12 February 2025, Wednesday
KSFE Galaxy Chits Banner 2

കേന്ദ്ര കടൽ മണൽ ഖനന പദ്ധതി കടലിന്റെ മരണക്കെണി

ടി ജെ ആഞ്ചലോസ്
January 11, 2025 4:16 am

കടൽ ഖനനം ലക്ഷ്യംവച്ച് 2025 ജനുവരി 11 ന് കൊച്ചിയിൽ കേന്ദ്ര മൈനിങ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിക്കെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. കോവിഡ് നാളുകളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി നയരേഖയുടെ ചുവടുപിടിച്ച് കടലിൽ നിന്നും ധാതുക്കൾ ഖനനം ചെയ്യുന്നതിന് കോർപറേറ്റുകൾക്ക് അനുവാദം നൽകുന്നതിനുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കേണ്ടതുണ്ട്. കടൽ ഖനനവും, കടൽ മത്സ്യ കൃഷിയും ഈ മേഖലയിലേക്ക് കുത്തകകൾക്ക് പരവതാനി വിരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമാണ്. കടൽ കോർപറേറ്റ് വൽക്കരിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെയാണ് മത്സ്യ തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇത് സംബന്ധിച്ച 2002ലെ നിയമത്തിനുള്ള ഭേദഗതിക്ക് 2023 ഫെബ്രുവരി ഒമ്പതിന് ഖനന മന്ത്രാലയം നോട്ടീസ് ഇറക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടലിനെയും തീരക്കടലിനെയും വിൽക്കുക എന്നത് തന്നെയാണ് ലക്ഷ്യം. കാർഷിക മേഖലയ്ക്ക് പിന്നാലെ കടലും കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനായി കോവിഡിന്റെ മറവിൽ 2021 ഫെബ്രുവരി 17ന് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമ മന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് തന്നെ മത്സ്യ തൊഴിലാളി സംഘടനകൾ കടലിനെ കോർപറേറ്റ് വൽക്കരിക്കുവാനുള്ള ഗൂഢ നീക്കം ചൂണ്ടിക്കാണിച്ചിരുന്നു. അത് യാഥാർത്ഥ്യമാകുകയാണ്. നമ്മുടെ കടലിനെ ഏഴു മേഖലകളായി തിരിച്ചുകൊണ്ടാണ് പുതിയ നയം നടപ്പിലാക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് കടലിലെ ഖനനമാണ്. ആഴക്കടലും തീരക്കടലും കോർപറേറ്റുകൾക്ക് കൈമാറി പരമാവധി ഖനനം നടത്തി ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. നിലവിലെ കടലിലെ ഖനനവുമായി ബന്ധപ്പെട്ട 2002ലെ കടൽ മേഖല ധാതു വികസനവും നിയന്ത്രണവും നിയമം (Off­shore Areas Min­er­al Devel­op­ment and Reg­u­la­tion Act, 2002) ഭേദഗതി ചെയ്തുകൊണ്ട് എത്രയും വേഗം ഇത് നടപ്പിലാക്കുവാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന 2002ലെ കടൽ ഖനന നിയമം ഭേദഗതി ചെയ്തുകൊണ്ട് മത്സരാധിഷ്ഠിത ലേലത്തിലൂടെ കടൽ മേഖല ആകെ പല ബ്ലോക്കുകളായി തിരിച്ച് സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകുവാനാണ് നിർദേശിക്കുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ കടലിലെ വിവിധതരം ധാതു നിക്ഷേപങ്ങളെ സംബന്ധിക്കുന്ന കണക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് ഒഡിഷ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഘന ധാതുക്കളും (ലോഹ മണൽ) ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ ചുണ്ണാമ്പ് നിക്ഷേപവും കേരളത്തിന്റെ തീരക്കടലിലും പുറത്തും നിർമ്മാണത്തിന് ആവശ്യമായ മണലും ലഭ്യമാണ് എന്ന് വ്യക്തമാക്കുന്നു. 79 ദശലക്ഷം ടൺ ലോഹമണലും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശലക്ഷം നിർമ്മാണത്തിന് ആവശ്യമായ മണലും കടലിൽ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പരമാവധി ഖനനം ചെയ്തെടുക്കുവാൻ നിലവിലെ നിയമം വളരെയധികം തടസങ്ങൾ സൃഷ്ടിക്കുന്നു എന്നും ഖനനം എളുപ്പത്തിലാക്കുവാൻ നിയമ ഭേദഗതി ആവശ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെടുന്ന 12 നോട്ടിക്കൽ മൈൽ ഭാഗത്ത് നടത്തുന്ന ഖനനം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്ന് കയറ്റമാണ്. തീരക്കടലിലും ആഴക്കടലിലും നടക്കുന്ന ഖനനം കടലിന്റെ ആവാസവ്യവസ്ഥയാകെ തകരാറിലാക്കും. വലിയ തോതിൽ മത്സ്യ സമ്പത്ത് നശിക്കുവാൻ ഇടവരുത്തും. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്ന കടൽ മേഖലയിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടന്നുചെല്ലാൻ കഴിയാത്ത തരത്തിലുള്ള നിയന്ത്രണങ്ങളും വരും. കടലിൽ നടത്തുന്ന ഏത് ഖനനവും തൊട്ടടുത്ത തീരത്തെ ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരളം പോലെ ജനസാന്ദ്രമായ തീരദേശ സംസ്ഥാനത്ത് അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. കടൽ മണൽ ഖനനം കൂടുതൽ നടക്കുന്ന ഇന്തോനേഷ്യയായിരുന്നു സുനാമി ദുരന്തത്തിന്റെ പ്രഭവ കേന്ദ്രം എന്നതും വിസ്മരിക്കരുത്. മത്സ്യ തൊഴിലാളികളുടെ പൊതുസ്വത്തായിരുന്ന കടൽ ഇനി മുതൽ കോർപറേറ്റുകളുടെ സ്വത്തായി മാറുന്നു. തീരക്കടലും ആഴക്കടലും ഖനനത്തിനായും, കോർപറേറ്റുകളുടെ മത്സ്യ കൃഷിക്കായും പതിച്ച് നൽകുക എന്നത് തന്നെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതിന് തുടക്കം കുറിച്ചുകൊണ്ടുള്ള 4077 കോടിയുടെ പര്യവേക്ഷണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി അംഗീകാരവും നൽകിക്കഴിഞ്ഞു. മത്സ്യ ഉല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുവാൻ തീവ്രമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കുമെന്ന് രേഖയിൽ പറയുന്നുണ്ട്. കടലിൽ മത്സ്യ കൃഷി നടത്തുകയെന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ലാഭക്കണ്ണോടെ മത്സ്യ കൃഷിക്ക് എത്തുന്നവരുടെ ലക്ഷ്യം കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങളുടെ ഉല്പാദനമാണ്. ഇതിനുള്ള പ്രധാന തീറ്റ ചെറുമത്സ്യങ്ങളാണ്.
ഇത്തരം ചെറുമത്സ്യങ്ങളാണ് സാധരണക്കാർക്ക് പ്രോട്ടീൻ നൽകുന്നത്. അത്തരം ചെറു മത്സ്യങ്ങൾ തീരത്തെത്താതെ കടലിൽ വൻ മത്സ്യങ്ങൾക്ക് തീറ്റയായി മാറിയാൽ അത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കും. ഒരു കിലോ വൻ മത്സ്യം ഉല്പാദിപ്പിക്കുവാൻ വേണ്ടി വരുന്നത് ആറ് കിലോ ചെറിയ മത്സ്യമാണ്. കേന്ദ്ര സർക്കാരിന്റെ ഏകീകൃത മത്സ്യ ബന്ധന നയം ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ടതാണ്. ദേശീയതലത്തിൽ നിലവിലുള്ള സമുദ്ര മത്സ്യബന്ധന നയം, ഉൾനാടൻ മത്സ്യബന്ധന നയം, കടൽ മത്സ്യകൃഷി നയം, മത്സ്യ- മത്സ്യോല്പന്നങ്ങളുടെ സംസ്കരണ- വിപണന നയം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഏകീകൃത നയം. മത്സ്യ മേഖലയുമായി ബന്ധപ്പെടുന്ന സംഘടനകളുമായി യാതൊരു ചർച്ചയും ഇതിന്മേൽ നടത്തിയിട്ടില്ല. മേൽപ്പറഞ്ഞ വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത താല്പര്യങ്ങളാണുള്ളതെന്നിരിക്കെ ഏകീകൃത നിയമത്തിന്റെ ഗുണം ഭരണ വർഗത്തിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന കുത്തകകൾക്ക് ലഭിക്കുമെന്ന വിലയിരുത്തൽ ഏറെ ശരിയെന്ന് തെളിഞ്ഞു കഴിഞ്ഞു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.