September 28, 2022 Wednesday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

കേരളം ഗുരുവിനൊപ്പം സഞ്ചരിച്ചോ?

പി കെ സബിത്ത്
September 21, 2020 5:00 am

പി കെ സബിത്ത്

കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളെ അടിസ്ഥാനമാക്കി ആഴത്തിലുള്ള പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. നാരായണ ഗുരുവിന്റെ ദാര്‍ശനികമായ മുന്നേറ്റം ഏറ്റവും നവീനവും കാലത്തെ ഉല്ലംഘിക്കുന്നതുമായിരുന്നു. ഗുരുദര്‍ശനത്തെ പറ്റി ആഴത്തിലുള്ള വിശകലനം നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു അച്യുതമേനോന്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കേരളത്തിലെയും ഉത്തരേന്ത്യയിലെയും നവോത്ഥാന പ്രസ്ഥാനങ്ങള്‍ തമ്മില്‍ ദാര്‍ശനികമായിതന്നെ വ്യത്യസ്തത പുലര്‍ത്തുന്നതായിരുന്നു. വരേണ്യവര്‍ഗത്തിന്റെ ഉന്നമനവും പുരോഗതിയും മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു ഉത്തരേന്ത്യന്‍ നവോത്ഥാനം, ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ഏറ്റവും മേല്‍ത്തട്ടിലുള്ള ബ്രാഹ്മണ സമുദായത്തിലെ ജീര്‍ണതകള്‍ തുടച്ചുനീക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു അത്. ഉത്തരേന്ത്യന്‍ നവോത്ഥാനം ചില സമുദായങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനിന്നുപോയതുകൊണ്ടാണ് ഇന്നും അതിന്റെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവരുന്നത്.

കേരളീയ നവോത്ഥാനത്തിന് വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നു. അത് ജാതിയെയും മതത്തെയും മാത്രം അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിച്ചത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നത്. ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്തത് അവര്‍ണ സമുദായത്തില്‍ ജനിച്ച ശ്രീനാരായണ ഗുരുവായിരുന്നു. ബ്രാഹ്മണ സമുദായത്തിന്റെ പരിപ്രേക്ഷ്യമായ ജാതിവ്യവസ്ഥയും ചാതുര്‍വര്‍ണ്യവ്യവസ്ഥയും നിഷ്കാസനം ചെയ്യാനും ജാതിവ്യവസ്ഥ കാരണം മര്‍ദ്ദിതരും ചൂഷിതരുമായി കഴിഞ്ഞ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കേരളീയ നവോത്ഥാനത്തിന് കഴിഞ്ഞു. ജാതി ചിന്ത ഉത്തരേന്ത്യയില്‍ പരസ്യമായി എതിര്‍ക്കപ്പെടാത്തതുകൊണ്ടുതന്നെ അവിടെ നവോത്ഥാന പ്രസ്ഥാനം പുതിയ ചില ചിന്താഗതികള്‍ക്ക് രൂപം നല്കി. ബ്രഹ്മസമാജം, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം തുടങ്ങിയ ആധുനികവരേണ്യ മതങ്ങള്‍ രൂപപ്പെട്ടു.

കേരളത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ലളിതമായ സിദ്ധാന്തമാണ് നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന മതനിരപേക്ഷ ചിന്തയായിരുന്നു അത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ രൂപംകൊണ്ടിട്ടുള്ള മറ്റേത് നവോത്ഥാന പ്രസ്ഥാനങ്ങളെക്കാള്‍ ശക്തവും കാലാതിവര്‍ത്തിയുമായി കേരളീയ നവോത്ഥാനം പരിണമിച്ചു. സി അച്യുതമേനോന്‍ നാരായണ ഗുരുവിന്റെ ദാര്‍ശനികമായ കാഴ്ചപ്പാടുകളെ സമഗ്രമായി പഠിച്ച് വിശകലനം ചെയ്യുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ഉണ്ടായ സാമൂഹിക പ്രസ്ഥാനം ഇന്ത്യയിലെ മറ്റെല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെക്കാള്‍ നവീനവും പരിഷ്കൃതവുമായിരുന്നു എന്നദ്ദേഹം പറയുന്നു. ‘ആര്യസമാജം, ബ്രഹ്മസമാജം മുതലായ പ്രസ്ഥാനങ്ങള്‍ ഹിന്ദുമതത്തിലെ ആചാരങ്ങളും ജീര്‍ണതകളും ദുരീകരിച്ച് അതിനെ നവീകരിക്കാന്‍ ശ്രമിച്ചു. ആര്യ സമാജത്തിന്റെ സ്ഥാപകന്‍ ദയാനന്ദ സരസ്വതിയുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും ആര്യസമാജം കാലാന്തരത്തില്‍ രൂപംപ്രാപിച്ച് മറ്റുമതങ്ങള്‍ക്ക് എതിരായി. പ്രത്യേകിച്ച് ഇസ്‌ലാമിനെതിരായി ആക്രമണോത്സുകമായ ഹിന്ദുമതമായാണ് വളര്‍ന്നുവന്നത്.

ബ്രഹ്മസമാജമാണെങ്കില്‍ ക്രിസ്തുമതത്തിന്റെ ഒരുതരം പരിഷ്കരിച്ച പതിപ്പായി തീര്‍ന്നു. മതസമന്വയത്തിനോ ഭിന്നമതങ്ങളുടെ തമ്മില്‍ തമ്മില്‍ ഉള്ള മത്സരവും സ്വാര്‍ത്ഥയും ഒഴിവാക്കുന്നതിനോ സഹായിച്ചു എന്നു പറയാന്‍ വയ്യ. ശ്രീനാരായണന്റെ പ്രത്യേകത അദ്ദേഹം പുതിയതായി യാതൊരു മതവും സൃഷ്ടിച്ചില്ല എന്നതാണ്. ‘സി ആര്‍ കേശവന്‍ വൈദ്യരുടെ ശ്രീനാരായണ ചിന്തകള്‍’ എന്ന ഗ്രന്ഥത്തിന് സി അച്യുതമേനോന്‍ എഴുതിയ അവതാരികയിലാണ് ഇങ്ങനെ പറയുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സാന്നിധ്യമാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ പുരോഗമന ചിന്തയുടെ കാര്യത്തില്‍ മുന്നണി വിഭാഗമായി കേരളത്തെ അടിയാളപ്പെടുത്താന്‍ കാരണം. വിദ്യാഭ്യാസം, വായനശാല പ്രസ്ഥാനം, സ്വയം പര്യാപ്തത, സാഹിത്യചിന്ത, രാഷ്ട്രീയം ഇവയിലെല്ലാം ഇന്ന് കേരളം മുന്നിട്ടുനില്ക്കുന്നു. ഇന്ത്യയില്‍തന്നെ ഒരു മികച്ച മാതൃക എന്ന നിലയില്‍ ഒരു സംസ്ഥാനത്തെ അടയാളപ്പെടുത്തുമ്പോള്‍ കേരളത്തെ ഇന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് ചിന്തിക്കാന്‍ പോലും കഴിയില്ല. നാരായണ ഗുരുവിന്റെ തത്വചിന്തകളും ദാര്‍ശനികമായ കാഴ്ചപ്പാടുകളും തന്നെയാണ് കേരളത്തിന്റെ മാറ്റത്തിന് ചാലകശക്തിയായി പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ സമഗ്രമായ പരിവര്‍ത്തിന് നാന്ദി കുറിച്ച ഭരണാധികാരിയായ അച്യുതമേനോന്‍ നാരായണഗുരു മുന്നോട്ടു വച്ച സൈദ്ധാന്തികമായ അടിത്തറയെ തന്നെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ കേരളത്തില്‍ ദാര്‍ശനികമായ വിപ്ലവം നടത്തിയ നാരായണ ഗുരുവിനെപ്പോലുള്ളവര്‍ മുന്നോട്ടുവച്ച സൈദ്ധാന്തിക അടിത്തറയെ സ്വാംശീകരിച്ച ഭരണാധികാരികളുടെ അഭാവം പില്‍ക്കാല കേരളം നേരിട്ടിരുന്നു.

ക്ഷേത്രങ്ങളുടെ പേരില്‍ വലിയ തര്‍ക്കങ്ങളും ചര്‍ച്ചകളും കേരളത്തില്‍ ഈ അടുത്തകാലത്താണ് നടന്നത്. 1917 ല്‍ ഗുരു പറഞ്ഞു. ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രധാന ദേവാലയം, വിദ്യാലയമായിരിക്കണം. പണംപിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത് എന്ന് ആഹ്വാനം ചെയ്ത മണ്ണിലാണ് ഇങ്ങനെയൊരു വിരോധാഭാസം അരങ്ങേറിയത്. ഇടത് ചിന്തകളുമായി ഏറ്റവും അടുത്തുനില്ക്കുന്ന ഒന്നായിരുന്നു ഗുരു ദര്‍ശനം. ജാതിക്കും മതത്തിനും അപ്പുറം പുരോഗമന ചിന്തകള്‍ക്കും വിദ്യാഭ്യാസത്തിനും അത് പ്രാമുഖ്യം നല്കി. വൈകിയാണെങ്കിലും ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ ഒരു ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്ത് ആരംഭിക്കുന്നത് ഏറെ പ്രതീക്ഷാനിര്‍ഭരമാണ്. വാസ്തവത്തില്‍ കേരളത്തിന്റെ തനത് ദാര്‍ശനികമായ കാഴ്ചപ്പാടുകളെ അക്കാദമിക് ചിന്തയോടുകൂടി ദര്‍ശിച്ച മഹാനായിരുന്നു നാരായാണ ഗുരു.

മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ലെന്ന് ഗുരു പറയുന്നുണ്ട്. ഇത്തരമൊരു സൈദ്ധാന്തികമായ ബലത്തിലാണ് ഗുരു തന്റെ ചിന്താ പദ്ധതികള്‍ മുന്നോട്ടുവച്ചത്. ആലുവയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ വച്ച് ഗുരു ശിവഗിരിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മഹാപാഠശാലയെ പറ്റി പറയുന്നുണ്ട്. ഈ പാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വളരെ വിശാലമായതും എന്നാല്‍ അക്കാദമിക് അടിത്തറയുള്ളതുമായ ഒരു കാഴ്ചപ്പാടാണ് ഗുരു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവന ചെയ്തത്. പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് അത് നടപ്പിലാക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും പിന്നീട് അത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. ഒരര്‍ത്ഥത്തില്‍ ഗുരുവിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിവിധങ്ങളായ കോഴ്സുകള്‍ നല്കുന്ന ഒരു ഇടം എന്ന നിലയിലാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഓപ്പണ്‍ സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. കേവലം കോഴ്സ് നടത്തിപ്പ് മാത്രമായി നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സര്‍വകലാശാല ചുരുങ്ങരുത്.

കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ തനതായി രൂപപ്പെട്ടുവന്ന സിദ്ധാന്തങ്ങളെയും ദര്‍ശനങ്ങളെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന ഇടമായി ഈ സര്‍വകലാശാല മാറേണ്ടതുണ്ട്. ഗുരുവിന്റെ വാക്കുകളും ദര്‍ശനങ്ങളും വളരെ സജീവമായി നിലനില്ക്കുമ്പോള്‍തന്നെ ഗുരു ദര്‍ശനത്തിനു വിരുദ്ധമായി അതിനെ വ്യാഖ്യാനിക്കുകുയും പ്രവൃത്തിപഥത്തില്‍ എത്തിക്കുകയും ചെയ്തത് സമകാലീന കേരളത്തിന്റെ ചരിത്രമാണ്. ഇനിയും അത് സംഭവിക്കാന്‍ പാടില്ല. സാമൂഹിക പരിഷ്കര്‍ത്താക്കള്‍ മുന്നോട്ടുവച്ച തത്വദര്‍ശനങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യണം. മനുഷ്യരെയെല്ലാം ഒന്നായി കാണുന്ന ലോക തത്വമാണ് ഗുരു മുന്നോട്ടുവച്ചത്. മതം അതിരുകള്‍ സൃഷ്ടിക്കുവാനല്ല അതിരുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കുവാനുള്ള ഒന്നായിട്ടാണ് ഗുരു അവസാനം വരെ സ്ഥാപിച്ചത്. ‘മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യനെ ഉത്തമമായ ആദര്‍ശനത്തിലേക്ക് നയിക്കുന്നതുമായിരിക്കണമെന്ന് നാരായണഗുരു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമെല്ലാം അഗാധ പാണ്ഡിത്യമുള്ള ഗുരുവിന്റെ കൃതികള്‍ ആ ചിന്തയുടെ വജ്രശോഭ കാട്ടിത്തരുന്നു. ‘ ആത്മോപദേശശതകം’ ശ്രീനാരായണ ഗുരുവിന്റെ തനതായ തത്വദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ്. സംസ്കൃതത്തില്‍ എഴുതിയ ‘ദര്‍ശനമാല’ എന്ന കൃതി ഭാരതീയ ഉപനിഷത്തുക്കളുടെ സമരം സംഗ്രഹിച്ചെഴുതിയതാണ്.

‘ആത്മോപദേശ’ ശതകത്തിലൂടെ തത്വദര്‍ശനത്തിന്റേതായ ഏറ്റവും പുതിയൊരു സിദ്ധാന്തം തന്നെയാണ് ഗുരു അവതരിപ്പിച്ചത്. അവിടെ ആസ്തികവാദത്തെയും നാസ്തിക വാദത്തെയും ഒരുപോലെ ചോദ്യം ചെയ്യുകയും അതേസമയം അവയെ സമന്വയിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തത്വചിന്തകളുടെ ബഹുസ്വര ദര്‍ശനം അവതരിപ്പിച്ച ഗുരുവനൊപ്പം കേരളം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.