വത്സൻ രാമംകുളത്ത്

November 15, 2021, 4:30 am

സമ്പത്ത് വാരിക്കൂട്ടുന്ന രാജ്യദ്രോഹം

Janayugom Online

രാജ്യത്തെ സമ്പദ്ഘടനയുടെ ഉയര്‍ച്ച താഴ്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രണ്ടുതരം നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്. ചെലവഴിക്കല്‍ നടപടികളിലെ അപാകതയും ധൂര്‍ത്തും ശ്രദ്ധയില്‍പ്പെടുത്തുന്ന ഘട്ടത്തില്‍ മാത്രമേ സമ്പദ്ഘടന വളര്‍ച്ചയും പ്രതീക്ഷയും അവര്‍ ഉയര്‍ത്തിക്കാട്ടാറുള്ളു. മറിച്ച്, ഏറിയകൂറും പറയുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യയുടെ സാമ്പത്തിക പ്രകടനം മോശമെന്നു തന്നെയാണ്. ധനകാര്യമന്ത്രാലവും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരു ഏകീകൃത നയം സ്വീകരിച്ചിട്ടില്ലെന്നും കാണാം. ഗൗരവമേറിയ വിമര്‍ശനം വരുന്ന ഘട്ടത്തില്‍ കോവിഡിനെയാണ് അവര്‍ മറയാക്കുന്നത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്, രാജ്യത്തെ സമ്പദ്ഘടനയുടെ തകര്‍ച്ചയെക്കുറിച്ച് പറയാന്‍ യോഗ്യതയില്ലെന്നാണ് ബിജെപിയുടെ വാദം. ഇതര വിമര്‍ശകരുടെ വായടപ്പിക്കാനും കൊലയ്ക്കിരയാക്കുവാനും കരിനിയമങ്ങളും ആയുധങ്ങളും ഉപയോഗിക്കുന്നു. ഇവയ്ക്കു പുറമെയാണ് വ്യക്തിവിവര മോഷണവും ഭരണകൂടം കലയാക്കി മാറ്റിയിരിക്കുന്നത്.
ക്ഷേമപദ്ധതികള്‍ക്കൊന്നിനും കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൊഴിലുറപ്പ് തൊഴിലാളികള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവരുടെ സേവനവേതന അവകാശങ്ങളെല്ലാം പിടിച്ചുവയ്ക്കുകയാണ്. ചോദ്യം ചെയ്യാന്‍ പോലും അശക്തരാക്കി അവരുടെമേല്‍ ഭരണകൂട ആയുധം പ്രയോഗിക്കുന്നു. അവകാശസംരക്ഷണ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നു. വസ്തുതകള്‍ ഈവിധമാണെങ്കിലും പണം ഒരു കേന്ദ്രത്തിലേക്ക് കുമിഞ്ഞുകൂടുന്നത് ആശ്ചര്യത്തേക്കാള്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്. അധികാരവും പണവും ബിജെപിയെ രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയകക്ഷിയാക്കി മാറ്റിയത് അടിച്ചമര്‍ത്തല്‍ എന്ന ഒറ്റ നയംകൊണ്ടു മാത്രമാണ്. അടര്‍ന്നുവീഴാന്‍ തുടങ്ങിയ അതിസമ്പന്നരെ കൈപിടിച്ചുയര്‍ത്തിയും കള്ളപ്പണത്തിന്റെ കൈക്കാരന്മാരാക്കിയും നരേന്ദ്രമോഡി അടക്കം നടത്തിയ അത്യാസൂത്രിതമായ സാമ്പത്തിക നുഴഞ്ഞുകയറ്റം രാജ്യത്തിനല്ല ഗുണം ചെയ്തിരിക്കുന്നത്. രാജ്യം സാമ്പത്തികമായി ക്ഷീണിച്ചെന്ന് പറയുന്നിടത്ത്, അഡാനിയുടെയും പതഞ്ജലിയുടെയുമെല്ലാം ഉയര്‍ച്ചയും അംബാനിയെപ്പോലെ പരമ്പരാഗത മുതലാളിമാര്‍ക്കിടയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര തര്‍ക്കവും ഒരു ഉദാഹരണമായി വിലയിരുത്താനെടുക്കാവുന്നതാണ്.

രാജ്യത്തിന്റെ വളര്‍ച്ചയോ ക്ഷേമ പദ്ധതികളുടെ പൂര്‍ണതയോ ഭരണകൂടത്തിന് വിഷയമല്ലെങ്കിലും ബിജെപിയെന്ന ഭരണകക്ഷിയുടെ സാമ്പത്തിക വളര്‍ച്ച റോക്കറ്റുപോലെയാണ്. അവര്‍ പരസ്യമായി ഇതൊന്നും അംഗീകരിക്കില്ലെങ്കിലും പുറത്തുവരുന്ന ഓരോ കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തിനായി ചെലവഴിക്കുന്നത് ശതകോടികളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ ചെലവുകളെന്നത് യാഥാര്‍ത്ഥ്യമാണ്. കാലമിങ്ങോട്ട് പോന്ന്, ബിജെപിയുടെ അധികാരവെറിയുടെ നാളുകളിലേക്കെത്തിയപ്പോള്‍, അത്തരം ചെലവുകളല്ല പ്രത്യക്ഷത്തില്‍ കാണുന്നത്. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനും ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങാനുമായി ഇതിനകം തന്നെ കോടാനുകോടി ചെലവിട്ടുകഴിഞ്ഞു. എത്രയെത്ര സംസ്ഥാനങ്ങളിലാണ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നതിനായി ബിജെപി പണം ഇറക്കിയതെന്നത് വിവരിക്കാന്‍ പ്രത്യേകം കണക്കുനിരത്തേണ്ടതില്ല.
ഏറ്റവുമൊടുവില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ചെലവിട്ടത് 252 കോടി രൂപയാണെന്ന കണക്ക് പുറത്തുവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഏകദേശ കണക്കാണിതെന്നോര്‍ക്കണം. കണക്കില്‍പ്പെടാതെ ഇനിയും കോടികളുണ്ടാകുമെന്നതാണ് ഓരോ സംസ്ഥാനങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണ സംവിധാനങ്ങളെല്ലാം എടുത്തുകാട്ടുന്നത്. ഒരാള്‍പോലും ജയിക്കില്ലെന്നുറപ്പുണ്ടായ കേരളത്തില്‍ ഭരണം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയില്‍ 29.24 കോടി ചെലവഴിച്ചെന്നാണ് കണക്ക്. ആകെ ചെലവിട്ട 252,02,71,753 രൂപയില്‍ 151 കോടിയും ബംഗാളില്‍ ഭരണം നേടുമെന്ന പ്രതീക്ഷയോടെയാണത്രെ. ആകെ തുകയുടെ 60 ശതമാനമാണിത്. എന്നാല്‍ ബംഗാളില്‍ തെരഞ്ഞെെടുപ്പ് അടുക്കുംതോറും സംസ്ഥാന ബിജെപി ശിഥിലമായിക്കൊണ്ടിരുന്നത് വാസ്തവമായിരുന്നു. തൃണമൂലില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം രാജിവച്ച് ബിജെപിയില്‍ ചേക്കേറിയവരില്‍ പ്രമാണിമാരടക്കം ഈ കാലയളവില്‍ തിരിച്ച് അതത് ലാവണങ്ങളിലെത്തി. കേരളത്തിലാണെങ്കില്‍ ഉണ്ടായിരുന്ന നിയമസഭാ പ്രാതിനിധ്യം പോലും നിലനിര്‍ത്താനുമായില്ല. 22.97 കോടി രൂപ ചെലവിട്ട തമിഴ്‌നാട്ടിലും പിടിച്ചുനില്‍ക്കാന്‍ ബിജെപിക്കായില്ല. 43.81 കോടി രൂപയാണ് അസമില്‍ ബിജെപി ചെലവഴിച്ചത്. പുതുച്ചേരിയില്‍ 4.79 കോടിയും.

കേരളത്തിലെ കൊടകര കുഴല്‍പ്പണക്കേസ്, ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസ്, മഞ്ചേശ്വരത്തെ കെ സുന്ദര കോഴക്കേസ് എന്നിവയെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷനെ വലംവച്ചു നില്‍ക്കുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം എന്ന രീതിയില്‍ തന്നെയാണ് കള്ളപ്പണ ഇടപാടിനെ ബിജെപി ഔദ്യോഗികമായി ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുള്ളത്. അവര്‍ ഭരണം നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നയവും അതുതന്നെയാണ്. കൊടകര കുഴല്‍പ്പണക്കേസിന്റെ മുഴുവന്‍ രേഖയും കള്ളപ്പണ ഇടപാടിന്റേതാണ്. അതത്രയും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്കായുള്ളതാണെന്ന് നേതാക്കള്‍പോലും പറയാതെ പറഞ്ഞിട്ടുമുണ്ട്. സ്ഥിരീകരിക്കുന്ന മൊഴികളേറെ പൊലീസിലുമുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപിക്ക് വന്നതില്‍ കള്ളപ്പണവും ഉണ്ടെന്നതിന്റെ തെളിവാണത്. ഈ പണമാണ് സംസ്ഥാന അധ്യക്ഷന്റെ കാര്‍മ്മികത്വത്തില്‍ ബത്തേരിയിലെ സംഘപരിവാര്‍ മുന്നണി സ്ഥാനാര്‍ത്ഥി സി കെ ജാനുവിനും മഞ്ചേശ്വരത്തെ അപരസ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്കും കൈമാറിയതെന്ന ആരോപണം ഗൗരവമേറിയതുതന്നെ. രണ്ട് മണ്ഡലത്തില്‍ മത്സരിക്കുകയും പ്രചാരണയാത്രയ്ക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുകയും ചെയ്ത കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത് ബിജെപി നേതാക്കളും അണികളും കൂടിയാണ്. അതിനെ പ്രതിരോധിക്കാന്‍ ആരും തയ്യാറായതുമില്ല. പണമാണ് ബിജെപിക്ക് എല്ലാമെന്ന് കെ സുരേന്ദ്രന്റെ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോടെ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു.

കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ പേരില്‍ നോട്ട് നിരോധനം നടത്തിയതോടെ, ജനങ്ങള്‍ നെട്ടോട്ടമോടിയെങ്കിലും നരേന്ദ്രമോഡി കാണാത്തഭാവം നടിച്ചു. എത്രയോപേര്‍ പൊരിവെയിലില്‍ വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ മരിച്ചുവീണു, സ്വയം ജീവന്‍ വെടിഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ചെറിയ ത്യാഗമാണതെല്ലാം എന്നാണ് ബിജെപിയും മോഡി ആരാധകരും ന്യായീകരിച്ചത്. 99.3 ശതമാനം നോട്ടും ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. കള്ളപ്പണം മാത്രം കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം വരുമെന്ന പ്രഖ്യാപനം വോട്ടിനൊപ്പം പെട്ടിയിലൊതുങ്ങി. 2017ലെ ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ നോട്ടുനിരോധനത്തിന്റെ യുക്തി തന്നെ ആര്‍ക്കും മനസിലാവാതായി. ഇപ്പോള്‍ നോട്ടുനിരോധനമെന്ന വിവരമില്ലായ്മ ബിജെപിയുടെ ഓര്‍മ്മയില്‍ പോലുമില്ല. എന്നാല്‍, ഈയടുത്ത്, നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ രാജ്യം കേട്ട മോഡിയുടെ വാക്കുകള്‍, നാണമില്ലാത്തവന്റെ ആസനത്തിലെ ആല്‍മരം പോലെയായി. കള്ളപ്പണം തടയാന്‍ നോട്ടുനിരോധനത്തിന് കഴിഞ്ഞെന്നാണ് മോഡി പറഞ്ഞത്. ഒരുതരത്തില്‍പ്പറഞ്ഞാല്‍ ആ ആലിന്‍കൊമ്പിലെ ഊഞ്ഞാല്‍ ആട്ടം.

തെരഞ്ഞെടുപ്പ് ബോണ്ടുവഴി ബിജെപിക്ക് കിട്ടിയത് ശതകോടികളാണ്. നിയമപ്രകാരം അതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ലെന്നതും അവരെ തുണയ്ക്കുന്നു. നോട്ടുനിരോധന കാലയളവിലെ 2017–18 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ബജെപിയുടെ ആസ്തിവര്‍ധന മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനത്തിന്റേതാണ്. 2016–17ല്‍ ബിജെപിയുടെ ആകെ ആസ്തി 1213.13 കോടി രൂപയായിരുന്നുവെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്ക്. തൊട്ടുമുമ്പ്, അതായത് 2015–16 വര്‍ഷത്തില്‍ 894 കോടി ആയിരുന്നു. 2017–18ലേക്കെത്തിയപ്പോള്‍ 1483.35 കോടി രൂപയായി. 2018–19, 19–20, കാലത്തെ കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാര്‍ട്ടിയെന്ന ബഹുമതികൂടിയായി. ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കനുസരിച്ച് ബിജെപിയുടെ ആകെ ആസ്തി 2,904 കോടി രൂപയാണ്.
കേവലം ബിജെപിയുടെ അക്കൗണ്ടിലേക്ക് മാത്രമല്ല പണമൊഴുകിയെത്തുന്നതെന്ന് മറ്റുചില കണക്കുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദേശീയ അധ്യക്ഷനായിരുന്ന നിലവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആസ്തിവര്‍ധന അതിനുദാഹരണമാണ്. ഏഴ് വര്‍ഷത്തിനിടെ മൂന്ന് മടങ്ങിന്റെ വര്‍ധനവാണ് അമിത്ഷായുടെ ആസ്തിയിലുണ്ടായിട്ടുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ ഏകദേശ കണക്കുപോലും അമ്പരപ്പിക്കുന്നതായിരുന്നു. അമിത്ഷായുടെ ഭാര്യ സൊണാല്‍ഷായുടെ ആസ്തിയില്‍ 16 ശതമാനത്തിന്റെ വര്‍ധനവാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. 14 ലക്ഷം രൂപയില്‍ നിന്ന് അഞ്ച് വര്‍ഷംകൊണ്ട് അവരുടെ ആസ്തി 2.3 കോടിയായി. ഈവിധം ബിജെപി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ആസ്തി പരിശോധിച്ചാല്‍ രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇവരെല്ലാം മുന്നില്‍ത്തന്നെയാകും.