ജൂൺ 12, ലോക ബാലവേല വിരുദ്ധദിനമായി ആചരിക്കുമ്പോൾ, കേരളം അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. ബാലവേല എന്നത് കേരളത്തിൽ ഏതാണ്ട് പൂർണമായി ഇല്ലാതായി എന്ന് തന്നെ പറയാം. ശക്തമായ സാമൂഹിക ബോധവും, വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയും സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും ദൃഢമായ ഇടപെടലുകളും ചേർന്നതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാൽ, നമ്മുടെ രാജ്യത്തിന്റെ പൊതുവായ സ്ഥിതി അങ്ങനെയല്ല. ലോകത്ത് ഏറ്റവും കൂടുതൽ ബാലവേലക്കാർ ഉള്ളത് ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം ഈ ദിനത്തിൽ നാം ഓർക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബാലവേല ഒരു സാമൂഹിക വിപത്തായി ഇന്നും തുടരുന്നത് എന്തുകൊണ്ടാണെന്നും നാം ഗൗരവമായി ചിന്തിക്കണം. വിവിധ ദേശീയ അന്തർദേശീയ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ ഇന്ത്യയിലെ ബാലവേലയുടെ ഭീകരമായ അവസ്ഥ വ്യക്തമാക്കുന്നതാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) യും യുണിസെഫും 2021ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോകത്താകമാനം 16 കോടി കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്. ഇതിൽ ഗണ്യമായൊരു പങ്ക് ഇന്ത്യയിലാണുള്ളത്. ഏകദേശം 3.3 കോടി (33 ദശലക്ഷം) കുട്ടികൾ ഇന്ത്യയിൽ ബാലവേല ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഞ്ച് മുതൽ 17 വയസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഭൂരിഭാഗവും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ബാലവേലയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാൽ, യഥാർത്ഥത്തിൽ ഇതിന്റെ പലമടങ്ങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണ്.
ഓക്സ്ഫാം ഇന്ത്യയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്, കോവിഡ് 19 മഹാമാരിക്ക് ശേഷം ഇന്ത്യയിൽ ബാലവേലയുടെ തോത് വർധിച്ചിട്ടുണ്ട് എന്നാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുട്ടികളെ ജോലിക്ക് അയയ്ക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുന്നു. ചൈൽഡ് റൈറ്റ്സ് ആന്റ് യു എന്ന സംഘടനയുടെ പഠനങ്ങൾ പ്രകാരം, ബാലവേല ചെയ്യുന്ന കുട്ടികളിൽ ഭൂരിഭാഗവും (ഏകദേശം 1.9 കോടി) സ്കൂൾപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ്. 15–18 വയസിനിടയിലുള്ള കുട്ടികളാണ് ഇതിൽ വലിയൊരു ഭാഗം.
ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ബാലവേല ഏറ്റവും വ്യാപകമായിരിക്കുന്നത്. ഇതിന് പിന്നിൽ നിരവധി സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. ബാലവേലയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ദാരിദ്ര്യമാണ്. കുടുംബങ്ങൾക്ക് ജീവിക്കാനുള്ള വരുമാനം ഇല്ലാത്തതുകൊണ്ട് കുട്ടികളെയും ജോലിക്ക് അയയ്ക്കാൻ നിർബന്ധിതരാകുന്നു. ഗ്രാമീണ മേഖലകളിൽ ഈ അവസ്ഥ രൂക്ഷമാണ്. ദാരിദ്ര്യം ബാലവേലയിലേക്ക് നയിക്കുകയും, വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ഭാവിയിൽ ദാരിദ്ര്യം തുടരുകയും ചെയ്യുന്നു.
വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും ബാലവേലയിലേക്ക് കുട്ടികളെ തള്ളിവിടുന്നു. സ്കൂളുകളുടെ ദൂരവും അധ്യാപകരുടെ കുറവും നിലവാരമില്ലാത്ത വിദ്യാഭ്യാസവും, പെൺകുട്ടികളോടുള്ള വിവേചനവും ഇതിന് കാരണമാകുന്നു. ജാതിവ്യവസ്ഥയും സാമൂഹിക അസമത്വങ്ങളും ബാലവേലയ്ക്ക് വളം നൽകുന്ന പ്രധാന ഘടകങ്ങളാണ്. പാർശ്വവൽക്കരിക്കപ്പെട്ട ദളിത്, ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള അവബോധം പൊതുസമൂഹത്തിൽ കുറവാണെന്നത് ചൂഷണം ചെയ്യുന്നവർക്ക് സഹായകമാകുന്നു. നിയമപാലനത്തിലെ വീഴ്ചയും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും കാരണം ബാലവേല വിരുദ്ധ നിയമങ്ങൾ നിലവിലുണ്ടായിട്ടും, അവയുടെ കർശനമായ നടപ്പാക്കലിൽ പലപ്പോഴും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻ വീഴ്ച സംഭവിക്കുന്നു. മനഃപൂർവ്വം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, അതുകൊണ്ട് തന്നെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഇതിന് ഒരു പ്രധാന കാരണമാണ്.
പലപ്പോഴും ചെറുകിട വ്യവസായങ്ങളിലും, കാർഷിക മേഖലയിലും ഇഷ്ടിക ചൂളകളിലും ഖനികളിലും, ഗാർഹിക ജോലികളിലുമെല്ലാം കുട്ടികളെ ചൂഷണം ചെയ്യുന്നത് ചെലവ് കുറഞ്ഞ തൊഴിലാളികളെ ലഭിക്കാൻ സഹായിക്കുന്നു എന്ന മുതലാളിത്ത താല്പര്യത്താലാണ്. കുട്ടികളെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ സാധിക്കുന്നു എന്നതും ഇതിന് ആക്കം കൂട്ടുന്നു. കേരളം ബാലവേലയെ തുടച്ചുനീക്കിയത് ശക്തമായ ജനകീയ ഇടപെടലുകളിലൂടെയും സാമൂഹിക നീതിയിലധിഷ്ഠിതമായ നയങ്ങളിലൂടെയുമാണ്. വിദ്യാഭ്യാസം സാർവത്രികമാക്കിയത്, ആരോഗ്യ സംരക്ഷണം ഉറപ്പാക്കിയത്, ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ നടപ്പിലാക്കിയത്, ശക്തമായ പൊതുവിതരണ സമ്പ്രദായം എന്നിവയെല്ലാം ബാലവേല ഇല്ലാതാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഓരോ കുട്ടിക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശം ഭരണഘടനാപരമായ കടമയായി കേരളം കണ്ടു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ബാലവേലയെ ഇല്ലാതാക്കാൻ ഇതേ മാതൃക പിന്തുടരേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.