October 1, 2022 Saturday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

കർഷകർ മുഷ്ടിചുരുട്ടുന്നു രാജ്യത്തിന്റെ നിലനില്പിനായ്

സത്യൻ മൊകേരി
September 20, 2020 6:00 am

സത്യൻ മൊകേരി

കാര്‍ഷിക രംഗത്തെ പ്രതിസന്ധി അത്യന്തം രൂക്ഷമാകുകയാണ്. കാര്‍ഷിക മേഖലയെ പൂര്‍ണമായും കെെവശപ്പെടുത്തുവാനുള്ള ആസൂത്രിതമായ നീക്കമാണ് കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ നടത്തി‌ക്കൊണ്ടിരിക്കുന്നത്. 1990 മുതല്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയതോടുകൂടി ഇന്ത്യയിലെ കാര്‍ഷിക മേഖലയിലും കോര്‍പ്പറേറ്റുകള്‍ കടന്നുവരികയായിരുന്നു. മോഡി ഗവണ്‍മെന്റിന്റെ അധികാര ആരോഹണത്തോടെ, കാര്‍ഷിക മേഖലയെ പൂര്‍ണമായും കോര്‍പ്പറേറ്റുകള്‍ കയ്യടക്കുകയാണ്. ഇതോടെ തകര്‍ന്നടിയുന്നത് ഇന്ത്യയിലെ കര്‍ഷകരും കാര്‍ഷികജോലി ചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷക തൊഴിലാളികളുമാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഇന്ത്യ.

നമ്മുടെ രാജ്യത്ത് 138 കോടിയിലധികം ജനങ്ങളാണ്, ജനസംഖ്യാ കണക്കുകള്‍ അനുസരിച്ച് ഉള്ളത്. നമ്മുടെ പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ 130 കോടി ജനങ്ങള്‍ എന്നേ പറയാറുള്ളു. എട്ട് കോടി ജനങ്ങളെ പൂര്‍ണമായും വിസ്മരിക്കുന്നു. ഗവണ്‍മെന്റിന്റെ പദ്ധതികള്‍ എല്ലാം തയ്യാറാക്കുന്നത് 130 കോടി ജനങ്ങളെ മുന്നില്‍ക്കണ്ടാണ്. രാജ്യത്തെ 138 കോടി ജനങ്ങളില്‍ 61 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. അതുപ്രകാരം 82 കോടിയിലധികം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. മഹാഭൂരിപക്ഷവും പാവപ്പെട്ട ചെറുകിട, ഇടത്തരം കര്‍ഷകരാണ്.

കര്‍ഷകരില്‍ 85 ശതമാനത്തിലധികം പരമാവധി അഞ്ച് ഏക്കര്‍ ഭൂമി ഉള്ളവരാണ്. അതില്‍ 67 ശതമാനവും രണ്ടര ഏക്കര്‍ പരമാവധി കൃഷിഭൂമി ഉള്ളവരാണ്. പത്ത് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. അവരുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമെ രാജ്യത്തിന് പുരോഗതി കെെവരിക്കാന്‍ കഴിയൂ എന്നത് പൂര്‍ണമായും വിസ്മരിച്ചുകൊണ്ടുള്ള നടപടികളാണ് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതുമുതല്‍ സ്വീകരിച്ചിട്ടുള്ളത്. കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കോര്‍പ്പറേറ്റ് അജണ്ട നടപ്പിലാക്കാനുള്ള നല്ല അവസരമായി കേന്ദ്ര ഗവണ്മെന്റ് ഉപയോഗപ്പെടുത്തുകയാണ്. അതാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ലോകസഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയ മൂന്ന് ബില്ലുകളും വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ ഗവണ്‍മെന്റ് കൃഷിക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ആ സർക്കാരാണ് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ കര്‍ഷക കമ്മിഷനെ നിയോഗിച്ചത്. പ്രസ്തുത കമ്മിഷനില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ (എഐകെഎസ്) ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാൻ‍ അംഗമായിരുന്നു. രാജ്യത്തുടനീളം സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ റിപ്പോര്‍ട്ടാണ് കമ്മിഷന്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. കമ്മിഷന്റെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടത് കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് ആദായകരമായ വില നിശ്ചയിക്കണം എന്നതായിരുന്നു. ആദായകരമായ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. അധ്വാനം ഉള്‍പ്പെടെയുള്ള കൃഷി ചെലവുകൾ എല്ലാം കണക്കാക്കി അതിന്റെ പകുതി കൂടി അധികമായി ചേര്‍ത്തായിരിക്കണം വില നിശ്ചയിക്കേണ്ടത് എന്നാണ് കമ്മിഷന്‍ ശുപാര്‍ശ.

അധികമായി നിശ്ചയിച്ച സംഖ്യ കര്‍ഷകന് ജീവിക്കാനുള്ള വരുമാനമായിട്ടാണ് കമ്മിഷന്‍ കണക്കാക്കിയത്. കര്‍ഷകന്റെ ഉല്പന്നങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സംഭരിക്കുക, സംഭരിച്ച ഉല്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംഭരണശാലകള്‍ സ്ഥാപിക്കുക, ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ കാര്‍ഷികമേഖലയില്‍ പ്രാവര്‍ത്തികമാക്കുക, ജലസേചന സൗകര്യങ്ങള്‍ കൃഷിഭൂമിയില്‍ ഉടനീളം വ്യാപകമാക്കുക. കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, കാര്‍ഷിക ഉല്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കി, ലോകവിപണിയില്‍ ഉള്‍പ്പെടെ മാര്‍ക്കറ്റ് ചെയ്യുക. കര്‍ഷകന് വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും കടക്കെണിയില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ശുപാര്‍ശകള്‍ ആണ് സ്വാമിനാഥന്‍ കമ്മിഷന്‍ മുന്നോ‍ട്ട് വച്ചത്.

എല്ലാവരും കമ്മിഷന്റെ ശുപാര്‍ശകളെ സ്വാഗതം ചെയ്തു. നരേന്ദ്രമോഡി ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്കി. അധികാരത്തില്‍ വന്നപ്പോള്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിസ്മരിച്ചു. കര്‍ഷകരുടെ താല്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചു. കാര്‍ഷിക ഉല്പന്നങ്ങളുടെ വില കുത്തനെ കുറയുകയായിരുന്നു. ഉല്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത സാഹചര്യം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായി. തക്കാളിയും ഉരുളക്കിഴങ്ങും ഉള്ളിയും മറ്റ് ഉല്പന്നങ്ങളും കര്‍ഷകര്‍ റോഡില്‍ വലിച്ചെറിഞ്ഞു. ട്രാക്ടറുകള്‍ കൂട്ടിയിട്ട് റോഡുകള്‍ ഉപരോധിച്ചു. രാജ്യത്തുടനീളം കര്‍ഷകരോഷം ആളിപ്പടര്‍ന്നു.

കര്‍ഷകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും വെടിവയ്പും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായി. മധ്യപ്രദേശില്‍ ബിജെപി നേതാവായ ശിവരാജ് ചൗഹാന്‍ കര്‍ഷക പ്രക്ഷോഭത്തിനു നേരെ വെടിവച്ചു. ആറ് കര്‍ഷകര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. യുപി, ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പതിനായിരക്കണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങി രാജ്യത്തിന് ഭക്ഷണം നല്കുന്ന കര്‍ഷകന്റെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ അല്ല കേന്ദ്ര ഗവണ്മെന്റ് നടത്തുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ കാര്‍ഷിക മേഖലയിലും വ്യാവസായിക തൊഴില്‍മേഖലയിലും ഉണ്ടായ പ്രതിസന്ധിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കമാണ് നടത്തിയത്. സങ്കുചിത ദേശീയ വികാരവും വംശീയ വിദ്വേഷവും ആളിക്കത്തിച്ചു.

മത‑ജാതിശക്തികളെ ഇളക്കിവിട്ടും ഗോത്രങ്ങളെ തമ്മിലടിപ്പിച്ചും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉയര്‍ത്തി ദേശീയ വികാരത്തിന് തീകൊളുത്തി. ഇത്തരം നടപടികളിലൂടെയാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങളെ ബിജെപിയും നരേന്ദ്രമോഡിയും മറികടക്കാന്‍ ശ്രമിച്ചത്. വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം, കര്‍ഷകരെ പൂര്‍ണമായും വിസ്മരിച്ചുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ വ്യാവസായിക‑കാര്‍ഷിക മേഖലയിലും നടപ്പില്‍ വരുത്തുകയാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളും വിദേശ മൂലധന ശക്തികള്‍ക്കും ഇന്ത്യന്‍‍ കോര്‍പ്പറേറ്റുകള്‍ക്കും കെെമാറാനുള്ള നീക്കങ്ങളാണ് ദ്രുതഗതിയില്‍ നടത്തുന്നത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലുകളായ പൊതുമേഖലാ സ്ഥാപനങ്ങളും കല്‍ക്കരി ഖനികളും സാമ്പത്തിക മേഖലകളായ പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് മേഖലയും കോര്‍പ്പറേറ്റുകള്‍ക്ക് കെെമാറാനുള്ള നടപടികളാണ് സ്വീകരിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിക്കുന്നതായിരുന്നു‍. എല്ലാം കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാന്‍ തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായിരുന്നു.

കേന്ദ്ര ഗവണ്‍മെന്റ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഇതിനകം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ അതാണ് വ്യക്തമാക്കുന്നത്. കര്‍ഷകരുടെ ഉല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (വര്‍ധിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും) ഉള്ള ബില്‍, കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പാക്കലും കാര്‍ഷിക സേവനങ്ങള്‍ക്കുമായുള്ള ഉടമ്പടി ബില്‍, അവശ്യ വസ്തു നിയമ ബില്‍ ഇവ ഓര്‍ഡിനന്‍സായി കൊറോണ പ്രതിസന്ധി കാലത്തുതന്നെ കൊണ്ടുവന്നു. കര്‍ഷകന്റെ താല്പര്യങ്ങളെ പൂര്‍ണമായും അവഗണിച്ചുള്ളതാണ് മൂന്ന് നിയമങ്ങളും. അവയ്ക്ക് ലോകസഭ അംഗീകാരം നല്കിയി­രിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം നേടിക്കൊടുക്കുക മാത്രമാണ് ഇതിലൂടെ മോഡി സർക്കാരിന്റെ ലക്ഷ്യം.

കരാര്‍ കൃഷി നടപ്പിലാകുന്നതോടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും പൊതുസംഭരണ സമ്പ്രദായവും ഇല്ലാതാകും. കേരളത്തിലെ നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കേന്ദ്രസർക്കാരിന്റെ ദ്രോഹനടപടികളുടെ ഇരകളായി മാറും. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരായി രാജ്യത്ത് വ്യാപകമായ സമരം ആരംഭിച്ചിരിക്കെയാണ് സെപ്റ്റംബര്‍ 14ന് രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങിയത്. ഇപ്പോള്‍ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തെരുവിലാണ്. സെപ്റ്റംബര്‍‍ 25ന് ബന്ദ് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഇരുന്നൂറിലധികം വരുന്ന വലുതും ചെറുതുമായ കര്‍ഷകരുടെ വിശാലമായ വേദിയാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. അഖിലേന്ത്യാ കിസാന്‍സഭ ഈ സമിതിയില്‍ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രക്ഷോഭം ശക്തിപ്പെടുത്തുവാന്‍ എഐകെഎസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ 25ന് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലും പ്രക്ഷോഭം നടത്താന്‍ ആഹ്വാനം നല്കിയിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭം രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയായി വളര്‍ന്നുവരുന്നുണ്ട്. കര്‍ഷകരെ അവഗണിച്ച് കേന്ദ്ര ഗവണ്‍മെന്റിന് മുന്നോട്ടുപോകാന്‍ കഴിയില്ല. അകാലിദള്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും തങ്ങളുടെ പ്രതിനിധിയെ പിന്‍വലിച്ചിട്ടുണ്ട്. ഹരിയാനയിലെ ബിജെപി നേതൃത്വത്തിലുള്ള മുന്നണി ഗവണ്‍മെന്റ് പ്രതിസന്ധിയിലാണ്. ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാപാര്‍ട്ടി (ജെജെപി) ഇതിനകം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും താല്പര്യം സംരക്ഷിക്കാതെ ഒരു ഗവണ്‍മെന്റിനും മുന്നോട്ടുപോകാന്‍ കഴിയില്ല. അതാണ് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ വെളിവാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.