ഇന്ത്യയിലെ എഴുത്തുകാർക്കു കിട്ടാവുന്ന ഏറ്റവും വലിയ വ്യവസ്ഥാപിത ബഹുമതിയാണ് ജ്ഞാനപീഠം. അതേറ്റുവാങ്ങിയ മഹാകവി അക്കിത്തം രണ്ടു മഹാന്മാരെ അനുസ്മരിച്ചു. എഴുത്തച്ഛനെയോ പൂന്താനത്തെയോ അല്ല. മേൽപ്പത്തൂർ ഭട്ടതിരിയെയുമല്ല. വി ടി ഭട്ടതിരിപ്പാടിനെയും ഇടശ്ശേരി ഗോവിന്ദൻ നായരെയുമാണ് അദ്ദേഹം അനുസ്മരിച്ചത്. അമ്പലങ്ങൾക്കു തീ കൊളുത്താനാഹ്വാനം ചെയ്ത വി ടി വിധവകൾക്ക് ജീവിതം നല്കിയ വിപ്ലവകാരി. മിശ്രവിവാഹത്തെയും ജാതിരഹിത സമൂഹത്തെയും അഭിവാദ്യം ചെയ്ത മനുഷ്യസ്നേഹി. വർഗ്ഗീയതയോട്, വിശേഷിച്ചും മനുവാദികളുടെ വിധ്വംസക സംസ്ക്കാരത്തോട് തരിമ്പും പൊരുത്തപ്പെടാതെ ജീവിച്ച കേരളീയൻ. മഹാകവി ഇടശ്ശേരിയോ? കൃഷിക്കാരനായ കോമനോടൊപ്പം നിന്ന്, അധികാരം കൊയ്യണമാദ്യം നാം, അതിനുമേലാകട്ടെ പൊന്നാര്യനെന്നു ആഹ്വാനം ചെയ്ത വിപ്ലവകാരി.
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ സമരം ചെയ്യുന്നവർ ഈ കവിത എങ്ങനെയറിഞ്ഞു എന്നു നമുക്ക് അത്ഭുതം തോന്നും. കുറച്ചു കൂടിക്കടന്ന്, പട്ടിണിക്കുടുംബത്തിലെത്താൻ റേഷനരിയുമായി പോകുമ്പോൾ തിന്നാൻ വന്ന നരിയെ ബുദ്ധപ്രതിമ തള്ളിയിട്ടായാലും നിഗ്രഹിക്കാമെന്നു വാദിച്ച മനുഷ്യസ്നേഹി. ആ പ്രസംഗത്തിൽ അദ്ദേഹം മാതാപിതാക്കളെയും സഹധർമ്മിണിയെയും അനുസ്മരിച്ചു. അദ്ദേഹം പരാമർശിച്ച മറ്റുള്ളവർ ജ്ഞാനപീഠ ജേതാക്കളായ അലി സർദാർ ജാഫ്രി, അമൃതാപ്രീതം, അഖിലൻ, യു ആർ അനന്തമൂർത്തി എന്നിവരും അദ്ദേഹത്തോടൊപ്പം യോഗക്ഷേമസഭയ്ക്ക് നേതൃത്വം നൽകുകയും കമ്മ്യൂണിസത്തിന്റെ ഉദയസൂര്യത്വം പങ്കുവയ്ക്കുകയും ചെയ്ത ഇഎംഎസുമാണ്. ജാഫ്രി മുതൽ ഇഎംഎസു വരെയുള്ളവർ മതേതര വാദികളായിരുന്നു എന്നത് ശ്രദ്ധേയം. വാസ്തവത്തിൽ മഹാകവിയുടെ ജീവിത വസന്തം വി ടിയോടും ഇടശ്ശേരിയോടുമൊപ്പം പങ്കുവച്ച കാലമായിരുന്നു. പണ്ടത്തെ മേശാന്തിയിലെ ഒരു വരിയാണ് ഈ കുറിപ്പിന്റെ ശീർഷകം. പരമദരിദ്രനായ ശാന്തിക്കാരന് സംഘടനാബലമോ സർക്കാർ സംരക്ഷണമോ ഒന്നുമില്ലാതിരുന്ന ഒരു കാലത്തെയും ഈ വരിയിൽ വായിച്ചെടുക്കാം.
ദൈവരക്ഷ ഒരു വിശ്വാസം മാത്രമാണല്ലോ. മഹാകവി അക്കിത്തത്തിന്റെ ജ്ഞാനപീഠ പ്രസംഗത്തിൽ ഞെട്ടിച്ച ഒരു പരാമർശം കൂടിയുണ്ടായിരുന്നു. എല്ലാ ഭാഷകളും ദേവനാഗരി ലിപിയിലെഴുതണമെന്ന അഭിപ്രായമായിരുന്നു അത്. വിനോബ ഭാവെയുടെ ഒരു വിനോദഭാവനയായി മാത്രം ആ അഭിപ്രായത്തെ ആസ്വദിച്ചില്ലെങ്കിൽ നമ്മുടെ മഴയും പുഴയും തഴയും തുഴയും അടയാളപ്പെടുത്താൻ കഴിയാതെ പോകും. എഴുത്തച്ഛൻ, ചങ്ങമ്പുഴ, ഏഴാച്ചേരി, പഴവിള, എഴുമംഗലം, കുഴൂർ വിൽസൺ മുതൽ മേഴത്തൂർ അഗ്നിഹോത്രിയും മഴമംഗലവും വരെ ലിപിയില്ലാപ്പെട്ടിയിൽ മൂടി വയ്ക്കപ്പെടും. നാസ്തികനായ എനിക്ക് ആസ്തികനായ മഹാകവിയെ ബഹുമാനമായിരുന്നു. കണ്ടപ്പോഴൊക്കെ അദ്ദേഹമെന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്നു. രണ്ടാമത്തെ വൈലോപ്പിള്ളി പുരസ്ക്കാരം അദ്ദേഹത്തിൽ നിന്നും വിനയപൂർവം ഞാൻ ഏറ്റുവാങ്ങിയിട്ടുണ്ട്. തുഞ്ചൻ സ്മാരകത്തിലും കുഞ്ചൻ സ്മാരകത്തിലും കലാമണ്ഡലത്തിലും മറ്റും അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ ചാർവാകനും കീഴാളനും ചൊല്ലിയിട്ടുണ്ട്. യുവകവി അഭിലാഷ് എടപ്പാളിനൊപ്പം കുമരനല്ലൂരിലെ വസതിയിൽ പോയി കണ്ടിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണനും എംടിയുമടക്കമുള്ള സാംസ്ക്കാരിക പ്രവർത്തകർ സംഘപരിവാറിനാൽ ആക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തപ്പോൾ മഹാകവി അനുഷ്ഠിച്ച മഹാമൗനമോർത്ത് വ്യസനിച്ചിട്ടുണ്ട്. “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന പതിരില്ലാ വരികൾ എക്കാലത്തേക്കുമുള്ളതാണ്. വീരവാദം എന്ന കൃതി ചങ്ങമ്പുഴ വായിച്ചു നോക്കി മംഗളോദയം വഴി പുറത്തിറക്കിയതാണ്.
ദൈവത്തെ കാത്തിരിക്കുന്ന ഭക്തന് നിന്നിൽത്തന്നെ കണ്ടെത്തണമെന്നു തോന്നിപ്പിക്കുന്ന ക്ഷേത്രദർശനാതീതമായ ഉൾക്കാഴ്ചക്കു ചങ്ങമ്പുഴയുടെ കീഴൊപ്പ് ഉണ്ടായിരുന്നിരിക്കാം. വിപ്ലവബോധത്തെ സ്വാഗതം ചെയ്യുന്ന എന്താവണം എന്ന കവിത അക്കാലത്തെ അടയാളപ്പെടുത്തുന്നുണ്ടാവാം. ആസ്തികതയും ഒരാളുടെ അവകാശമാണ്. അത് മറ്റൊരാളുടെ ആസ്തികാവകാശത്തെ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴാണ് ഫാസിസമായി മാറുന്നത്. ഇന്ത്യയെ നടുക്കിയ ഈ അവകാശധ്വംസനം കണ്ടത്, സമീപഭൂതകാലത്ത് ബാബറിപ്പള്ളി പൊളിച്ചപ്പോഴാണ്. ആ ആക്രമണത്തെ മൗനം കൊണ്ട് ആശീർവദിച്ച, മഹാകവി, വി ടി ഭട്ടതിരിപ്പാടിന്റെയും ഇടശ്ശേരിയുടെയും ദർശനങ്ങളെ വിഗണിക്കുന്നതായാണ് വായനക്കാർക്ക് ബോധ്യപ്പെട്ടത്. സോമനാഥ് ഹോറിനെ പോലുള്ളവർ കാളിദാസസമ്മാനം വരെ നിരസിച്ച കാലത്താണ് ഇതെന്നോർക്കണം. ഭാവികാലം അക്കിത്തത്തെ അടയാളപ്പെടുത്തുന്നത് ‘മറ്റുള്ളവർക്കായ് പൊഴിക്കുന്ന കണ്ണീർക്കണ’ത്തിലൂടെ ആയിരിക്കട്ടെ. മഹാകവിക്ക് ആദരാഞ്ജലികൾ.