചുകൊടുത്തത് ഈ സ്ഥലങ്ങളാണ്. ഇന്ത്യൻ സ്വേച്ഛാധിപതികൾ അവരുടെ ബ്രിട്ടീഷ് മേലാളന്മാരെപ്പോലെതന്നെ സംഘടിത തൊഴിലാളി വർഗത്തേയും കർഷക പ്രസ്ഥാനത്തേയും ഒന്നാമത്തെ ശത്രുവായി എണ്ണുന്നത് എന്തുകൊണ്ടാണെന്ന് കാണിച്ചുതരുന്നതും ഈ സ്ഥലങ്ങളാണ്”. പുന്നപ്ര‑വയലാർ സമരം കമ്മ്യൂണിസ്റ്റുകാർ അനവസരത്തിൽ നടത്തിയ ഒരു ‘മുറിവിപ്ലവം’ ആയിരുന്നെന്നും മറ്റും പറഞ്ഞു നടക്കുന്നവർ ഇന്നും ഇല്ലാതില്ല. ആ സമരത്തിന്റെ സാമ്പത്തിക സാമൂഹ്യ പശ്ചാത്തലവും അന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയും മനസ്സിലാക്കാതെ അതിനെയൊരു ഒറ്റപ്പെട്ട സംഭവമായി കാണുന്നവർ അങ്ങിനെ ധരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

മാത്രമല്ല, ആ സമരത്തെ പരാജയപ്പെടുത്തുന്നതിനും ഒറ്റപ്പെടുത്തി അടിച്ചമർത്തുന്നതിനുംവേണ്ടി തിരുവിതാംകൂർ ഗവണ്മെന്റിന്റെ എല്ലാ പ്രചരണ യന്ത്രങ്ങളും സ്ഥാപിത താല്പര്യക്കാരുടെ പത്രങ്ങളും ഇടതടവില്ലാതെ കള്ളങ്ങളും കെട്ടുകഥകളും തട്ടിവിട്ടു. പുന്നപ്ര‑വയലാർ സമരം കമ്മ്യൂണിസ്റ്റുകാർ സമരത്തിനുവേണ്ടി നടത്തിയ ഒറ്റപ്പെട്ട ഒരു സമരം ആയിരുന്നില്ല. അത് പതിമൂന്നര സെന്റ് ഭൂമിക്കുവേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഒരു മുറിവിപ്ലവവും അല്ലായിരുന്നു. പക്ഷെ, ഭരണാധികാരികൾക്ക് അന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ കമ്മ്യൂണിസ്റ്റുകാരുടെമേൽ അങ്ങനെയൊരു സമരം അടിച്ചേൽപ്പിക്കേണ്ടത് ആവശ്യമായിരുന്നു. അതിനുള്ള രംഗം ഗവണ്മെന്റ് തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ ഒന്നുചെയ്തു, ഭീഷണിയുടെ മുന്നിൽ മുട്ടുകുത്തിയില്ല. രാജ്യതാല്പര്യത്തിന് അവർ മുൻഗണന നൽകി. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും അവർ തയ്യാറായില്ല. അതിനുവേണ്ടി എന്ത് മർദ്ദനത്തേയും നേരിടാനും ശത്രുവിനെതിരെ സർവ്വ കഴിവും ഉപയോഗിച്ച് പോരാടാനും അവർ അവസാനമായി തീരുമാനിച്ചു.

പട്ടാളത്തിന്റെ തോക്കുകളിൽ നിന്ന് ചീറിപ്പാഞ്ഞ വെടിയുണ്ടകളെ നേരിടാൻ സമരഭടന്മാർക്ക് വാരിക്കുന്തങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോക്കും പരിശീലനവും ലഭിക്കുന്നതിന് അവർ കാത്തുനിന്നില്ല. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി അവർ ധീരധീരം പോരാടി. ഉരുക്കും മാംസവും തമ്മിലുണ്ടായ ആ സമരത്തിൽ മനുഷ്യൻ പരാജയപ്പെട്ടു. പക്ഷെ, അത് വെറും താൽക്കാലികം ആയിരുന്നുവെന്ന് ചരിത്രം തെളിയിച്ചു. ഇന്ത്യൻ സ്വാതന്ത്യ്രത്തെ തുരങ്കംവയ്ക്കുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വം നിർമ്മിച്ച കെണിയെ തകർത്ത സമരമാണ് പുന്നപ്ര‑വയലാർ സമരം. ബ്രിട്ടന്റെ പിണിയാളുകളായ നാട്ടുരാജാക്കന്മാരുടെ ആകാശക്കോട്ട തകർത്ത് തരിപ്പണമാക്കിയതാണ് ആ സമരം. അങ്ങനെ അത് തിരുവിതാംകൂറിന്റെ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്യ്രസമര ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ഒരു അദ്ധ്യായമായി എന്നും നിലനിൽക്കും. തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ മാത്രമേ ദേശീയ സ്വാതന്ത്യ്രം പൂർത്തിയാക്കി ദേശീയ ജനാധിപത്യം സ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്ന് ഇന്നത്തെ പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുത്തുകൊണ്ട് അതിന് ഉറപ്പ് നൽകുന്ന ഒരു വാഗ്ദത്ത പത്രികയും അതിന്റെ വഴികാട്ടിയായ ചൂണ്ടുപലകയുമാണ് പുന്നപ്ര‑വയലാർ. സ്വാതന്ത്യ്രസമര ചരിത്രംതന്നെ തിരുത്തിയെഴുതാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, പുന്നപ്ര‑വയലാറിന്റെ വീരസ്മരണ എന്നും നമുക്ക് ആവേശം പകരും.