22 May 2025, Thursday
KSFE Galaxy Chits Banner 2

വരുന്നത് സമഗ്ര ഗുണമേന്മാ വർഷം

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
April 23, 2025 4:45 am

കേരള സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ നടക്കുന്ന ഘട്ടമാണിത്. അതേസമയം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പത്താം വർഷത്തിലേക്കുള്ള പ്രയാണത്തിലുമാണ്. സ്വപ്നതുല്യമായ പരിവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ സ്കൂൾവിദ്യാഭ്യാസരംഗത്ത് വന്നിട്ടുള്ളത്. ഭൗതിക സൗകര്യ വികസനരംഗത്ത് കിഫ്ബി ധനസഹായത്തോടെ വന്ന മാറ്റങ്ങൾ ജനങ്ങൾക്ക് സ്വന്തം പ്രദേശത്തുതന്നെ അനുഭവമുള്ള കാര്യമാണ്. ‘കാലിത്തൊഴുത്ത്’ എന്ന ആക്ഷേപം പോലും പൊതുവിദ്യാലയങ്ങളെ സംബന്ധിച്ച് കേൾക്കേണ്ടിവന്ന കാലഘട്ടം നാം കണ്ടിട്ടുണ്ട്. കാലം മാറി. പട്ടണങ്ങളിലെ സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങളെപ്പോലും മറികടക്കുന്ന ഭൗതിക സൗകര്യം ഗ്രാമീണ സർക്കാർ സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നു.
ഭൗതികസൗകര്യ വികസനത്തിൽ മാത്രമല്ല പഠനത്തിന്റെ ഉള്ളടക്കത്തിലും കാലോചിതമായ മാറ്റങ്ങൾ വരുത്തി. ജനങ്ങളുടെകൂടി പങ്കാളിത്തത്തോടെ വിപുലമായ ചർച്ചകൾ നടത്തി പാഠ്യപദ്ധതി ചട്ടക്കൂട് 2023, എസ്‌സിഇആർടി വികസിപ്പിച്ചു. അതനുസരിച്ചുള്ള പാഠപുസ്തകങ്ങളും തയ്യാറാക്കി. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയ്ക്കനുസരിച്ച് പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും പഠനരീതികളും നവീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എഐ, റോബോട്ടിക്സ് അടക്കമുള്ള സാങ്കേതികവിദ്യകളെ പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ സഹായകമായ പരിശീലനങ്ങൾ അധ്യാപകർക്ക് നൽകിയിട്ടുണ്ട്. 

2024–25 അക്കാദമിക വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലും 2025–26 വർഷം രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലുമാണ് പാഠപുസ്തകങ്ങൾ മാറിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലായി 238 ടൈറ്റിൽ പുസ്തകങ്ങളാണുള്ളത്. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലായി 205 ടൈറ്റിൽ പുസ്തകങ്ങളും തയ്യാറാക്കി. കുട്ടികൾക്ക് വിതരണം ചെയ്യാൻ 3.8 കോടി പുസ്തകങ്ങളാണ് 2025–26 അക്കാദമിക വർഷം വേണ്ടത്. ഈ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ചു. മാറിയ പാഠപുസ്തകമായിട്ടുപോലും ഒമ്പതാം ക്ലാസിലെ പരീക്ഷ അവസാനിക്കുമ്പോൾ തന്നെ പത്താം ക്ലാസ് പുസ്തകം കുട്ടികൾക്ക് നൽകിയാണ് മധ്യവേനലവധിക്ക് അവരെ വീട്ടിലേക്കയച്ചത്.
2016ന് മുമ്പുള്ള സ്ഥിതി ഓർമ്മയുള്ള കേരളീയ സമൂഹത്തിന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പുതിയ അനുഭവമാണിത്. അതിന്റെ തുടർച്ചയെന്ന നിലയിൽ മുഴുവൻ കുട്ടികൾക്കും അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുന്നു. 

ഓരോ ക്ലാസിലും കുട്ടികൾ നേടണമെന്ന് വിഭാവനം ചെയ്ത കരിക്കുലം ലക്ഷ്യങ്ങൾ അതത് ക്ലാസുകളിൽ തന്നെ നേടാൻ സഹായകമായ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയായാണ് വർഷാന്ത്യ പരീക്ഷയ്ക്ക് എട്ടാം ക്ലാസിൽ 30 ശതമാനം സ്കോറെങ്കിലും ലഭിക്കണമെന്ന് നിഷ്കർഷിച്ചത്. അങ്ങനെ നേടാത്ത കുട്ടികൾക്ക് അധിക പഠനസഹായം നൽകി അവരെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനപദ്ധതി ആവിഷ്കരിച്ചത് തുടക്കം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് എട്ടാം ക്ലാസിൽ മാത്രം ഒതുങ്ങേണ്ട പ്രവർത്തനമല്ല. മാത്രമല്ല വർഷാന്ത്യ പരീക്ഷയുമായി മാത്രം ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനവുമല്ല. കുട്ടികളെ 30 ശതമാനം സ്കോർ നേടാൻ മാത്രം പ്രാപ്തമാക്കുന്ന പദ്ധതിയും അല്ല. എല്ലാകുട്ടികളെയും ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുന്നതിന്റെ ഒരു തുടക്കം മാത്രമാണ്.
അടുത്ത അക്കാദമിക വർഷത്തിന്റെ ആരംഭത്തിൽ രണ്ടാഴ്ചക്കാലം കുട്ടികളുടെ പഠനവിടവ് കണ്ടെത്തി അത് മറികടക്കാനുള്ള പഠനപിന്തുണ നൽകി വേണം പുതിയ ക്ലാസിലെ പഠനം ആരംഭിക്കേണ്ടത്. ഇതിനായി ഓരോ സ്കൂളും കൃത്യമായ അക്കാദമിക ആസൂത്രണ രേഖ തയ്യാറാക്കി അതനുസരിച്ച് സൂക്ഷ്മതല ആസൂത്രണം നടത്തണം. പഠനപ്രവർത്തനങ്ങളുടെ ഭാഗം തന്നെയായി നിരന്തര വിലയിരുത്തലിനെയും കാണണം. ഓരോ ഘട്ടത്തിലും ഓരോ കുട്ടിയുടെയും പഠനനിലവാരം തിരിച്ചറിഞ്ഞ് കുട്ടിയുടെ നേട്ടങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനും പരിമിതികളെ മറികടക്കാൻ വേണ്ട പഠനപിന്തുണ ഉറപ്പാക്കാനും കഴിയണം. എങ്കിലേ സമഗ്ര ഗുണമേന്മാപദ്ധതി നാം ആഗ്രഹിക്കുന്ന തരത്തിൽ വികസിക്കൂ. ഇതിനെല്ലാം സഹായകമായ തരത്തിലാണ് അവധിക്കാല അധ്യാപക പരിശീലനം ആസൂത്രണം ചെയ്യുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും അനുകൂലമായി നിലപാടെടുക്കാനും അധ്യാപകസമൂഹം തയ്യാറാകണം. അധ്യാപക പരിവർത്തന പദ്ധതികളെ ആ മാനത്തിൽ കാണണം. 

ലഹരി എന്നത് വലിയ വിപത്തായി അനുദിനം വളർന്നുവരുന്നു. അതിക്രമങ്ങളും കുട്ടികളുടെ ഇടയിൽ കാണുന്നു. കുട്ടികൾക്കുണ്ടാകുന്ന സമ്മർദവും ആകാംക്ഷയും പിരിമുറുക്കങ്ങളും കുറയ്ക്കത്തക്ക പദ്ധതികൾ സ്കൂളുകളിൽ ഉണ്ടാകണം. കുട്ടികളുടെ മനസിന് ആനന്ദം പകരുന്ന കായിക പരിപാടികളും സർക്കാർ വിഭാവനം ചെയ്യുന്നു. എക്സൈസ് വകുപ്പിന്റെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവർ’ എന്ന പുസ്തകവും അതിന്റെ ക്ലാസ് റൂം പ്രയോഗത്തിനായി എസ്‌സിഇആർടിയും വിദ്യാകിരണം മിഷനും തയ്യാറാക്കിയ മൊഡ്യൂളും ഫലപ്രദമായി വിനിയോഗിക്കണം. ഏത് വിഷയ പഠനത്തിലും ഉൾച്ചേർക്കാൻ കഴിയുംവിധമാണ് പ്രസ്തുത പുസ്തകവും മൊഡ്യൂളും. ഏത് ക്ലാസിലും അത് പ്രയോജനപ്പെടുത്താൻ കഴിയും. ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നടത്തിയ ശ്രമങ്ങൾ വളരെ അനുകൂലമായ ഫലങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനുള്ള പ്രത്യക്ഷ തെളിവുകളാണ് ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ. ക്ലാസുകളിൽ ഒന്നും നടക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവർക്ക് കുട്ടികൾ തന്നെ നൽകുന്ന മറുപടിയാണിത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അവരുടെ രചനകൾ അയച്ചുതന്നത്. അവയിൽ നിന്നും ഏതാനും കുറിപ്പുകൾ ഉൾപ്പെടുത്തി ‘കുരുന്നെഴുത്തുകൾ’ എന്ന പേരിൽ വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ തന്നെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നാളെ നിർവഹിക്കുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അയച്ചുതന്ന എല്ലാ രചനകളും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. എല്ലാ രചനകളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ചില രചനകൾ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാകിരണം മിഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അധ്യാപക പരിശീലനത്തിലും ഈ പുസ്തകം പ്രയോജനപ്പെടുത്താം. രചനകൾ നടത്തുകയും അയച്ചുതരികയും ചെയ്ത എല്ലാ കുഞ്ഞുങ്ങളെയും അവർക്ക് നല്ല നിർദേശങ്ങൾ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.
ഈ വർഷം അക്കാദമിക ഗുണവർധനവിനായുള്ള കഠിന പരിശ്രമത്തിനുള്ളതാകണം. അതിനായാണ് പാഠപുസ്തകങ്ങളെല്ലാം വളരെ നേരത്തെ കുഞ്ഞുങ്ങൾക്ക് എത്തിക്കുന്നത്. കുഞ്ഞുങ്ങളെ പാഠപുസ്തകങ്ങളിലേക്ക് നയിക്കുന്നതോടൊപ്പം അതിൽ മാത്രം പിടിച്ചുകെട്ടാൻ മുതിർന്നവർ ശ്രമിക്കരുത്. അവർ ജീവിക്കുന്ന ലോകത്തെയും സ്വതന്ത്രമായി കാണട്ടെ. 

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.