20 September 2024, Friday
KSFE Galaxy Chits Banner 2

വിനേഷ് നീ തിരിച്ചുവരിക

പി വസന്തം
August 13, 2024 4:34 am

പാരിസ് ഒളിമ്പിക്സ് അവസാനിക്കുമ്പോള്‍ ഇന്ത്യക്കാരുടെ നെയ്തെടുത്ത സ്വപ്നങ്ങള്‍ തകര്‍ന്നുവീണത് വിനേഷ് ഫോഗട്ട് എന്ന പോരാളിയുടെ വിരമിക്കല്‍ പ്രഖ്യാപനം കേട്ടപ്പോഴാണ്. ഒളിമ്പിക്സില്‍ ഗുസ്തിയില്‍ മൂന്ന് മത്സരം ജയിച്ച് ഫൈനലില്‍ പ്രവേശിച്ച് സുവര്‍ണ പോരാട്ടത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ ഭാരപരിശോധനയില്‍ അനുവദിച്ചതിലും 100 ഗ്രാം കൂടുതലെന്ന് കണ്ടെത്തി അയോഗ്യത കല്പിക്കുകയായിരുന്നു ഫോഗട്ടിന്. ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി വിനേഷ് ഗോദയില്‍ മെഡലുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിത വിലക്ക് വന്നത്. രാജ്യത്തിന്റെ യശസ് ലോകത്തിന് മുന്നില്‍ ഉയര്‍ത്താന്‍ വിനേഷിന് കഴിഞ്ഞിട്ടുണ്ട്. 2014ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയാണ് രാജ്യാന്തര തലത്തില്‍ വിനേഷ് ശ്രദ്ധേയയാവുന്നത്. 2016 റിയോ ഒളിമ്പിക്സില്‍ ക്വാര്‍ട്ടറില്‍ 48 കിലോ വിഭാഗത്തില്‍ മത്സരിച്ചെങ്കിലും കാല്‍മുട്ടിന് പരിക്കേറ്റ് പിന്‍മാറേണ്ടിവന്നു. പിന്നീട് 2019 മുതല്‍ 53 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായാണ് ഇത്തവണ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ 53 കിലോ വിഭാഗത്തില്‍ നിന്ന് 50 കിലോഗ്രാമിലേക്ക് മാറ്റിയത്. ഈ തീരുമാനം സംശയം ഉണ്ടാക്കുന്നതാണ്. 100 ഗ്രാം ഭാരക്കൂടുതല്‍ എന്ന അയോഗ്യത കല്പിച്ച വിനേഷിന് ആദ്യ മത്സരത്തിന്റെ മുമ്പ് നടത്തിയ പരിശോധനയില്‍ 100 ഗ്രാം കുറവായിരുന്നു. പിന്നീട് ഭാരം കൂടിയ സാഹചര്യം ഒഴിവാക്കാന്‍, വിനേഷിന്റെ ശരീരഭാരം പരിധി കടക്കാതെ നിലനിര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം സപ്പോര്‍ട്ടിങ് സ്റ്റാഫിനില്ലേ? വിനേഷ് അയോഗ്യയാക്കപ്പെട്ടത് അട്ടിമറിയാണെന്ന് ഒളിമ്പിക്സ് മെഡല്‍ ജേതാവായ വിജേന്ദ്രര്‍ സിങ് അടക്കമുള്ളവര്‍ ആരോപിക്കുന്നു. ഒറ്റരാത്രികൊണ്ട് അഞ്ചും ആറും കിലോഗ്രാം കുറച്ച അനുഭവമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുമ്പോള്‍ അവിശ്വസിക്കാന്‍ കഴിയില്ല.
നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനായ ജപ്പാന്റെ യുവി സുസാസിക്കെതിരെ പ്രീക്വാര്‍ട്ടറില്‍ വിജയിച്ചു. ഒരു മണിക്കൂറിന് ശേഷം അന്നുതന്നെ ഉക്രെയ്‌നിന്റെ ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി. അന്ന് രാത്രി സെമിയില്‍ ക്യൂബയുടെ ഗുസ്‌മാന്‍ ലോപ്പസിനെതിരെ ആധികാരിക വിജയം നേടി സ്വര്‍ണമോ വെള്ളിയോ ഉറപ്പാക്കിയ അവസരത്തിലാണ് ഭാരപരിശോധനയില്‍ അയോഗ്യയാക്കിയത്. അത്രമാത്രം മാനസിക സംഘര്‍ഷം അനുഭവിച്ചത് കൊണ്ടാണ് വികാരനിര്‍ഭരമായ കുറിപ്പിലൂടെ ‘അമ്മേ മാപ്പ്, ഗുസ്തി ജയിച്ചു- ഞാന്‍ തോറ്റു പൊറുത്താലും, നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവുമെല്ലാം ചോര്‍ന്നിരിക്കുന്നു. ഇനിയൊന്നിനും കരുത്തില്ല. ഗുസ്തിക്ക് വിട’ എന്ന് പ്രഖ്യാപിച്ച് 23 വര്‍ഷത്തെ കായിക ജീവിതത്തിന് അവര്‍ വിട പറഞ്ഞത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലുമെല്ലാം ഇന്ത്യക്കുവേണ്ടി ലോകത്തിന് മുമ്പില്‍ യശസുയര്‍ത്തിയ ഫോഗട്ടിന്റെ വിടവാങ്ങല്‍, നൂറുഗ്രാം ഭാരക്കൂടുതലിന് അയോഗ്യത കല്പിച്ചതുകൊണ്ട് നഷ്ടപ്പെട്ട ആ സുവര്‍ണ മെഡലിന്റെ പേരില്‍ മാത്രമല്ല എന്നാണ് ഈ സംഭവത്തിനു ശേഷം ഡല്‍ഹി കോടതിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്ങും കൂട്ടരും ഒളിമ്പിക്സ് ഗെയിംസ് വില്ലേജില്‍ വന്ന് വിനേഷ് ഫോഗട്ടിനെ പരാജയപ്പെടുത്താന്‍ ദുരൂഹമായ ഇടപെടല്‍ നടത്തി. 2023ലെ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അപ്രതീക്ഷിതമായ വിലക്കിലും ഭാരം കൂടിയതിലും ഗൂഢാലോചനകള്‍ ഉണ്ടെന്ന് കായികരംഗത്തുള്ളവരും രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ മഹിളാ ഫെഡറേഷനും (എന്‍എഫ്ഐഡബ്ല്യു) ആരോപിക്കുന്നുണ്ട്. സംഭവത്തിന്റ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. എന്നാല്‍ വിനേഷിന്റെ പരാജയം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിച്ചവരുമുണ്ട്. ഇന്ത്യയിലെ വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഇതുവരെയുണ്ടാകാത്ത നേട്ടമാണ് വിനേഷിന് ഒളിമ്പിക്സ് മത്സരത്തിലൂടെ ലഭ്യമായത്. വിനേഷ്, കായികലോകത്ത് മാത്രമല്ല ശോഭിച്ചത്, സ്ത്രീകളുടെ മാനാഭിമാനങ്ങളെ ചോദ്യംചെയ്ത ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടത്തിന്റെയും മുന്‍നിരക്കാരിയായിരുന്നു. 2023ല്‍ ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം ഇന്ത്യയിലെ സ്ത്രീകളും പൊതുസമൂഹവും ഏറ്റെടുത്തതായിരുന്നു. വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയായ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും എംപിയുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടത്തിയ സമരത്തിന്റെ നേതൃനിരയില്‍ വിനേഷ് ഫോഗട്ടുമുണ്ടായിരുന്നു. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ കൊടുംചൂടും തണുപ്പും സഹിച്ച് മാസങ്ങള്‍ നീണ്ട സമരത്തിന് നേതൃത്വം നല്‍കിയവരില്‍ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ എന്നിവരുമുണ്ടായിരുന്നു. ഗുസ്തിതാരങ്ങളോടൊപ്പം ഐക്യദാര്‍ഢ്യവുമായി അവസാനം വരെ എന്‍എഫ്ഐഡബ്ല്യു ഉണ്ടായിരുന്നു. കേരള മഹിളാ സംഘം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സമരങ്ങള്‍ നടത്തി. ഇരകളെ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര ഭരണകൂടം പ്രതിയായ ബ്രിജ്ഭൂഷനെ സംരക്ഷിക്കാന്‍ തിടുക്കം കാണിക്കുകയും സമരത്തെ പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 2023 മേയ് 25ന് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടന ദിവസം ജന്തര്‍മന്ദറില്‍ സമരം നടത്തിക്കൊണ്ടിരുന്ന വിനേഷിനെയും സാക്ഷി മാലിക്കിനെയും തെരുവിലൂടെ വലിച്ചിഴച്ച കാഴ്ച നമ്മുടെ മനസിലിന്നും ഉണ്ട്. ലോകത്തിനു മുന്നില്‍ ദേശീയപതാക പറത്തിയവരാണിവര്‍. മെഡലുകളും രാഷ്ട്രം നല്‍കിയ എല്ലാ പുരസ്കാരങ്ങളും പ്രതിയെ സംരക്ഷിക്കുന്ന ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഗംഗാനദിയില്‍ ഒഴുക്കാന്‍ തീരുമാനിച്ച താരങ്ങളെ കര്‍ഷക നേതാക്കളാണ് പിന്തിരിപ്പിച്ചത്. ഇന്ത്യയിലെ പരമോന്നത കോടതി പോലും ഇടപെടേണ്ടിവന്നു ബ്രിജ്ഭൂഷണെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍. ബിജെപി ഇത്തവണ ബ്രിജ്ഭൂഷണെ മത്സരിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുകയുണ്ടായി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയായിരുന്നു വിനേഷിന്റെ പരിശീലനവും. 

കഠിനാധ്വാനത്തിന്റെയും മനക്കരുത്തിന്റെയും ബലത്തില്‍ പാരിസ് ഒളിമ്പിക്സില്‍ സുവര്‍ണ മെഡല്‍ ഉറപ്പിച്ച സന്ദര്‍ഭത്തില്‍ ഭാരക്കൂടുതലിന്റെ ഭാഗമായി പുറത്തുപോയത് വല്ലാത്ത വേദനയും സംശയവും ഉളവാക്കുന്നു. ഭാരനിര്‍ണയം ഗുസ്തി മത്സരത്തിന്റെ ഭാഗമാണെങ്കിലും വിനേഷിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫാണ് ഉത്തരവാദികളെന്ന ആരോപണവും ഉയരുന്നുണ്ട്. വിനേഷിനെ അയോഗ്യയാക്കിയ അറിയിപ്പ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പുറത്തിറക്കിയിട്ടും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കിയില്ല. ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഗുസ്തിക്കാരിയെന്ന ബഹുമതി ഇന്ത്യക്ക് വേണ്ടി നേടിയതില്‍ ഇന്ത്യന്‍ ജനതയൊന്നാകെ ആവേശഭരിതരായപ്പോള്‍ അഭിനന്ദിക്കാതിരുന്ന പ്രധാനമന്ത്രി അവരെ അയോഗ്യയാക്കിയപ്പോഴാണ് സാന്ത്വനിപ്പിക്കാനിറങ്ങിയത്. 2023 ഡിസംബറില്‍ തനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും ഡല്‍ഹി കര്‍ത്തവ്യപഥില്‍ ഉപേക്ഷിച്ചശേഷം വിനേഷ് പ്രധാനമന്ത്രിക്ക് എഴുതിയ കുറിപ്പില്‍ ‘എല്ലാ സ്ത്രീകളും ബഹുമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു- അന്തസോടെ ജീവിക്കാനുള്ള പാതയില്‍ പുരസ്കാരങ്ങള്‍ ഭാരമാവാതിരിക്കാന്‍ അവ തിരികെ നല്‍കുന്നു’ എന്നായിരുന്നു രേഖപ്പെടുത്തിയത്. മേലാളന്മാര്‍ക്ക് നല്‍കിയ ഈ മുന്നറിയിപ്പിന്റെ പ്രതികരണമാണോ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന്റെ അഭാവം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫോഗട്ട്, ഈ അപ്രതീക്ഷിത മെഡല്‍ നഷ്ടം കൊണ്ട് നിര്‍ണയിക്കേണ്ടതല്ല നിന്റെ ഭാവി. നിന്റെ സാമൂഹ്യബോധം പോരാട്ടവീര്യം എല്ലാം കണ്ടവരാണ് ഇന്ത്യക്കാര്‍. ഗൂഢാലോചനക്കാരായ മേലാളന്മാര്‍ക്ക് മുമ്പില്‍ ഇനിയും തലകുനിച്ചുകൂടാ. നിനക്ക് പിന്തുണയുമായി രാജ്യമൊന്നാകെയുള്ള മനുഷ്യരുണ്ട്. നീ തോറ്റിട്ടില്ല, തോല്പിക്കപ്പെട്ടതാണ്. നീ ഗുസ്തിയില്‍ നിന്ന് പിന്തിരിയരുത്, 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ മത്സരിക്കുക. വിജയം നിന്നോടൊപ്പമാണ്. സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ഫാസിസ്റ്റുകളില്‍ നിന്ന് നീതി ലഭ്യമാവില്ല എന്ന അനുഭവം പോരാട്ടത്തിന് തുണയാവട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.