ജയനാരായണൻ

February 18, 2020, 5:30 am

പ്രതിസന്ധി പരിഹരിക്കാൻ പ്രാപ്തമല്ലാത്ത കേന്ദ്ര ബജറ്റ്

Janayugom Online

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഭദ്രമാണെന്നും വളർച്ചയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നുമാണ് പാർലമെന്റിലെ ബജറ്റ് മറുപടി പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവകാശപ്പെട്ടത്. തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രാമീണ മേഖലയിൽ ഡിമാന്റ് (ആവശ്യകത) വർധിപ്പിക്കാനും കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയെന്നും കേന്ദ്ര ധനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉണർത്താനുള്ള നാല് പ്രധാന ഘടകങ്ങളാണ് സ്വകാര്യ ഉപഭോഗം, സ്വകാര്യ നിക്ഷേപം, പൊതു നിക്ഷേപങ്ങൾ, കയറ്റുമതി എന്നിവ. ഇവയ്ക്ക് ഊർജ്ജം പകരാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ കഴിഞ്ഞുവെന്ന് തന്നെയാണ് നിർമ്മല സീതാരാമൻ അവകാശപ്പെടുന്നത്.

രാജ്യത്തിന്റെ വളർച്ചാനിരക്ക് അഞ്ചു ശനമാനത്തിൽ താഴെയാണ്. കൂടാതെ വളർച്ച കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതൊന്നും തന്നെ ബജറ്റിൽ വലിയിരുത്തപ്പെട്ടിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്ന് അഭിമുഖീകരിയ്ക്കുന്ന പ്രതിസന്ധികൾ ആഴത്തിൽ വിശകലനം ചെയ്യാതെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കമ്പളിപ്പിക്കാനുള്ള ശ്രമമായി മാത്രമെ ബജറ്റിനെ പൊതുവേ കാണാനാവുകയുള്ളൂ.

ഇടിയുന്ന വളർച്ചാ നിരക്ക് ഉയർത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള കർമ്മ പരിപാടികളും പദ്ധതികളുമാണ് 2020–21 ലെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് സഹായകമായ ആവശ്യകത (ഡിമാന്റ്), നിക്ഷേപം എന്നിവ ഉയർത്തുന്ന നടപടികൾ സാമൂഹ്യക്ഷേമ മേഖലയിലെ ഒന്നിലും മതിയായ ബജറ്റ് വിഹിതം ഇല്ല. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, സാമൂഹ്യസുരക്ഷാ പദ്ധതികൾ എന്നിവയിൽ ഈ ബജറ്റിൽ അധികവിഹിതം അനുവദിച്ചിട്ടില്ല. ഇവയെല്ലാം ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വാങ്ങൽശേഷി വർധിപ്പിക്കുന്നതിനും പര്യാപ്തയായവയായിരുന്നു. പൊതുചെലവുകൾ വർധിപ്പിച്ച് ജനങ്ങളിൽ പണമെത്തിച്ച് ചോദനം ഉയർത്തി മാത്രമെ സമ്പദ്മേഖലയിൽ ഉണർവ് ഉണ്ടാക്കാൻ കഴിയുകയുള്ളൂ. എന്നിരിക്കെ ജനങ്ങളുടെ വരുമാനം കൂട്ടുന്നതിനോ തൊഴിലുണ്ടാക്കുന്നതിനോ ആവശ്യമായ നിർദ്ദേശങ്ങളില്ല, കർമ്മപരിപാടികളില്ല.

കാർഷികമേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത് 2.83 ലക്ഷം കോടിയാണ് (കഴിഞ്ഞ വർഷം ഇത് 2.9 ലക്ഷം കോടിയാണ്). പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കഴിഞ്ഞവർഷം അനുവദിച്ച 75000 കോടി തന്നെയാണ് ഈ വർഷവും നീക്കിവച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 103 ലക്ഷം കോടി മുതൽമുടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വീമ്പിളക്കിയിരുന്നത്. ഇത് പ്രാവർത്തികമാകണമെങ്കിൽ വർഷംതോറും 20 ലക്ഷം കോടിയെങ്കിലും മുതൽ മുടക്കണമായിരുന്നു. എന്നാൽ നീക്കിവെച്ചത് വെറും 1.7 ലക്ഷം കോടിയാണ്. ബിജെപി സർക്കാർ വാക്കുകൾകൊണ്ട് പെരുക്കം കാണിക്കുകയാണ് എന്നതിനുള്ള ഉത്തമോദാഹരണമാണിത്.

സംസ്ഥാനങ്ങൾക്കുള്ള ധനസഹായം ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ. നടപ്പുവർഷം 8.09 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നാണ് പറഞ്ഞത്. വർഷാവസാനത്തെ ഇത് സംബന്ധിച്ച കണക്ക് പരിശോധിച്ചാൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത് വെറും 6.56 ലക്ഷം കോടിയാണ്. സംസ്ഥാനങ്ങൾക്ക് വെട്ടിക്കുറച്ച വിഹിതം 1.53 ലക്ഷം കോടിയാണ്. മറ്റൊരർത്ഥത്തിൽ ഓരോ സംസ്ഥാനങ്ങൾക്കും ലഭിക്കേണ്ട വരുമാനത്തിൽ ശരാശരി 5000 കോടിയുടെ നഷ്ടം ഉണ്ടായി. ബജറ്റ് വർഷം സംസ്ഥാനങ്ങൾക്കായി നീക്കി വച്ചതായ കേന്ദ്ര വിഹിതം 7.84 ലക്ഷം കോടിയാണ്. ഇവയിൽ എത്രകണ്ട് ലഭിക്കും എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.

കാർഷിക ഗ്രാമീണമേഖലകൾക്ക് വലിയ പരിഗണന നൽകി എന്ന് പറയുമ്പോഴും ഇതിന് പര്യാപ്തമായ പദ്ധതികൾ ബഡ്ജറ്റിൽ ഇല്ല. എന്നാൽ ആറ് വർഷത്തിനുള്ളിൽ കർഷകർക്ക് ഇരട്ടിവരുമാനം എന്ന പല്ലവി ഇപ്പോഴും ആവർത്തിച്ചിരിക്കുന്നു. ഗ്രാമീണ മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ളതാണ് തൊഴിലുറപ്പ് പദ്ധതിയും പൊതു ഭക്ഷ്യ വിതരണവും. വിപണി പരാജയപ്പെടുന്നിടത്ത് ഗ്രാമീണമേഖലയിൽ തൊഴിലും ഭക്ഷണവും നൽകി താങ്ങായി നിൽക്കുന്ന തൂണുകളാണ് തൊഴിലുറപ്പ് പദ്ധതിയും പൊതു ഭക്ഷ്യവിതരണവും. തൊഴിലുറപ്പ് പദ്ധതിക്ക് 2019–20 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് 71,000 കോടി രൂപയാണ്. ഈ ബഡ്ജറ്റിൽ അനുവദിച്ചത് 61,500 കോടി മാത്രമാണ്. തൊഴിലില്ലായ്മ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ നിലനിൽക്കുന്ന വേളയിൽ ഏറ്റവും പരിഗണന ലഭിക്കേണ്ട ഒന്നായിരുന്നു ഇത്.

എന്നാൽ തികച്ചും അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഭക്ഷ്യ പൊതു വിതരണത്തിന്റെ കാര്യത്തിലും കേന്ദ്ര സർക്കാരിന്റെ നിലപാട് വിഭിന്നമല്ല. ഭക്ഷ്യ സബ്സിഡിക്കായി ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നത് 1.11 ലക്ഷം കോടിയാണ്. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 1.08 ലക്ഷം കോടിയിൽ അൽപം കൂടുതൽ എന്നുമാത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണി പിടിമുറക്കുന്നതിന്റെയും ഈയിടെ ഉണ്ടായ വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ തുക ഈ മേഖലക്ക് അനുവദിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ആഗോള പട്ടിണി സൂചികയിൽ 117 രാഷ്ട്രങ്ങളുടെ പട്ടികയിൽ 102-ാം സ്ഥാനമാണ് നമ്മുടെ രാജ്യം അലങ്കരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇതെല്ലാം എന്നത് നിർഭാഗ്യകരമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പൊതുമേഖലയെ വിൽക്കുക എന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പൊതുമേഖലയുടെ ഓഹരി വിൽപ്പനവഴി സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് 2.1 ലക്ഷം കോടി രൂപയാണ്. ചുരുക്കത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാതാക്കും എന്നതാണ് ബജറ്റ് വ്യക്തമാക്കുന്നത്.

ആദായനികുതി സംബന്ധിച്ച് പുതിയ നയത്തിൽ ഇനിയും വ്യക്തത ആവശ്യമാണ്. പുതിയ നികുതിഘടന വരുമ്പോൾ സാധാരണക്കാർക്ക് ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകും എന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പുതിയ വ്യക്തിഗത വരുമാന നികുതിയിൽ മെഡിക്കൽ ഇൻഷുറൻസ്, ഭവനവായ്പ പലിശ, തുടങ്ങിയവയിൽ ഇളവുകൾ അനുവദിച്ചിട്ടില്ല എന്നത് വ്യക്തിഗത ആദായനികുതിയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ 1.56 ലക്ഷം കോടി രൂപയുടേയും വ്യക്തിഗത ആദായനികുതി ഇനത്തിൽ 10000 കോടി രൂപയുടേയും കസ്റ്റംസ് തിരുവയിൽ 52000 കോടി രൂപയുടേയും എക്സൈസ് തിരുവയിൽ 51000 കോടി രൂപയുടേയും ജിഎസ്‌ടിയിൽ നിന്നും 52000 കോടി രൂപയുടേയും വരുമാന കുറവാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട ടാക്സ് വരവ് 16.49 ലക്ഷം കോടി രൂപയാണ്. എന്നാൽ സമാഹരിക്കാൻ കഴിഞ്ഞത് ഒമ്പതു ലക്ഷം കോടി രൂപ മാത്രമാണ്. ഇതുപോലെതന്നെ നടപ്പ് സാമ്പത്തിക വർഷം ചെലവിനത്തിൽ ലക്ഷ്യമിട്ടത് 27.86 ലക്ഷം കോടി രൂപയാണ്. എന്നാൽ ഏപ്രിൽ മുതൽ ഡിസംബർ മാസം വരെയുള്ള പൊതുചെലവ് വെറും 11.78 ലക്ഷം കോടി മാത്രമാണ്. പൊതുചെലവിൽ വന്ന കുറവ് സമ്പദ് ഘടനയിലെ പണമൊഴുക്കിനെ സാരമായി ബാധിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു. രാജ്യത്ത് അസംതൃപ്തിയും ഭയവും അവ്യക്തതയും പിടിമുറുക്കുന്ന സാഹചര്യത്തിൽ നിക്ഷേപത്തിന്റെ തോത് താഴ്‌ന്നുവരുകയാണ്. അസ്ഥിരമായ ഒരു സംവിധാനത്തിൽ നിക്ഷേപം ഇറക്കാൻ ആരും തയ്യാറാകുന്നില്ല.

ധനകമ്മി 3.8 ശതമാനമായി ഈ ബജറ്റിൽ നിജപ്പെടുത്തിയിരിക്കുന്നു. നടപ്പുവർഷം അത് 3.3 ശതമാനമായിരുന്നു. ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് 0. 5 ശതമാനത്തിന്റെ വ്യതിയാനമാണ് വരുത്തിയിരിയ്ക്കുന്നത്. അടുത്ത വർഷം അത് 3.5 ശതമാനമാക്കാനും ലക്ഷ്യമിട്ടിരിക്കുന്നു. ഇത് സാധ്യമാകണമെങ്കിൽ 2.1 ട്രില്യൺ രൂപ പൊതുമേഖല ഓഹരികളുടെ വിൽപനയിലൂടെ സമാഹരിക്കാൻ കഴിയണം. കൂടാതെ ബഡ്ജറ്റ് വർഷത്തിൽ 12 ശതമാനം നികുതി വരുമാനത്തിൽ വർധനവ് ഉണ്ടാകണം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ സമ്പദ്‌വ്യവസ്ഥ ചലനാത്മകമാക്കുന്നത് അനിവാര്യമാണ്. ഇതിന് കാർഷിക വ്യാവസായിക, ഗ്രാമീണ മേഖലകളിൽ നിക്ഷേപം നടത്തണം. പൊതു ചെലവുകൾ വർധിപ്പിച്ച് പണക്രയവിക്രയം സുഗമമാക്കണം. അതുവഴി ഡിമാന്റ് വർധിപ്പിക്കണം. അതിനുള്ള പരിപാടികളോ പദ്ധതികളോ ബജറ്റിൽ ഇല്ല. ഫെഡറൽ സംവിധാനത്തെ തകർക്കുന്നവിധം വിവേചനപരമായാണ് കേന്ദ്രം സംസ്ഥാനങ്ങളെ കാണുന്നത്. ബജറ്റിൽ രാജ്യത്തെ ഭൂരിഭാഗം സാധാരണക്കാരുടെ താല്പര്യങ്ങൾക്ക് സ്ഥാനമില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യമേഖല ശക്തിപ്പെടുത്താനും പ്രാപ്തമല്ലാത്ത ബജറ്റിന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സഹായിക്കാൻ കഴിയില്ല.

Eng­lish Sum­ma­ry: janayu­gom arti­cle cen­tral bud­get do not help Indi­an economy