14 July 2025, Monday
KSFE Galaxy Chits Banner 2

വർഗീയതയും ജമാഅത്തെ ഇസ്ലാമിയും

ടി ടി ജിസ്‌മോൻ
July 6, 2025 4:40 am

മുഖ്യധാര ഇസ്ലാമിക സമൂഹത്തിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകൾ സ്വീകരിച്ചതു കൊണ്ടും ദേശീയത സംബന്ധിച്ചുള്ള തീവ്ര നിലപാടുകൾ നിമിത്തവും ഇസ്ലാമിക സമൂഹം ഒന്നടങ്കം തള്ളിക്കളഞ്ഞ നിരോധിത സംഘടന ‘സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ’ (സിമി) ഒരിക്കൽ പ്രഖ്യാപിച്ച പ്രകോപനപരവും ദേശവിരുദ്ധവുമായ മുദ്രാവാക്യമായിരുന്നു ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’യെന്നത്. മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഈ സംഘടനയെഴുതിയ ചുവരെഴുത്തുകളുടെ ഫോട്ടോയുൾക്കൊള്ളിച്ചുകൊണ്ടാണ് 1980കളിൽ ‘പ്രോബ് ഇന്ത്യ’ മാഗസിൻ പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിന് ‘ഇന്ത്യയിലെ ഒരു കൊച്ചു പാകിസ്ഥാൻ’ എന്ന തലക്കെട്ട് നൽകിയത്. ഏകതാന സ്വഭാവത്തിലുള്ള രാഷ്ട്രമാക്കി ഇന്ത്യയെ പരിവർത്തിപ്പിക്കാനുള്ള ആർഎസ്എസ് നീക്കങ്ങൾക്ക് സമാന രീതിയിൽ, ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും നിരാകരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ നാം ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടിയായി അവർ പലപ്പോഴും ഉന്നയിക്കാറുള്ളത് ഇന്ത്യയിൽ തങ്ങൾ ഏതെങ്കിലും ഭീകരാക്രമണങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്തതിന്റെയോ ഭീകരാക്രമണങ്ങളിൽ തങ്ങളുടെ പ്രവർത്തകർ പ്രതികളായതിന്റെയോ തെളിവുകളുണ്ടോ എന്ന മറുചോദ്യമാണ്. വർഗീയതയെ അതിശക്തമായി എതിർക്കുകയും നിരാകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ആയിരക്കണക്കിന് വർഗീയ കലാപങ്ങൾ നടന്ന ഇന്ത്യയിൽ ഒരൊറ്റ കലാപത്തിലും തങ്ങളുടെ പ്രവര്‍ത്തകള്‍ പങ്കാളിയായിട്ടില്ലെന്നും അവർ ആണയിടുകയും ചെയ്യാറുണ്ട്. ഇതര മുസ്ലിം സംഘടനകൾ തിരസ്കരിക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ഇവര്‍, തങ്ങളുടെ മത രാഷ്ട്രവാദത്തെ മറച്ചുപിടിക്കാൻ ജനാധിപത്യത്തെ കപടമായി സ്വീകരിക്കുകയാണ്. ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുകയെന്ന മൗദൂദിയുടെ ലക്ഷ്യത്തിനായി 1977ൽ തങ്ങളുടെ ആശീർവാദത്തോടെ രൂപീകരിച്ച സിമിയിലൂടെ വിഭാഗീയവും ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാരമ്പര്യമാണ് ജമാ അത്തെ ഇസ്ലാമിക്കുള്ളതെന്ന് ആരും മറന്നുപോകരുത്. 2009ൽ ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു പൊതുതാല്പര്യ ഹര്‍ജി ഫയൽ ചെയ്യുകയും വിഷയത്തിൽ കോടതി സർക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്തത് ഓർക്കുന്നുണ്ടാകും. ഇതേത്തുടർന്ന് ‘ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്’ പുറത്തിറക്കിയ 97 പുസ്തകങ്ങൾ ആഭ്യന്തര വകുപ്പ് സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുകയും 14 എണ്ണം അപകടകരമാണെന്ന തീർപ്പിലെത്തിയ ശേഷം അവ നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിൽ ‘ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും’ എന്ന എ റശീദുദ്ധീന്റെ പുസ്തകം മേല്പറഞ്ഞ തീവ്ര സംഘടന ‘സിമി‘യുടെ നിരോധനത്തെ നിശിതമായി വിമർശിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അപകടകരമാണെന്ന നിഗമനത്തിൽ ആഭ്യന്തര വകുപ്പ് എത്തിച്ചേർന്നത്. 

പാകിസ്ഥാനിലും അഫ്ഗാനിലും ബംഗ്ലാദേശിലും സാമ്രാജ്യത്വ ശക്തികൾക്ക് ഭരണം അട്ടിമറിക്കാനുള്ള സമസ്ത പിന്തുണയും നൽകിയ പാരമ്പര്യമുള്ളവർ ഇന്ത്യയിൽ 1956 വരെ പ്രഖ്യാപിതലക്ഷ്യമായി ‘ഹുക്കുമത്തെ ഇലാഹി’യെ (ദൈവിക ഭരണം) അവതരിപ്പിക്കുകയും പിന്നീട് ‘ഇഖാമത്തുദ്ദീൻ’ (ദീനിന്റെ സംസ്ഥാപനം) എന്ന ഭേദഗതി വരുത്തി പൊതു സമൂഹത്തിന്റെ മുന്നിൽ ഇടംനേടാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ‘ഹുക്കുമത്തെ ഇലാഹി‘യും ‘ഇഖാമത്തുദ്ദീനും’ അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്നും ദൈവിക ഭരണവും ദൈവത്തിന്റെ വിധി കർതൃത്വവും ഇല്ലാത്തയിടങ്ങളിൽ വസിക്കുന്ന ഒരാളുടെ തൗഹീദ് (ഏക ദൈവ വിശ്വാസം ) പൂർണമല്ല എന്ന വാദം തന്നെയാണ് ഇവ രണ്ടിനുമെന്നും നിഷ്പക്ഷപഠനത്തിലൂടെ ബോധ്യപ്പെടും. ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ കെ സി അബ്ദുള്ള മൗലവി ഇപ്രകാരം പറയുന്നു: “ഹകിമിയത്തെ ഇലാഹു, ഹകിമിയത്തുല്ലാഹു, ഹുകുമത്തെ ഇലാഹി, അൽ ഹുകുമാതുൽ ഇലാഹിയ, ലാ ഹാകിമ ഇല്ലല്ലാഹു തുടങ്ങിയ വാക്കുകളിൽ പൊതുവെ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൗദൂദി ആവിഷ്കരിച്ചതും സയ്യിദ് ഖുതുബ് പിൻബലം നല്‍കിയതും നവീന ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിക്കുന്നതും ഇറാനിൽ നടപ്പിൽ വരുത്തിയതും പാകിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ മുസ്ലിം നാടുകളിൽ നടപ്പിലാക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പുതിയ ആശയമാണ്. അതേസമയം ഇസ്ലാമിൽ അങ്ങനെ ഒന്നില്ല എന്നൊരു ദുഷ്‌പ്രചരണം വളരെ ശക്തമായും വിപുലമായും അഴിച്ചുവിടപ്പെട്ടിട്ടുണ്ട്. ഖുർആനിലെ ‘ദീൻ’ എന്ന പദത്തിന്റെ സാക്ഷാൽ അർത്ഥവ്യാപ്തി ഉൾക്കൊള്ളാത്തതും ചില ആരാധനകളും സമ്പ്രദായങ്ങളും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ ഇന്നത്തെ മതം എന്ന പദം ഉദ്ദേശിച്ചുകൊണ്ട് അല്ലാഹുവിനു മാത്രം അവകാശപ്പെട്ട നിയമ നിർമ്മാണ മേഖല വളരെ ഹ്രസ്വമാക്കിക്കളയുന്ന മറ്റൊരു പ്രചരണവും നടക്കുന്നുണ്ട്” (കെ സി അബ്ദുള്ള മൗലവി, ഇബാദത്ത് ഒരു സമഗ്രപഠനം, രണ്ടാം പതിപ്പ് പേജ് 75).
അമുസ്ലിമായ ബ്രിട്ടീഷുകാരിൽ നിന്ന് അമുസ്ലിമായ ഇന്ത്യക്കാരിലേക്ക് ഭരണം കൈമാറുന്നതുകൊണ്ട് ഇസ്ലാമിനോ മുസ്ലിങ്ങൾക്കോ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന അഭിപ്രായക്കാരനായിരുന്ന മൗദൂദി മതം എന്നാൽ യഥാർത്ഥത്തിൽ സ്റ്റേറ്റാണെന്നും ശരീഅത്ത് എന്നാൽ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ആരാധന എന്ന് പറയപ്പെടുന്നതെന്നും തന്റെ കൃതികളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

മതത്തിന്റെ ലക്ഷ്യമായി രാഷ്ട്രനിർമ്മാണത്തെ വിലയിരുത്തുകയും അനിസ്ലാമിക ഭരണ വ്യവസ്ഥയിൽ പങ്കുവഹിക്കുകയടക്കമുള്ള വിഷയങ്ങളിൽ ഇസ്ലാമിനും പ്രവാചകാധ്യാപനങ്ങൾക്കും കടകവിരുദ്ധമായ രീതിയിൽ ഇന്ത്യൻ മതേതരത്വത്തെയും ജനാധിപത്യത്തെയും മതവിരുദ്ധമായി മൗദൂദി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
“ഞങ്ങളുടെ മുമ്പിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ അല്ലാഹുവിന്റെ ദാസന്മാരല്ലാത്തവരാൽ ഭരിക്കപ്പെടരുത്. മനുഷ്യാധിപത്യം അവസാനിപ്പിച്ച് ഭരണവ്യവസ്ഥ അല്ലാഹു നൽകിയ നീതിനിഷ്ഠമായ നിയമങ്ങളിൽ സ്ഥാപിതമാകണം. ഇംഗ്ലീഷുകാരന്റെയോ കാനേഷുമാരി മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, സിഖ് തുടങ്ങി മറ്റാരുടെയെങ്കിലുമോ ഭരണത്തെക്കാൾ ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത് ഈ ലക്ഷ്യമാണ്. ഇതംഗീകരിക്കുന്നവർ ഞങ്ങളുടെ മിത്രമായിരിക്കും. അംഗീകരിക്കാത്തവനെതിരായാണ് ഞങ്ങളുടെ പോരാട്ടം. അതിൽ അവന്റെയോ ഞങ്ങളുടെയോ ശക്തി പ്രശ്നമല്ല” (സിയാസി കശ്മകശ്, മൗദൂദി, പേജ് 113). എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പാലിക്കേണ്ട നിയമങ്ങൾ തങ്ങളുടെ വിശ്വാസത്തെ ഹനിക്കാത്ത കാലത്തോളം ഏതു പരിതസ്ഥിതിയിലും അനുസരിക്കുവാൻ അവൻ ബാധ്യസ്ഥനാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഈജിപ്തിനെ ക്ഷാമം ബാധിച്ച കാലത്ത് പ്രവാചകനായ യൂസുഫ് ഭക്ഷ്യമന്ത്രിയായിരുന്നപ്പോൾ രാഷ്ട്രനായകൻ മുസ്ലിം ആയിരുന്നില്ലെന്നതാണ് വസ്തുത. എന്നാൽ അമുസ്ലിം ഭരണാധികാരിയുടെ കീഴിലുള്ള യൂസുഫിന്റെ പ്രവർത്തനങ്ങളെ ഖുർആൻ പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്. “അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നൽകി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവർക്ക് അനുഭവിപ്പിക്കുന്നു”വെന്ന ഖുർആൻ വാക്യം (12: 56) യൂസുഫ് നബിക്ക് ഇസ്ലാമികേതര ഭരണകൂടത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയെ വിലമതിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവികമല്ലാത്ത ഏതെങ്കിലും വ്യവസ്ഥയുമായി സഹകരിക്കുന്നതും ദൈവത്തെ അംഗീകരിക്കാത്തവരുമായി ഭരണത്തിൽ ഏർപ്പെടുന്നതും അനിസ്ലാമികമെന്ന് വീക്ഷിച്ച് ഖുർആനോട് മത്സരിക്കുന്ന മൗദൂദിയെ കാണാം. “ഈ ഇസ്ലാമിക പാർട്ടി രൂപം കൊള്ളുന്നതോടെ അത് നിലവിൽവന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ മാർഗത്തിൽ ജിഹാദ് ആരംഭിക്കുകയായി. അനിസ്ലാമികമായ അടിത്തറകളിൽ നിലനിൽക്കുന്ന ഭരണ വ്യവസ്ഥകൾ നശിപ്പിക്കുക, അവയെ വേരോടെ പിഴുതെറിയുക, പകരം വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനം എന്ന് വിശേഷിപ്പിച്ച നീതിനിഷ്ഠവും മധ്യമവുമായ നിയമങ്ങളുടെ അസ്തിവാരത്തിൽ സ്ഥാപിതമായ സാമൂഹികക്രമം സ്ഥാപിക്കുക എന്നതാണത്. ഇവയ്ക്കെല്ലാം വേണ്ടി അത്യധ്വാനം ചെയ്യുന്നതിൽനിന്ന് ഒഴിവാകാതിരിക്കുക എന്നത് അതിന്റെ പ്രകൃതത്തിലും താല്പര്യത്തിലും പെട്ടതാണ്” (ജിഹാദ് അബുൽ അല്ലാ മൗദൂദി, പേജ് 22). ജമാഅത്തെ ഇസ്ലാമി എത്ര കൗശലം പ്രയോഗിച്ചാലും യാഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ചാലും അബുൽ അല്ലാ മൗദൂദിയുടെ ചിന്താവൈകല്യങ്ങളെ ഒരുതരത്തിലും വെള്ളപൂശാൻ കഴിയില്ലെന്നതാണ് വസ്തുത. ദേശീയതയോടും മതേതരത്വത്തോടും സഹകരിക്കുന്നത് മതവിരുദ്ധമാണെന്ന് സമർത്ഥിക്കാൻ ഇസ്ലാമിക പ്രമാണങ്ങളെപ്പോലും വക്രീകരിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ മൗലികമായ നൈതിക ബോധത്തെ നിരന്തരം വെല്ലുവിളിക്കുന്ന സമീപനമാണവർ നിലവിൽ സ്വീകരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.