പന്ന്യന്‍ രവീന്ദ്രന്‍

April 28, 2020, 5:30 am

ദയ പിഴുതെറിഞ്ഞ് ധനത്തിനുപിറകെ പായുന്നവർ

Janayugom Online
പ്രതീകാത്മക ചിത്രം

കേരളീയർക്ക് പ്രിയപ്പെട്ട എഴുത്തുകാരനും സാ­മൂഹ്യ വിമർശകനും പണ്ഡിതനും സർവ്വോപരി അദ്ധ്യാപകനുമായിരുന്ന സുകുമാർ അഴീക്കോട് നടത്തിയ വിശകലനം ഇങ്ങനെയാണ് ‘പണ്ടൊക്കെ ‘അദ്ധ്യാപകൻ’ എന്നാണ് എഴുതിയിരുന്നത്. ഇപ്പോഴത് അ’ധ്യാ‘പകൻ എന്ന് ചുരുങ്ങി. എന്നുവച്ചാൽ, അദ്ധ്യാപകനിലെ ദയയുടെ ‘ദ’ പോകുകയും പകരം ധനത്തിലെ ‘ധ’ നിലനിൽക്കുകയും ചെയ്തു; അവർക്കിപ്പോൾ ധന ചിന്ത മാത്രമെയുള്ളു’. ഒരധ്യാപകന്റെ മനംനൊന്ത വിമർശനമാണ് അഴീക്കോട് സാർ നടത്തിയത്. അന്ന് അദ്ദേഹം നടത്തിയ വിമർശനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടി, ‘ഞാൻ പറഞ്ഞ തരത്തിലുള്ളവർ ഇന്ന് അധ്യാപക സമൂഹത്തിൽ ധാരാളമായുണ്ട്. അതിനെതിരെ അധ്യാപകരുടെ ഭാഗത്തുതന്നെ സ്വയം വിമർശനം വളർന്നുവരണം’ എന്നായിരുന്നു. സുകുമാർ അഴീക്കോട് നടത്തിയ വിമർശനത്തിന് പ്രസക്തി കൂടിയ ഒരു സാഹചര്യമാണിന്ന്.

ലോകം മുഴുവൻ കോവിഡ് എന്ന മാരക രോഗത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. ഇന്ത്യയിൽ കോവിഡിന്റെ പ്രവേശനകവാടം കേരളമായിരുന്നു. മറുമരുന്ന് കണ്ടുപിടിക്കാത്ത ഈ മഹാമാരിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അവിശ്രമം പോരാടിക്കൊണ്ടിരിക്കുന്നു. ഇന്ത്യാ ഗവൺമെന്റും വാഷിങ്ടൻ പോസ്റ്റ് പോലെ അമേരിക്കൻ പത്രങ്ങളും ലോകത്തിന്റെ നാനാഭാഗത്തുള്ള മറ്റിതര മാധ്യമങ്ങളും കേരളത്തിലെ രോഗപ്രതിരോധ രീതിയെ അഭിനന്ദിക്കുകയാണ്. രോഗപ്രതിരോധത്തോടൊപ്പം ലോക്ഡൗൺ കൂടി പ്രഖ്യാപിച്ച്, സാമൂഹ്യ അകലവും ക്വാറന്റൈൻ ജീവിതവും നടപ്പാക്കി കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. രാഷ്ട്രീയമായ വിമർശനങ്ങളും പ്രവർത്തനതലത്തിലുള്ള വീഴ്ചകളും സാവകാശം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരുടെയും ലക്ഷ്യം രോഗത്തെ ചെറുക്കുക, മനുഷ്യജീവൻ സംരക്ഷിക്കുക മാത്രമാണ്. കഴിഞ്ഞ ഒരു മാസത്തിലധികമായി എല്ലാവരും വീട്ടിൽ തന്നെ.

അവരുടെ ജീവിതം സമൂഹബാധ്യതയാണ്. വീടുകളിൽ ഭക്ഷണ സാധന കിറ്റുകളും മരുന്നുകളും എത്തിക്കുന്നു. അതിഥി തൊഴിലാളികളെയും അനാഥരെയും മിണ്ടാപ്രാണികളായ സകല ജീവികളെയും സംരക്ഷിക്കുന്നു. ഇത് ഒരു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പണച്ചെലവേറിയ ഈ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിന് പണത്തിന്റെ ലഭ്യത തീരെ കുറവാണ്. നികുതി വരവില്ല. അബ്കാരി വരുമാനം നിലച്ചു. വരവിനങ്ങൾ താൽക്കാലികമായി ഇല്ലാതായി. എന്നാൽ നാടിനെ സംരക്ഷിച്ച് നിർത്തുന്നതിനും ക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിനും കോവിഡിനെതിരായ പ്രവർത്തനത്തിനുമായി ഇരുപതിനായിരം കോടി രൂപയുടെ ഒരു പാക്കേജ് സർക്കാർ കൊണ്ടുവന്നു. ഇത്തരമൊരു സന്നിഗ്‌ദ്ധഘട്ടത്തെ മറികടക്കാനാണ് ജനകീയ സഹകരണവും സംഭാവനകളും ജീവനക്കാരുടെ സഹായവും അഭ്യർത്ഥിച്ചത്. വിവിധ നിലവാരത്തിലുള്ള വ്യക്തികളും സ്ഥാപനങ്ങളും നിർലോഭം സഹായം തുടരുന്നുണ്ട്. മന്ത്രിമാരും എംഎൽഎമാരും ശമ്പളത്തിൽ കുറവുവരുത്തിക്കൊണ്ട് അതുവഴിക്കും ധനസംഭരണത്തിന് വഴിയൊരുക്കി.

സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകാനുള്ള അഭ്യർത്ഥന വന്നപ്പോൾ അതു പ്രയാസമാകുമെന്ന് മനസിലാക്കിയാണ് ഗഡുക്കളാക്കി ലഘൂകരിച്ചത്. ഒരുമാസത്തെ ശമ്പളം അഞ്ച് ഘട്ടമായി, അതായത് ഒരുമാസം ആറ് ദിവസത്തെ വീതം കരുതിവയ്ക്കാനാണ് തീരുമാനം. അതും പ്രതിസന്ധികൾക്ക് ശേഷം വരുമാനത്തിനനുസൃതമായി മടക്കിക്കൊടുക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ കത്തിക്കൽ പ്രസ്ഥാനക്കാരോട് സ്നേഹത്തോടെ പറയാം; നിങ്ങൾ അധ്യാപക സമൂഹത്തിനാകെ കളങ്കമാണ്. ഇന്ന് സാമാന്യം ഭേദപ്പെട്ട ശമ്പളവും മാറ്റാനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് പഠിക്കാനെങ്കിലും ശ്രമിക്കണം. സർക്കാർ സർക്കുലർ കഴിഞ്ഞ ദിവസം ഒരു അധ്യാപക സംഘടനാ നേതാക്കൾ കത്തിച്ചത് വാർത്താ മാധ്യമങ്ങളിൽ കണ്ടപ്പോൾ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മൂക്കത്ത് വിരൽവച്ചു. മാസവരുമാനക്കാരൻ അധ്യാപകന്റെ തീക്കളി പ്രതിഷേധം കണ്ടപ്പോഴാണ് ആദരണീയനായ സുകുമാർ അഴീക്കോട് സാറിന്റെ വാക്കുകൾ ഓർത്തുപോയത്. അസംഘടിത തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് മനുഷ്യർക്ക് തൊഴിലില്ല, കൂലിയില്ല, ഒരു പൈസ വരുമാനമില്ല. ആ സമയത്താണ് ജോലിചെയ്യാതെ വീട്ടിലിരിക്കുന്ന അധ്യാപകർക്ക് ആറ് ദിവസത്തെ ഒഴിച്ച് 24 ദിവസത്തെ ശമ്പളമെങ്കിലും കയ്യിൽ കിട്ടുന്നത്. പഴയ കാലത്തെ അധ്യാപകരെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. പഠിക്കാനും നിങ്ങൾക്ക് താൽപര്യമില്ല.

അന്ന് സംഘടനയില്ലാത്ത കാലം. മലബാറിൽ അധ്യാപകൻ ജന്മിയുടെ കൂലിക്കാരനായിരുന്നു. തൊഴുത്ത് വൃത്തിയാക്കലും ‘കന്നുകാലികളെ കുളിപ്പിക്കലും പശുവിനെ കറക്കലും അവിടത്തെ അധ്യാപകരുടെ ജോലിയായിരുന്നു. സംഘടന ഇല്ല, സംഘടിച്ചാൽ പണിയും പോകും. മാത്രമല്ല, കള്ളക്കേസിൽ കുടുക്കി ജയിലിലുമാക്കും. കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിനു ആശ്വസിക്കുവാനുള്ള നേട്ടങ്ങൾ കൈവരിച്ചത് 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭരണത്തോടെയാണ്. ജന്മിയോട് ചോദിക്കാൻ ആർക്കും ധൈര്യമില്ല. സ്വാതന്ത്ര്യത്തിന് മുൻപേ വിജയിച്ച ആദ്യത്തെ അധ്യാപക സമരം പഴയ ചിറക്കൽ താലൂക്കിൽ കണ്ണാടിപ്പറമ്പ് സ്കൂളിലായിരുന്നു. അവിടത്തെ അധ്യാപകനായ ടി സി നാരായണൻ നമ്പ്യാരെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു. കാരണം ജന്മിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന കുറ്റം. ഉത്തരവ് എന്തായിരുന്നുവെന്നോ, ‘പശുവിനെ കുളിപ്പിക്കണം’ എന്നത്. പ്രതിഷേധവുമായി ടി സി നാരായണൻ നമ്പ്യാർ സ്കൂളിന്റെ വാതിലിൽ കത്തിയിരുന്ന് സമരം തുടങ്ങി. രണ്ടാമത്തെ ദിവസം അധ്യാപകശ്രേഷ്ഠനായ പി ആർ നമ്പ്യാർ ജന്മിയെ കണ്ടു ദീർഘമായി സംസാരിച്ചു പ്രശ്നത്തിൽ തീരുമാനമുണ്ടാക്കി. ടി സിയെ തിരിച്ചെടുത്തു. പിന്നീട് ഈ സംഭവം പി ആർ ഓർത്തത് ഇങ്ങനെയാണ്; ‘ജന്മി യഥാർത്ഥ ദൈവ ഭക്തനാണ്.

എന്റെ ”സംസ്കൃത ജ്ഞാനം” ജന്മിയെ വല്ലാതെ സ്വാധീനിച്ചു’. മലബാറിൽ പി ആർ നമ്പ്യാർ, ടി സി നാരായണൻ നമ്പ്യാർ, സി സി നായർ എന്നിവരെല്ലാം അധ്യാപക നേതാക്കളായിരുന്നു. കത്തിക്കൽ സമരവുമായി രംഗത്തെത്തിയ സമര നേതാക്കളെ, നിങ്ങൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങളും അന്തസും ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗപൂർണ്ണമായ സമരത്തിൽ കൂടിയാണ് അനുവദിക്കപ്പെട്ടത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എഴുതിയ ആത്മകഥാസ്പർശിയായ ‘കൊഴിഞ്ഞ ഇലകളിൽ’ മുണ്ടശ്ശേരി ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരു ദിവസം രാവിലെ താൻ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ഒരു കാരണവർ തൊഴുതു നിൽക്കുന്നു. താനും തിരിച്ചു തൊഴുതു. അപ്പോൾ അദ്ദേഹം പൊടുന്നനെ എന്റെ കാലിൽ വീണു. അദ്ദേഹത്തിന്റെ കണ്ണനീർകൊണ്ട് തന്റെ കാൽ നനഞ്ഞു. അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് ചോദിച്ചു, താങ്കൾ എന്താണ് ചെയ്തത്? അദ്ദേഹം പറഞ്ഞു, ‘സർ അങ്ങാണ് ദൈവം. ഞാൻ ഒരധ്യാപകനാണ് മുപ്പത്തിരണ്ടു വർഷമായി സർവീസിൽ.

പക്ഷെ ഇന്നലെയാണ് സർ എന്റെ യഥാർത്ഥ ശമ്പളം എനിക്ക് കിട്ടിയത്. എന്റെ മകൻ എണ്ണി നോക്കിയിട്ട് എന്നോട് പറഞ്ഞത്. അച്ഛാ ഈ പണം കഴിഞ്ഞ ഒരുവർഷക്കാലം കൊണ്ട് കിട്ടിയ പണത്തിന് തുല്യമാണ്’. മുണ്ടശേരി മാഷ് ആ അധ്യാപകനെ സൂക്ഷ്മമായി നോക്കി. കാലിൽ ചെരുപ്പില്ല, ഒറ്റമുണ്ട്, മുറി കയ്യൻ ഷർട്ട്, കുഴിഞ്ഞ കണ്ണൂകൾ, ഒട്ടിയ കവിൾ, കാലുപൊട്ടി നൂലു കെട്ടിയ കണ്ണട, എല്ലും തൊലിയുമായ 1957ലെ ഒരു സ്കൂൾ മാഷുടെ യഥാർത്ഥ പ്രതീകം. കടമ്മനിട്ട കവിതയിലെ വരികൾ ഒന്ന് ഓർക്കുമോ നിങ്ങൾ ‘നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.’ സമരങ്ങൾ ചെയ്യുവാൻ സംഘടനകൾക്ക് അവകാശമുണ്ട്. പക്ഷെ, ഏത് സമരം നടത്തുമ്പോഴും അധ്യാപകന്റെ കർമ്മവും ധർമ്മവും മറക്കരുത്. നാടൊന്നിച്ച് മനുഷ്യ ജീവൻ രക്ഷിച്ചെടുക്കാൻ ഒരേ മനസും ഒരേ ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ, അധ്യാപക പ്രസ്ഥാനത്തിന്റെ മാന്യതക്കു നേരെ കറുത്ത ഛായം തേക്കുകയാണ് പരോക്ഷമായി കത്തിക്കൽ സമരക്കാർ ചെയ്യുന്നത്. ഇവർ അധ്യാപകനിലെ ‘ദയ’ കളഞ്ഞ് ‘ധ’നത്തിന്റെ പിറകെ പോകുകയാണ്. അഴീക്കോട് പറഞ്ഞതിന് അടിവരയിടുന്നു.