ലോക സാമ്പത്തിക രംഗത്ത് പുത്തൻ വെല്ലുവിളികൾ ഉയരുമ്പോൾ, അത് തങ്ങളുടെ രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് പഠിക്കുക, ഉത്തരവാദിത്തമുള്ള ഏതൊരു രാജ്യത്തിന്റെയും കടമയാണ്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി മടങ്ങി വന്നതിനുശേഷം, അദ്ദേഹത്തിന്റെ പ്രവചനാതീതമായ സാമ്പത്തിക നയങ്ങൾ, ലോകത്ത് വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായതിനാൽ ഇത് സ്വാഭാവികമാണ്. ഈ രംഗത്ത് നാളെ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും പറയാനാകാത്ത അവസ്ഥ. യൂറോപ്യൻ രാജ്യങ്ങളും ചൈനയും ജപ്പാനും ഓസ്ട്രേലിയയും കാനഡയും ഉൾപ്പെടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ഇപ്പോൾ വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തും പ്രതിരോധ രംഗത്തും നിര്‍മ്മിത ബുദ്ധിയുടെ രംഗത്തുമെല്ലാം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പഠിക്കാൻ മിക്ക രാജ്യങ്ങളും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ചൈന വളരെ വേഗത്തിൽ ഒരു ധവളപത്രം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും തുടർ നടപടിയിലേക്ക് കടക്കുകയും ചെയ്തു. ‘പുതിയ കാലഘട്ടത്തിലെ ദേശീയ സുരക്ഷ’ എന്ന പേരിലാണ് ധവളപത്രമെങ്കിലും സാമ്പത്തികം, പ്രതിരോധം, ഉല്പാദനം, ഇറക്കുമതി- കയറ്റുമതി നയം, ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തൽ, ശാസ്ത്ര പുരോഗതിയുടെ നേട്ടം ജനങ്ങളിൽ എത്തിക്കൽ തുടങ്ങി സമഗ്ര പഠനവും വിലയിരുത്തലുമാണ് ധവള പത്രത്തിലൂടെ ചൈന നടത്തിയിരിക്കുന്നത്. ഏതു വഴിയിലൂടെയും ചൈനയുടെ സുരക്ഷ ഉറപ്പുവരുത്തുക, ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് മുഖ്യ ലക്ഷ്യമായി അവർ കാണുന്നത്. ചൈനയിലടക്കം ലോകത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ, ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള (146 കോടി) ഇന്ത്യയെ ഇതൊന്നും അലോസരപ്പെടുത്തുന്നതേയില്ല. ട്രംപിന്റെ നയങ്ങളും ലോകത്ത് സാമ്പത്തിക രംഗത്ത് അടക്കം അത് സൃഷ്ടിക്കുന്ന തുടർ ചലനങ്ങളുമെല്ലാം ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനെക്കുറിച്ച് പഠിക്കുവാനോ ബദൽ നയങ്ങൾ ആവിഷ്കരിക്കുവാനോ പുതിയ വഴികൾ വെട്ടിത്തുറക്കുവാനോ ഒരു നീക്കവും രാജ്യം നടത്തുന്നില്ല. മാത്രമല്ല, ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നുമില്ല. അതേസമയം തന്നെ വലിയ അവകാശവാദങ്ങളുമായി രംഗത്ത് വരികയും ചെയ്യുന്നു.
സാമ്പത്തിക രംഗത്ത് ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുന്നു എന്നും ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറാൻ പോകുന്നു എന്നുമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ അവകാശവാദം. ഇതൊരു മഹാസംഭവമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഐഎംഎഫിന്റെ റിപ്പോർട്ട് പ്രകാരം 2025ൽ ഇന്ത്യ, ജപ്പാനെ മറികടക്കുമെന്ന് നീതി ആയോഗ് സിഇഒ ആയ ബിവിആർ സുബ്രഹ്മണ്യം പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ ആഴ്ചയാണ്. അതിനു മുമ്പുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പലപ്രാവശ്യം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) വളരുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. തീർച്ചയായും ഇത് സന്തോഷകരമായ കാര്യമാണ്. പക്ഷെ ഇവിടെ ഉയരുന്ന ചോദ്യം, രാജ്യത്തിന്റെ സമ്പത്തുല്പാദനം വർധിക്കുമ്പോൾ, അതിന്റെ നേട്ടം ഭൂരിപക്ഷം ജനങ്ങളിൽ എത്തുന്നുണ്ടോ എന്നതാണ്. കഴിഞ്ഞ 50 വർഷത്തെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്ന ചിത്രം, ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും സമ്പത്തുല്പാദനം വർധിച്ചപ്പോൾ അതിന്റെ നേട്ടം ആ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തിൽ ഗുണകരമായ ധാരാളം മാറ്റങ്ങൾ സൃഷ്ടിച്ചു എന്നതാണ്. എന്നാൽ ഇന്ത്യയിൽ ഈ നേട്ടം വളരെ കുറച്ചു മാത്രമേ ജനജീവിതത്തെ സ്വാധീനിച്ചിട്ടുള്ളു എന്നതാണ് വസ്തുത. ഇന്ത്യയിൽ ഉണ്ടായ സാമ്പത്തിക വളർച്ചയുടെ നേട്ടം ജനസംഖ്യയിൽ 10 ശതമാനത്തിന് താഴെയുള്ള ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിച്ചു. അതിൽ തന്നെ, 60–70 ശതമാനം സമ്പത്തും കേന്ദ്രീകരിച്ചത്, ഒരു ശതമാനത്തിന് താഴെയുള്ള കോർപറേറ്റുകളിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും നേരത്തെ മരിക്കുന്നത്, ജനങ്ങളുടെ ശരാശരി ആളോഹരി വരുമാനത്തിലെ കുറവ്, ദാരിദ്ര്യം, ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ, ഉയർന്ന ശിശു മരണനിരക്ക്, തൊഴിൽ രംഗത്തെ ഭയാനകചൂഷണം, അസംഘടിത തൊഴിൽ മേഖലയിലെ സുരക്ഷിതത്വം ഇല്ലായ്മ, ഉയർന്ന തൊഴിലില്ലായ്മാ നിരക്ക്, സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മ, ഉള്ളവരും ഇല്ലാത്തവരും തമ്മിൽ നില നിൽക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ ഉയർന്ന തോത്, പട്ടികജാതി-പട്ടികവർഗ, ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന വേട്ടയാടൽ, ജാതി വിവേചനം, മതത്തിന്റെ പേരിലുള്ള വേർതിരിവ്, ഭവന- കുടിവെള്ള- വൈദ്യുതിയില്ലായ്മ, സിവിൽ സർവീസിന്റെയും പൊതുമേഖലയുടെയും തകർച്ച, 55 ശതമാനത്തിലധികം സ്ഥിരം തസ്തികകളിൽ നിയമനം നടത്താത്ത സാഹചര്യം, മനുഷ്യാവകാശ ലംഘനങ്ങൾ, മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ, വർഗീയതയുടെ വിളയാട്ടം, വർധിച്ചു വരുന്ന അഴിമതി, ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലമാകുന്ന അവസ്ഥ, കേന്ദ്രസർക്കാരിൽ നിന്നും പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തികവും അല്ലാത്തതുമായ വിവേചനം, തെരഞ്ഞെടുപ്പിലുള്ള പണത്തിന്റെ സ്വാധീനം ഇതൊന്നും ഐഎംഎഫിനെ ബാധിക്കുന്ന വിഷയങ്ങൾ അല്ലെന്നതാണ് അവരുടെ നിലപാട്. അതേസമയം ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് കഴിയുമോ എന്നതാണ് ചർച്ചയാകേണ്ട വിഷയം.
ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ ജനസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഇന്ത്യയാണ്. ഈ രാജ്യം, 2025ൽ മൊത്തം സമ്പത്തുല്പാദനത്തിൽ ജപ്പാനെ മറികടക്കുമെന്നതാണ് മഹത്തായ കാര്യമായി ചർച്ച ചെയ്യപ്പെടുന്നത്. ഈ സന്ദർഭത്തിൽ, ഓരോ കാര്യങ്ങളിലുമുള്ള ഇരുരാജ്യങ്ങളിലെയും അവസ്ഥയിലേക്കൊന്നു കടന്നുപോകാം. ഇന്ത്യയുടെ ജനസംഖ്യ 146 കോടിയും ജപ്പാന്റേത് 12.3 കോടിയുമാണ് (ഇന്ത്യയെക്കാള്‍ 11 മടങ്ങ് അധികം). ആകെ വിസ്തീർണം ഇന്ത്യ- 32,87,263 ച: കിലോമീറ്റര്‍, ജപ്പാന്‍ — 3,77,973 ച:കിലോമീറ്റർ മാത്രവും. ആയുർദൈർഘ്യം ഇന്ത്യയുടേത് 68 വയസാണെങ്കിൽ ജപ്പാന്റേത് 84 ആണ്. (ഇന്ത്യക്കാരെക്കാൾ 16 വർഷം കൂടുതൽ ജീവിക്കുന്നു). ആളോഹരി വരുമാനം ഇന്ത്യ ശരാശരി 2.44 ലക്ഷവും ജപ്പാന്‍ 28.86 ലക്ഷം രൂപയുമാണ് (11 ഇരട്ടി). ഇന്ത്യയിൽ അഡാനി, അംബാനി ഉൾപ്പെടെ കോർപറേറ്റുകളുടെ ശരാശരി വരുമാനം ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയാൽ, സാധാരണ ജനങ്ങളുടെ ശരാശരി വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെ മാത്രമായിരിക്കും. ഇന്ത്യയില്‍ ശിശു മരണനിരക്ക് 1000ന് 25, ജപ്പാന്‍ നാല്, ഇന്ത്യയിൽ സ്ഥിരവരുമാനമുള്ളവർ 21.72 ശതമാനം, ജപ്പാനിൽ ഇത് 92.11 ശതമാനം എന്നിങ്ങനെയാണ്. സ്ഥിര വരുമാനക്കാരുടെ പ്രതിമാസ ശരാശരി വരുമാനം ഇന്ത്യ- 19,000 രൂപ, ജപ്പാന്‍ — 3.06 ലക്ഷം (15 ഇരട്ടി). ഇങ്ങനെ ഏതു കാര്യമെടുത്താലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള അന്തരം പ്രകടമാകും.
ജപ്പാൻ കഴിഞ്ഞാൽ, ഇന്ത്യ മറികടക്കേണ്ട മറ്റൊരു രാജ്യം ജർമ്മനിയാണ്. ജർമ്മനിയുടെ മൊത്തം വിസ്തീർണം 3,57,596 ച: കിലോമീറ്ററാണ്. ആയുർ ദൈർഘ്യം 82 വയസും ആളോഹരി വരുമാനം ശരാശരി 47.52 ലക്ഷം രൂപയുമാണ് (ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിന്റെ 19 ഇരട്ടി). ജനസംഖ്യ 8.33 കോടി മാത്രം. നാളെ സമ്പത്തുല്പാദനത്തിൽ ഇന്ത്യ, ജർമ്മനിയെ മറികടന്നാൽ പോലും അതിൽ അവകാശവാദം ഉന്നയിക്കുന്നതിൽ ഒരു യുക്തിയുമില്ല.
ജിഡിപി അടക്കം എല്ലാകാര്യത്തിലും യഥാർത്ഥത്തിൽ ഇന്ത്യ ലക്ഷ്യം വയ്ക്കേണ്ട രാജ്യം ചൈനയാണ്. കാരണം 1950കളിൽ തുടങ്ങി, 1980കൾ വരെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇന്ത്യയുടെയും ചൈനയുടെയും സ്ഥിതി സമാനമായിരുന്നു. ആയുർ ദൈർഘ്യം, ശരാശരി ആളോഹരി വരുമാനം, ശിശുമരണം, സാക്ഷരത, ആരോഗ്യപരിപാലനം, സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം ഈ സമാനത പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി സമ്പൂർണമായും മാറി. 1980 ൽ സമ്പത്തുല്പാദനത്തിൽ 18-ാം സ്ഥാനമായിരുന്നു ചൈനയ്ക്കെങ്കിൽ, ഇന്നവർ അമേരിക്കയ്ക്ക് തൊട്ടു താഴെ രണ്ടാം സ്ഥാനക്കാരായിരിക്കുന്നു. 2024 ൽ ഇന്ത്യയുടെ മൊത്തം സമ്പത്തുല്പാദനം 3.94 ലക്ഷം കോടി ഡോളർ ആണെങ്കിൽ ചൈനയുടേത് 19.23 ലക്ഷം കോടി ഡോളറാണ്. ആയുർദൈർഘ്യം 79 വയസാണ്. ഇന്ത്യയെ അപേക്ഷിച്ച് 11 വർഷം കൂടുതൽ. ആളോഹരി ശരാശരി വരുമാനം 11.60 ലക്ഷം രൂപ. ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിന്റെ അഞ്ചിരട്ടിയിൽ അധികവും. ഇന്ത്യയെക്കാള്‍ മൂന്നര മടങ്ങ് അധിക ഭക്ഷ്യസാധനങ്ങളാണ് ചൈന ഉല്പാദിപ്പിക്കുന്നത്. ശരാശരി ഇന്ത്യക്കാർ കഴിക്കുന്നതിന്റെ ഇരട്ടിയിലധികം പോഷകഗുണമുള്ള ആഹാരവും അവർ കഴിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, സാങ്കേതിക രംഗത്തെ കുതിപ്പ്, റെയിൽവേ-റോഡ് വികസനങ്ങൾ തുടങ്ങി മിക്കവാറും എല്ലാ രംഗങ്ങളിലും ചൈന ബഹുദൂരം മുന്നിലാണ്. ബിജെപി ഇനി 25 വർഷം കൂടി രാജ്യം ഭരിച്ചാലും ഒരു രംഗത്തും ചൈനയ്ക്കടുത്തെത്തുവാൻ ഇന്ത്യക്കാകില്ല. മോഡി ഭരണത്തിന്റെ 11 വർഷത്തെ അനുഭവം പഠിപ്പിക്കുന്നത് അതാണ്. ലോകവേദികളിൽ മിക്കപ്പോഴും ഇന്ത്യക്കെതിരെ നിലപാടെടുക്കുകയും അതിർത്തികളിൽ പലപ്പോഴും ആവശ്യമില്ലാത്ത സംഘർഷം സഷ്ടിക്കുകയും പാകിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങൾക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്ന ചൈനയോടൊപ്പം എല്ലാ രംഗത്തും നേട്ടം കൈവരിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. എന്നാൽ വീരവാദം മുഴക്കലല്ലാതെ, ഈ വഴിയെ ഒരിഞ്ച് പോലും മുന്നോട്ടു പോകുവാൻ മോഡി സർക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ വർഷം പോലും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയരുകയായിരുന്നു. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതിയിൽ വർധനവുണ്ടായതുമില്ല.
സമ്പത്തുല്പാദനത്തിൽ 2024ൽ ലോകത്ത് മുന്നിൽ നിന്ന 10 രാജ്യങ്ങൾ ഇവയാണ്. അമേരിക്ക‑30.52 ലക്ഷം കോടി ഡോളർ, ചൈന ‑19.23, ജർമ്മനി-4.74, ജപ്പാൻ‑4.02, ഇന്ത്യ- 3.94, ബ്രിട്ടണ്‍-3.83, ഫ്രാൻസ്-3.22, ഇറ്റലി-2.42, കാനഡ‑2.23, ബ്രസീൽ‑2.13. ഈ കണക്കുകൾ വ്യക്തമാക്കുന്നത്, സമ്പത്തുല്പാദനത്തിൽ അമേരിക്കയ്ക്കും ചൈനയ്ക്കും അടുത്തേക്ക് സമീപ ഭാവിയിൽ എത്തിച്ചേരാൻ ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയടക്കം ഒരു രാജ്യത്തിനും കഴിയില്ല എന്നാണ്. ലോകത്തേറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണ്. പക്ഷെ ഇതുപയോഗപ്പെടുത്താൻ രാജ്യത്തിന് കഴിയുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യം എന്നവകാശപ്പെടുമ്പോൾ തന്നെ, ചൈനയിൽ കോർപറേറ്റുകളുടെ സ്വാധീനം പ്രകടമാണ്. എന്നാൽ രാജ്യത്തെ സമ്പത്തുല്പാദനത്തിന്റെ വളർച്ചയുടെ നേട്ടം അവിടുത്തെ ജനജീവിതത്തിൽ നല്ലതുപോലെ പ്രതിഫലിക്കുന്നുണ്ട്. ചൈനയ്ക്ക് കൈവരിക്കാൻ കഴിഞ്ഞ മിക്ക നേട്ടങ്ങളും ഇന്ത്യക്കും കൈവരിക്കാൻ കഴിയേണ്ടതാണ്. കാരണം 1980കൾ വരെ, ഒരു കാര്യത്തിലും ആ രാജ്യം ഇന്ത്യക്കു മുന്നിലായിരുന്നില്ല. വർഗീയ താല്പര്യങ്ങളും കോർപറേറ്റ് അജണ്ടകളും ശാസ്ത്ര വിരോധവും കൊണ്ടുനടക്കുന്ന ബിജെപി സർക്കാരിന് അതിനു കഴിയില്ല. ഇന്ത്യയുടെ പത്തിലൊന്നു ജനങ്ങൾ പോലുമില്ലാത്ത ബ്രിട്ടൺ, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കൊപ്പം സമ്പത്തുല്പാദിപ്പിക്കുന്നു എന്നത് മഹാനേട്ടമായി അവതരിപ്പിക്കുന്ന ആത്മവഞ്ചന ഇനിയെങ്കിലും ബിജെപി സർക്കാർ അവസാനിപ്പിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.